PERSPECTIVES

മൂന്നാഴ്ചയോളം മുപ്പൂട്ടിട്ട് പൂട്ടിയിരുന്ന ഞങ്ങളുടെ വാർഡിൽ ഇളവുകൾ പ്രഖ്യാപിച്ചു.രാവിലെ മിൽമക്കൂടുകൾ വാങ്ങാൻ പുറത്തേക്കിറങ്ങിയപ്പോൾ, വഴിയിൽ വിഷണ്ണനായി ബാർബർ ജാഫറ് ചേട്ടൻ.

"ഇതെന്നാ ചേട്ടാ ഈ വെളുപ്പിനെ തന്നെ ഒരു വിഷണ്ണത ? "

"മുടി മുറിച്ചതിന്റെ പേരിൽ, സിനിമയിലെ ഒരു ചെറുക്കൻ ഇരന്നു വാങ്ങിയ വിലക്ക് നീക്കിക്കിട്ടിയപ്പോൾ, നാട്ടിലാർക്കും മുടി വെട്ടാൻ പറ്റാത്ത അവസ്ഥയായല്ലോടാ ! ഈ വെളുപ്പാൻകാലത്ത് തന്നെ എന്നാ ചൂടാടാ ഊവ്വേ ? "

" ചേട്ടനെ തണുപ്പിക്കുന്ന ഒരു കാര്യം പറയാം ."

" ആഗോളതാപനത്തെക്കുറിച്ചും മനുഷ്യനിർമ്മിതമായ അതിന്റെ കാരണങ്ങളെക്കുറിച്ചും അന്തരീക്ഷത്തിലെ ഓസോൺപാളിയിലെ വിള്ളലുകളെക്കുറിച്ചും അതിലൂടെ അരിച്ചിറങ്ങുന്ന ചില ചൂടൻകിരണങ്ങളാൽ ഭൂമിയിൽ ചൂട് കൂടുന്നതിനെക്കുറിച്ചുമൊക്കെ നമ്മുടെ മമ്മുക്ക പണ്ടേ ബോധവാനാണ്."

"മനസ്സിലായില്ലല്ലോടാ ഊവ്വേ ! അതിനു ഞാനെന്നാ വേണം ! നിനക്കെന്നാടാ കൊറോണ കടിച്ച് വട്ടായോ? "

"താപനത്തെ ചെറുക്കാനാണല്ലോ പുള്ളി ഉറങ്ങുമ്പോൾ പോലും കൂളിംഗ് ഗ്ളാസ് ധരിക്കുന്നത് !"

"ഇങ്ങനെയൊക്കെ ഊളത്തരം പറയാൻ നിനക്കെങ്ങനെ സാധിക്കുന്നെടാ ഊവ്വേ ? കണ്ണാടി വച്ചാൽ അത് അതിയാന് കൊള്ളാം! കൊറോണത്തെ എടപാട് കാരണം ഇവിടെ മനുഷന്റെ കുടി കൂടി മുട്ടിയിരിക്കുമ്പഴാ! സിനിമാക്കാർക്കും കിട്ടിയല്ലോ എട്ടിന്റെ പണി! തന്റെ വമ്പൻ സിനിമ ഇറങ്ങുമ്പോൾ കേരളം നിശ്ചലമാകും എന്നൊരു നിർമ്മാതാവ് പറഞ്ഞത് റിലീസിന് മുൻപേ പ്രാവർത്തികമായി. കേരളം മാത്രമല്ല ലോകം തന്നെ നിശ്ചലമായി എന്നു മാത്രം."

"ചേട്ടാ, അത് പോട്ടെ! "കൊവിടാനന്തര ഗാർഹിക ജീവിതം കൃഷിയിലൂടെ എങ്ങനെ സുഭദ്രമാക്കാം എന്നതിനെക്കുറിച്ച് നാളെ ഞാനൊരു പ്രബന്ധമവതരിപ്പിക്കുന്നുണ്ട്. ചേട്ടനും പങ്കെടുക്കണം."

"സുഭദ്രയോ ! മനസ്സിലായില്ലല്ലോടാ ഊവ്വേ ! നീയെന്റെ കസ്റ്റമറായിപ്പോയ സ്ഥിതിക്ക് നിന്നെ പിണക്കാതിരിക്കാൻ വന്നേക്കാം. എവിടെയാടാ വരേണ്ടത്? പഞ്ചായത്ത് ഹാളിലാന്നോ? "

" ചേട്ടൻ എങ്ങോട്ടും വരണ്ട. ചുമ്മാ വീട്ടിലിരുന്ന് പങ്കെടുത്താൽ മതി."

"മനസ്സിലായില്ലല്ലോടാ ഊവ്വേ ! നിനക്കെന്നാടാ ശരിക്കും കൊറോണ കടിച്ച് വട്ടായോ?"

"ചേട്ടന്റെ ഫോണിങ്ങു തന്നേ...ഞാനൊരാപ്പ് സെറ്റപ്പാക്കിത്തരാം.."

"ഇപ്പഴാ ഓർത്തത്. നാളെ ആ സമയത്ത് നമ്മുടെ പ്രതിപക്ഷനേതാവിന്റെ വാർത്താസമ്മേളനമുണ്ട്. പക്ഷമേതായാലും ഈ രാഷ്ട്രീയക്കാരുടെ പത്രസമ്മേളനങ്ങളാടാ ഇപ്പഴത്തെ എന്റർടെയ്ൻമെന്റ്. ഇതും കണ്ടോണ്ട് ഉച്ചക്ക് ചോറുണ്ടാൽ കറിയില്ലേലും അങ്ങിറങ്ങിക്കോളും ! എടാ നമ്മടെ പാക്കരന്റെ കടേൽ എല്ലാ സാധനങ്ങളും കിട്ടുമ്പം പിന്നെ എന്തിനാടാ നമ്മളീ കൃഷിപ്പണിക്കൊക്കെ പോകുന്നേ? "

" ചേട്ടാ, മനുഷ്യനുമേൽ സൂക്ഷ്മാണുക്കൾ മേൽക്കോയ്മ സ്ഥാപിച്ചു കഴിഞ്ഞ ഇക്കാലത്ത്, കൊറോണാ വൈറസ് ഭീതിയിൽ ലോകം തന്നെ പൂട്ടിക്കെട്ടിയിരിക്കുമ്പോൾ, നമ്മളെ ഊട്ടുവാൻ തുടർന്നും ഇതേയളവിൽ എവിടെയെങ്കിലുമൊക്കെ ആരെങ്കിലുമൊക്കെ,എന്തെങ്കിലുമൊക്കെ വിളയിച്ചു തരും എന്നു ചിന്തിക്കുന്നത് പോലും മണ്ടത്തരമാകാം! "

"പിന്നെന്തു ചെയ്യണമെന്നാടാ നീ പറഞ്ഞുവരുന്നത്?"

"ഭക്ഷ്യവിളകൾ - സാദ്ധ്യമായതെന്തും, മനുഷ്യന് കഴിക്കാവുന്നതെന്തും, വിശപ്പടക്കാവുന്നതെന്തും - അമിതപരിചരണമോ പരിലാളനമോ വേണ്ടാത്തവയായാൽ ഏറെ നന്ന്, വീട്ടുവളപ്പിൽ സ്വന്തം ഉപയോഗത്തിനായി വളർത്തുക. സൂര്യപ്രകാശത്തിന്റെ ലഭ്യതയ്ക്കനുസൃതമായി വിളകൾ ക്രമീകരിക്കുക. വിവിധ ധാന്യ, പയർ, കിഴങ്ങ്,പച്ചക്കറി, പഴവർഗ്ഗവിളകൾ തുടങ്ങിയവയ്ക്കൊപ്പം ധാന്യവിളകളും പരീക്ഷിക്കാം. ഇവയിൽ പലതിന്റെയും നാടൻ ഇനങ്ങളും നടീൽവസ്തുക്കളും നാട്ടിൻപുറങ്ങളിൽ ലഭ്യവുമായിരിക്കും.ചെറിയ ഒരു കോഴിക്കൂടും മൂന്നാല് നാടൻകോഴികളെയും ഒപ്പം കൂട്ടാം.ഒരു നാടൻപശു കൂടെയുണ്ടെങ്കിൽ ഉഷാർ ! സർക്കാർ സംവിധാനങ്ങളുടെ സഹകരണവും തേടണം.

ചാണകത്തിനും കോഴിക്കാഷ്ടത്തിനും പുറമെ,മാലിന്യങ്ങളൊക്കെ കമ്പോസ്റ്റാക്കി വിളകൾക്ക് നൽകാം. കമ്പോസ്റ്റും ചപ്പുചവറുമൊക്കെയിട്ട് മണ്ണിലെ ജൈവാംശം വർദ്ധിപ്പിക്കുക രാസവളങ്ങളും രാസകീടനാശിനികളും ഒഴിവാക്കുക.ഭക്ഷ്യസുരക്ഷക്കൊപ്പം മണ്ണിന്റെ ജീവനും പരിസ്ഥിതിസന്തുലനവുമൊക്കെ നമുക്ക് ഉറപ്പു വരുത്താം.ലളിതമായ ജൈവപ്രതിരോധ മാർഗ്ഗങ്ങളിലൂടെ വിളകളിലെ കീട-രോഗ നിയന്ത്രണവും ഉറപ്പാക്കാം.ചിലവോ തുച്ഛം ഗുണമോ മെച്ചം പണമോ മിച്ചം! "

" നിന്റെ പ്രസംഗം നീണ്ടുപോയെങ്കിലും പറഞ്ഞതിൽ മുഴുവനും പതിരല്ല ! കറൻസി കടിച്ചാൽ, കുട്ടികളുടെ വിശപ്പ് മാറില്ലല്ലോ ! വിശപ്പാണെടാ നമ്മുടെയൊക്കെ മെയ്ൻ ! "

" ചേട്ടന് വിവരമുണ്ട് ! സ്വന്തം മൂക്കും വായും മാസ്ക്കുപയോഗിച്ച് "ലോക്ക് ഡൌൺ" ചെയ്തും,കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കഴുകിയും, അനാവശ്യമായി വിരലുകൾ മൂക്കിലും കണ്ണിലും വായിലുമൊക്കെ ഇടുന്ന സ്വാഭാവമൊക്കെ അവസാനിപ്പിച്ചും,നമ്മുടെയൊക്കെ ചുറ്റുവട്ടത്തുള്ള കൊറോണക്കൂട്ടങ്ങളെ കബളിപ്പിക്കുകയും .ഒപ്പം കൂട്ടാതിരിക്കുകയും ചെയ്യാം..

ഹാപ്പി ഓണം ചേട്ടാ!

" "എടാ ഈ ഓണം കൊറോണക്കൊപ്പം. "കൊറോണം "

"ഹാഹാ.. ചേട്ടന് പ്രാസവുമുണ്ട്.


ഈയുഗം