// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  15, 2018   Thursday  

newsഅടുത്ത കാലം വരെയും മോദിയെ നിരന്തരം കടന്നാക്രമിച്ചിരുന്ന കെജ് രിവാളിന്റെ ഈ മൗനം യാദൃച്ഛികമല്ല മറിച്ച് ആലോചിച്ച് തീരുമാനിച്ചതു തന്നെയാണെന്ന് പാർട്ടി വൃത്തങ്ങളും നിരീക്ഷകരും പറയുന്നു.

whatsapp

ന്യൂദൽഹി: ദൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ്‌ കെജ് രിവാൾ തന്റെ കഠിന രാഷ്ട്രീയ എതിരാളിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റി ഇപ്പോൾ ഒന്നും പറയുന്നില്ല. അടുത്ത കാലം വരെയും മോദിയെ നിരന്തരം കടന്നാക്രമിച്ചിരുന്ന കെജ് രിവാളിന്റെ ഈ മൗനം യാദൃച്ഛികമല്ല മറിച്ച് ആലോചിച്ച് തീരുമാനിച്ചതു തന്നെയാണെന്ന് പാർട്ടി വൃത്തങ്ങളും നിരീക്ഷകരും പറയുന്നു.

ദൽഹിയിലടക്കം ചില സംസ്ഥാനങ്ങളിൽ നടന്ന തദ്ദേശസ്ഥാപനതെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയമാണ് ഈ അടവു മാറ്റത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. കഴിഞ്ഞ വർഷം നടന്ന ദൽഹി സിവിക് പോളിൽ ആം ആദ്മിക്കേറ്റ തിരിച്ചടിയെത്തുടർന്ന് കെജ്രിവാൾ തന്നെ മുൻകൈ എടുത്ത് വിളിച്ചു കൂട്ടിയ പാർട്ടി യോഗത്തിൽ മോദിയെ തൽക്കാലം 'വെറുതെ വിടാൻ ' തീരുമാനിച്ചതായി ഉത്തരവാദപ്പെട്ട പാർട്ടി പ്രവത്തകൻ പറഞ്ഞു.

ട്വിറ്ററിൽ 13 ലക്ഷം ഫോളോവേഴ്സ് ഉള്ള കെജ്രിവാൾ 11 മാസമായി മോദി എന്ന വാക്കു പോലും കുറിച്ചിട്ടില്ല. 2017 മാർച്ച് 9 നാണ് അവസാനമായി മോദിയെ പരാമശിച്ചത്. അതേ സമയം 2016 ൽ 124 തവണയും 2017 മാർച്ച് വരെ 33 തവണയും മോദിയെ ട്വിറ്ററിൽ തൊട്ടു കളിച്ചിട്ടുണ്ട്. ഇതിൽ ഏറെയും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയുള്ള കുറിപ്പുകളായിരുന്നു.

മോദി ദൽഹിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു, ഏകാധിപത്യ മോദി ഭരണകൂടം, മോദി സർക്കാർ സൈന്യത്തിന് എതിരല്ലേ? എന്നിങ്ങനെയുള്ള കുത്തലും തോണ്ടലുമൊക്കെ ആവശ്യത്തിന് കാണാമായിരുന്നു.

എന്നാൽ പഞ്ചാബിലും തുടർന്ന് ഗോവയിലും ദൽഹിയിലും നടന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പും 2017ൽ രാജഔരി ഗാർഡനിൽ നടന്ന ഉപതെരഞ്ഞെടുപ്പും പാർട്ടിക്ക് ക്ഷീണമായി.

2017 ലും 2018 ഇതുവരെയും മോദിയെടാഗ് (@ നരേന്ദ്ര മോദി ) ചെയ്തിട്ടുമില്ല. 2016ൽ 8 തവണ ടാഗ് ചെയ്തിരുന്നു.എന്നാൽ ഈയിടെ തന്റെ 20 എം.എൽ.എമാരെ അയോഗ്യരാക്കിയപ്പോൾ പോലും കെജ്രിവാൾ മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കുകയും സംയമനം പാലിക്കുകയും ചെയ്തു. ദൽഹി തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 181 സീറ്റു നേടിയപ്പോൾ എ.എ.പി 48 സീറ്റിൽ ഒതുങ്ങി കനത്ത പ്രഹരം ഏറ്റുവാങ്ങുകയായിരുന്നു. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70 ൽ 67 ഉം നേടി തൂത്തുവാരിയ സ്ഥാനത്താണ് ഇവ്വിധമൊരു പതനം പാർട്ടിക്കേറ്റത്.

ദൽഹി മധ്യവർഗക്കാരുടെ വിശ്വാസം എ.എ.പി ക്ക് നഷ്ടമായിരിക്കയാണെന്നും ഭരണത്തുടർച്ച കിട്ടണമെങ്കിൽ അവരുടെ വിശ്വാസം തിരിച്ചു പിടിച്ചേ മതിയാവൂ എന്നുമാണ് രാഷ്ട്രീയ നീരിക്ഷക നീരജ ചൗധരി വിലയിരുത്തിയത്.കെജ്രിവാളിൽ അനിവാര്യമായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നതായും അവർ പറഞ്ഞു. ഏറെ, ഏറെ ഗൗരവം വന്നുകൊണ്ടിരിക്കുന്ന കെജ്രിവാളിനെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഒരു നേതാവായി അദ്ദേഹം വളർന്നുകൊണ്ടിരിക്കുകയാണ്. പാകം വന്ന രാഷ്ട്രീയക്കാരനായി മാറിക്കൊണ്ടിരിക്കുകയുമാണ്. എങ്കിലും ഇനിയുമേറെ മുന്നോട് പോകാനുണ്ട്; സെൻറർ ഫോർ ഡവലപിംഗ്‌ സ്റ്റഡീസിലെ രാഷ്ട്രീയ നിരീക്ഷകൻ പ്രവീൺ ഭായ് വിലയിരുത്തിയത് ഇങ്ങിനെയാണ്.

സ്വയം തിരിച്ചറിയുന്ന സംവേദന രീതിയാണിതെന്നും പാർട്ടി ആ പാത പിന്തുടരുന്നുവെന്നുമാണ് എ.എ.പി യുടെ മുഖ്യ വക്താവ് സൗരവ് ഭരദ്വാജ് പറഞ്ഞത്. ദൽഹിയിൽ ഒരു പണിയും നടക്കാത്തതെന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു തുടക്കത്തിൽ ഞങ്ങളുടെ ദൗത്യം. രണ്ടു വർഷം കൊണ്ട് അത് ഞങ്ങൾ കാണിച്ചു കൊടുത്തു. ഇപ്പോൾ ജനങ്ങൾക്ക് ബോധ്യമായി ലഫ്റ്റനന്റ് ഗവർണർ ഒന്നിനും അനുവദിക്കുന്നില്ലെന്ന്.

മോദി വിമർശം അതിന്റെ ദൗത്യം പൂർത്തിയാക്കിയിരിക്കുന്നു. ഇനി രചനാത്മക ഭരണത്തിൽ കേന്ദ്രീകരിക്കുന്നു; അദ്ദേഹം വിശദീകരിച്ചു.

Comments


Page 1 of 0