// // // */
ഈയുഗം ന്യൂസ് ബ്യൂറോ
October 07, 2018 Sunday 01:53:57pm
ഇസ്താന്‍ബുള്‍: കഴിഞ്ഞ ചൊവ്വാഴ്ച തുര്‍ക്കിയിലെ ഇസ്താന്‍ബുളിലുള്ള സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച ശേഷം കാണാതായ പ്രമുഖ സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗ്ഗി കോണ്‍സുലേറ്റില്‍ വെച്ച് വധിക്കപ്പെട്ടുവെന്ന് തുര്‍ക്കി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊലപ്പെടുത്തുന്നതിന് മുമ്പ് ഖശോഗ്ഗിയെ സൗദി ഭരണകൂടം നിഷ്ടൂരമായി പീഡിപ്പിച്ചതായും അദ്ദേഹത്തിന്റെ ശരീരം കഷണങ്ങളായി മുറിച്ചതായും തുര്‍ക്കി പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖശോഗ്ഗിയെ കൊലപ്പെടുത്താനായി പതിനഞ്ചു സൗദി പൗരന്മാര്‍ ചൊവ്വാഴ്ച കോണ്‍സുലേറ്റില്‍ പ്രവേശിച്ചതായും കൊല നടത്തിയ ശേഷം അവര്‍ തിരിച്ചുപോയതായും തുര്‍ക്കി അധികൃതര്‍ പറഞ്ഞു.
ഇപ്പോഴത്തെ സൗദി ഭരണകൂടത്തിന്‍റെ വിമര്‍ശകനായിരുന്നു 59 വയസ്സുള്ള, വാഷിങ്ങ്ടന്‍ പോസ്റ്റ് കോളമിസ്റ്റ് കൂടിയായ ഖശോഗ്ഗി. അദ്ദേഹത്തിന്റെ തിരോധാനത്തില്‍ പ്രതിഷേധിച്ച് വാഷിങ്ങ്ടന്‍ പോസ്റ്റ് കഴിഞ്ഞ വെള്ളിയാഴ്ച അദ്ധേഹത്തിന്റെ കോളത്തിന്റെ ആ സ്ഥാനം ഒഴിച്ചിട്ടാണ് പ്രസിദ്ധീകരിച്ചത്.
പഴയ സൗദി ഭരണാധികാരികളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഖശോഗ്ഗി മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായതിനു ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി അമേരിക്കയിലാണ് താമസം.
ചില വിവാഹമോചന രേഖകളില്‍ ഒപ്പ് വെക്കാനാണ് ഖശോഗ്ഗി കോണ്‍സുലേറ്റില്‍ എത്തിയത്. അദ്ദേഹത്തിന്റെ കൂടെ തുര്‍ക്കി പൌരത്വമുള്ള അദ്ദേഹം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്ന ഒരു സ്ത്രീയുമുണ്ടായിരുന്നു. തന്‍റെ ജീവന് ഭീഷണിയുണ്ടാവില്ല എന്ന ഉറപ്പ് സൗദി അധികൃതരില്‍ നിന്നും ലഭിച്ച ശേഷമാണ് അദ്ദേഹം കോണ്‍സുലേറ്റില്‍ പ്രവേശിച്ചതെന്നു പറയപ്പെടുന്നു.
വിമര്‍ശകരെ ഉന്മൂലനം ചെയ്യുക എന്ന സൗദി നയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഖശോഗ്ഗിയുടെ കൊലപാതകം.
coursework psychology coursework help university coursework plagiarism https://courseworkninja.com/