പോലീസ് ഉദ്യോഗസ്ഥർ ഒരു ടെസ്ല കാർ സാൻ ഫ്രാൻസിസ്ക്കോ നഗരത്തിലെ അഞ്ച് വരികളുള്ളൊരു ഹൈവേയുടെ മദ്ധ്യത്തില്‍ കഴിഞ്ഞ ആഴ്ചയിലൊരു ദിവസം നിന്നത് ശ്രദ്ധിച്ച്, അന്വേഷിക്കാന്‍ ചെന്നപ്പോൾ കണ്ടത് ഡ്രൈവിംഗ് സീറ്റില്‍ ഉറങ്ങുന്നൊരാളെയാണ്. മദ്യപിച്ച് വണ്ടി ഓടിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്യുകയാണെന്ന് “ഡ്രൈവറെ” ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തി അറിയിച്ചപ്പോൾ, തന്‍റെ കാർ ടെസ്ല വികസിപ്പിച്ചെടുത്ത ഓട്ടോ പൈലറ്റ് സംവിധാനത്തിലാണ് ഓടുന്നതെന്നായിരുന്നു അയാളുടെ വിശദീകരണം.
അതു കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിൽ, അമേരിക്കയില്‍ത്തന്നെയുള്ള കള്‍വര നഗരത്തിലൊരു പാതയിൽ അപകടരക്ഷാ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ടിരുന്ന അഗ്നിശമനസേനാ വകുപ്പ് നിര്‍ത്തിയിട്ടിരുന്നൊരു ഫയർ ട്രക്കിന്‍റെ പിന്‍ഭാഗത്ത് ഒരു ടെസ്ല ഇടിച്ചുകയറി. അതിന്‍റെ ഡ്രൈവറും പറഞ്ഞത്, തന്‍റെ കാർ ഓട്ടോ പൈലറ്റിലായിരുന്നുവെന്നാണ്.
ഓട്ടോ പൈലററ് സാങ്കേതികവിദ്യയുടെ ആവർത്തിച്ചുള്ള വാഗ്ദാനം അത് മനുഷ്യന്‍റെ തെറ്റുകൾ ചുരുക്കി റോഡുകൾ സുരക്ഷിതമാക്കും എന്നുളളതാണ്. പക്ഷെ ഡ്രൈവറെ പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള വാഹനങ്ങൾ ഇപ്പോഴും യാഥാര്‍ത്ഥ്യമായിട്ടില്ല. അവ വളരെ വിദൂരത്താണ്.
അതിന്നിടയില്‍, റോഡിലെ ചില്ലറ തടസ്സങ്ങൾ കണ്ടുപിടിക്കാനും, വളയാതെ ഓടിക്കാനും സഹായിക്കുന്ന സംവിധാനങ്ങളുള്ള വാഹനങ്ങൾ ചില കമ്പനികൾ റോഡിൽ ഇറക്കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ക്ക് അപകടങ്ങളുടെ സാദ്ധ്യത കുറക്കാൻ സാധിക്കുമെങ്ങിലും, അവ തീര്‍ത്തും സുരക്ഷിതമല്ല എന്നതാണ് സത്യം. “ശ്രദ്ധയോടെ ഓടിക്കുന്ന ഡ്രൈവർമാർ ഇന്നത്തെ ഓട്ടോ പൈലറ്റ് വാഹനങ്ങൾക്ക് അത്യാവശ്യമാണ്.” ഇത്തരം സാങ്കേതികവിദ്യയുടെ ഗവേഷണത്തിൽ മുന്നിട്ടു നില്‍ക്കുന്ന ടെസ്ല കമ്പനിയുടെ വക്താവിന്‍റെതാണ് ഈ വാക്കുകൾ.
പക്ഷെ അനുഭവത്തില്‍ കാണുന്നത്, ഡ്രൈവര്‍മാർ ഓട്ടോ പൈലറ്റ് വാഹനങ്ങളുടെ കഴിവുകളില്‍ അമിതമായി വിശ്വസിച്ചു, മനസ്സിനെയും, കണ്ണിനേയും കയറൂരിവിടുന്നതാണ്. ഇതിനു പുറമെ, സ്മാർട്ട് മൊബൈൽ ഫോണുകളിലുള്ള അമിതമായ “കളി” ഡ്രൈവർമാരെ കൂടുതല്‍ അശ്രദ്ധരാക്കുന്നു. ഇതിന്‍റെ ഫലമായി, മനുഷ്യർ നേരിട്ട് ഇടപെടേണ്ട അവസരങ്ങൾ റോഡില്‍ ഉണ്ടാവുമ്പോല്‍, അതിനവര്‍ക്ക് സാധിക്കാതെ പോവുന്നു. ഇത് അപകട സാദ്ധ്യത കൂട്ടുകയാണ് ചെയ്യുന്നത്.
ഇതൊക്കെയാണെങ്കിലും, ടെസ്ല മേധാവി എലോണ്‍ മസ്ക്ക് ഓട്ടോണോമസ് കാറുകളുടെ കാര്യത്തില്‍ വളരെ ആത്മവിശ്വാസം വെച്ചുപുലര്‍ത്തുന്നവരില്‍ ഒരാളാണ്. ഡ്രൈവര്‍മാര്‍ക്ക്, 2019 ആവുമ്പോഴേക്കും, വണ്ടി ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് സുഖമായി ഉറങ്ങാന്‍ പറ്റുമെന്നാണ് അദ്ദേഹം കരുതുന്നത്. അത്തരം ഡ്രൈവര്‍മാരെ അന്നേരം പോലീസ് പിടിച്ച് അകത്തിടില്ല എന്ന് നമ്മള്‍ക്കും കരുതാം.