നൗഫൽ മലപ്പട്ടം, ഈയുഗം ന്യൂസ്
November  24, 2020   Tuesday   08:21:20pm

news



whatsapp

ദോഹ: ദോഹയിൽ യുവാവിന്റെ ദുരൂഹ മരണം ബാക്കിവെക്കുന്നത് ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ.

കണ്ണൂർ തളിപ്പറമ്പ് കൊയ്യം സ്വദേശി പി.പി നൗഷാദിനെയാണ് (26) കഴിഞ്ഞ വ്യാഴാഴ്ച ബിൽഡിങ്ങിന്റെ ഏഴാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുമ്പോഴും അതിന് കാരണക്കാരായവരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരാനും അതിലേക്കു നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കാനും സാധിക്കുമോ എന്ന് കുടുംബം ആശങ്കപ്പെടുന്നു.

നൗഷാദിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.

മൃതദേഹം ഇന്ന് (ചൊവ്വാഴ്ച) രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച ഏഴരയോടെ കൊയ്യം ജുമാമസ്ജിദിൽ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം പൊതുദർശനം കഴിഞ്ഞു ഖബറടക്കും.

ഏഴ് വർഷത്തോളമായി ഖത്തറിൽ ജോലി ചെയ്യുന്ന നൗഷാദ് നജ്മയിൽ ലോഡ്ജ് മുറികളുള്ള ബിൽഡിംഗിന്റെ കൈകാര്യകർത്താവായിരുന്നു. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജോലി സ്ഥലത്തെ പീഡനത്തെക്കുറിച്ച് നൗഷാദ് ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിച്ചിരുന്നു. കൂടെ ഉള്ളവരിൽ പലരും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായാണ് നൗഷാദ് അറിയിച്ചത്.

ഇതിനെ തുടര്‍ന്ന് ഖത്തറില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരന്‍ മുത്വലിബ് ഖഫീലുമായി ബന്ധപ്പെട്ട് നൗഷാദിന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള അവസരമൊരുക്കിയിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള സാധനങ്ങളടക്കം തയ്യാറാക്കുന്നതിനിടയിലാണ് ദുരൂഹ മരണം സംഭവിച്ചത്.

ഒന്നാം നിലയിൽ താമസിച്ചിരുന്ന അദ്ദേഹത്തെ ഏഴാം നിലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നും ദുരൂഹത വർധിപ്പിക്കുന്നു. "ഫോണിൽ സംസാരിച്ചപ്പോൾ പീഡിപ്പിക്കുന്ന ചിലരുടെ പേരുകൾ നൗഷാദ് എന്നോട് പറഞ്ഞിരുന്നു. അവർ മലയാളികളല്ല എന്നാണ് പേരിൽ നിന്നും ഞാൻ മനസ്സിലാക്കിയത്. പക്ഷെ പേരുകൾ ശ്രദ്ധിക്കുന്നതിലുപരി അവനെ ആശ്വസിപ്പിക്കാനായിരുന്നു ഞാൻ ശ്രമിച്ചത്," നൗഷാദിന്റെ ഒരു ബന്ധു പറഞ്ഞു.

മാത്രമല്ല നൗഷാദ് നാട്ടിൽ ചില സുഹൃത്തുക്കളെ വിളിച്ച് താൻ മടങ്ങിവരുന്നതായും നാട്ടിൽ എന്തെങ്കിലും ബിസിനസ് സംരംഭം തുടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും പറഞ്ഞിരുന്നു. വിവാഹാലോചനയും കുടുംബം നടത്തിയിരുന്നു.

ഇത്തരം സാഹചര്യ തെളിവുകൾ നോക്കുമ്പോൾ ആത്മഹത്യക്ക് നൗഷാദ് ശ്രമിക്കില്ലെന്ന് ബന്ധുക്കൾ ഉറപ്പിച് പറയുന്നു. നേരത്തെ ഭീഷണിപ്പെടുത്തിയവർ ഇത് ചെയ്തതാണോ എന്നതാണ് സംശയം എന്നും നൗഷാദിന്റെ പക്കൽ പണമുണ്ടാകാൻ സാധ്യതയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

കൊയ്യം റൈസ് മില്ല് നടത്തിപ്പുകാരനായ മുൻ പ്രവാസി ഉമ്മറിന്റെ മകനാണ് നൗഷാദ്. മാതാവ്: ഖദീജ, സഹോദരങ്ങള്‍: മുത്വലിബ്, അസീന. മരുമക്കള്‍: സുലൈമാന്‍, ഫൈറൂസ.

Comments


Page 1 of 0