// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
August  23, 2018   Thursday   12:56:28pm

news



whatsapp

റിയാദ്: മക്കയിലെ വലിയ പള്ളിയിലെ ഇമാമും പ്രമുഖ മതപണ്ഡിതനുമായ ഷെയ്ഖ്‌ സലിഹ് അല്‍ താലിബിനെ സൗദി അധികാരികള്‍ അറസ്റ്റ് ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട്‌ ചെയ്തു. സ്ത്രീകളും പുരുഷന്മാരും പൊതുസ്ഥലങ്ങളില്‍ ഒരുമിച്ചു കൂടുന്നതിനെതിരെ മത പ്രഭാഷണം നടത്തിയതിനാണ് നടപടി എന്ന് റിപ്പോര്‍ട്ട്‌ പറയുന്നു.

സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ നേതൃത്വം നല്‍കുന്ന ഗവണ്മെന്റ് ഈയിടെ നടത്തിക്കൊണ്ടിരിക്കുന്ന നിരവധി അറസ്റ്റുകളുടെ പട്ടികയില്‍ ഏറ്റവും അവസാനത്തേതാണ് ഈ അറസ്റ്റ്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, പണ്ഡിതന്മാര്‍, ബിസിനസ്‌കാര്‍, രാജകുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പെടുന്നു. ദശലക്ഷക്കണക്കിന്‌ ആളുകള്‍ ട്വിറ്റെറില്‍ ആരാധകരുള്ള പ്രമുഖ പണ്ഡിതരായ സല്‍മാന്‍ അല്‍ ഔദ, അവാദ് അല്‍ ഖാര്‍നി, മുസ്തഫ ഹസ്സന്‍ എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പെടുന്നു.

2016 ല്‍ അറസ്റ്റ് ചെയ്ത പ്രമുഖ പണ്ഡിതന്‍ ഷെയ്ഖ്‌ സുലൈമാന്‍ ധ്വീഷ് പീഡനം മൂലം സൗദി ജയിലില്‍ കഴിഞ്ഞയാഴ്ച മരിച്ചതായി മറ്റൊരു റിപ്പോര്‍ട്ട്‌ പറയുന്നു.

മക്കയിലെ കോടതിയില്‍ ജഡ്ജി കൂടിയാണ് സലിഹ് അല്‍ താലിബ്. തിന്മയെ പരസ്യമായി എതിര്‍ക്കണമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും മുഹമ്മദ്‌ ബിന്‍ സല്‍മാന്റെ നയങ്ങളെ പിന്തുണക്കാത്തവരാണ്.

അതേസമയം സൗദി മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇസ്രാ അല്‍ ഗോംഗോമിനെ തൂക്കിലേറ്റാനുള്ള സൗദി നീക്കത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയരുകയാണ്. ഗോംഗോമിനെ തൂക്കിലേറ്റിയാല്‍ വധശിക്ഷ ലഭിക്കുന്ന സൌദിയിലെ ആദ്യത്തെ വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകയായിരിക്കും അവര്‍.

Comments


Page 1 of 0