// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 19, 2018 Monday
ഖത്തർ നിവാസിയായ പിയറി ഡാനിയൽ.
ഖത്തറിനെ വലം വെച്ചു കൊണ്ട് 439 കിലോമീറ്റർ നീണ്ട ഏകാംഗ ഓട്ടയജ്ഞത്തിന് ഖത്തർ നിവാസിയായ പിയറി ഡാനിയൽ എന്ന ഫ്രഞ്ചുകാരൻ ഇന്നലെ കതാര കൾച്ചറൽ വില്ലേജിൽ നിന്ന് തുടക്കമിട്ടു.
മനുഷ്യ മനസ്സിന്റെ ശക്തി തെളിയിക്കാനും ഖത്തറിന്റെ പ്രകൃതി സൗന്ദര്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിത ശൈലിയെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കാനുമാണ് ഈ യജ്ഞം എന്നു് സംഘാടകർ അറിയിച്ചു.
ഖത്തറിന്റെ അതിർത്തികൾ ചുറ്റി പുതിയ ലോക റിക്കാർഡ് സൃഷ്ടിക്കാനാണ് പിയറിയുടെ ശ്രമം. എം. ബി.എം. ട്രാൻപോർട്ടും കതാരയും ആസ്പയറും ചേർന്നാണ് ഇതിന് പിന്തുണ നൽകുന്നത്.
അടുത്ത ഏഴ് ദിവസങ്ങൾ കൊണ്ട് 439 കിലോമീറ്റർ ഓടിത്തീർക്കലാണ് പിയറിയുടെ ഉന്നം. അതിനിടെ ഖത്തറിന്റെ വടക്ക് മുതൽ തെക്ക് വരെ ഏറ്റവും വേഗത്തിൽ ഓടി ലോക റിക്കാർഡ് സൃഷിക്കാനും ശ്രമിക്കും.
വസ്ത്രവും മററു അവശ്യസാധനങ്ങളും കൂടെ കരുതുന്നുണ്ട്. പക്ഷെ, വെള്ളം വഴിക്ക് ഫാമുകളിൽ നിന്നും പ്രദേശവാസികളിൽ നിന്നും ശേഖരിക്കേണ്ടി വരും. വെള്ളം ഒഴികെ മൊത്തം ഏഴര കിലോ ഭക്ഷണ പദാർത്ഥങ്ങളാണ് ഏഴുദിവസത്തേക്ക് പിയറി കരുതിയിരിക്കുന്നത്. പത്ത് കിലോ വെള്ളവും വഴിയിൽ കൂടെ കൊണ്ടു പോവേണ്ടി വരും.
ആസ്പയറിന്റെ ഐ.ടി.ടീം സൃഷ്ടിച്ച പ്രത്യേക ട്രാക്കിംഗ് പോർടലിലൂടെ സപ്പോർട്ടിങ്ങ് ടീം പിയറിയെ പിന്തുടരും.
ദകീറാ പോർട്ട്, അൽ റുവൈസ് , ദിക്രീത്, ഉം ബാബ്, സൽവാ, സീ ലൈൻ റിസോർട്ട് പിന്നിട്ട് കതാരയിൽ ഓട്ടം അവസാനിപ്പിക്കും. ഫിബ്രവരി 24 ന് രാവിലെ 10.30 ന് ഫിനിഷ് ചെയ്യാനാണു ലക്ഷ്യമിടുന്നത്.