// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
June  18, 2018   Monday   05:30:11pm

news

പ്രമുഖ ഷെഫ് അതുൽ കൊച്ചാര്‍



whatsapp

ദുബായ്: ഇസ്ലാം വിരുദ്ധ ട്വീറ്റ് ചെയ്ത പ്രമുഖ ഷെഫ് അതുൽ കൊച്ചാറുമായുള്ള കരാർ ദുബായിയിലെ ജെ ഡബ്ലു മാരിയട്ട് മാർക്വിസ് ഹോട്ടൽ അവസാനിപ്പിച്ചു. മാരിയറ്റ് ഹോട്ടലിലെ ഇന്ത്യൻ റെസ്റ്റോറന്റായ രംഗ് മഹല്‍ നടത്തുന്നത് കൊച്ചാറാണ്. യു.കെയിലും സ്പെയിനിലുമുള്ള അഞ്ചു റെസ്റ്റോറന്റുകളുടെ നടത്തിപ്പിലും കൊച്ചാറിന് പങ്കുണ്ട്.

യു.എസ് ടിവി പരിപാടിയായ ക്വാൻട്ടിക്കോയുടെ ഒരു എപ്പിസോഡിനെ പറ്റി പ്രതികരിച്ചാണ് കൊച്ചാർ ട്വീറ്റ് ചെയ്തത്. ഒരു ആക്ഷൻ പരമ്പരയായ ക്വാൻട്ടിക്കോയുടെ പുതിയ എപ്പിസോഡ് ഹിന്ദു ദേശീയ തീവ്രവാദികളുടെ ഒരു സംഘം ആസൂത്രണം ചെയ്യുന്ന ഒരു ഭീകരാക്രമണത്തിനെ ചുറ്റിപറ്റിയാണ്. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഈ എപ്പിസോഡ് ചില ഇന്ത്യക്കാരെ അമർഷാരാക്കിയിരുന്നു. അതിനെതുടർന്ന് പ്രിയങ്ക ചോപ്ര എപ്പിസോഡിലെ കഥയെ കുറിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു.

കൊച്ചാറിന്റെ ട്വീറ്റ് ഇപ്രകാരമായിരിന്നു: "2000 വർഷത്തിൽ കൂടുതലായി ഇസ്ലാം ഭീകരതക്ക് ഇരയാവുന്ന ഹിന്ദുക്കളുടെ വികാരങ്ങളെ നിങ്ങൾ (പ്രിയങ്ക ചോപ്ര) മാനിക്കുന്നില്ല എന്നത് സങ്കടമുണ്ടാക്കുന്നു. നിങ്ങളെക്കുറിച്ച് ലജ്ജ തോന്നുകയാണ്."

അടുത്ത ദിവസം തന്നെ കൊച്ചാർ ട്വീറ്റ് നീക്കം ചെയ്ത് മാപ്പു പറഞ്ഞു. "എന്റെ ട്വീറ്റ് ന്യായീകരണം അർഹിക്കുന്നില്ല. ഞായറാഴ്ച ഉണ്ടായ പെട്ടെന്നുള്ള ദ്വേഷ്യത്തിൽ ഒരു വലിയ തെറ്റ് സംഭവിച്ചുപോയി," അദ്ദേഹം എഴുതി.

“എന്റെ തെറ്റുകൾ ഞാൻ തിരിച്ചറിയുന്നു; ഇസ്ലാം സ്ഥാപിക്കപ്പെട്ടത് 1,400 വർഷങ്ങൾക്ക് മുമ്പാണ്. ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഞാൻ ഇസ്ലാം വിരുദ്ധനല്ല, പലരുടെ മനോവികാരങ്ങളേയും വ്രണപ്പെടുത്തിയ എന്റെ അഭിപ്രായങ്ങളെ ചൊല്ലി ഞാൻ ഖേദിക്കുന്നു." പക്ഷെ കൊച്ചാറിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ പരക്കെ വിമർശിക്കപ്പെട്ടു. പലരും അദ്ദേഹത്തിന്‍റെ ദുബായ് റസ്റ്റോറന്റ് ബഹിഷ്കരിക്കാനുള്ള ആഹ്വാനം നടത്തി. അതിനെത്തുടർന്ന് അദ്ദേഹം വീണ്ടും മാപ്പ് ചോദിച്ചിരുന്നു. എന്നാൽ ജെ ഡബ്ലു മാരിയട്ട് മാർക്വിസ് ഹോട്ടൽ കൊച്ചാറുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിരിക്കയാണ് ഇപ്പോൾ. മിച്ചലൈൻ സ്റ്റാർ ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഷെഫാണ് കൊച്ചാർ.

Comments


Page 1 of 0