// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 08, 2018 Thursday
വിവാഹ ജീവിതം തുടങ്ങാൻ പോവുന്ന സൗദി സ്വദേശികൾക്ക് വര്‍ദ്ധിച്ചു വരുന്ന കല്യാണ ചെലവ് വലിയൊരു പ്രശ്നമായി മാറിയിരിക്കുന്നു. വിവാഹ ഹാളുകൾക്ക് താങ്ങാനാവാത്ത വാടകയാണ്. അതിഥികളുടെ പെരുപ്പം ചെലവ് കൂട്ടുന്നു. വിവാഹ ചടങ്ങ് മറക്കാന്‍ പറ്റാത്തൊരു ആഘോഷമാക്കി മാറ്റാനുള്ള സാമൂഹ്യ സമ്മർദ്ദം ധാരാളിത്തം കൂട്ടാന്‍ മറ്റൊരു കാരണമാവുന്നു.
മിക്ക സൗദി കുടുംബങ്ങള്‍ക്കും, വിവാഹ ചടങ്ങുകള്‍ പത്രാസ് കാണിക്കാനും മറ്റുള്ളവരെക്കാൾ തങ്ങൾ സമ്പന്നരാണെന്ന് തെളിയിക്കാനും വേണ്ടിയുള്ള അവസരമാണിപ്പോള്‍: നിങ്ങളുടെ കല്യാണം എത്ര വിപുലമായി നടത്തുന്നുവോ, അത്രയും നല്ലത് എന്നതാണ് പൊതുവായ ചിന്താഗതി, അറബ് ന്യൂസ് പത്രം പ്രസീദ്ധികരിച്ച ഒരു ലേഖനത്തിൽ പറയുന്നു.
സൗദികൾ പൊതുവായി നല്ല സമയങ്ങളില്‍ ഒന്നിച്ചുകൂടി ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരാണ്. വിവാഹങ്ങൾ എന്നും ഓര്‍മ്മിക്കേണ്ട ചടങ്ങുകൾ ആവണമെന്നും അതുകൊണ്ടുതന്നെ അവര്‍ക്ക് നിര്‍ബന്ധമുണ്ട്.
അടുത്തിടെ വിവാഹിതനായ അഹമദ് അൽ-സയ്ദ്ലാനി എന്നൊരു സാമ്പത്തിക വിദഗ്ധൻ തന്‍റെ അനുഭവത്തെക്കുറിച്ച് ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്. "എന്‍റെ കല്യാണ ചെലവിനുള്ള ആദ്യത്തെ ബഡ്ജറ്റ് ഏകദേശം 100,000-120,000 സൗദി റിയാല്‍ ($26,664-$31,996) ആയിരുന്നു. അതിൽ കല്യാണം, സ്ത്രീധനം, വിവാഹത്തിനു മുമ്പുളള ‘മെൽക്ക” എന്നൊരു പരിപാടി, അപ്പാർട്ട്മെൻറ് വാടക, ഫർണിച്ചറുകൾ, ഹണിമൂൺ എന്നിവക്കുള്ള ചെലവുകൾ ഉൾപ്പെടുത്തിയിരുന്നു. പക്ഷെ ഞാന്‍ കണക്ക് കൂട്ടാത്ത മറ്റൊരുപാട് ചെലവ് എനിക്ക് വന്നു. അവസാനം 200,000 റിയാലിൽ കൂടുതൽ എന്‍റെ കയ്യില്‍നിന്നു പോയിക്കിട്ടി!"
"വിവാഹം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടിയും ഞാനും ആഘോഷങ്ങൾക്കായുള്ള അമിതവ്യയം കുറക്കാൻ തീരുമാനിച്ചതായിരുന്നു. ആ പണം ഞങ്ങളുടെ ഒന്നിച്ചുള്ള ജീവിതം തുടുങ്ങന്നതിനുവേണ്ടി ഉപയോഗിക്കാം എന്ന് കരുതി. ഏറ്റവും അടുത്തുള്ളവരെ മാത്രം ക്ഷണിച്ചുകൊണ്ട്, മൊത്തം അതിഥികൾ 100ന് അടുത്താക്കി,” അദ്ദേഹം പറഞ്ഞു.
“പക്ഷെ ഞങ്ങളുടെ കുടുംബങ്ങൾ ഇതറിഞ്ഞപ്പോള്‍, അവര്‍ക്ക് അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ അവസരം ആഘോഷിക്കാന്‍ വേണ്ടിയുള്ള ഒന്നാണെന്ന് അവർ ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു. അവസാനം അതുപ്രകാരം എല്ലാം നടന്നപ്പോള്‍ മാനസികമായും സാമ്പത്തികമായും, ഞങ്ങളെ അത് തളര്‍ത്തി.”
പക്ഷെ അഞ്ച് കുട്ടികളുടെ അമ്മയായ ഒരു സൗദി സ്ത്രീ പറഞ്ഞതു അവര്‍ അവരുടെ മക്കളുടെ വിവാഹം ആഘോഷിക്കുന്നത് ആരുടേയും മതിപ്പ് കിട്ടാനല്ല എന്നാണ്. "ഞാന്‍ ആഘോഷിക്കുന്നത്, എന്‍റെ കുട്ടികളുടെ കാര്യത്തിൽ എത്ര സന്തോഷവതിയാണ് എന്നതിനിലാണ്. ആ സന്തോഷം മറ്റുള്ളവരുമായി പങ്കിടാനാണ് ഇത്തരം ആഘോഷങ്ങൾ നടത്തുന്നത്,” അവർ വിശദീകരിച്ചു.
പല കാഴ്ചപ്പാടുകള്‍, പല വിശദീകരണങ്ങൾ. പക്ഷെ ഒന്ന് വ്യക്തമാണ്: കല്യാണ ചെലവുകള്‍ സൗദിയില്‍ സജീവമായ ചർച്ചകളിൽ ഒന്നായി മാറിയിരിക്കുന്നു ഇപ്പോൾ.