ഈയുഗം ന്യൂസ്
November  23, 2020   Monday   07:48:49pm

news



whatsapp

ദോഹ: ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ കഴിഞ്ഞ മാസം ടോയ്‌ലെറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞ് അവിഹിത ബന്ധത്തിൽ ജനിച്ചതാണെന്നും കുഞ്ഞിന്റെ അമ്മയെയും അച്ഛനെയും തിരിച്ചറിഞ്ഞതായും രണ്ട് പേരും ഒരു ഏഷ്യൻ രാജ്യത്തു നിന്നുള്ളവരാണെന്നും പബ്ലിക് പ്രോസിക്യൂഷൻ ഓഫീസ് അറിയിച്ചു.

പബ്ലിക് പ്രോസിക്യൂഷൻ ഓഫീസ് നടത്തിയ അന്വേഷണത്തിന്റെ വിഷാദശാംശങ്ങൾ തിങ്കളാഴ്ച പുറത്തുവിട്ടു.

കുഞ്ഞിനെ ടോയ്‌ലെറ്റിൽ ഉപേക്ഷിച്ചതിന് ശേഷം അമ്മ അടുത്ത ഫ്ലൈറ്റിൽ തന്റെ രാജ്യത്തേക്ക് പറന്നു. രണ്ട് പേരും ഏതു രാജ്യക്കാരാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

കുഞ്ഞിനെ ഉപേക്ഷിക്കുന്ന വിവരം അച്ഛനെ അറിയിച്ചിരുന്നതായും കുട്ടിയുടെ ഫോട്ടോ അതിനുമുമ്പ് തനിക്ക് അയച്ചുതന്നിരുന്നതായും അയാൾ അന്വേഷണ ഉദ്യോഗസ്ഥന്മാരോട് സമ്മതിച്ചു.

കുഞ്ഞിനെ കണ്ടെത്തിയതിനെത്തുടർന്ന് ഓസ്‌ട്രേലിയയിലേക്ക് പറക്കാനിരുന്ന വിമാനത്തിലുള്ള സ്ത്രീ യാത്രക്കാരെ പുറത്തിറക്കി ദേഹ പരിശോധനക്ക് വിധേയരാക്കിയിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ ഇത് വലിയ കോളിളക്കം സൃഷ്ടിക്കുകയും ഖത്തർ പ്രധാനമന്ത്രി മാപ്പു പറയുകയും ചെയ്തിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തിയത്. അമ്മയെ അറസ്റ്റ് ചെയ്തു ഖത്തറിൽ എത്തിക്കാനുള്ള നടപടി തുടങ്ങിയതായും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

ഓസ്‌ട്രേലിയൻ സ്ത്രീ യാത്രക്കാരെ ദേഹ പരിശോധന നടത്തിയ നടപടി നിയമവിരുദ്ധമായിരുന്നെന്നും ഇവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

ദേഹ പരിശോധന നടത്തിയ എയർപോർട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥർ ജുഡിഷ്യൽ അധികാരമുള്ളവരാണ്. അതുകൊണ്ടായിരിക്കാം അവർ അങ്ങിനെ ചെയ്തത്, പക്ഷെ അവർ ചെയ്ത പ്രവർത്തി ഖത്തർ നിയമങ്ങൾക്കു വിരുദ്ധമാണ്. മൂന്ന് വർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് അവർ ചെയ്തത്.

മനുഷ്യത്വരഹിതവും നീചവുമായ പ്രവൃത്തിയാണ് കുഞ്ഞിന്റെ അമ്മ ചെയ്തതെന്നും പതിനഞ്ച് വർഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

Comments


Page 1 of 0