// // // */
ഈയുഗം ന്യൂസ് ബ്യൂറോ
September 09, 2018 Sunday 02:12:29pm
ദോഹ: സൗദി രാജാവിനും കിരീടാവകാശിക്കുമെതിരെ ശക്തമായ വിമർശനവുമായി സൗദി രാജാവ് സൽമാൻ ബിൻ അബ്ദുല്‍ അസീസിന്റെ സഹോദരന്‍ അഹ്മദ് ബിൻ അബ്ദുല്‍ അസീസ് രംഗത്ത് വന്നതായി ബ്രിട്ടീഷ് മാഗസിനായ മിഡിൽ ഈസ്റ്റ് ഐ യെ ഉദ്ധരിച്ചു അൽ ജസീറ ടി വി റിപ്പോർട്ട് ചെയ്തു.
ഇപ്പോൾ അറബ് മേഖലയിൽ ഉണ്ടായികൊണ്ടിരിക്കുന്ന മുഴുവൻ പ്രശ്‍നങ്ങളുടെയും യഥാർത്ഥ ഉത്തരവാദി സൗദി ഭരണകൂടമാണ് എന്നും മറ്റു രാജകുടുംബാംഗങ്ങളെ അതിന്റെ പേരിൽ പഴിക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്ക് തിരിച്ചു പോകാൻ ഉദ്ദേശിക്കുന്നില്ല എന്നും ലണ്ടനിൽ സ്ഥിരതാമസമാക്കാനാണ് ആലോചിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ലണ്ടനിൽ താമസിച്ചു വരുന്ന അഹ്മദ് ബിൻ അബ്ദിൽ അസീസ് അൽ സൗദ് താമസിക്കുന്ന വീടിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയവരെ
അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
''ക്രിമിനൽ സൗദി ഭരണം തുലയട്ടെ'' എന്ന് മുദ്രവാക്യം മുഴുക്കിയാണ് പ്രകടനക്കാർ അദ്ദേഹത്തിന്റെ വസതിക്ക് മുമ്പില്‍ എത്തിയത്. പ്രകടനക്കാരിലേക്ക് ഇറങ്ങിച്ചെന്ന് അഹ്മദ് ബിൻ അബ്ദുല്‍ അസീസ് ചോദിച്ചു: ''എന്തിനാണ് നിങ്ങൾ അല്‍ സൗദ് കുടുംബത്തെ പഴിക്കുന്നത്? അല്‍
സൗദ് കുടുംബവും ഇപ്പോൾ സൗദിയിൽ നടക്കുന്ന കാര്യങ്ങളും തമ്മിൽ യാതൊരു ബന്ധവും ഇല്ല. അതിനുത്തരവാദികൾ ഏതാനും ചിലര്‍ മാത്രമാണ്. മറ്റൊരാൾക്കും അതിൽ യാതൊരു പങ്കുമില്ല.'' എന്നാൽ ആരാണ് ഇതിനുത്തരവാദികൾ എന്ന പ്രകടനക്കാരുടെ ചോദ്യത്തിന് സൗദി രാജാവും കിരീടാവകാശിയും ഏതാനും ശിങ്കിടികളും എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഡേവിഡ് ഹെസ്റ്റ് ആണ് മിഡിൽ ഈസ്റ്റ് ഐയിൽ ഈ വാര്‍ത്ത നല്‍കിയത്. ഇത്രയും ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു രാജകുമാരൻ വ്യക്തമായും പരസ്യമായും സൗദി ഭരണാധികാരികൾക്കെതിരെ സംസാരിക്കുന്നത് ചരിത്രത്തിൽ അപൂർവ സംഭവമാണ് എന്നാണ് മിഡിൽ ഈസ്റ് ഐ ലേഖകൻ പറയുന്നത്.
സൗദി രാജകുമാരനും പ്രകടനക്കാരുമായി നടന്ന സംവാദം തീ പോലെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. അഹമ്മദ് ബിൻ അബ്ദുല്‍ അസീസ് രാജകുമാരനെ സൗദി രാജാവായി ഞങ്ങൾ സ്വീകരിക്കുന്നു എന്നുള്ള ധാരാളം സന്ദേശങ്ങള്‍ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ അഹമദ് രാജകുമാരൻ നടത്തിയ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് എന്നും അദ്ദേഹം രാജാവിനെ വിമർശിച്ചിട്ടില്ല എന്നും സൗദി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് നടക്കുന്ന മുഴുവൻ കാര്യങ്ങളുടെയും ഉത്തരവാദിത്വം രാജകുടുംബത്തിനാണ് എന്നാണു അദ്ദേഹം ഉദ്ദേശിച്ചത് എന്നും ന്യൂസ് ഏജൻസി വിശദീകരിച്ചു.