// // // */
സ്റ്റാഫ് ലേഖകൻ
February 11, 2018 Sunday
ഡോ. അനീസ് അലി
ജോലി സമ്മർദ്ദവും ജീവിതത്തെക്കുറിച്ച അനാവശ്യമായ ആധികളും കാരണം, ഗള്‍ഫ് മലയാളികളുടെ ഇടയില്‍ വിഷാദ രോഗികകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന് പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ. അനീസ് അലി.
ദോഹയിലെ നസീം അല്‍ റബീഹ് ക്ലിനിക്കില്‍ വിസിറ്റിംഗ് സൈക്രാട്രിസ്റ്റ് ആയ അനീസ് അലി 'ഈയുഗ'ത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഗള്‍ഫിലെയും കേരളത്തിലെയും മലയാളികള്‍ക്കിടയില്‍ വ്യാപകമാവുന്ന മാനസിക രോഗങ്ങളെക്കുറിച്ച് സംസാരിച്ചത്.
ദോഹയില്‍ തന്നെ കാണാനെത്തുന്ന രോഗികളില്‍ ഏതാണ്ട് പകുതിയോളം മലയാളികളാണെന്ന് അദ്ദേഹം പറയുന്നു. ഇതില്‍ അധികം മൂഡ് ഡിസോഡേഴ്‌സ് (Mood Disorders) എന്ന പേരില്‍ അറിയപ്പെടുന്ന വിഷാദ രോഗത്തിന് അടിപ്പെട്ടവരാണ്.
ഒരു വിദേശരാജ്യത്ത് ജോലിയെടുക്കുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ പ്രയാസങ്ങളും, ജോലിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള അനാവശ്യമായ ആധികളുമാണ് പലരേയും വിഷാദരോഗികളാക്കി മാറ്റുന്നത്. ഗള്‍ഫ് പ്രതിസന്ധി തങ്ങളുടെ ഭാവി ജീവിതത്തെ എങ്ങനെ ബാധിക്കും എന്ന ആശങ്ക പല രോഗികളും പങ്കുവെക്കുന്നുണ്ട്, ഡോ. അനീസ് പറയുന്നു.
ടെന്‍ഷന്‍ എന്ന് സാധാരണ ആളുകള്‍ പറയുന്നതിന്റെ കുറെക്കൂടി കടുപ്പുള്ള രൂപമാണ് വിഷാദരോഗം (Depression). മനോരോഗങ്ങളെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യാപകമായ തെറ്റിദ്ധാരണയും മുന്‍വിധികളും കാരണം താന്‍ മനോരോഗിയാണ് എന്ന് സമ്മതിക്കാന്‍ പലരും തയ്യാറാവുകയില്ല.
'എനിക്ക് ഡിപ്രഷന്‍ ഇല്ല. ചെറിയ ടെന്‍ഷ നേ ഉള്ളൂ' എന്ന് പറയുന്ന ആളുകളെ ധാരാളമായി കാണാം. ഓര്‍മകുറവ്, ക്ഷീണം, ശ്രദ്ധ നഷ്ടപ്പെടല്‍ വേണ്ടാത്ത ചിന്തകള്‍ ഇതൊക്കെയാണ് വിഷാദ രോഗത്തിന്റെ സാധാരണ ലക്ഷണങ്ങള്‍. ക്രമേണ ഇത് ജോലിയെ ബാധിക്കാന്‍ തുടങ്ങും. ഓര്‍മ്മ കിട്ടാതെവരും. സ്ഥിരമായി ചെയ്യുന്ന ജോലികള്‍ തന്നെ ചെയ്യാന്‍ പറ്റാതെ വരും. ഈയൊരു ഘട്ടത്തിലാണ് അധികമാളുകളും ഡോക്ടറെ കാണാന്‍ വരുന്നത്; ഡോ. അനീസ് പറഞ്ഞു. രോഗം മൂര്‍ച്ചിച്ചാല്‍ ആത്മഹത്യ പ്രവണതയിലേക്കുവരെ എത്താന്‍ സാധ്യതയുണ്ട്.
മധ്യവര്‍ഗത്തില്‍ പെട്ടവരാണ് അധികവും ഈ രോഗത്തിന് ചികിത്സ തേടിയെത്തുന്നത്. ചികിത്സ പൊതുവെ ചെലവ് കൂടിയതായതുകൊണ്ട് ചെറിയ ശമ്പളം പറ്റുന്ന തൊഴിലാളികള്‍ക്ക്, ഇന്‍ഷൂറന്‍സ് പരിരരക്ഷയില്ലെങ്കില്‍ സ്വകാര്യ ആശുപത്രിയിലെ ചികിത്സ ഏറെക്കുറെ അപ്രാപ്യമായിരിക്കും. രോഗികളില്‍ പുരുഷന്മാരെക്കാള്‍ അധികം സ്ത്രീകളാണെന്നതാണ് കൗതുകകരമായ ഒരു വസ്തുത.
"ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ കൂടുതല്‍ പുരുഷന്മാര്‍ ആയിരിക്കാമെങ്കിലും അതിന്റെ പേരില്‍ കൂടുതല്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നത് അവരുടെ ഭാര്യമാര്‍ ആയിരിക്കാം. സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് പ്രതികൂലസാഹചര്യങ്ങളെ നേരിടാനുള്ള മനക്കരുത്ത് കുറവായിട്ടാണ് കണ്ട് വരുന്നത്," ഡോ. അനീസ് പറയുന്നു.
തലച്ചോറില്‍ സംഭവിക്കുന്ന രാസപരമായ താളംതെറ്റൽ ( Chemical imbalance) കൊണ്ടാണ് മൂഡ് ഡിസോടേഴ്‌സ് ഉണ്ടാവുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ഒന്നോ രണ്ടോ വര്‍ഷം സ്ഥിരമായി മരുന്ന് കഴിച്ചാല്‍ ഇതിലധികവും പൂര്‍ണമായി ഭേദമാക്കാന്‍ കഴിയും.
ജീവിതത്തോട് യാഥാര്‍ഥ്യബോധ്യത്തോടെ യുള്ള ഒരു നിലപാട് സ്വീകരിക്കുക എന്നതാണ് വിഷാദരോഗം ഇല്ലാതാക്കാനുള്ള ഒരു മാര്‍ഗമായി ഡോ. അനീസ് നിര്‍ദ്ദേശിക്കുന്നത്.
"മലയാളികള്‍, പ്രത്യേകിച്ചും പ്രവാസികള്‍ ജീവിതത്തെക്കുറിച്ച് അമിതമായ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. നമുക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്തത് ആഗ്രഹിക്കാതിരിക്കുക. ജാഡയുടെയും പൊങ്ങച്ചത്തിന്റെയും അയഥാര്‍ത്ഥ ലോകത്ത് നിന്ന് ഇറങ്ങിവന്ന് നമ്മുടെ ജോലിയെക്കുറിച്ചും വരുമാനത്തെക്കുറിച്ചുമുള്ള ശരിയായ വിവരങ്ങള്‍ ഭാര്യയെയും കുട്ടികളെയും കുടുംബക്കാരെയും അറിയിക്കുക. പെട്ടെന്നുള്ള ആഘാതങ്ങളില്‍നിന്നും മാനസിക തകര്‍ച്ചയില്‍നിന്നും രക്ഷപ്പെടാന്‍ ഇത്തരം മുന്‍കരുതലുകള്‍ സഹായിക്കും, " ഡോ. അനീസ് പറയുന്നു.
വിഷാദ രോഗികള്‍ക്ക് പുറമെ 'വസ്വാസ്' എന്ന് പലരും വിളിക്കുന്ന (Obsessive Compulsive Disorder), സ്കിസോഫ്രീനിയ (Schizophrenia) തുടങ്ങിയ മനോരോഗങ്ങള്‍ ഉള്ളവരും ഗള്‍ഫ് പ്രവാസികളുടെ കൂട്ടത്തില്‍ കാണാന്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനോവികലനം (Split mind) എന്ന് പറയപ്പെടുന്ന സ്‌കിസോഫ്രാനിയയുടെ ലക്ഷണങ്ങളില്‍ പെട്ടതാണ് അശരീരി കേള്‍ക്കുക, പലതരം ദൃശ്യങ്ങള്‍ കാണുക, അദൃശ്യരായ ആളുകളുമായി സംസാരിക്കുക എന്നതൊക്കെ. മണിച്ചിത്രത്താഴ് എന്ന സിനിമയിൽ നാഗവല്ലിയായി രൂപാന്തരം പ്രാപിക്കുന്ന കഥാപാത്രം ഇത്തരം മനോരോഗത്തിന് അടിപ്പെട്ടവളാണ്. യഥാര്‍ത്ഥത്തില്‍ സംഭവിക്കാവുന്ന ഒരവസ്ഥ തന്നെയാണത്; ഡോ. അനീസ് പറയുന്നു. ഇത്തരം അസുഖങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ തുടര്‍ച്ചയായി മരുന്ന് കഴിക്കേണ്ടി വരും.
സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം വൈവാഹിക ജീവിതത്തില്‍ വിള്ളലുകള്‍ വീഴ്ത്തുകയാണെന്നും ഇതു മൂലമുള്ള വിവാഹമോചനങ്ങളുടെ എണ്ണം കേരളത്തില്‍ ക്രമാതീതമായി കൂടിവരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
"സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗ് പലര്‍ക്കും ഒരു അഡിക്ഷന്‍ ആണ്. സെല്‍ഫിയെടുക്കല്‍ ഒരു മാനസിക വൈകൃതത്തിന്റെ തലത്തിലോളം വളര്‍ന്നിരിക്കുന്നു. ബാംഗ്ലൂരിലെ പ്രശസ്തമായ NIMHANS ആശുപത്രിയില്‍ ഇന്റര്‍നെറ്റ് മൂലമുണ്ടാവുന്ന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍വേണ്ടി ഒരു സെല്‍ പ്രവര്‍ത്തിക്കുന്നു എന്നറിയുമ്പോള്‍ എത്രമാത്രം ഗുരുതരമാണ് പ്രശ്‌നം എന്ന് തിരിച്ചറിയാന്‍ കഴിയും," ഡോ. അനീസ് പറഞ്ഞു.
കേരളത്തില്‍ ദിനേന ഇത്തരം ധാരാളം കേസുകള്‍ വരുന്നുണ്ടെന്നും, നിരവധി സ്ത്രീകളും പുരുഷന്മാരും പരാതിയുമായി സമീപിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൗണ്‍സലിങ്ങും വേണ്ടിവന്നാല്‍ മനോരോഗ ചികിത്സയും നല്‍കിയാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കാര്യത്തിന്റെ ഗൗരവം ദമ്പതികളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തും. ജീവിതരീതിയില്‍ മാറ്റം വരുത്താന്‍ ഉപദേശിക്കും. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് രണ്ട് കൂട്ടര്‍ക്കും പ്രത്യേകം ഷെഡ്യൂള്‍ ഉണ്ടാക്കിക്കൊടുക്കും.
ഭര്‍ത്താവിന് അല്ലെങ്കിൽ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് അധികവും വിവാഹമോചനത്തിലേക്ക് നയിക്കുന്നത്. പരാതികളുമായി എത്തുന്നവര്‍ അധികവും മധ്യവയസ്‌കരാണ്. ചെറുപ്പക്കാരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വ്യാപകമാണെങ്കിലും മനഃശാസ്ത്രവിദഗ്ദരെ സമീപിക്കാന്‍ സ്വയം അവര്‍ സന്നദ്ധരാവാറില്ല. രക്ഷിതാക്കളാണ് അവരുടെ കേസുകളുമായി വരുന്നത്.
"പുതുതായി വിവാഹിതരായ ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ ഇണയുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് പറയുമ്പോള്‍ അതിന്റെ അടിയില്‍ എവിടെയോ മറ്റൊരു ബന്ധം ഒളിഞ്ഞ് കിടപ്പുണ്ടാവും എന്നതാണ് അനുഭവം. അത് കണ്ടെത്തി പരിഹാരം തേടുകയേ നിര്‍വാഹമുള്ളൂ," ഡോ. അനീസ് പറഞ്ഞു. അധികവും സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരം ബന്ധങ്ങള്‍ വികസിക്കുന്നത്. വൈവാഹിക ജീവിതത്തെക്കുറിച്ച് യുവതലമുറക്ക് ശരിയായ മാര്‍ഗദര്‍ശനം നല്‍കുകയാണ് പരിഹാരം;അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനോരോഗങ്ങളെക്കുറിച്ച് സമൂഹത്തിന്റെ സമീപനം മാറ്റിയെടുക്കേണ്ടതിന്റെ ആവശ്യം ഡോ. അനീസ് ഊന്നിപ്പറഞ്ഞു.
സിനിമയിലും നാടകങ്ങളിലും മലയാളി കണ്ടു ശീലിച്ച മനോരോഗിയുടെ വികലമായ ഒരു ചിത്രമുണ്ട്. അത് മാറ്റണം. മാനസികരോഗം മറ്റേത് രോഗവും പോലെ ആര്‍ക്കും എപ്പോഴും പിടിപെടാവുന്നതാണെന്ന് മനസ്സിലാക്കപ്പെടണം. പ്രഷര്‍ പോലെയോ, ഷുഗര്‍ പോലെയോ ഒരു രോഗം. പല ജീവിത ശൈലി രോഗങ്ങളും മാനസികാരോഗ്യവുമായി ബന്ധപ്പെട്ടതാണ്. കടുത്ത മാനസിക സമ്മര്‍ദ്ധമാണ് പലപ്പോഴും ഹൈപ്പര്‍ ടെന്‍ഷനിലേക്കും ഹൃദയാഘാതത്തിലേക്കുമൊക്കെ നയിക്കുന്നത്. ഇത്തരം രോഗങ്ങള്‍ക്ക് ചികിത്സിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ മാനസികാരോഗ്യത്തിന് വേണ്ടിയുള്ള മരുന്നുകള്‍ കൂടി നിര്‍ദ്ദേശിക്കുന്നുണ്ട്. പലരും അത് അറിയാറില്ലെന്ന് മാത്രം; അദ്ദേഹം പറഞ്ഞു.
റേഡിയോ ചാനല്‍ പരിപാടികളില്‍ സജീവസാന്നിദ്ധ്യമായ ഡോ. അനീസ് ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ പ്രശസ്തനാണ്.