എയർ ഇന്ത്യയുടെ ലേലത്തിൽ പങ്കെടുക്കാൻ ആരുമില്ല

ഈയുഗം ന്യൂസ് ബ്യൂറോ     June  04, 2018   Monday   10:46:47pm

news
ന്യൂ ഡല്‍ഹി: എയർ ഇന്ത്യയുടെ ഓഹരി വില്‍പ്പനലേലത്തിൽ പങ്കെടുക്കാനുള്ള അപേക്ഷ സമർപ്പിക്കണ്ട അവസാന തിയ്യതി കഴിഞ്ഞിട്ടും സ്വകാര്യ കമ്പനികളിൽ നിന്ന് ഇതുവരെ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല. അപേക്ഷകള്‍ കിട്ടേണ്ട കാലാവധി മെയ് 14 മുതൽ മെയ് 31 വരെയായി ഇതിന് മുമ്പേ നീട്ടിയിരുന്നു.

അപേക്ഷകൾ തങ്ങളുടെ പ്രതീക്ഷകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ വിമാന കമ്പനിയിലെ ഓഹരികൾ വിൽക്കുന്നതിനെതിരെ സർക്കാർ തീരുമാനിച്ചെക്കാമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി ആർ എൻ ചൌബെ പറഞ്ഞു. നഷ്ടത്തിൽ നടക്കുന്ന എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരിയാണ് സർക്കാർ വിൽക്കാൻ ഉദ്ദേശിക്കുന്നത്. ആയിരക്കണക്കിന് കോടി രൂപയുടെ കടബാധ്യതകളാണ് സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈനിന് ഉള്ളത്.

ഇൻഡിഗോ, ജെറ്റ് എയർവെയ്സ്, എമിറേറ്റ്സ്, ഖത്തർ എയർവെയ്‌സ് തുടങ്ങിയ വിമാനക്കമ്പനികൾ ഓഹരി വില്‍പ്പനയിൽ പങ്കെടുക്കുന്നതിന് എതിരെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. സര്‍ക്കാർ മുന്നോട്ടുവെച്ച ചില വ്യവസ്ഥകളോടുമുള്ള വിയോജിപ്പാണ് ഇതിന് കാരണമെന്നാണ് ചില മാധ്യമങ്ങൾ പറഞ്ഞിരുന്നത്.


Sort by