// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  26, 2018   Saturday   04:14:56pm

news

മാനുവൽ ഗാർസിയ ഹെർണാണ്ടസ്.ഹെർണാണ്ടസിന് 121 വയസ്സ് ആണെങ്കിൽ ലോകത്തിൽ ഏറ്റവും കാലം ജീവിച്ചിരുന്ന മനുഷ്യൻ എന്ന പദവി കൂടി അയാള്‍ക്ക്‌ സ്വന്തമാവും.

whatsapp

മെക്സികോ: തന്‍റെ കുടുംബ കൃഷിയിടത്തിൽ മാനുവൽ ഗാർസിയ ഹെർണാണ്ടസ് കോഴികളെ പരിപാലിക്കുന്നത് കാണുമ്പോള്‍ നിങ്ങൾക്ക് ഒരിക്കലും ഊഹിക്കാന്‍ കഴിയില്ല അദ്ദേഹത്തിന്റെ പ്രായം.. പക്ഷെ ഹെർണാണ്ടസിന്‍റെ ജനന സർട്ടിഫിക്കറ്റ്, ഔദ്യോഗിക മെക്സിക്കൻ ഐഡി എന്നിവ പ്രകാരം അയാളുടെ വയസ്സ് 121 ആണ്!

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആൾ എന്ന പദവിക്ക് അര്‍ഹനായേക്കാവുന്ന ഹെർണാണ്ടസ് ജനിച്ചത് 1896 ഡിസംബർ 24-നാണെന്ന് മെക്സിക്കൻ സംസ്ഥാനമായ വെരാക്രൂസിലെ ജനന സർട്ടിഫിക്കറ്റും, നാഷണൽ ഇലക്ടറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുളള ഔദ്യോഗിക ഐഡന്റിറ്റി കാർഡും രേഖപ്പെടുത്തുന്നു.

പക്ഷെ ഗിന്നസ് വേൾഡ് റെക്കോർഡിലെ ആളുകളെ വിളിച്ചു വരുത്തി അത് ബോധിപ്പിക്കാനൊന്നും ഹെർണാണ്ടസ് ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന പദവി ഔദ്യാഗികമായി ലഭിച്ചിട്ടുമില്ല. എന്നാൽ മെക്സിക്കൻ രേഖകൾ ശരിയാണെങ്കിൽ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഇപ്പോൾ പരക്കെ അംഗീകരിച്ചിരിക്കുന്ന ജപ്പാൻ പൌരൻ മസാസോ നൊനാക്കയെക്കാൾ എട്ടുവയസ്സ് കൂടുതലാണ് ഹെർണാണ്ടസിന്. നൊനാക്കയുടെ ജനന തിയ്യതി 1905 ജൂലൈ 25-നാണ്.

പ്രായം ഒരു സംഖ്യ മാത്രമാണ് എന്നാണല്ലോ പറയപ്പെടുന്നത്. ഹെർണാണ്ടസിന് 80 വയസ്സിനപ്പുറം ഒരു ദിവസം പോലും കൂടുതല്‍ പ്രായമുണ്ടെന്നു പറയില്ല. വളരെ നീണ്ട തന്റെ ജീവിതത്തിൽ രണ്ടു സങ്കടങ്ങളാണ് പ്രധാനമായും ഉള്ളതെന്ന് അദ്ദേഹം പറയുന്നു: ഒന്ന്, ചെറുപ്പത്തിൽതന്നെ പിതാവിനെ നഷ്ടപ്പെട്ടു; മറ്റേത്‌, ഇനി സ്ഥിരമായൊരു ജോലിയെടുക്കാൻ കഴിയാത്തതാണ്. പക്ഷെ വടക്കൻ മെക്സിക്കോയിലെ സിയുഡാഡ് ജുവറസിൽ മകൾ ടോമസായോടൊപ്പം താമസിക്കുന്ന ഹെർണാണ്ടസ് തന്റെ കോഴിക്കുഞ്ഞുങ്ങൾക്ക് ഭക്ഷണം ഇട്ടുകൊടുക്കുമ്പോൾ ഇപ്പോഴും വളരെ ഊര്‍ജസ്വലനായിട്ടാണ് കണ്ടത്.

"ഞാൻ സന്തോഷവാനാണ്, പക്ഷെ ഇടക്ക് ക്ഷീണം തോന്നാറുണ്ട്. എന്നാല്‍ ദിവസം മുഴുവന്‍ കിടക്കയിൽ കിടക്കുകയോ അല്ലെങ്കിൽ ഒരു കസേരയിൽ ഇരിക്കുകയോ ആണെങ്കിൽ, എനിക്ക് അസുഖം പിടികൂടും. അതുകൊണ്ട് ഞാൻ വല്ലതും ചെയ്തുകൊണ്ടിരിക്കും," തൻറെ ട്രേഡ് മാർക്ക് കൌബോയ് തൊപ്പിയും, വെസ്റ്റേൺ ഷർറ്റും ധരിച്ച ഹെർണാണ്ടസ് പറഞ്ഞു.

"എനിക്ക് 80 വയസ്സ് പ്രായമേ ആയിട്ടൂള്ളൂ എന്നപോലെയാണ് പലപ്പോഴും തോന്നുന്നത് - നടക്കുമ്പോൾ ചിലപ്പോൾ വീഴാൻ പോവുന്നുണ്ടെങ്കിലും," ഹെർണാണ്ടസ് എ. എഫ്.പി. വാര്‍ത്ത ഏജന്‍സിയൊടുള്ള ഒരു അഭിമുഖത്തിൽ പറഞ്ഞു. ഹെർണാണ്ടസ് തന്‍റെ ജീവിതകാലത്ത് ഒരുപാട് പ്രധാന സംഭവ വികാസങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്: വൈദ്യുതി വന്നത് മുതൽ ടെലിവിഷൻ പ്രചാരമായത്, മെക്സിക്കൻ വിപ്ലവം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് - ഹെർണാണ്ടസ് കാണുന്ന 22-മത്തെ അമേരിക്കൻ പ്രസിഡന്റ് - എന്നിവ അതില്‍ ചിലത് മാത്രം.

ഒൻപതു വയസ്സാവുമ്പോളാണ് ഹെർണാണ്ടസ് വയലിൽ പണിയെടുക്കാന്‍ തുടങ്ങിയത്. മധുരപലഹാരങ്ങൾ ഉണ്ടാക്കുകയും, വിൽക്കുകയും ചെയ്യുന്ന ജോലിയിൽ ഏര്‍പ്പെട്ടിരുന്ന ഹെർണാണ്ടസിന്‍റെ പിതാവ് 35 വയസ്സിലാണ് മരിച്ചത്. ഇത്രയും ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടമായതാണ് ഹെർണാണ്ടസിന്‍റെ തീരാദുഃഖം.

ഹെർണാണ്ടസിന് 45 വയസ്സാവുമ്പോൾ റോസാ മെഡിനോ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. മെഡിനോയുടെ പ്രായം അന്ന് 13 വയസ്സായിരുന്നു. വിവാഹിതരായി ഏഴ് ദശാബ്ദങ്ങൾ ഒന്നിച്ച് അവർ താമസിച്ചു, മെഡിനോ എട്ട് വർഷം മുൻപ് മരിക്കുന്നതുവരെ. അഞ്ച് മക്കളാണ് അവർക്ക്; അതിൽ 15 പേരക്കുട്ടികളും ആറ് കൊച്ചുമക്കളും.

മെഡിനോ മരിച്ചതിന് ശേഷം, ഹെർണാണ്ടസ് 54-കാരിയായ മകൾ ടോമസായോടൊപ്പം മെക്സിക്കോയിലെ സിയുഡാഡ് ജുവറസിലാണ് താമസിക്കുന്നത്. അമേരിക്കക്കാരനായ അയൽക്കാരൻ അയാളുടെ വീടിന്റെ പരിസരത്ത് ഹെർണാണ്ടസിന് കോഴികളെ വളർത്താൻ അനുവാദം നല്‍കിയിട്ടുണ്ട്. കോഴികളെ പരിപാലിക്കുന്നത് തന്‍റെ ജീവിതം തുടർന്നുപോവാൻ സഹായിച്ചിട്ടുണ്ടെന്ന് ഹെർണാണ്ടസ് കരുതുന്നു. പണ്ടുചെയ്ത പോലെ ജോലിയെടുക്കാൻ കഴിയണമെന്നാണ് ഹെർണാണ്ടസിന്‍റെ ഏക ആഗ്രഹം. “വയലുകളിൽ ജോലിയെടുത്താണ് ഞാൻ ജീവിച്ചിരുന്നത്. എന്നാൽ എനിക്ക് അത് ഇപ്പോൾ ചെയ്യാൻ കഴിയുന്നില്ല. അത് എന്നെ ദുഃഖിപ്പിക്കുന്നു. ചെറുപ്പത്തിൽ കഠിനാദ്ധ്വാനം ചെയ്തിരുന്ന ഒരാളാണ് ഞാൻ,” ഹെർണാണ്ടസ് പറഞ്ഞു.

ഹെർണാണ്ടസിന് 121 വയസ്സ് ആണെങ്കിൽ, ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യൻ മാത്രമായിരിക്കില്ല അയാൾ; ലോകത്തിൽ ഏറ്റവും കാലം ജീവിച്ചിരുന്ന മനുഷ്യൻ എന്ന പദവി കൂടി അയാള്‍ക്ക്‌ സ്വന്തമാവും. ജപ്പാൻകാരനായ ജിറോയിമോൻ കിമുറയാണ് ഇതുവരെയായി ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നു മനുഷ്യന്‍; കിമുറ 2013-ൽ മരിക്കുമ്പോൾ 116 വയസ്സായിരുന്നു. സ്ത്രീകളിൽ ഫ്രാൻസിലെ ജെന്നി ലൂയിസ് കാൾമെന്റ് ആണ് ഏറ്റവും കാലം ജീവിച്ചിരുന്നത്: 1997-ൽ മരിക്കുമ്പോൾ അവരുടെ പ്രായം 122 വർഷവും 161 ദിവസവുമായിരുന്നു.

ഹെർണാണ്ടസിന് 125 വയസ്സ് വരെ ജീവിക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ. നീണ്ട ആയുസ്സിന് പ്രധാനമായും വേണ്ടത് നല്ല ഉറക്കം, നേരത്തെയുള്ള എഴുന്നേൽക്കൽ, ആരോഗ്യകരമായ ഭക്ഷണക്രമം, വിറ്റാമിനുകൾ സ്ഥിരമായി കഴിക്കുക, നല്ലവണ്ണം ജോലി എടുക്കുക എന്നിവയാണെന്ന് ഹെർണാണ്ടസ് വിശ്വസിക്കുന്നു.

ദിവസവും രാവിലെ 5:30-നാണ് ഹെർണാണ്ടസ് എഴുന്നേൽക്കുക. ഒരു വാഴപ്പഴം, ആപ്പിൾ സത്ത് ചേര്‍ത്തുള്ള ഒരു പാനീയം, ഓട്ട്മീൽ, രണ്ട് മുട്ടകൾ എന്നിവയാണു പ്രാതലിനു ഹെർണാണ്ടസ് കഴിക്കുന്നത്‌. അതുകഴിഞ്ഞാൽ, തന്റെ കോഴികൾക്ക് തീറ്റ കൊടുക്കാനുള്ള പണിയിലേക്ക് തിരിയും. അദ്ധ്വാനമാണ്‌ ആയുസ്സിന്‍റെ രഹസ്യം, ഹെർണാണ്ടസിന് ഉറപ്പാണ്.

Comments


Page 1 of 0