// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 25, 2018 Wednesday 05:43:25pm
ദോഹ: ഒമാനും ഖത്തറും തമ്മിലുള്ള സംയുക്ത വിസ കരാറിൻറെ അടിസ്ഥാനത്തിൽ 33 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ ഇനി ഒമാനിൽ പ്രവേശിക്കാം. ഇരു രാജ്യങ്ങളും അംഗീകരിച്ച ഒരു ലിസ്റ്റ് പ്രകാരമാണ് സംയുക്ത ടൂറിസ്റ്റ് വിസകൾ കൊടുക്കുന്നതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കാനാണ് കരാർ.
ഖത്തർ നൽകുന്ന ടൂറിസ്റ്റ് വിസയിൽ വിദേശ സഞ്ചാരികൾക്ക് ഒമാനിൽ ഒരു ഫീസും കൊടുക്കാതെ പ്രവേശിക്കാൻ കഴിയും, അവർ സുൽത്താനേറ്റിനു മുൻപായി മറ്റൊരു രാജ്യത്തും പ്രവേശിച്ചിട്ടില്ലെങ്കിൽ.
സംയുക്ത വിസ ഒമാനിൽ നിന്ന് എടുക്കാൻ 20 ഒമാനി റിയാൽ ഫീസായി ഈടാക്കും. ഖത്തറിൽ നിന്നാണ് സംയുക്ത വിസ എടുക്കുന്നതെങ്കിൽ 100 ഖത്തരി റിയാൽ ആയിരുക്കും ഫീസ്. വിസ ഇഷ്യു ചെയ്ത തീയതി മുതൽ ഒരു മാസത്തേക്കാണ് കാലാവധി. അതിനുമുമ്പ് രാജ്യം സന്ദര്‍ശിച്ചിരിക്കണം.
ഖത്തറിന്റെയും സുൽത്താനേറ്റിന്റെയും സംയുക്ത ടൂറിസ്റ്റ് വിസ 33 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ലഭ്യമാണെന്ന് ഖത്തറിന്റെ ഔദ്യോഗിക ഇ-ഗവൺമെന്റൽ പോർട്ടലായ ഹുകൂമിയും പറഞ്ഞു.
അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഐസ്ലാന്‍ഡ്, അയർലൻഡ്, ഇറ്റലി, കാനഡ, ഓസ്ട്രേലിയ, ജപ്പാൻ, ബെൽജിയം, ഓസ്ട്രിയ, ഡെൻമാർക്ക്, ഫിൻലൻഡ്, മൊണാക്കോ, വത്തിക്കാൻ, ലക്സംബർഗ്, നെതർലാൻഡ്സ്, നോർവേ, പോർട്ടുഗൽ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാന്റ്, യുണൈറ്റഡ് കിംഗ്ഡം, സാൻ മരീനോ, ലിഷ്റ്റൻസ്റ്റൈന്‍, ബ്രൂണെ ദാറുസ്സലാം, സിങ്കപ്പൂർ, മലേഷ്യ, ഹോങ്കോങ്ങ്, ന്യൂസിലാൻഡ്, അൻഡോറ, ദക്ഷിണകൊറിയ എന്നിവയാണ് ഈ 33 രാജ്യങ്ങൾ.