ഈയുഗം ന്യൂസ് ബ്യൂറോ
June 27, 2018 Wednesday 02:22:38pm
ന്യൂ ഡല്‍ഹി: ഇന്ത്യയുടെ പൊതുജനാരോഗ്യച്ചെലവ് 2014ൽ നേരിയ രീതിയിൽ മെച്ചപ്പെട്ട് 0.98 ശതമാനത്തില്‍നിന്ന് വര്‍ദ്ധിച്ച് മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) ഒരു ശതമാനമായെങ്കിലും, ശരാശരി 1.4% ചെലവഴിക്കുന്ന പല താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെക്കാളും പിന്നിലാണെന്ന് നാഷണല്‍ ഹെൽത്ത് പ്രൊഫൈൽ 2018 കാണിക്കുന്നു.
ഭൂട്ടാൻ (2.5%), ശ്രീലങ്ക (1.6%), നേപ്പാൾ (1.1%) തുടങ്ങിയ രാജ്യങ്ങൾ ചിലവാക്കുന്നതിനേക്കാൾ കുറവാണ് ഇന്ത്യയുടേതെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെ സെൻട്രൽ ബ്യൂറോ ഓഫ് ഹെൽത്ത് ഇന്റലിജൻസ് പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്‍റെ 10 രാജ്യങ്ങൾ ഉൾപ്പെടുന്ന തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ ആരോഗ്യച്ചെലവ് താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ സ്ഥാനം താഴത്തേതിൽ നിന്ന് രണ്ടാമതായി ബംഗ്ലാദേശിന് (0.4%) തൊട്ടുമുമ്പിൽ മാത്രമാണ്. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 9.4 ശതമാനം ചിലവാക്കുന്ന മാലിദ്വീപാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. തായ്‌വാൻ (2.9 ശതമാനം) രണ്ടാം സ്ഥാനത്തും.
ഇന്ത്യയുടെ പൊതുജനാരോഗ്യച്ചെലവ് 2025-ഓടെ ആഭ്യന്തര ഉൽപാദനത്തിന്റെ 2.5% ആയി ഉയർത്തണം എന്ന് ദേശീയ ആരോഗ്യ നയം നിർദ്ദേശിച്ചിട്ടുണ്ട്.