// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 23, 2018 Monday 07:02:23pm
റിയാദ്: റിയാദിലെ രാജകൊട്ടാരത്തിന് സമീപം ഒരു ടോയ് ഡ്രോൺ സൌദി സേന വെടിവെച്ചിട്ടു. ഖുസാമ പരിസരത്ത് കളിപ്പാട്ടം പോലെ തോന്നിയ ഒരു ചെറിയ ഡ്രോൺ അനധികൃതമായി അന്തരീക്ഷത്തില്‍ കണ്ടതിനെ തുടര്‍ന്ന് സുരക്ഷാ സേന അതിനെ “കൈകാര്യം ചെയ്തെന്ന്” റിയാദ് പോലീസിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചതായി അൽ-ജസീറ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കയാണ്.
സോഷ്യൽ മീഡിയയിൽ വൈറല്‍ ആയ ദൃശ്യങ്ങൾ രാഷ്ട്രീയ അസ്വസ്ഥതകളെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കി. വീഡിയോകളുടെ ആധികാരികത നേരിട്ട് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അൽ-ജസീറ പറഞ്ഞു.
സംഭവം നടന്ന സമയത്ത് രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ-സൗദ് കൊട്ടാരത്തിൽ ഉണ്ടായിരുന്നില്ലെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ റോയിട്ടേഴ്സ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാജാവ് റിയാദില്‍തന്നെയുള്ള തന്റെ കൃഷിത്തോട്ടമായ ദിരിയയിൽ ആയിരുന്നുവെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.
കഴിഞ്ഞ കൊല്ലം ഒക്റ്റോബറിൽ തോക്കുധാരിയായ ഒരാൾ ജിദ്ദയിലെ രാജകൊട്ടാരത്തിന്റെ കവാടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റി വെടിവെക്കാൻ തുടങ്ങി. വെടിവെപ്പിൽ രണ്ട് സുരക്ഷാ ഗാർഡുകൾ മരിക്കുകയും, മൂന്നു പേർക്ക് പരിക്കേറ്റുകയും ചെയ്തു. ആക്രമിക്കാന്‍ ശ്രമിച്ച ആളും മരണപ്പെട്ടു.
മൻസൂർ അൽ-അമരി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന 28 വയസ്സുള്ള ആക്രമണകാരിയുടെ കൈവശം ഒരു കലാഷ്നിക്കൊവ് റൈഫിൾ, മൂന്ന് മോളോട്ടൊവ് കോക്കുട്ടെയിലുകൾ എന്നീ ആയുധങ്ങൾ ഉണ്ടായിരിന്നുവെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.