ഈയുഗം ന്യൂസ് ബ്യൂറോ
April 21, 2018 Saturday 01:06:00pm
റിയാദ്: വിനോദസഞ്ചാര മേഖലയിൽ സൗദി അറേബ്യ ഒരു പ്രധാന നവോത്ഥാനത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതായി സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് (എസ്. സി. ടി.എച്ച്) പ്രസിഡന്റ് സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ പ്രസ്‌താവിച്ചു. ഈ സുപ്രധാന മേഖലയുടെ വളർച്ചക്ക് ഊന്നൽ നൽകാൻ നിര്‍ദ്ദേശിച്ച സൗദി രാജാവ് സൽമാന്റെ പിന്തുണയോടെയാണ് ഈ മുന്നേറ്റമെന്ന് സുൽത്താൻ ചൂണ്ടിക്കാട്ടി.
അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ നടക്കുന്ന ഗ്രൂപ്പ്-20 ടൂറിസം മന്ത്രിമാരുടെ എട്ടാം സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ടൂറിസം വികസിപ്പിക്കാനുള്ള ഒരു പദ്ധതി കമ്മീഷൻ ഇതിനകം സമർപ്പിച്ചിട്ടുണ്ട്. സർക്കാർ 2005-ൽ അംഗീകാരം നൽകിയതാണത്. ദേശീയ പരിവർത്തന പരിപാടിയിലും, രാജ്യത്തിന്റെ വിഷൻ 2030-ലും വിനോദസഞ്ചാര മേഖല ഒരു കേന്ദ്ര ഘടകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ ഗവൺമെന്റ് സ്ഥാപനങ്ങൾ വിനോദസഞ്ചാര മേഖലയിൽ ഏകദേശം അര ട്രില്യൺ യുഎസ് ഡോളർ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജി-20 രാജ്യങ്ങളിൽ നിന്നുള്ള ടൂറിസം മന്ത്രിമാരുടെ ഇനിയുള്ള യോഗങ്ങളിൽ പങ്കെടുക്കാൻ സംസ്ക്കാരിക വകുപ്പു മന്ത്രിമാരെയും, പാരമ്പര്യ വകുപ്പ് ഉദ്യോഗസ്ഥരെയും ക്ഷണിക്കുന്നതിൻറെ പ്രാധാന്യം സുൽത്താൻ രാജകുമാരൻ ഈ അവസരത്തിൽ ചൂണ്ടിക്കാട്ടി.
“ജി-20 രാജ്യങ്ങൾ സമർപ്പിച്ച നിര്‍ദ്ദേശങ്ങളും, പദ്ധതികളും പരിശോധിച്ചതില്‍നിന്ന് സംസ്കാരം, പാരമ്പര്യം എന്നിവയിൽ നിന്ന് വിനോദസഞ്ചാരത്തെ വേർതിരിക്കുന്നത് അസാധ്യമാണെന്ന് ഞങ്ങൾ കണ്ടെത്തി,” അദ്ദേഹം പറഞ്ഞു. "വിനോദസഞ്ചാരം ഒരു സാമ്പത്തിക ശ്രോതസ്സ് മാത്രമല്ല, സംസ്കാര വിനിമയത്തിലും ജനങ്ങളെയും രാജ്യങ്ങളെയും ഒന്നിച്ചുചേർക്കുന്നതിലും ഒരു പ്രധാന പങ്കു വഹിക്കുന്നു."
കഴിഞ്ഞ രണ്ട് വർഷമായി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജിനും, വിനോദസഞ്ചാര മേഖലക്കും സർക്കാരിൽ നിന്ന് ഗണ്യമായ പിന്തുണ ലഭിച്ചിട്ടുണ്ട് എന്ന വസ്തുത സുൽത്താൻ രാജകുമാരൻ എടുത്തുപറഞ്ഞു.