// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 24, 2018 Tuesday 01:15:47pm
ന്യൂ ഡല്‍ഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിലെ (ഐ.ഐ.ടി) 50 പൂർവ്വ വിദ്യാർത്ഥികള്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ചു ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരിക്കുന്നു. പട്ടിക ജാതി, പട്ടികവർഗ്ഗ, മറ്റു പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് പുതിയ പാര്‍ട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തിനായി കാത്തുനിൽക്കുന്ന സംഘം പുതിയ പാര്‍ട്ടിക്ക് ബഹുജൻ ആസാദ് പാർട്ടിയെന്ന പേരാണ് നല്‍കിയിരിക്കുന്നത്.
"ഞങ്ങൾ 50 പേർ വിവിധ ഐ.ഐ.ടികളിൽ പഠിച്ചവരാണ്. ജോലി രാജി വെച്ച് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ഞങ്ങൾ. അംഗീകാരത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷ നൽകിയിട്ടുണ്ട്; അതിനിടയിൽ പാര്‍ട്ടിയുടെ പ്രാഥമിക കാര്യങ്ങൾ നോക്കുന്നു," സംഘടനയുടെ നേതാവായ ഐ.ഐ.ടി ഡൽഹി ബിരുദധാരി നവേൻ കുമാർ പറഞ്ഞു.
പാർട്ടി അംഗങ്ങൾ 2019-ലെ ലോക്സഭ തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി പ്രവര്‍ത്തനം നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
"ഞങ്ങൾ പെട്ടെന്ന് ഒന്നും ചെയ്യാൻ ആഗ്രഹിക്കുന്നില്ല, വലിയ ആഗ്രഹങ്ങളുള്ള ഒരു ചെറിയ രാഷ്ട്രീയ സംഘടനകളിലൊന്നായി മാറാനെ അത് സഹായിക്കൂ,” കുമാർ അഭിപ്രായപ്പെട്ടു.
“ബിഹാറിലെ 2020 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും അതിനുശേഷം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനുമാണ് ഞങ്ങൾ ഒരുങ്ങന്നത്,” കുമാർ വിശദീകരിച്ചു. പ്രധാനമായും പട്ടികജാതി, പട്ടികവർഗ്ഗ മേഖലകളിൽ നിന്നുള്ള അംഗങ്ങൾ അടങ്ങുന്ന സംഘം പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം, തൊഴിൽ എന്നിവയിൽ അവർക്ക് അർഹിച്ച പരിഗണന കിട്ടിയിട്ടില്ലെന്ന് കരുതുന്നു.
ബി. ആർ. അംബേദ്കർ, സുഭാഷ് ചന്ദ്രബോസ്, എ.പി.ജെ. അബ്ദുൽ കലാം എന്നിവരുടെ ചിത്രങ്ങളുള്ള ഒരു പോസ്റ്റർ ഉയര്‍ത്തിപിടിച്ച്, പുതിയ പാര്‍ട്ടി സോഷ്യൽ മീഡിയയിലൂടെ പ്രചാരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ ലഭിച്ചാൽ ചെറിയ യൂണിറ്റുകൾ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനാണ് പാര്‍ട്ടിയുടെ പദ്ധതി. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ എതിരാളികളെന്ന നിലയിലിലാവില്ല തങ്ങളുടെ പ്രവര്‍ത്തനമെന്ന് കുമാർ അറിയിച്ചു.