ഈയുഗം ന്യൂസ്
November 16, 2020 Monday 01:11:23pm
ദോഹ: എല്ലാ മേഖലയുടെയും ആരോഗ്യം ആരോഗ്യ മേഖലയെ ആശ്രയിച്ചാണിരിക്കുന്നതെന്ന് കോവിഡ് 19 പകർച്ചവ്യാധി തെളിയിച്ചതായി ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എഡ്യൂക്കേഷന്‍ സയന്‍സ് ആന്‍ഡ് കമ്മ്യൂണിറ്റി ഡവലപ്മെന്റ് ചെയര്‍മാന്‍ ശൈഖ് മോസ ബിന്‍ത് നാസര്‍ പറഞ്ഞു.
'ഒരു ലോകം, നമ്മുടെ ആരോഗ്യം' എന്ന പേരില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വേള്‍ഡ് ഇനൊവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്ത് (വിഷ് 2020) പ്രോഗ്രാമിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
ആരോഗ്യ മേഖലയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഒരു മഹാമാരി വരെ കാത്തിരിക്കേണ്ടിയില്ലായിരുന്നെന്നും അവർ അഭിപ്രായപ്പെട്ടു.
സമഗ്ര വികസനത്തിന് ഏറ്റവും അത്യന്താപേക്ഷിതമാണ് ആരോഗ്യ മേഖല. ഈ സത്യം ലോകമെമ്പാടും കൂടുതല്‍ കൂടുതല്‍ പ്രകടമാകുന്നത് നാം അനുഭവിച്ചറിഞ്ഞു. ആരോഗ്യ മേഖലയിലെ ജീവനക്കാരും ഗവേഷകരും ഹീറോ ആയി ഉയര്‍ന്നുവെന്നും ശൈഖ് മോസ അഭിപ്രായപ്പെട്ടു.
ഈ പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിനും ജീവന്‍ സംരക്ഷിക്കുന്നതിനുമായി കഠിനമായി പ്രയത്നിച്ച ഖത്തറിലും ആഗോളതലത്തിലുമുള്ള മുഴുവൻ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശൈഖ് മോസ തന്റെ അഭിവാദ്യം അര്‍പ്പിച്ചു.
ഉദ്‌ഘാടന സെഷനില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനും സി.ഇ.ഒ യുമായ ഷെയ്‌ഖ ഹിന്ദ് ബിൻത് ഹമദ് അല്‍ താനി, പൊതുജനാരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹനാ അല്‍ കുവാരി, ഡോ മുഹമ്മദ് ബിന്‍ ഹമദ് അല്‍ താനി, ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാൽ എന്നിവർ പങ്കെടുത്തു.