// // // */ E-yugam


ഈയുഗം ന്യൂസ്
December  02, 2020   Wednesday   07:51:23pm

news



whatsapp

ദോഹ: ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം ഉടൻ ഉണ്ടാവുമെന്നും അത് മണിക്കൂറുകൾക്കകം ആവാമെന്നും അൽ ജസീറ അറബിക് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.

ചില ഗൾഫ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് അൽ ജസീറ വാർത്ത നല്കിയത്. അതേസമയം പ്രശ്നപരിഹാരത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഇതുവരെ ഉണ്ടായിട്ടില്ല.

അൽ ജസീറ ഒഴികെ മറ്റു അറബിക് ചാനലുകളോ മാധ്യമങ്ങളോ വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ല.

സമവായ ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണെന്നും ഇവ അനുകൂലമായ ഫലമുണ്ടാക്കാൻ പോന്നവയാണെന്നുമാണ് അൽ ജസീറ റിപ്പോർട്ട് ചെയ്തത്.

ചില മുതിർന്ന വൈറ്റ് ഹൌസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഖത്തറിലെത്തിയ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഉപദേഷ്ടാവ് ജറാഡ് കുഷ്നെർ സൌദിയിലെയും ഖത്തറിലെയും നേതാക്കളുമായി ചർച്ച നടത്തി.

ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍താനിയുമായി ദോഹയിൽ വെച്ച് ബുധനാഴ്ച്ച രാവിലെയാണ് കുഷ്നെർ കൂടിക്കാഴ്ച്ച നടത്തിയത്. കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി സൌദി അറേബ്യയിലെ നിയോമിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് കുഷ്നെർ ഖത്തറിലെത്തിയത്.

ഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്കായി സൌദിയിലെയും യു.എ.ഇയിലെയും വ്യോമാതിർത്തികൾ തുറന്നു കൊടുക്കുന്നതിലെ തർക്കം പരിഹരിക്കുന്നതാണ് ചർച്ചകളുടെ പ്രധാന അജണ്ടയെന്ന് ചില യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

ഉപരോധ രാജ്യങ്ങൾ തങ്ങൾ മുന്നോട്ടുവെച്ച 13 ആവശ്യങ്ങളിൽ നിന്ന് രഹസ്യമായി പിന്നോട്ട് പോയെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമായ പൊതു സമവായങ്ങൾ കണ്ടെത്താൻ സൌദി അറേബ്യ വലിയ താല്പര്യം കാട്ടിയതായും വാൾസ്ട്രീറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ട്.

ഗൾഫ് പ്രതിസന്ധിയുടെ ആരംഭം മുതലേ പ്രശ്ന പരിഹാരത്തിനായും മുറിവുണക്കാനുമുള്ള ശ്രമങ്ങൾ നടത്തിയും കുവൈറ്റ് മികച്ച രീതിയിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നല്കി എന്ന വസ്തുതയും പ്രത്യേകം പരമാർശിക്കേണ്ടതുണ്ട്.

എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ ഖത്തർ ബഹുമാനിക്കുന്നുവെന്നും അതുകൊണ്ടുതന്നെ സമാധാന ചർച്ചകളെ തൻറെ രാജ്യം സ്വാഗതം ചെയ്യുന്നുവെന്നും ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി രണ്ടാഴ്ച്ച മുൻപ് അഭിപ്രായപ്പെട്ടിരുന്നു.

Comments


Page 1 of 0