// // // */ E-yugam


ഈയുഗം ന്യൂസ്
December  02, 2020   Wednesday   05:32:50pm

news



whatsapp

ദോഹ: അൽ റയാനിലൊരുങ്ങുന്ന ലോകകപ്പ് സ്റ്റേഡിയത്തിൻറെ ഉദ്ഘാടനം ഖത്തറിൻറെ ദേശീയ ദിനമായ ഡിസംബർ 18ന് നടക്കും. ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിന് കൃത്യം രണ്ട് വർഷം മുൻപാണ് സ്റ്റേഡിയത്തിൻറെ ഉദ്ഘാടനം എന്ന പ്രത്യേകതയുമുണ്ട്.

അൽ റയാൻ കായിക ക്ലബ്ബിൻറെ പുതിയ ആസ്ഥാനം കൂടിയാവാൻ പോവുന്ന ഈ സ്റ്റേഡിയം 2022 ലെ ഖത്തർ ലോകകപ്പിനായി അനാവരണം ചെയ്യപ്പെടുന്ന നാലാമത്തെ സ്റ്റേഡിയമാണ്. ഖലീഫ ഇൻറർനാഷണൽ, അൽ ജനൂബ്, എജ്യുക്കേഷൻ സിറ്റി എന്നിവയാണ് ഇതിന് മുൻപ് ഉദ്ഘാടനം ചെയ്യപ്പെട്ട സ്റ്റേഡിയങ്ങൾ. 2022 ലോക കപ്പിലെ റൗണ്ട് ഓഫ് 16 സ്റ്റേജ് മല്‍സരങ്ങള്‍ വരെയുള്ളവയാണ് അൽ റയാനിലെ സ്റ്റേഡിയത്തിൽ നടക്കുക.

40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം മാൾ ഓഫ് ഖത്തറിന് തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ദോഹ മെട്രോയുടെ ഗ്രീൻ ലൈനിലുള്ള അൽ റിഫ സ്റ്റേഷനിൽ നിന്ന് നടന്നെത്താവുന്ന ദൂരത്തിലാണ് സ്റ്റേഡിയമുള്ളത്.

ഖത്തറിൻറെ പൊതുമൂല്യങ്ങളെ അതേപടി സന്നിവേശിപ്പിച്ചിരിക്കുന്ന പ്രവേശന കവാടമാണ് ഈ സ്റ്റേഡിയത്തിൻറെ ഏറ്റവും വലിയ പ്രത്യകത. കുടുംബത്തിൻറെ പ്രാധാന്യം, മരുഭൂമിയുടെ വശ്യത, ഖത്തറിലെ തനത് സസ്യജാലങ്ങളുടെയും മൃഗങ്ങളുടെയും സൗന്ദര്യം, പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുമുള്ളതുമായ വാണിജ്യം എന്നീ ഘടകങ്ങൾ പ്രതിഫലിക്കുന്നതാണ് സ്റ്റേഡിയത്തിൻറെ മുൻഭാഗം.

മേൽപറഞ്ഞ നാല് ഘടകങ്ങളെയും പ്രതിനിധീകരിക്കുന്ന അഞ്ചാമത്തെ രൂപം (പരിചയുടെ രൂപം) അൽ റയാൻ നഗരത്തിൻറെ സവിശേഷ സ്വഭാവമായ ശക്തിയെയും ഐക്യത്തെയും സൂചിപ്പിക്കുന്നു.

2022ലേക്കുള്ള പ്രയാണത്തിൻറെ പാതയിലെ സുപ്രധാനമായൊരു വഴിത്തിരിവാണ് ഈ സ്റ്റേഡിയത്തിൻറെ ഉദ്ഘാടനമെന്ന് സുപ്രീം കമ്മിറ്റിയുടെ സെക്രട്ടറി ജനറൽ ഹസ്സൻ അൽ തവാദി പറഞ്ഞു. നയന മനോഹരമായ ഈ വേദിയും ഇതിൻറെ ചുറ്റുവട്ടവും അൽ റയാൻ സ്പോർട്സ് ക്ലബ്ബിൻറെ പേരും പെരുമയും തലമുറകൾക്കപ്പുറം നിലനിർത്താനും ഈ നഗരത്തിൽ താമസിക്കുന്ന ഓരോ മനുഷ്യരുടെയും അഭിമാനം ഉയർത്താനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഫിഫ ലോകകപ്പ് ഫൈനലിലേക്ക് ഇനി കൃത്യം രണ്ട് വർഷം കൂടിയെന്ന കൌണ്ട്ഡൌണും ഈ സ്റ്റേഡിയത്തിൻറെ ഉദ്ഘാടനത്തോടെ ആരംഭിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിസ്ഥാന സൌകര്യ വികസനവുമായി ബന്ധപ്പെട്ടുള്ള നിർമാണ പ്രവർത്തനങ്ങളിൽ 90 ശതമാനവും പൂർത്തീകരിച്ചുകൊണ്ട് ഖത്തർ ലോകകപ്പിനായുള്ള മുന്നൊരുക്കങ്ങളിൽ ഏറെ മുന്നിലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ഇനി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി ഉടനടി പൂർത്തിയാകുമെന്നും അതുവഴി ലോകകപ്പുമായി ബന്ധപ്പെട്ടുള്ള പ്രവർത്തന പദ്ധതികൾ പരീക്ഷിച്ചു നോക്കാൻ ആവശ്യമായ സമയം തങ്ങൾക്ക് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Comments


Page 1 of 0