ഈയുഗം ന്യൂസ്
December  04, 2020   Friday   05:59:09pm

news



whatsapp

ദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിൽ നിർണായക മുന്നേറ്റം നടന്നതായി കുവൈറ്റ് വിദേശകാര്യമന്ത്രി ഷെയ്ഖ് അഹമ്മദ് നാസർ അൽ സബാഹ് അറിയിച്ചു.

ഗൾഫ് മേഖല മുഴുവൻ ഉറ്റു നോക്കിയ പ്രസ്താവനയിലാണ് ഷെയ്ഖ് അഹമ്മദ് ഇക്കാര്യം പറഞ്ഞത്.

“അന്തിമമായ ഒത്തുതീർപ്പിലേക്ക് എത്തുന്നതിന് താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് എല്ലാവരുടെ ഭാഗത്തു നിന്നും ഫലപ്രദമായ ചർച്ചകളുണ്ടായി,“ കുവൈറ്റ് ടെലിവിഷനിൽ വായിച്ചു കേൾപ്പിച്ച പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിനായി അടുത്തിടെ നടത്തിയ പരിശ്രമങ്ങളുടെ പേരിൽ വൈറ്റ്ഹൌസിലെ മുതിർന്ന ഉപദേശകനായ ജറാഡ് കുഷ്നെറിന് തൻറെ നന്ദി അറിയിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസ്തവനയെത്തിയത്.

അതേസമയം പരസ്പര വിദ്വേഷം സൃഷ്ടിക്കുന്ന എല്ലാ പ്രവർത്തികളിലിൽ നിന്നും എല്ലാവരും മാറിനിൽക്കണമെന്ന്‌ ജി.സി.സി തലവൻ ഗൾഫിലെ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചു. കുവൈത്തിന്റെ പ്രസ്താവനയെ ഖത്തർ സ്വാഗതം ചെയ്തു.

“ജി.സി.സിയിൽ നിലനില്ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ഏറെ അനിവാര്യമായ നടപടിയാണ് കുവൈറ്റിൻറെ പ്രസ്താവനയിലൂടെ സാധ്യമായിരിക്കുന്നത്. മാധ്യസ്ഥതയ്ക്ക് സന്നദ്ധത കാണിച്ച കുവൈറ്റിനും പ്രശ്ന പരിഹാരത്തിനായി ശ്രമങ്ങൾ നടത്തിയ അമേരിക്കയ്ക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഗൾഫിലെ ജനങ്ങളുടെ സുരക്ഷയ്ക്കും പ്രാദേശിക താല്പര്യങ്ങൾക്കുമാണ് ഞങ്ങൾ എക്കാലത്തും പ്രഥമ പരിഗണന നല്കിയിരുന്നതെന്ന് അടിവരയിട്ട് പറയാൻ ഈയവസരത്തിൽ ആഗ്രഹിക്കുന്നു”, ഖത്തർ ഉപ പ്രധാനമന്ത്രിയും വിദശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി ട്വിറ്ററിൽ കുറിച്ചു.

അതിനിടെ കുവൈറ്റ് വിദേശകാര്യമന്ത്രി ഷെയ്ഖ് അഹമ്മദ് നാസർ അൽ-സബായുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ജി.സി.സി സെക്രട്ടറി ജനറലായ ഡോ. നയേഫ് ഫലാ മുബാറക് അൽ ഹജ്റഫും രംഗത്തെത്തി. ഗൾഫിലും അറബ് മേഖലയിലും ഐക്യം പ്രചരിപ്പിക്കാനും സ്ഥിരത ഉറപ്പു വരുത്താനും സഹായിക്കുന്നതാണ് പുതിയ വാർത്തകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നീണ്ടുനില്ക്കുന്ന ഐക്യവും അതിലൂടെ ലഭിക്കുന്ന നേട്ടങ്ങളുമാണ് ഈ മേഖലയിലെ രാജ്യങ്ങൾ വർഷങ്ങളായി കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ ജനങ്ങളുടെ നന്മയ്ക്കും ഇത് കാരണമാവുമെന്ന് അദ്ദേഹം പറഞ്ഞു.

ഗൾഫിലെ ജനങ്ങളെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട് നല്ലൊരു ഭാവിയെ സ്വപ്നം കാണണമെന്നും കലഹങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശവും ഡോ. നയേഫ് പ്രസിദ്ധപ്പെടുത്തി.

ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയുടെ ഐക്യത്തെ ശക്തിപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതും വെല്ലുവിളികളെ നേരിടാൻ ശക്തിപ്പെടുത്തുന്നതുമായ ഘടകങ്ങളിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹത്തിൻറെ പ്രസ്താവനയിൽ പറയുന്നു. ഇന്നത്തെ സംഭവവികാസങ്ങളോട് കൂടി ഗൾഫിൽ സമൂഹ മാധ്യമങ്ങളിൽ പരസ്പരം പോരടിക്കുന്നത്‌ നിലക്കുമെന്ന് ഒരു പ്രമുഖ ഖത്തറി മാധ്യമപ്രവർത്തകൻ അഭിപ്രായപ്പെട്ടു.

Comments


Page 1 of 0