// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  29, 2018   Tuesday   11:22:31pm

news



whatsapp

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ മാധ്യമങ്ങളെ തുറന്നുകാണിക്കുന്നുവെന്ന് അവകാശപ്പെട്ട് കോബ്രപോസ്റ്റ് ഇയ്യിടെ പുറത്തുവിട്ട ചില വീഡിയോകൾ ആർക്കെങ്കിലും സത്യത്തിൽ ഞെട്ടൽ ഉളവാക്കിയിട്ടുണ്ടോ? മിക്ക മാധ്യമസ്ഥാപനങ്ങളും, അവരുടെ ഉടമസ്ഥരും, സീനിയർ മാനേജർമാരും, അതിലെ ചില പത്രപ്രവർത്തകരും രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കുന്നതിന് വേണ്ടി പ്രതിഫലം പറ്റുന്നതിൽ വളരെ സന്തോഷമുള്ളവരാണെന്ന് കാണിക്കുന്ന ആ വീഡിയോകൾ ആരെയെങ്ങിലും സത്യത്തിൽ അത്ഭുതപ്പെടുത്തിയിരുന്നോ? അവരിൽ ഭൂരിഭാഗവും ചില പ്രത്യേക രാഷ്ട്രീയ അജണ്ടയുമായി യോജിക്കുന്നു എന്നതിലോ? അവർക്കെല്ലാം കണക്കിൽ പെടാത്ത പണത്തെ ശരിയാക്കി എടുക്കാൻ പറ്റുന്ന വിദ്യകൾ കൈവശമുണ്ടെന്ന കാര്യമോ?

എന്നാലും, കോബ്രപോസ്റ്റിന്‍റെ ഈ വീഡിയോകൾ കാണുന്നതും അവയെപറ്റി വായിക്കുന്നതും മിക്ക പത്രപ്രവർത്തകരെയും അസ്വസ്ഥമാക്കിയേക്കും. മാധ്യമരംഗത്തിന്റെ ഏറ്റവും മോശമായ വശത്തെ എടുത്തുകാണിക്കുകയാണ് കോബ്രപോസ്റ്റ് ഈ വീഡിയോകൾ വഴി ചെയ്തിരിക്കുന്നത്. സ്ക്രോൾ.ഇൻ എന്ന വെബ്‌സൈറ്റിൽ രഞ്ജോണാ ബാനർജി എന്ന സ്വതന്ത്ര പത്രപ്രവർത്തകൻ എഴുതിയ ലേഖനത്തിലാണ് ഈ ചോദ്യങ്ങളും, വിശദീകരണങ്ങളും. “നമ്മളെ രക്ഷിക്കാൻ എന്തൊക്കെ ഒഴികഴിവുകളാണ് നാം പറയാൻ പോകുന്നതു?” എന്ന ചോദ്യമാണ്‌ ബാനർജി ഉയര്‍ത്തുന്നത്.

കോബ്രപോസ്റ്റിന്റെ അണ്ടർകവർ റിപോർട്ടർ പുഷ്പ ശർമ്മ, തന്റെ അന്വേഷണത്തിന്‍റെ ഭാഗമായി പല മാധ്യമസ്ഥാപനങ്ങളേയും ബന്ധപെടുന്നു. എല്ലാവരോടും ഒരേ കഥയാണ് ശർമ്മ പറയുന്നത്. ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധികാരത്തിൽ തുടരാൻ ആഗ്രഹിക്കുന്ന സമ്പന്നമായ ഒരു ആശ്രമത്തെ പ്രതിനിധാനം ചെയ്യുന്ന ആളായിട്ടാണ് അവരുടെ മുമ്പിൽ ശർമ്മ വരുന്നത്. അദ്ദേഹം മൂന്ന് ഭാഗങ്ങളുള്ള ഒരു തന്ത്രം അവരുടെ മുമ്പിൽ അവതരിപ്പിക്കുന്നു. അതുപ്രകാരം മാധ്യമസ്ഥാപനങ്ങൾ ആദ്യമായി "മൃതു ഹിന്ദുത്വ" ത്തിന്‍റെ വക്താക്കളായി പെരുമാറണം. രണ്ടാമത്തെ ഘട്ടത്തിൽ ബിജെപിയുടെ രാഷ്ട്രീയ എതിരാളികളായ രാഹുൽ ഗാന്ധി, മായാവതി, അഖിലേഷ് യാദവ് എന്നിവരെ പരിഹാസത്തിലൂടെ ആക്രമിക്കാൻ തുടങ്ങണം. അവസാനം ശരിക്കുള്ള അജണ്ടയിലേയ്ക്ക് നീങ്ങണം.

ബന്ധപ്പെട്ട മാധ്യമസ്ഥാപനങ്ങളിൽ രണ്ടെണ്ണം ഒഴികെ ബാക്കി എല്ലാവരും കോബ്രപോസ്റ്റ് റിപ്പോർട്ടരുടെ പദ്ധതികളെ പിന്താങ്ങുന്നു. ബി.ജെ.പിയുടെ അജണ്ട മുന്നോട്ടു കൊണ്ടുപോകാൻ "പ്രത്യേക ടീമുകൾ" രൂപവത്കരിക്കാൻ അവരിൽ അധികം പേര്‍ക്കും സമ്മതമാണ്‌. പണത്തിനുവേണ്ടി എന്തും ചെയ്യാൻ അവര്‍ തയ്യാറാണ്. അവരിൽ പലരും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അജണ്ടയെ വ്യക്തിഗതമായി പൂർണമായും അംഗീകരിക്കുന്നവരും, അത് നിലവിൽ വരാൻ സഹായിക്കുന്നതിന് തയ്യാറാണെന്നും കോബപോസ്റ്റിന്‍റെ അന്വേഷണം പുറത്തുകൊണ്ടുവരുന്നു. മാധ്യമ രംഗത്തെ പല പ്രമുഖ വ്യക്തികളും പണത്തിന് വേണ്ടി ശർമ്മ പറയുന്ന പരിപാടികൾ നടപ്പിലാക്കാൻ സഹായിക്കാം എന്ന് കോബ്രപോസ്റ്റിന്‍റെ അന്വേഷണാത്മക സ്റ്റിങ്ങ് വീഡിയോകളിൽ പറയുന്നത് കാണുകയും, കേൾക്കുകയും ചെയ്യാം. അതിൽ ചിലർ ബി.ജെ.പിയുടെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും നയങ്ങളെ പിന്താങ്ങുന്നവരാണെന്നും അഭിപ്രായപ്പെടുന്നുണ്ട്.

നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട മാധ്യമപ്രവര്‍ത്തകരുടെ കാലം ഇന്ത്യയിൽ അവസാനിച്ചിരിക്കയാണോ എന്ന സംശയം ഇത് കാണുന്ന ജനങ്ങൾക്ക് ന്യായമായും തോന്നിയേക്കാം. ഇന്ത്യയുടെ സ്ഥാനത്തിന് 2017 വേൾഡ് പ്രസ്സ് ഫ്രീഡം ഇൻഡെക്സിൽ ഉണ്ടായിട്ടുള്ള ഇടിവിൽ അപ്പോൾ അത്ഭുതപെടേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇൻഡക്സ് സൂചികയിൽ 138 ആണ് ഇന്ത്യയുടെ സ്ഥാനം.

“നമ്മുടെ കയ്യിലാണ് കാര്യങ്ങളുടെ കിടപ്പ്; നമ്മൾ ഇങ്ങിനെ അവസാനിക്കണമോ അതോ ഇതിനെതിരായി പോരാടണമൊ എന്ന് തീരുമാനിക്കേണ്ട സമയമായിരിക്കുന്നുവെന്ന്” പറഞ്ഞാണ് ബാനർജിയുടെ ലേഖനം അവസാനിക്കുന്നത്.

തെഹൽക്കയുടെ സഹസ്ഥാപകനായ അനിരുത് ഭാഹൽ 2003-ൽ ആരംഭിച്ച വാർത്താ വെബ്സൈറ്റും ടെലിവിഷൻ പ്രൊഡക്ഷൻ ഹൌസുമാണ്‌ കോബ്ര പോസ്റ്റ്‌.

Comments


Page 1 of 0