// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 14, 2018 Wednesday
ആസന്നമായ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളാവാന്‍ ക്രിമിനലുകളും കോടീശ്വരന്‍മാരുംവേണ്ടുവോളം. ഇതില്‍ ഒന്നാം സ്ഥാനം ബി.ജെ.പിക്കാണ്. മല്‍സരംഗത്തുള്ള 51 ബി.ജെ.പി സ്ഥാനാര്‍ഥികളില്‍ 11 പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. 18 പേര്‍ കോടീശ്വരന്‍മാരുമാണ്. ദേശീയ രാഷ്ട്രീയ കക്ഷികളില്‍ ബി.ജെ.പിയാണ് ഏറ്റവും കൂടുതല്‍ ക്രിമിനലുകളെയും പണച്ചാക്കുകളെയും മല്‍സരിപ്പിക്കുന്നത്. ഏറ്റവും കുറവ് സി.പിഎമ്മിന്റേതാണ്.
മല്‍സര രംഗത്തുള്ള മൊത്തം സ്ഥാനാര്‍ഥികളുടെ 7.45 ശതമാനം പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും 11 ശതമാനം പേര്‍ കോടീശ്വരന്‍മാരുമാണ്. ആകെയുള്ള 297 മല്‍സരാര്‍ഥികളില്‍ 22 പേര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണ്. 35 പേരുടെ പ്രഖ്യാപിത ആസ്തി ഒരു കോടിക്ക് മേലെയാണ്.
അസോസിയേഷന്‍ ഫോര്‍ ഇലക്ഷന്‍ റിഫോംസിന്റെ ത്രിപുര ഇലക്ഷന്‍ വാച്ച് ആണ് ഈ വിവരങ്ങള്‍ നല്‍കുന്നത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
60 അംഗ നിയമസഭയിലേക്ക് ഈ മാസം 18നാണ് വോട്ടെടുപ്പ്. ബി.ജെ.പി കഴിഞ്ഞാല്‍ കോണ്‍ഗ്രസാണ് തൊട്ടടുത്തുള്ളത്. അവരുടെ 59 സ്ഥാനാര്‍ഥികളില്‍ 4 പേരും 57 ഇടങ്ങളില്‍ മത്സരിക്കുന്ന സി.പി.എമ്മിന്റെ 2 ഉം സ്ഥാനാര്‍ഥികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്.
ഗുരുതരമായ ക്രിമിനല്‍ കുറ്റാരോപണത്തില്‍പെടുന്നവരുടെ പട്ടികയിലും ബി.ജെ.പി തന്നെയാണ് മുന്നില്‍ എന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വടക്കു കിഴക്കന്‍ മേഖലയില്‍ ക്രിമിനല്‍ കുറ്റാരോപണ വിധേയരായ സ്ഥാനാഥികളൂടെ അനുപാതം താരതമ്യേന ഏറ്റവും കൂടുതല്‍ ത്രിപുരയിലാണെന്ന് ഇലക്ഷന്‍ വാച്ചിന്റെ കോ-ഓര്‍ഡിനേറ്റര്‍ ബിശ്വേന്ദ്ര ഭട്ടാചാര്യ പറഞ്ഞു.
ഒരു കോടിക്ക് മേല്‍ ആസ്തിയുള്ള 35 സ്ഥാനാര്‍ഥികളില്‍ പകുതി പേര്‍ (18 പേര്‍) ബി.ജെ.പിക്കാരാണ്. കോണ്‍ഗ്രസ് - 9, സി.പി.എം - 4, ഐ.എന്‍.പി.ടി - 2, ഐ.പി.എഫ്.ടി - 1, തൃണമൂല്‍ കോണ്‍ഗ്രസ് - 1 എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ കണക്ക്. ഇതില്‍ തന്നെ ചരിലാം മണ്ഡലത്തില്‍ മല്‍സരിക്കുന്ന ജിഷ്ണു ദേവ വര്‍മ്മയാണ് ഏറ്റവും വലിയ പണക്കാരന്‍. 11 കോടിക്കുമേലെ ആസ്തിയുണ്ട് അയാള്‍ക്ക്. ത്രിപുര പീപ്പിള്‍സ് പാര്‍ട്ടിയുടെ ഖഗേന്ദ്ര റിയാംഗിന്റെയും പാര്‍ക്ക റോയ് റിയാംഗിന്റെയും ആസ്തി വെറും 100 രൂപ വീതം. സ്വതന്ത്ര സ്ഥാനാര്‍ഥികളായ സുദര്‍ശന്‍ മജുംദാറിനും കാഞ്ചൈമോഗിനും ആസ്തി വട്ടപൂജ്യമാണെന്ന് അവരുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
സ്ഥാനാര്‍ഥികളില്‍ 78 ശതമാനം പേരും ആദായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം ബി.ജെ.പിയുടെ രണ്ടും കോണ്‍ഗ്രസിന്റെ ഒന്നും സ്ഥാനാര്‍ഥികള്‍ അത്യുന്നത ആസ്തിയുള്ളവരാണ്. 7 കോടിക്ക് മേലെ കടബാധ്യതയുള്ള 110 പേരില്‍ ബി.ജെ.പിയുടെ ജിതേന്ദ്ര മജുംദാറാണ് മുന്നില്‍.
സ്ഥാനാര്‍ഥികളില്‍ 6 പേരുടെ വിദ്യാഭ്യാസ യോഗ്യത ഹയര്‍ സെക്കന്ററിയാണ്. ഒരാള്‍ നിരക്ഷര കുക്ഷിയും. 173 പേര്‍ അഞ്ചാം തരത്തിനും പന്ത്രണ്ടാം ക്ലാസിനുമിടയില്‍ വിദ്യ അഭ്യസിച്ചവരാണ്. 121 പേര്‍ ബിരുദ പഠനവും അതിനു മേലെയും പൂര്‍ത്തിയാക്കിയവരാണ്.