PERSPECTIVES

കൊറോണാ കാലമായതിന് ശേഷം ജനലുകൾക്കെല്ലാം ഒരു വല്ലാത്ത ആകർഷണം.. മുമ്പെങ്ങുമില്ലാത്ത എന്തോ ഒരു പ്രത്യേകത... എന്റെ പുറം കാഴ്ചകൾ ഇപ്പോൾ ജനലിൽ കൂടി മാത്രമാണ്...

ജനലുകളും പാളികളും മുമ്പും അവിടെ തന്നെ ഉണ്ടായിരുന്നു... അല്ലങ്കിലും അതെല്ലാം ശ്രദ്ധിക്കാൻ ആർക്കായിരുന്നു സമയം?.. തിരക്ക് ആയിരുന്നില്ലെ... സർവത്ര തിരക്ക്....

പുറത്തിറങ്ങാൻ കഴിയാത്തതിലുള്ള വിഷമം ആദ്യ ദിവസങ്ങളിൽ എന്നെ വല്ലാതെ അലട്ടിയിരുന്നു.. ഇപ്പോൾ ഞാൻ ലോക്ക്ഡൗൻ ആസ്വദിക്കാൻ തുടങ്ങിയ ദിനങ്ങളാണ്..

മുമ്പ്, ഷോപ്പിംങ്ങ്..വൈകുന്നേരങ്ങളിലെ നടത്തം ... സൽക്കാരങ്ങൾ... ആഴ്ചയിൽ ഒരു ദിവസമെങ്കിലും പുറത്തു നിന്നു ഭക്ഷണം.... എന്തായിരുന്നു... ജഗ പൊക...

ഇപ്പോൾ എല്ലാം ജനലുകളിൽ കൂടിയുള്ള നേർക്കാഴ്ചകളിൽ മാത്രം ഒതുങ്ങി.. രാവിലെ നാലു മണിക്ക് ജനലിന്റെ കർട്ടൻ വകഞ്ഞു മാറ്റി പുറം കാഴ്ചകളിൽ മുഴുകും. നേർത്ത വെളിച്ചം പകർന്നു വരുന്ന പുലരിയിൽ ആദ്യം കാണുന്ന നേർക്കാഴ്ച...

കൊറോണയുടെ ഈറ്റില്ലമായ എയർ പോർട്ടിലേക്ക് പോകുന്ന ജോലിക്കാർ ബസ്സ് കാത്തുനിൽക്കുന്നതാണ് ദിവസവും ആദ്യ ജാലക കാഴ്ച.. അവരുടെവസ്ത്രങ്ങൾക്കു തന്നെ പല വർണ്ണമാണ്... പച്ച, ഓറഞ്ച്, നീല, വെള്ള എന്നീ വർണ്ണങ്ങൾ.. എല്ലാവരും ഒരേ സ്ഥലത്താണോ ജോലിയെടുക്കുന്നത്?...

ആയിരിക്കില്ല...

ഏതായാലും, കൊറോണ ഭീതിയില്ലാത്ത ധൈര്യശാലികൾ.. എന്നവരെ വിശേഷിപ്പിക്കാൻ കഴിയുമോ എന്നെനിക്കറിയില്ല... നാട്ടിലെ പ്രാരാബ്ധങ്ങളുടെ ലിസ്റ്റിൽ കൊറോണയെന്നോ, ലോക്ക്ഡൗണെന്നോ എഴുതിയിട്ടില്ല...

നോക്കി നിൽക്കുന്നതിനിടയിൽ ഒന്നാമത്തെ ബസ്സ് വന്നു. ഓറഞ്ച് നിറമുള്ള വസ്ത്ര ധാരികൾ വരി വരിയായി അതിൽ കയറി.. അല്പസമയത്തിനു ശേഷം രണ്ടാമത്തെ ബസ്സും വന്നു പച്ച നിറമുള്ള വസ്ത്രം ധരിച്ചവർ അതിൽ യാത്രയായി... പിന്നീട് വന്നത് കോട്ടും സൂട്ടും ധരിച്ചവർക്കുള്ള പ്രത്യേക വാഹനമായിരുന്നു.. നീലയും, വെള്ളയും യൂണിഫോമണിഞ്ഞവർ അവസാനം വന്ന വാഹനത്തിലും കയറി യാത്രയായി...

എതിർ ഭാഗത്തുള്ള ഫ്ലാറ്റിൽ താമസിക്കുന്നത് ദൈവത്തിന്റെ മാലാഖകളായ നഴ്‌സുമാർ...അവരും വാഹനത്തിനു വേണ്ടി കാത്തു നിൽക്കുന്നു. അവരും പോയി കഴിഞ്ഞാൽ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്നയാൾ വളർത്തു പട്ടിയെ അപ്പിയിടീക്കാൻ വരും. പണ്ടെന്റെ ഉമ്മ പറയാറുണ്ട്. "നായിക്ക് തൂറാൻ മുട്ടിയത് പോലെ."

അത്രക്ക് തിരക്കിട്ട ഒരു വരവാണ്. പട്ടി മണംപിടിച്ചു സ്ഥലമൊക്കെ സെലക്റ്റ് ചെയ്തിട്ടാണ് കാര്യം സാധിക്കുക. കഴിഞ്ഞാൽ യജമാനൻ കയ്യിൽ ഉള്ള പേപ്പർ കൊണ്ട് വാരി വേസ്റ്റിലിടും. അവർ പോയി കഴിഞ്ഞാൽ എത്ര നിർത്തിയിട്ട കാറുകൾ പോയി എന്ന് നോക്കലാണ് എൻ്റെ അടുത്ത ജോലി.

ഒന്നോ രണ്ടോ കാറുകളെ പോയിട്ടുണ്ടാവുകയുള്ളു. അത്രയാളുകളേ ജോലിക്ക് പോകുന്നുള്ളു. നാലു നിലയിൽ നാല്പത്തിയെട്ടു ഫ്‌ളാറ്റുകൾ ഉണ്ട് ഞങ്ങളുടെ ബിൽഡിങ്ങിൽ. അത്രയും ജനങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്.

നിറയെ കുട്ടികളും ബഹളവുമുള്ള ഒരു അന്തരീക്ഷമായിരുന്നു പരിസരമാകെ. ഒരു കുട്ടിയുടെ ശബ്ദം പോലും വെളിയിൽ കേൾക്കുന്നില്ല. എലാവരും അവരവരുടെ മാളങ്ങളിൽ ഒതുങ്ങിയിരിക്കുന്നു..

കൊറോണ ഭീതിയിലാണെല്ലാവരും. മുന്നേ.. കോറിഡോറിലും താഴെ ലോബിയിലും കുട്ടികൾ കളിക്കുകയും പെണ്ണുങ്ങൾ കൂട്ടം കൂടുകയും കുശലം പറയുകയും ചെയ്യാറുണ്ട്. ഇപ്പോൾ അത്തരം കാഴ്ചകൾ കാണുന്നില്ല.. പണ്ട് പ്രായമുള്ളവർ, കുട്ടികൾ കരയുമ്പോൾ... "പോത്താമ്പി വരും" എന്നു പറഞ്ഞു പേടിപ്പിക്കാറുണ്ട്. എന്താണ് ഈ പോത്താമ്പി... ഇത് വരെ എനിക്ക് മനസ്സിലായിട്ടില്ല...

അതെല്ലാം പോട്ടെ.... എൻ്റെ ജാലക വിരികൾ വീണ്ടും നിവർത്തിയിടാം. രാവിലത്തെ കാഴ്ച്ചകൾ കണ്ട് കഴിഞ്ഞാൽ എൻ്റെ രണ്ടാം ഉറക്കത്തിൻ്റെ സമയമായി. പിന്നെ അടുത്ത ഊഴം എട്ട് മണി വരെ ഉറക്കം. എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ കഴിയുമ്പോഴേക്കും പ്രാതൽ റെഡി. കൊറോണ കാലമായത് കൊണ്ട് കെട്ട്യോൻ ജോലിക്ക് പോകന്നില്ല. പുള്ളി മൂന്ന് മണിക്ക് എഴുന്നേറ്റാൽ പിന്നെ എന്തങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കണം. കൂട്ടത്തിൽ ഞങ്ങളുടെ പ്രാതലിൻ്റെ കാര്യവും നടക്കും. ഞാൻ ഭക്ഷണം കഴിഞ്ഞാൽ ഉടനെ ബാൽക്കണി ലക്ഷ്യം വെക്കും അവിടെ എന്റെ ചെടികൾ കാത്തിരിപ്പുണ്ടാവും.എന്നെ കാണുന്ന മാത്രയിൽ ഇലകൾ ആട്ടിയും പൂക്കൾ പൊഴിച്ചും എന്റെ സാമീപ്യം അവർ അറിയിക്കും... കേട്ട്യോൻ ജോലിക്കു പൊയ്ക്കൊണ്ടിരുന്നപ്പോൾ അവരായിരുന്നല്ലോ എന്റെ കൂട്ടുകാർ...എന്റെ കൊച്ചു പൂന്തോട്ടം...അവിടമാണെന്റെ " കോർണിഷ് " ചെടികളെ തൊട്ട് തലോടിയും കുശലം പറഞ്ഞും അവർക്ക് വെള്ളവും വളവും കൊടുത്തും സമയം ചിലവഴിക്കും... ഇലകളും പൂക്കളും ദിവസവും സസൂക്ഷം നിരീക്ഷിക്കും...സന്തോഷം പങ്കുവെക്കും..

ഇതെല്ലാം എൻ്റെ കെട്ട്യോന് ഒരു വട്ട് കേസായിട്ടാണ് തോന്നിയിരുന്നത്. പക്ഷെ പുള്ളിയും ഇപ്പോൾ ഇതെല്ലാം ആസ്വദിക്കാൻ തുടങ്ങിയിട്ടുണ്ട്. ഞാൻ എഴുന്നേൽക്കുന്നതിന് മുമ്പ് തന്നെ ചെടികളെ ശുശ്രൂഷിക്കാനും നനക്കാനും തുടങ്ങി. മറ്റൊന്നുംകൊണ്ടല്ല.

സസ്യങ്ങൾക്ക് വെള്ളം കൊടുക്കുന്നത് പ്രതിഫലം കിട്ടുന്ന കാര്യമാണന്ന് ഖുർആൻ ക്ലാസിൽ ഉസ്താദ് പഠിപ്പിച്ചിരുന്നു. പ്രതിഫലം എന്ന് എവിടെ കേട്ടാലും അത് അടിച്ചു മാറ്റലാണ് പുള്ളിയുടെ ജോലി. 'പ്രവാചകൻ ഭാര്യമാരെ സഹായിച്ചിരുന്നു' എന്ന് കേട്ടത് കൊണ്ടാണ് രാവിലത്തെ പ്രാതൽ ഉണ്ടാക്കുന്ന ജോലിയിൽ നിന്നും ഇപ്പോൾ ഞാൻ ഫ്രീ ആവുന്നത്.... കുട്ടികളുടെ റൂമിലെ ജനൽപ്പടിയിലാണ് കറ്റാർവാഴ കൃഷി. മക്കൾ സ്ഥലത്ത് ഇല്ലാത്തത് കൊണ്ടും മുറിയിൽ ആൾപെരുമാറ്റം ഇല്ലാത്തതു കൊണ്ടും കറ്റാർവഴചട്ടിയിൽ ഒരമ്മയക്കിളി കുടിയേറിത്താമസമാക്കി. അദ്യം അമ്മ മാത്രമെ ഉണ്ടായിരുന്നൊള്ളു. അവൾ രണ്ടു മുട്ടകളിട്ടിരിക്കുന്നു. അടയിരിക്കുന്നതും വിരിയുന്നതും നോക്കിയിരിക്കലാണ് ഞങ്ങളുടെ നേരം പോക്കുകൾ.അവരുടെ ഓരോ ചലനങ്ങളും ഞങ്ങൾ വീക്ഷിച്ച് കൊണ്ടിരുന്നു.

മക്കളിൽ നിന്ന് ഒരു പ്രത്യുപകാരവും ഇങ്ങോട്ട് പ്രതീക്ഷിക്കാത്ത അവർ മക്കളെ സംരക്ഷിക്കുന്നത് കണ്ടാൽ നമ്മളൊക്കെ എത്ര നിസ്സാരൻമാരാണെന്ന് തോന്നിപ്പോകും. രണ്ടാഴ്ച പ്രായമായി. അമ്മ തീറ്റ തേടി പോകാൻ തുടങ്ങി... അപ്പുറത്തെ വീട്ടിലെ അമ്മുമ്മ ജനലിൽ കൂടി ഞങ്ങളുടെ വീട്ടിലെ ചെടികളും പക്ഷികളെയും നോക്കി നിൽക്കും. അവരുടെ മുഖത്തെ സന്തോഷം എനിക്ക് കൗതുകമായിരുന്നു.. എന്നെ കണ്ടാൽ അവർ തിരിച്ച് പോകും. അവർ ആസ്വദിക്കുന്നത് കണ്ട് ഇപ്പുറത്ത് ഒളിഞ്ഞ് നിന്ന് ഞാനും ആസ്വദിക്കും.

ഇന്ന് നല്ല മഴക്കാറുണ്ട്.. മഴ പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘാവൃതമായ കറുത്ത നിറമാർന്ന ആകാശം..ചാറ്റൽ മഴ ഒരു തണുത്ത കാറ്റിന്റെ അകമ്പടിയോടെ പെയ്യാൻ തുടങ്ങി...ഒരു സമാധാനത്തിന്റെ ദൂതനെ പോലെ മഴ കനക്കുന്നു...പുറത്തെ അമ്മക്കിളി തന്റെ കുഞ്ഞുങ്ങൾക്ക് ചിറകിനടിയിൽ സംരക്ഷണമൊരുക്കുന്ന തിരക്കിലാണ്. അമ്മക്കിളിയെയും കഞ്ഞുങ്ങളെയും ശല്ല്യപ്പെടുത്താതെ പതിയെ എൻ്റെ ജാലകം അടച്ചോട്ടെ.


ഈയുഗം