ഈയുഗം ന്യൂസ്
November 21, 2020 Saturday 11:39:06am
ദോഹ: ഖത്തറിൽ ജോലി ചെയ്യുന്ന യുവാവിനെ ഫ്‌ളാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് കൊയ്യം സ്വദേശി പി.പി നൗഷാദിനെയാണ് (26) ബിൽഡിങ്ങിന്റെ ഏഴാം നിലയിലുള്ള ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുൻപ്രവാസി ഉമ്മറിന്റെ മകനാണ് നൗഷാദ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ജോലി സ്ഥലത്തെ പീഡനത്തെക്കുറിച്ച് നൗഷാദ് ബന്ധുക്കളോടും സുഹൃത്തുക്കളുമായും സംസാരിച്ചിരുന്നു. ബിൽഡിങ്ങിന്റെ വാച്ച്മാൻ ആയി ജോലി ചെയ്യുന്ന നൗഷാദിന്റെ ഓഫീസ് താഴത്തെ നിലയിലാണ്. കൂടെ ഉള്ളവരിൽ പലരും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായാണ് നൗഷാദ് അറിയിച്ചത്.
ഇതിനെ തുടര്‍ന്ന് ഖത്തറില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരന്‍ മുത്വലിബ് ഖഫീലുമായി ബന്ധപ്പെട്ട് നൗഷാദിന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള അവസരമൊരുക്കിയിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള സാധനങ്ങളടക്കം തയ്യാറാക്കുന്നതിനിടയിലാണ് ദുരൂഹ മരണം സംഭവിച്ചത്. മയ്യത്ത് നാട്ടിലെത്തിക്കാനും മരണത്തിന് ഉത്തരാവാദികളായവരെ കണ്ടെത്താനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.
പീഡിപ്പിച്ചവരുടെ പേരു വിവരങ്ങള്‍ ഖത്തര്‍ പോലീസിന് ലഭിച്ചതായാണ് അറിയുന്നത്. മാതാവ്: ഖദീജ, സഹോദരങ്ങള്‍: മുത്വലിബ്, അസീന, മരുമക്കള്‍ : സുലൈമാന്‍, ഫൈറൂസ.