// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  28, 2018   Saturday   01:03:04pm

news



സൗദി അറേബ്യ 2014 മുതൽ 600-ഓളം വധശിക്ഷകൾ നടപ്പിലാക്കിയിട്ടുണ്ട്.

whatsapp

ജിദ്ദ: കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ സൗദി അറേബ്യ 48 പേരുടെ വധശിക്ഷ നടപ്പിലാക്കിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു. ഇതിൽ പകുതിയോളം പേരും മയക്കുമരുന്ന് കേസുകളിൽ പെട്ടവരായിരുന്നുവെന്ന് റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടി. ലോകത്തിൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ: ഭീകര പ്രവര്‍ത്തനം, കൊലപാതകം, ബലാത്സംഗം, സായുധ മോഷണം, മയക്കുമരുന്ന് കടത്തൽ എന്നീ കുറ്റങ്ങൾക്കാണ് വധശിക്ഷ നൽകാറുള്ളത്.

രാജ്യത്തിലെ വിചാരണകളുടെ നടത്തിപ്പിനെക്കുറിച്ച് മനുഷ്യാവകാശ വിദഗ്ദ്ധർ തുടർച്ചയായി ഉൽക്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ വധശിക്ഷ കൂടുതൽ കുറ്റകൃത്യങ്ങൾ തടയാനുള്ള ഒരു മാര്‍ഗമാണെന്ന അഭിപ്രായമാണ്‌ സൗദി സർക്കാറിനുള്ളത്.

"സൗദി അറേബ്യയിൽ ധാരാളം വധശിക്ഷകൾ നടക്കുന്നുണ്ട്; പക്ഷേ, വധിക്കപ്പെട്ടവരിൽ പലരും അക്രമാസക്തമായ കുറ്റകൃത്യം ചെയ്തവരല്ല," ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ മിഡിൽ ഈസ്റ്റ്‌ ഡയറക്ടർ സാറാ ലേ വിറ്റ്സൺ പറഞ്ഞു.

സൗദി അറേബ്യ 2014 മുതൽ 600-ഓളം വധശിക്ഷകൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതിൽ മയക്കുമരുന്നു കേസുകളാണ് കൂടുതൽ. കഴിഞ്ഞ വർഷം രാജ്യത്ത് 150 പേരെ വധശിക്ഷക്ക് വിധേയരാക്കി. വാളുകൊണ്ട് ശിരഛേദം ചെയ്താണ് വധശിക്ഷ നടപ്പിലാക്കുന്നത്. കൊലപാതകത്തിനൊഴികെ മറ്റു കുറ്റകൃത്യങ്ങള്‍ക്ക് ശിരഛേദത്തിൽ നിന്ന് ജീവപര്യന്തം തടവിലേക്കു ശിക്ഷാരീതി മാറ്റുന്നത് പരിഗണിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ടൈം മാഗസിനിൽ ഇയ്യിടെ നടത്തിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Comments


Page 1 of 0