ഈയുഗം ന്യൂസ് ബ്യൂറോ
February 08, 2018 Thursday
ഡോക്ടര്‍ മാത്യു വർഗീസ്
അവയവങ്ങളുടെ പ്രതികരണശേഷി പരിശോധിക്കുന്നതിനായൊരു ചുറ്റിക, കൈകളുടെയും കാലുകളുടെയും അളവെടുക്കാനൊരു ടേപ്പ്, സന്ധികളിലെ പ്രശ്നങ്ങൾ അറിയാനൊരു ഗോണിയോമീറ്റർ, ഇവയൊക്കെയായി രോഗികളെ പതിവായി കാണാനിറങ്ങുന്ന ഇദ്ദേഹത്തെ കാണുമ്പോൾ ഡോക്ടറെക്കാൾ ഒരു ആശാരിയെപോലെയാണ് തോന്നുക.
ഒരു സാധാരണ ഡോക്ടറെ പോലെ സ്റ്റെതസ്കോപ്പും ഇദ്ദേഹം കൊണ്ടുനടക്കാറില്ല. പക്ഷെ ദില്ലിയിലെ പോളിയോ രോഗികളെ ചികിത്സിക്കുന്നതിനു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച മലയാളി ഡോക്ടറായ മാത്യു വർഗീസ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്‍റെ മാതൃകാ പുരുഷനാണിപ്പോൾ.
താൻ ഹീറോകളായി ലോകത്തിൽ കാണുന്ന അഞ്ചു പേരിൽ ഒരാളാണ് ഓർത്തോപീഡിക്ക് വിദഗ്ദ്ധനായ മാത്യു വർഗീസ്, ഗേറ്റ്സ് തന്‍റെ ഗേറ്റ്സ്നോട്ടുകൾ എന്ന ബ്ലോഗ്ഗിൽ എഴുതിയിരിക്കുന്നു.
മെലിഞ്ഞ ദേഹവും, എപ്പോഴും ദയാഭാവത്തിലുള്ള കണ്ണുകളുള്ള ഡോ. വർഗീസിനെ, പക്ഷെ ഇത്തരം അംഗീകാരങ്ങളൊന്നും തന്‍റെ കര്‍മ്മപഥത്തിൽ നിന്ന് വ്യതിച്ചലിപ്പിക്കാൻ പോവുന്നില് ല.
"ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ഇത്തരം അംഗീകാരങ്ങൾ ഒരു വ്യത്യാസവും വരുത്തുന്നില്ല," അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യ പത്രത്തോട് പറഞ്ഞു. “പക്ഷെ, അവ പോളിയോ രോഗികളെ പുനരധിവസിപ്പിക്കാൻ സഹായിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് കൂടുതൽ ഡോക്ടർമാരേയും യുവജനങ്ങളേയും പ്രചോദിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
പഴയ ഡെൽഹിയിലെ സെന്റ് സ്റ്റീഫൻസ് ഹോസ്പിറ്റലിൽ, ഇൻഡ്യയിലാകെയുള്ളൊരു പോളിയോ വാർഡ് നടത്തുന്ന ഡോ. വർഗീസിന് ഒരു ആഗ്രഹമേ ഉള്ളൂ: ഇവിടെയുള്ള എല്ലാ രോഗികളും ഭേദമായി പോവുന്നൊരു ദിവസം തനിക്കു കാണാൻ പറ്റണം. പോളിയോ ബാധിച്ച പുരുഷന്മാരുടെയും സ്ത്രീകളുടെയും പുനരധിവാസത്തിന് തന്‍റെ സമയം മുഴുവൻ ചെലവഴിക്കാൻ ഈ വീക്ഷണം അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നു.
പോളിയോ ഇന്ത്യയിൽ നിന്ന് 2011ൽ നിര്‍മാര്‍ജനം ചെയ്തു. എന്നാലും, ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും രോഗം പിടിപെട്ടതിനു ശേഷമുള്ള അസ്വാസ്ഥ്യങ്ങളിൽ നിന്നും മോചിതരായിട്ടില്ല. ഡൽഹിയിലെ ഏറ്റവും പഴക്കമുള്ള ആശുപത്രികളിലൊന്നായ സെന്റ് സ്റ്റീഫനിൽ, പോളിയോ വാർഡ് ആരംഭിക്കുന്നത് 1987ലാണ്. എട്ടു കിടക്കകളായിരുന്നു അന്ന് അവിടെ ഉണ്ടായിരുന്നത്. 1990കളുടെ തുടക്കത്തിൽ, 200,000 മുതൽ 400,000 വരെ പോളിയോ കേസുകളാണ് ഇൻഡ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ആ സമയത്തൊക്കെ വാര്‍ഡ് എപ്പോഴും രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. പക്ഷെ പോളിയോ രോഗികളുടെ എണ്ണം അടുത്തകാലത്തായി കുറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.
പക്ഷെ ഒഴിഞ്ഞൊരു വാര്‍ഡ് എന്ന ഡോ. വർഗീസിന്‍റെ സ്വപ്നം യഥാര്‍ത്ഥ്യമാവാൻ കുറച്ചുകൂടി സമയമെടുത്തേക്കാം.
പ്രത്യേകിച്ച് ശസ്ത്രക്രിയ ആവശ്യപ്പെട്ട് വരുന്ന രോഗികളുടെ കണക്കെടുത്താൽ. ഒരു കാലത്ത് സെന്റ് സ്റ്റീഫനിൽ, പോളിയോ ബാധിച്ചതിനെ തുടര്‍ന്നുണ്ടായ വൈകല്യങ്ങൾ തിരുത്താൻ 600 ലധികം രോഗികൾ ഓരോ വർഷവും ശസ്ത്രക്രിയകൾക്ക് വിധേയാരായിരുന്നു. ഇപ്പോൾ 200 ൽ താഴെയാണ് ഇത്തരം ശസ്ത്രക്രിയകൾക്ക് വരുന്നവർ.