// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  04, 2018   Friday   06:33:03pm

news"ട്രംപിന്റെ അജണ്ടയും തങ്ങളുടെ അജണ്ടയും ഇപ്പോള്‍ യോജിക്കുന്നില്ല എന്ന് ഉപരോധ രാജ്യങ്ങള്‍ക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു"

whatsapp

ദോഹ: ഏപ്രില്‍ അവസാനം നടക്കേണ്ടിയിരുന്ന അബുദാബി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സയദ് അല്‍ നഹയാന്റെ അമേരിക്കന്‍ സന്ദര്‍ശനം മാറ്റിവെച്ചത് കാര്യങ്ങള്‍ ഉപരോധ രാജ്യങ്ങള്‍ക്ക് അനുകൂലമായി നീങ്ങുന്നില്ല എന്നതിന്റെ സൂചനയായി വിദഗ്ധര്‍ കണക്കാക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്റെയും ഖത്തര്‍ അമീര്‍ ഷെയ്ഖ്‌ തമിം ബിന്‍ ഹമദ് അല്‍ ഥാനിയുടെയും അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷമാണ് അബുദാബി കിരീടാവകാശി വൈറ്റ് ഹൌസ് സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നത്.

രണ്ടു കാരണങ്ങളാണ് സന്ദര്‍ശനം നീട്ടിവെക്കാന്‍ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, അമേരിക്കന്‍ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങള്‍. ഇലക്ഷന്‍ സമയത്ത് നിയമവിരുദ്ധ കേന്ദ്രങ്ങളില്‍ നിന്ന് ഫണ്ട്‌ സ്വീകരിച്ചതിന്റെ പേരില്‍ പ്രസിഡന്റ്‌ ട്രംപ് അന്വേഷണം നേരിടുകയാണ്. അല്‍ നഹയാന്റെ അടുത്ത സുഹൃത്തായ ജോര്‍ജ് നാദിര്‍ ഇക്കാര്യത്തില്‍ സംശയത്തിന്റെ നിഴലിലായതിനാല്‍ അമേരിക്കയില്‍ എത്തിയാല്‍ അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്യുമെന്ന് അല്‍ നഹ്യാന്‍ ഭയക്കുന്നു.

രണ്ട്, തുടക്കം മുതല്‍ ട്രംപിനെ ആശ്രയിച്ച ഉപരോധ രാജ്യങ്ങള്‍ അദ്ദേഹത്തിന്റെ നിലപാട് മാറ്റത്തില്‍ അസ്വസ്ഥരാണ്. ഉപരോധം ഉടന്‍ അവസാനിപ്പിക്കണമെന്ന് പുതിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദി സന്ദര്‍ശനത്തിനിടെ ആവശ്യപ്പെട്ടത് ഈ നിലപാട് മാറ്റത്തിന്റെ തെളിവാണ്. ഖത്തര്‍ അനുകൂലിയാണെന്ന് കരുതിയിരുന്ന റെക്സ്‌ ടില്ലെര്‍സനെ മാറ്റി പകരം പോംപിയോയെ നിയമിച്ചത് ഉപരോധ രാജ്യങ്ങള്‍ ആഘോഷിക്കുമ്പോഴായിരുന്നു അമേരിക്കയുടെ ഈ മുന്നറിയിപ്പ്.

ഭീമമായ ആയുധ ഇടപാടുകള്‍ അടക്കം ട്രംപിനെ പ്രീതിപ്പെടുത്താന്‍ വേണ്ടതെല്ലാം ചെയ്തിട്ടും വന്ന ഈ മാറ്റം ആശങ്കയോടെയാണ് ഉപരോധ രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. "ട്രംപിന്റെ അജണ്ടയും തങ്ങളുടെ അജണ്ടയും ഇപ്പോള്‍ യോജിക്കുന്നില്ല എന്ന് ഉപരോധ രാജ്യങ്ങള്‍ക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു," പ്രമുഖ മിഡില്‍ ഈസ്റ്റ്‌ വിദഗ്ദനും പത്രപ്രവര്‍ത്തകനുമായ ഡേവിഡ്‌ ഹേയസ്റ്റ് എഴുതി.

അമേരിക്കയുടെ സഹായമില്ലാതെ ഗള്‍ഫ്‌ രാജ്യങ്ങള്‍ ഒരാഴ്ച പോലും നിലനില്‍ക്കില്ല എന്ന ട്രംപിന്റെ പ്രസ്താവനയും അബുദാബി കിരീടാവകാശിയെ അലോസരപ്പെടുത്തി. ട്രംപിന് യു.എ.ഇ യെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകള്‍ മറുപടിയും നല്‍കി. "അമേരിക്ക ജനിക്കുന്നതിനു മുമ്പ് ഗള്‍ഫ്‌ രാഷ്ട്രങ്ങള്‍ ഇവിടെയുണ്ട്. അമേരിക്ക മേഖല വിട്ടതിന് ശേഷവും വര്‍ഷങ്ങളോളം ഞങ്ങള്‍ ഇവിടെ ഉണ്ടായിരിക്കും," യു. എ.ഇ രാഷ്ട്രീയ വിദഗ്ദനായ അബ്ദുല്‍ ഖാലിക് അബ്ദുള്ള ട്വീറ്റ് ചെയ്തു. ഇത്തരം പ്രസ്താവനകള്‍ തന്റെ സന്ദര്‍ശന വേളയില്‍ ട്രംപ് നടത്തിയാല്‍ അത് അപമാനകരമാകുമെന്നു അല്‍ നഹ്യാന്‍ കണക്കു കൂട്ടുന്നു.

വരും ദിവസങ്ങളില്‍ ഉപരോധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ സമ്മര്‍ദം ശക്തിപ്പെടാനാണ് സാധ്യത. കാരണം ഉപരോധം തുടരുന്നത് മേഖലയിലെ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. അതേസമയം തങ്ങളുടെ ആവശ്യങ്ങളില്‍ നിന്ന് ഒരിഞ്ചു പോലും പിറകോട്ടു പോവാന്‍ ഉപരോധ രാജ്യങ്ങള്‍ ഇനിയും തയ്യാറായിട്ടില്ല.

ട്രംപിന്റെ സഹായമില്ലാതെ ഉപരോധം എങ്ങിനെ മുമ്പോട്ട് കൊണ്ട് പോകാനാകും എന്നതായിരിക്കും അയല്‍രാജ്യങ്ങളുടെ മുമ്പിലുള്ള വെല്ലുവിളി.

Comments


Page 1 of 0