ഈയുഗം ന്യൂസ്
December  04, 2020   Friday   02:00:07pm

news



whatsapp

ദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ ചില മുന്നേറ്റങ്ങൾ സംഭവിച്ചതായി ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി അറിയിച്ചു. പ്രശ്നത്തിൽ ഉടനടി പരിഹാരം കാണാനാവുമെന്നോ പൂർണമായും ഒത്തുതീർപ്പിലെത്തിയെന്നോ ഈ ഘട്ടത്തിൽ പറയാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.

“നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ സഹായകമായ ചില മുന്നേറ്റങ്ങൾ നടന്നുവരികയാണ്. ഈ രാജ്യങ്ങളിലാരോടും ഖത്തറിന് പക്ഷപാതമില്ല. നിലവിൽ കാര്യങ്ങൾ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. പരിഹാരം വാതില്ക്കലെത്തിയെന്നോ ഒറ്റദിവസത്തിനുള്ളിൽ പ്രശ്നപരിഹാരം ഉണ്ടായേക്കുമെന്നോ ഇപ്പോൾ നമുക്ക് ഉറപ്പിച്ചു പറയാൻ സാധിക്കില്ല”, ഇന്ന് പുറത്തുവിട്ട ഒരു വീഡിയോ ലിങ്കിൽ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ഗൾഫ് മേഖലയുടെയാകെ സുരക്ഷയ്ക്കും ഇവിടുത്തെ ജനങ്ങളുടെ നന്മയ്ക്കുമായി നിലവിലെ പ്രതിസന്ധിക്ക് അവസാനമുണ്ടായേ മതിയാവൂ എന്ന് അദ്ദേഹം പറഞ്ഞു. പരസ്പര ബഹുമാനത്തോടെയും ഗൾഫിലെ ജനങ്ങളുടെ അവകാശത്തെ സംരക്ഷിച്ചുകൊണ്ടുമാവണം ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാവേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മറ്റ് രാജ്യങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ സ്ഥാപിക്കാനുള്ള അവകാശം ആർക്കുമില്ല. വ്യത്യസ്തതകളെ പരസ്പരം മനസിലാക്കി അവയെ തരണം ചെയ്യണം. ഏതെങ്കിലും വിഷയത്തിൽ എതിർപ്പോ എതിരഭിപ്രായമോ വന്നാൽ അവ പരിഹരിച്ച് മുന്നോട്ട് പോവാനുള്ള ചർച്ചകളും നടത്തണം. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ പരസ്പരം ബഹുമാനിച്ചുകൊണ്ടാവണം നാം തമ്മിൽ ബന്ധങ്ങൾ കെട്ടിപ്പെടുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപരോധ രാജ്യങ്ങളിൽ ചിലരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രശ്ന പരിഹാരത്തിനാണ് സാധ്യതയെന്ന തരത്തിൽ ചില ഊഹാപോഹങ്ങൾ നിലനില്ക്കുന്നുണ്ടെങ്കിലും ഖത്തർ വിദേശകാര്യമന്ത്രി ഇത്തരം സാധ്യതകളെ തള്ളിക്കളഞ്ഞു.

“ഖത്തറുമായും മറ്റ് നാല് ഉപരോധ രാജ്യങ്ങളുമായും സംയുക്തമായാണ് കുവൈറ്റ് മധ്യസ്ഥ ചർച്ചകളിൽ ഏർപ്പെടുന്നത്. എല്ലാ വശങ്ങളും പരിഗണിച്ചു കൊണ്ടുള്ള അന്തിമ തീരുമാനമേ ഉണ്ടാവുകയുള്ളൂ എന്ന് ഞങ്ങൾക്ക് ഉറപ്പാണ്“, വിദേശകാര്യമന്ത്രി പറഞ്ഞു.

“ഗൾഫ് മേഖലയിലെ പ്രതിസന്ധിക്ക് അന്തിമ പരിഹാരമുണ്ടായാലും ഇതിനോടകം സംഭവിച്ചു കഴിഞ്ഞ മുറിവുണങ്ങാൻ ഇനിയും സമയമെടുത്തേക്കാം. ഒരു രാജ്യത്തെ (സൌദി അറേബ്യ) മാത്രം മുഖവിലയ്ക്ക് എടുക്കാതെ എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാവും പ്രശ്നപരിഹാരമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. എല്ലാ വിഭാഗത്തിൽപ്പെട്ടവരുമായും ഞങ്ങൾ ചർച്ച നടത്തുന്നുണ്ട്. എല്ലാ പരിശ്രമങ്ങൾക്കും ഒടുവിൽ ഗൾഫ് മേഖലയുടെ ഐക്യം യാഥാർത്ഥ്യമാവും“, ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ഗൾഫിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കുവൈറ്റിൻറെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ മുൻപും നിരവധി തവണ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഏതാണ്ട് ഒരു വർഷം മുൻപ് ‘ചില പുരോഗതികൾ’ ഉണ്ടായതായും ഖത്തർ വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു.

Comments


Page 1 of 0