ഈയുഗം ന്യൂസ്
November 26, 2020 Thursday 01:30:19pm
ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രി ഇയ്യിടെ നടത്തിയ പ്രസ്താവനകൾ ശുഭസൂചകമാണെന്ന് ഖത്തർ.
ട്രംപ് ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടത്തിയതായും അമേരിക്കയിലെ ഖത്തര്‍ അംബാസിഡര്‍ ശൈഖ് മിഷാല്‍ ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു.
അമേരിക്കയിലെ ഒരു ന്യൂസ് വെബ്സൈറ്റുമായുള്ള അഭിമുഖത്തിലാണ് ശൈഖ് മിഷാല്‍ ഇക്കാര്യം പറഞ്ഞത്.
ഗള്‍ഫ് മേഖല സന്ദര്‍ശിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കുവൈത്തിൽ വെച്ച് കൂവൈത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ പ്രശംസിച്ചതും അനുകൂലമായ സന്ദേശമാണ് നൽകുന്നത് എന്ന് ശൈഖ് മിഷാല്‍ പറഞ്ഞു.
"പ്രതിസന്ധി പരിഹരിക്കാൻ ഉപരോധ രാജ്യങ്ങൾ മൂന്ന് അടിയന്തിര നടപടികൾ സ്വീകരിക്കണം: ഒന്ന്, കുടുംബങ്ങള്‍ തമ്മിലുള്ള സന്ദര്‍ശനം അനുവദിക്കുക; രണ്ട്, വ്യോമപാത തുറക്കുക; മൂന്ന്, ഹജ്, ഉംറ തീര്‍ത്ഥാടനത്തിന് ഖത്തറികള്‍ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുക," അദ്ദേഹം പറഞ്ഞു.
യാതൊരു ഉപാധികളുമില്ലാതെ ചര്‍ച്ച നടത്താൻ ഉപരോധ രാജ്യങ്ങൾ തയ്യാറാകണം. പരസ്പരം ബഹുമാനിക്കാനും യഥാര്‍ത്ഥ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാനും എല്ലാവരും തയ്യാറാവണമെന്നും ചര്‍ച്ചയിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ മറ്റു രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഖത്തര്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ മേഖലയിലെ സുരക്ഷയ്ക്കും ഇറാനുമായി ഇടപെടാനും ജി.സി.സി ഐക്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് ഖത്തരി സഹോദരന്മാരുമായി പ്രശ്‌നപരിഹാരത്തിന് തങ്ങള്‍ സന്നദ്ധരാണെന്ന് നവംബര്‍ 21 ന് പറഞ്ഞിരുന്നു.
അതേസമയം പ്രശ്ന പരിഹാരം അടുത്തകാലത്ത് സാധ്യമാകുമെന്ന് തോന്നുന്നില്ലെന്ന് ഒരു ഇസ്രേയൽ ചാനലുമായുള്ള അഭിമുഖത്തിൽ അമേരിക്കയിലെ യു.എ.ഇ അംബാസിഡറും പറഞ്ഞിരുന്നു.