// // // */ E-yugam


സ്റ്റാഫ്‌ ലേഖകന്‍
February  10, 2018   Saturday  

news

മെർലിൻ ഹാർട്ട്മാൻഹാർട്ട്മാൻ അസാമാന്യയായ ഒരു മാസ്റ്റര്‍ ക്രിമിനലൊന്നുമല്ല. ഒരു കാര്യം ചെയ്യാനുള്ള ക്ഷമയും, വാശിയും മാത്രമാണ് അവരുടെ കൈമുതല്‍.

whatsapp

ചിക്കാഗോയിലെ ഓഹേർ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഹീത്റോ വരെ പാസ്പോര്‍ട്ടും, ടിക്കറ്റും ഇല്ലാതെ ഇയ്യിടെ വിമാനത്തിൽ യാത്ര ചെയ്ത മെർലിൻ ഹാർട്ട്മാനെ സഹായിക്കാൻ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തില്‍നിന്ന് അബദ്ധങ്ങളുടെ ഒരു ശൃംഖലതന്നെ ഉണ്ടായിട്ടുണ്ടാവണം. അല്ലെങ്കിൽ ഇത്രയും ദൃഢമായ സുരക്ഷാനടപടിക്രമങ്ങളുള്ള ഒരു പ്രധാന അമേരിക്കൻ എയര്‍പോര്‍ട്ടിൽ നിന്ന്, എല്ലാവരുടെയും കണ്ണ് വെട്ടിച്ച്, ലണ്ടനിലേക്കുള്ള വിമാനത്തിൽ ആ 66 കാരിക്ക് കയറിപ്പറ്റുവാൻ സാധിക്കുമായിരുന്നില്ല; തീര്‍ച്ച.

തല താഴ്ത്തി, ആരുടേയും ശ്രദ്ധ ആകര്‍ഷിക്കാതെ അവർ എയര്‍പോര്‍ട്ടിലൂടെ നടന്ന് കാണും. മറ്റു യാത്രക്കാരുടെ പിന്നിൽ പാത്തും, പതുങ്ങിയുമായിരിക്കും അവർ എപ്പോഴും നിന്നിട്ടുണ്ടാവുക. എങ്ങിനെ എയര്‍പോര്‍ട്ടിലെ സുരക്ഷാഉദ്യോഗസ്ഥരെയും, ടിക്കറ്റ്‌ പരിശോധിക്കുന്നവരെയും പറ്റിച്ച്‌ വിമാനത്തില്‍ അവര്‍ക്ക് കയറികൂടാൻ പറ്റി എന്നത് വിശ്വസിക്കാന്‍ പ്രയാസം.

ഒരു ആഭ്യന്തരയാത്രയായിലായിരുന്നുവെങ്കിൽ ചിലപ്പോൾ ഇത് താരതമ്യേന എളുപ്പമായിരിക്കാം. പക്ഷെ അവർ നടത്തിയത് ഒരു അന്താരാഷ്ട്ര വിമാനയാത്രയായിരുന്നു എന്ന് ഓര്‍ക്കുമ്പോളാണ് ഏറെ അത്ഭുതം.

ഇത് കാരണം ചില എയര്‍പോര്‍ട്ട് ജീവനക്കാരുടെ ജോലി പോയേക്കാം. എയര്‍പോര്‍ട്ടിലെ ചില സുരക്ഷാ നടപടിക്രമങ്ങൾ പുനരവലോകനത്തിന് വിധേയമായേക്കാം. പക്ഷെ ഒന്ന് മനസ്സിലാക്കണം: ഹാർട്ട്മാൻ അസാമാന്യയായ ഒരു മാസ്റ്റര്‍ ക്രിമിനലൊന്നുമല്ല. ഒരു കാര്യം ചെയ്യാനുള്ള ക്ഷമയും, വാശിയും മാത്രമാണ് അവരുടെ കൈമുതല്‍. ഇത് ആദ്യമായിട്ടല്ല അവർ ടിക്കറ്റ്‌ ഇല്ലാതെ വിമാനയാത്ര നടത്തുന്നതും. അവരുടെ ഇത്തരത്തിലുള്ള ഒരു അവസാനയാത്രയും ആയിരിക്കില്ല ഇത്.

അമേരിക്കയില്‍, ഹാർട്ട്മാൻ ഒരു “സീരിയല്‍ സ്റ്റോഎവേ”ആയിട്ടാണ് അറിയപ്പെടുന്നത് ഇപ്പോൾ. വിമാനത്തിൽ ഒളിച്ചു യാത്ര ചെയ്യുന്നത് സ്വഭാവമാക്കിയ ഒരാൾ എന്നര്‍ത്ഥം. അവരുടെ കള്ളത്തരത്തിലിലുള്ള യാത്രകളെപ്പറ്റി ഒരുപാട് കഥകള്‍ അമേരിക്കൻ പത്രങ്ങൾ ഇപ്പോൾ മിനഞ്ഞെടുക്കെന്നുണ്ട്.

പോലീസ് റിപ്പോര്‍ട്ട്‌ പ്രകാരം, കഴിഞ്ഞാഴ്ച ലണ്ടനിലേക്ക് യാത്ര ചെയ്തതിനു അവർ ഉപയോഗിച്ച തന്ത്രങ്ങള്‍, 2009 മുതലേ പിന്തുടര്‍ന്നവയായിരുന്നു. ചെറിയ, ചെറിയ ആള്‍ക്കൂട്ടങ്ങളുടെ ഭാഗമായി നടക്കുക, മറ്റുള്ളവരുടെ ബോര്‍ഡിംഗ് പാസ്സുകൾ കാണിക്കുക, ആരെങ്കിലും ഏതോ പേരിലുള്ള ആളാണോ നിങ്ങള്‍ എന്ന് ചോദിച്ചാല്‍ ധൈര്യമായി ആണെന്ന് പറയുക എന്നിവയാണ് ഈ തന്ത്രങ്ങളുടെ കാതലായ ഭാഗങ്ങൾ. ഇവയൊന്നും വളരെ സങ്കീർണ്ണമായതൊ, അവരുടെ പുതിയ കണ്ടുപിടുത്തങ്ങളോ അല്ല. മാത്രമല്ല, ചില തവണ അവര്‍ എയര്‍പോര്‍ട്ട് ജീവനക്കാരുടെ പിടിയിലും ആയിട്ടുണ്ട്‌. പക്ഷെ പരിഭ്രമിച്ചു നില്‍ക്കുന്നൊരു വയസ്സായ സ്ത്രീയുടെ ഭാഗം അഭിനയിച്ചു നില്‍ക്കുന്ന അവര്‍ക്ക് ജയിൽശിക്ഷ ഒരിക്കല്‍പോലും ആരും വിധിച്ചില്ല.

അതിനുപകരം, അവരോടു വരിയില്‍ നിന്ന് മാറിനില്‍ക്കാനും, തല്ക്കാലം കുറച്ചുനേരം എവിടെയെങ്കിലും ഇരുന്ന്‍ വിശ്രമിക്കാനുമാണ് ജീവനക്കാര്‍ പറഞ്ഞിരുന്നത്. അത് അവര്‍ ചെയ്തുപോന്നു. എന്നിട്ട് കള്ളയാത്രക്ക് പിന്നെയും ഒരുമ്പെട്ടു.

ഹവായിയിൽ നിന്ന് 2009 ലൊരിക്കൽ വിമാനത്തിൽ ടിക്കറ്റ്‌ ഇല്ലാതെ കയറിക്കൂടാൻ ശ്രമിക്കുന്നതിന്നി ടയിൽ പിടിക്കപ്പെട്ടപ്പോൾ അവർ പ റഞ്ഞത്, “എനിക്ക് എങ്ങിനെയെങ്ങിലും ഈ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെ മതിയാവൂ” എന്നാണ്. പിന്നീട്, 2014ൽ, സാൻ ഫ്രാന്സിസ്കോ എയര്‍പോര്‍ട്ടിൽ ഹവായിയിലേക്ക് ടിക്കറ്റ്‌ ഇല്ലാതെ പോവാൻ നോക്കുന്നതിന്നിടയിൽ, പിടികൂടിയപ്പോൾ, അവര്‍ പറഞ്ഞത് കടകവിരുദ്ധമായിരുന്നു. “എനിക്ക് എങ്ങിനെയെങ്ങിലും ഹവായിയിൽ എത്തിയേ തീരൂ” എന്നതായിരിന്നു അപ്പോഴത്തെ വിശദീകരണം! കാരണം പറഞ്ഞത്, അവര്‍ക്ക് കാന്‍സർ ആണെന്ന് സംശയമുണ്ടെന്നും, അതുകൊണ്ട് കുറച്ച് ഊഷ്മളമായൊരു സ്ഥലത്ത് താമസിച്ച് മരിക്കണം എന്നുമാണ്. പക്ഷെ അവര്‍ക്ക് കാന്‍സർ ഉണ്ടായിരുന്നില്ല.

ഹവായിയിലേക്ക് പോവാന്‍ സാൻ ഫ്രാന്സിസ്കോ എയര്‍പോര്‍ട്ടിൽ അഞ്ചാറുതവണ അവർ ശ്രമിച്ചിരുന്നു.

ഹാർട്ട്മാനെ പറ്റി ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രത്തില്‍ ഇയ്യിടെ എഴുതിയ ഒരു ലേഖനത്തിലാണ്, ജോ എസ്കെനാസി എന്ന പത്രപ്രവർത്തകൻ ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിനുമുമ്പ് 2015ൽ ഹാർട്ട്മാനെ പറ്റി എഴുതിയ മറ്റൊരു ലേഖനത്തിനുള്ള വിവരം ശേഖരിക്കുമ്പോളാണ്, അവരെ പറ്റി എസ്കെനാസി ശരിക്കും മനസിലാക്കുന്നത്‌. വിമാനത്തില്‍ ടിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയ്യാനുള്ള ശ്രമത്തിന്നിടയിൽ, പലതവണ അവരെ 2009 മുതൽ അറസ്റ്റ് ചെയ്തതായുള്ള രേഖകൾ, എസ്കെനാസിക്ക് ലഭിച്ചു.

“ഈ സമയത്ത്, അവര്‍ ഞാനുമായി സ്ഥിരമായി ഫോണില്‍ ബന്ധപ്പെടാൻ തുടങ്ങി,” എസ്കെനാസി പറയുന്നു. പല സംഭാഷണങ്ങളും പരസ്‌പരബന്ധമില്ലാ ത്തവയെ പോലെ തോന്നിച്ചിരുന്നുവത്രേ, അദ്ദേഹത്തിന്.

ആത്മഗതം പോലുള്ള ആ സംഭാഷണങ്ങളിൽ, തനിക്കെതിരായി എല്ലായിടത്തും എന്തോ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അവർ സൂചിപ്പിച്ചരുന്നുവത്രേ. ചില നിഗൂഢ വ്യക്തികൾ, തനിക്ക് പലയിടത്തേക്കും യാത്ര പോവുന്നതിനായി വിമാന ടിക്കറ്റുകൾ തന്‍റെ കണ്‍മുമ്പിൽ ഇടുന്നതായും, അത് ഉപയോഗിക്കാന്‍ ആദ്യം എയര്‍പോര്‍ട്ട് ജീവനക്കാര്‍ സഹായിക്കുന്നതായും പിന്നീടു അതേ ആള്‍ക്കാർ തന്നെ പിടികൂടുന്നതായും അവർ അന്ന് ആരോപിച്ചു. അതെല്ലാം തന്നെ ഒരു തെരുവുതെണ്ടിയാക്കാനുള്ളൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും അവർ പറഞ്ഞുവെന്ന് ലേഖകന്‍ ഓര്‍മ്മിക്കുന്നു.

അമേരിക്കയിലെ വലിയ നേതാക്കല്‍ക്കുപോലും ഇത് അറിയാമെന്നും അവർ വിശ്വസിച്ചിരുന്നുവത്രേ. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ബാരക്ക് ഒബാമക്ക് പോലും ഇതിനെപറ്റിയെല്ലാം വിവരമുണ്ടായിരുന്നുവെന്നും, പക്ഷെ തനിക്കുവേണ്ടി അദ്ദേഹം ഒന്നും ചെയ്തില്ലെന്നും അവർ അന്ന് ആരോപിച്ചിരുന്നതായി, എസ്കെനാസി ഓര്‍ക്കുന്നു. കാലക്രമേണ, ഹാർട്ട്മാന്‍റെ ഫോണ്‍ വിളികൾ അവസാനിച്ചു. എസ്കെനാസി അങ്ങോട്ട്‌ ബന്ധപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.

ഹാർട്ട്മാൻ ഒരുപാട് പേരെ വിഡ്ഢികളാക്കി, ടിക്കറ്റ്‌ ഇല്ലാതെ വിമാനയാത്രകൾ ചെയ്തു. പക്ഷെ ഇതൊരു സുരക്ഷാ പ്രശ്നമായല്ല കാണേണ്ടത്. ഹാർട്ട്മാൻ അമാനുഷ കഴിവുള്ള ഒരാളൊന്നുമല്ല. ഒറ്റയ്ക്ക് ഒരു വിമാനത്തെ വെറും കൈ കൊണ്ട് തകര്‍ക്കാനൊന്നും അവര്‍ക്ക് പറ്റില്ല. ഒരു ബോർഡിംഗ് പാസ്സോ, പാസ്പോർട്ടോ ഇല്ലാതെ അവർ വിമാനത്തിനുള്ളില്‍ കയറിയിട്ടുണ്ടെങ്കിലും, മറ്റെല്ലാവരെയും പോലെ എല്ലാ സുരക്ഷാ പരിശോധനകള്‍ക്കും എപ്പോഴും വിധേയമായിട്ടുണ്ടാവും എന്നുള്ളതും ഉറപ്പാണ്.

അവരുടെ രൂപമാണ് അവരുടെ ശക്തി. ഒരു മുതിർന്ന സ്ത്രീ എന്ന നിലക്ക് അവർ ജനക്കൂട്ടത്തിൽ ഇഴുകിച്ചേര്‍ന്ന് നിന്നു. അവർ ആര്‍ക്കും ഒരു ഭീഷണി ആയി തോന്നിയില്ല. പക്ഷെ, നേരെ മറിച്ച്, മിഡില്‍ ഈസ്റ്റ്‌ ദേശികളുടെ രൂപമായിരുന്നു അവര്‍ക്കെങ്കില്‍ , അനുഭവം ഇതായിരിക്കില്ല.

മെർലിൻ ഹാർട്ട്മാന്‍റെ കഥ വിമാനത്താവളങ്ങിളിലെ സുരക്ഷാ ദൌർബല്യങ്ങളല്ല വെളിപ്പെടുത്തു ന്നത്. അമേരിക്കൻ നീതി വ്യവസ്ഥയിൽ, സ്ഥിരമായി ചട്ടങ്ങൾ ലംഘിക്കുന്ന മാനസിക വൈകല്യമുള്ളവരെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നതിലുള്ള അറിവില്ലായ്മയാണ് കാണിക്കുന്നത്.

Comments


Page 1 of 0