// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  06, 2018   Sunday   05:46:29pm

news



whatsapp

ന്യൂ ഡല്‍ഹി: ഏകദേശം 30 ശതമാനം തീവണ്ടികളും 2017-18 വര്‍ഷത്തിൽ വൈകിയാണ് ഓടിയിരുന്നത് എന്ന് ഔദ്യോഗിക കണക്കുകൾ. ഇന്ത്യൻ റെയിൽവേയുടെ മൂന്നു വർഷത്തെ ഏറ്റവും മോശം പ്രകടനമാണിത്.

എക്സ്പ്രസ് ട്രെയിനുകളുടെ കൃത്യനിഷ്ഠ, 2017 ഏപ്രിൽ മുതൽ 2018 ഏപ്രിൽ വരെയുള്ള കാലയളവിൽ, 71.39 ശതമാനമായിരുന്നു. ഇത് 2016-2017 കാലയളവിലെ 76.69 ശതമാനത്തിൽ നിന്ന് 5.30 ശതമാനം കുറവാണ്. അതേസമയം 2015-2016 കാലഘട്ടത്തിൽ 77.44 ശതമാനം ട്രെയിനുകളും സമയത്തിനാണ് ഓടിയിരുന്നത്.

റെയിൽവേ നടത്തുന്ന വൻതോതിലുള്ള അറ്റകുറ്റപ്പണികൾ വണ്ടികള്‍ വൈകാന്‍ പ്രധാന കാരണമാണെന്ന് അധികൃതർ അറിയിച്ചു. റെയില്‍ പാതകളുടെ നവീകരണം, പുതുക്കൽ എന്നിവ വളരെ വിപുലമായി നടന്നുകൊണ്ടിരിക്കയാണ് ഇന്ത്യയിലിപ്പോൾ. ഇതിനെത്തുടർന്ന് അപകടങ്ങളുടെ എണ്ണം മൂന്നിരട്ടിയായി കുറഞ്ഞിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നു.

ട്രാക്കുകളുടെ സുരക്ഷ ഉറപ്പാക്കികൊണ്ട് കൃത്യനിഷ്ഠപുലര്‍ത്താനാണ് ഞങ്ങൾ പരിശ്രമിക്കുന്നതെന്ന് റെയിൽവേ മന്ത്രാലയം ഡയറക്ടർ (മീഡിയ, കമ്മ്യൂണിക്കേഷൻ) രാജേഷ് ദത്ത് ബാജ്പായ് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം 35 കൊല്ലത്തിനിടയിൽ ആദ്യമായി ഇന്ത്യന്‍ റയിൽവേയിൽ അപകടങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്ന് വിവരങ്ങൾ കാണിക്കുന്നു.

കഴിഞ്ഞ മൂന്നു വർഷങ്ങളിൽ, തീവണ്ടി അപകടങ്ങളുടെ എണ്ണം 2014-15-ലെ 135ൽ നിന്ന് 2015-16-ലെ 107 ആയി കുറഞ്ഞു. അത് 2016-17-ൽ 104 ആയി വീണ്ടും കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ട്രെയിൻ അപകടങ്ങളുടെ എണ്ണം 73 ആയിരുന്നു.

Comments


Page 1 of 0