ഈയുഗം ന്യൂസ്
December 02, 2020 Wednesday 01:20:25pm
ദോഹ: അമേരിക്ക ഇറാനെ ആക്രമിച്ചാൽ പകരം യൂ.എ.ഇ യെ ആക്രമിക്കുമെന്ന് കഴിഞ്ഞയാഴ്ച ഇറാൻ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്.
വാർത്താമാധ്യമങ്ങളിലൂടെയോ മറ്റു ചാനലുകളിലൂടെയോ ഇക്കാര്യം അറിയിക്കുന്നതിന് പകരം അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ നേരിട്ട് ഫോണിൽ വിളിച്ചു ഉന്നത ഇറാൻ ഉദ്യോഗസ്ഥർ ഈ മുന്നറിയിപ്പ് നല്കിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ഥാനമൊഴിയുന്നതിന്റെ മുമ്പ് ട്രംപ് ഇറാനെ ആക്രമിക്കുമെന്ന് വാർത്തയുണ്ടായിരുന്നു. ഇസ്രയേലിന്റെ സമ്മതത്തോടെ ആസൂത്രണം ചെയ്ത പദ്ധതി ചില ഗൾഫ് രാജ്യങ്ങളുടെ ഇടപെടലിനെതുടർന്നാണ് മാറ്റിവെച്ചത് എന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു.
ഇറാൻറെ ആണവ സൈനീക പദ്ധതിയുടെ ശില്പിയായ മൊഹ്സെൻ ഫക്രിസാദേയുടെ കൊലപാതകത്തെ അപലപിച്ച് യൂ.എ.ഇ പ്രസ്താവന ഇറക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് മുഹമ്മദ് ബിൻ സായിദിന് ഫോണിലൂടെ നേരിട്ട് ഇറാന്റെ ഭീഷണിയെത്തിയത്.
"ഫക്രിസാദേയുടെ കൊലപാതകത്തിന് നിങ്ങളെ ഞങ്ങൾ ഉത്തരവാദിയാക്കും," മുഹമ്മദ് ബിൻ സായിദിനോട് ഇറാൻ പറഞ്ഞു. പതിവിൽ നിന്നും വ്യത്യസ്തമായി മറ്റുള്ളവരിലൂടെ സന്ദേശം കൈമാറുന്നതിന് പകരം ഇറാൻ ഉദ്യോഗസ്ഥർ നേരിട്ട് ഫോണിൽ വിളിച്ച് മുഹമ്മദ് ബിൻ സായിദിനെ ഭീഷണിപ്പെടുത്തി എന്ന് മിഡിൽ ഈസ്റ്റ് ഐ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
മൊഹ്സെൻ ഫക്രിസാദേ കിഴക്കൻ ടെഹ്റാനിൽ വെച്ച് കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ കനത്ത ജാഗ്രതയിലാണ്.
ഫക്രിസദേയുടെ കൊലപാതകത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഇസ്രായേലി ഇൻറലിജൻസ് വൃത്തങ്ങൾ ന്യൂയോർക്ക് ടൈംസിനോട് അനൗദ്യോഗിക വെളിപ്പെടുത്തൽ നടത്തിയെങ്കിലും അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള ഭീഷണിയും ഇറാൻ ഭയപ്പെടുന്നുണ്ട്. ജനുവരി 20ന് തൻ്റെ ഭരണ കാലാവധി അവസാനിക്കുന്നതിന് മുൻപേ അമേരിക്കൻ പ്രസിഡൻറ് ഡോൺൾഡ് ട്രംപിൻറെ ഭാഗത്തുനിന്ന് സൈനിക നീക്കം ഉണ്ടായേക്കുമെന്നാണ് ഇറാൻ ഭയപ്പെടുന്നത്.
ഗൾഫിന് കുറുകെ ഇറാനിൽ നിന്ന് 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന യു.എ.ഇ ട്രംപിനോട് ഏറെ അടുപ്പം പുലർത്തുന്ന രാജ്യമാണ്. ഇസ്രായേലുമായി സുരക്ഷയുൾപ്പെടെയുള്ള വിവിധ മേഖലകളിൽ സഹകരിച്ചുകൊണ്ട് യു.എ.ഇ അടുത്തിടെ നയതന്ത്ര കരാറിലേർപ്പെടുകയും ചെയ്തിരുന്നു.
ഫക്രിസദേയുടെ കൊലപാതകത്തെ അപലപിച്ചുകൊണ്ടുള്ള യു.എ.ഇ യുടെ പ്രസ്താവന ഞായറാഴ്ച്ച വൈകുന്നേരമാണ് പുറത്തിറങ്ങിയത്. മേഖലയിലെ ‘സംഘർഷാവസ്ഥ രൂക്ഷമാക്കാനുള്ള ഇന്ധനമായി’ ഈ കൊലപാതകം മാറാനിടയുണ്ടെന്നും പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവന പുറത്തിറങ്ങുന്നതിന് കഷ്ടിച്ച് മണിക്കൂറുകൾക്ക് മുൻപാണ് ഇറാൻറെ നേരിട്ടുള്ള ഭീഷണി എത്തിയതെന്നാണ് യു.എ.ഇ വൃത്തങ്ങൾ നല്കുന്ന വിവരം.
നമ്മുടെ മേഖല നിലവിൽ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന അനിശ്ചിതാവസ്ഥയും നാം നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത് നമ്മുടെ മേഖലയുടെ സമാധാനത്തിന് വിഘാതം നില്ക്കുന്ന പ്രവണതകളിൽ നിന്ന് ഒഴിഞ്ഞ് നില്ക്കാനായി ഒരുമിച്ച് ശ്രമിക്കുകയാണ് വേണ്ടതെന്ന് മന്ത്രാലയത്തിൻറെ പ്രസ്താവനയിൽ പറയുന്നു.
അതേസമയം യു.എ.ഇ യിലുള്ള ഇസ്രായേൽ പൌരന്മാരുടെ സുരക്ഷയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബറിൽ യു.എ.ഇ യുമായി നടത്തിയ നയതന്ത്ര കരാറിന് പിന്നാലെ ഇസ്രായേൽ പൌരന്മാർ അബുദാബിയിലും ദുബായിലുമായി വിനോദസഞ്ചാരത്തിനും വ്യാപാര ആവശ്യങ്ങൾക്കുമായി യാത്ര ചെയ്തു തുടങ്ങിയിരുന്നു.
ഇസ്രായേലിലെ ചാനൽ 12 നല്കുന്ന വിവരമനുസരിച്ച് നിലവിൽ യു.എ.ഇ യിലുള്ള ഇസ്രായേൽ പൌരന്മാർക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ യു.എ.ഇ യിലെയും ഇസ്രായേലിലെയും സുരക്ഷാവിഭാഗം ആരംഭിച്ചു കഴിഞ്ഞു.