PERSPECTIVES

ഏകാന്ത തടവിന്റെ പത്താം നാൾ …ഇനി നാല് ദിവസം കൂടി ഒറ്റക്കിങ്ങനെ പാതിരാനേരം .. മൊബൈൽ നോക്കിയും ടീവി കണ്ടും മടുത്തപ്പോൾ പണ്ടെങ്ങോ വാങ്ങി വെച്ച അലമാരയിലുള്ള ചിതലരിച്ചു തുടങ്ങിയ പുസ്തകങ്ങൾ ഓരോന്നായി വായിച്ചു തീർത്തു .. പകലുറക്കം കാരണം രാത്രി കൺപോളകൾ വിശ്രമിക്കാൻ കൂട്ടാക്കുന്നില്ല ... ഫ്‌ളാസ്‌കിലെ ചൂടുവെള്ളം ഇത്തിരിയെടുത്തു കുടിച്ചു ..

ഒറ്റപ്പെട്ട ഈ വലിയ വീട്ടിലെ നിശബ്ദത അസ്വസ്ഥതയുണ്ടാക്കുന്നു .. എന്തേലും എഴുതിയാലോ ? മനസ്സിലേക്ക് ഒന്നും വരുന്നില്ല .. ഇടുങ്ങിയ മുറിയിൽ നാല് ഇരട്ട കട്ടിലിൽ ശബ്ദകോലാഹലങ്ങൾക്കിടയിൽ തലയിണയിലേക്കു തല ചായ്ക്കുമ്പോഴേക്കും കണ്ണുകൾ വലിഞ്ഞടയും ...

രണ്ടു ദിവസം ലീവെടുത്തു ഉറങ്ങണമെന്നു ആശിച്ച നാളുകൾ ...
ഇനിയൊരു മടക്കമില്ലന്നുറപ്പിച്ചു .
ഓർമകളെല്ലാം പെറുക്കിയെടുത്തു ഭാണ്ഡമാക്കിയിറങ്ങുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി വര്ഷങ്ങളുടെ നെടുവീർപ്പുകൾ എന്നെ നോക്കി യാത്രയയപ്പു നൽകുന്നത് വേദനയോടെ കണ്ടു .
ഒരുപാടുമ്മകൾ നൽകിയ തലയിണ ... എന്റെ ശരീര ചൂടേറ്റവുമധികം അറിഞ്ഞ പഴയ കിടക്ക ..
അവരെയെല്ലാം അനാഥരാക്കി ഞാൻ മടങ്ങുകയാണ് ... ഈ മണ്ണിൽ നിന്നാൽ ഒരു പക്ഷെ എന്റെ അവശേഷിപ്പുപോലും നാട്ടിലേക്കെത്തില്ലന്നുറപ്പാണ് .. കൂടെ ജോലി ചെയ്തവരിൽ ചിലർ മരുഭൂമിയിലെ ഒറ്റപ്പെട്ട പത്തടി താഴ്ചയുള്ള കുഴിയിലേക്കെടുത്തെറിയപ്പെട്ടു കഴിഞ്ഞു ... അടുത്തടുത്തു വരുന്ന മഹാമാരിയിൽ ആരൊക്കെ ഈ മണ്ണിനവകാശിയായി മാറും ...
അറിയില്ല.

ഒരു പുസ്തകമെടുത്തു വായന ആരംഭിച്ചു ...
അപ്പോഴാണ് പുറത്തു നിന്നൊരു ശബ്ദം.
ചിലങ്കകൾ വലിച്ചിഴക്കുന്ന ശബ്ദം ...

മെല്ലെ മെല്ലെ ആ ചിലങ്ക ശബ്ദം എന്റെ വീടിന്റെ മുൻ വാതിൽ ലക്ഷ്യമാക്കി വന്നു ... ... പണ്ടെങ്ങോ ഇതിലൂടെ പൊട്ടികൾ (യക്ഷികളെന്നു പണ്ടുള്ളവർ) പോവാറുണ്ടത്രെ ... രാത്രി മുള്ളാൻ എഴുന്നേറ്റാൽ കപ്പക്കിഴങ്ങു പുഴുങ്ങിയാലുള്ള മണം മൂക്കിലേക്കടിക്കും ..
അതെ മണമുണ്ടോ എന്ന് വായു മൂക്കിലേക്ക് വലിച്ചു കയറ്റി നോക്കി ... ഇല്ല പാലപ്പൂവിന്റെ ഗന്ധമുണ്ടോ ? ഇല്ല …. ചന്ദ്രികാ സോപ്പിന്റെ മണമാണെന്നു തോന്നുന്നു ഈ യക്ഷിക്ക്.

പൊട്ടികളുടെ യാത്രാ വഴിയാണിത് .. അതിനാൽ അവിടെ കൃഷിയൊ ചെടികളോ വെച്ചാൽ ഉണ്ടാവില്ലെന്ന് പഴമക്കാർ പറയാറുണ്ട് .. ആ വഴിയുടെ അടുത്താണ് ഈ വീടും പരിസരവുമെല്ലാമുള്ളതു .. അന്ന് കുറ്റിയടിക്കാൻ വന്ന ആശാരി പറഞ്ഞതോർത്തു.
"അവരെ ബുദ്ധിമുട്ടിക്കരുത് ..വഴിയടക്കരുത് ..അവിടെ മലമൂത്ര വിസർജ്ജനം നടത്തരുത് .. അങ്ങിനെയാണെങ്കിൽ നിങ്ങൾക്കു സുഖമായി ജീവിക്കാം."

പണ്ട് രാത്രി മൂത്രമൊഴിക്കാൻ മുട്ടിയാൽ പേടിയാണ് ..കഴിയുന്നതും പിടിച്ചു നിർത്തും ..ഗതിമുട്ടിയാൽ ഉമ്മാനെ വിളിക്കും തെങ്ങിൻ ചോട്ടിലിരുന്നു കാര്യം സാധിക്കുമ്പോൾ പേടിക്കു നിൽക്കുന്ന ഉമ്മാനെ നോക്കും ..
ചിമ്മിനി വിളക്കിന്റെ നേരിയ വട്ടത്തിൽ ഉമ്മ തിണ്ണയിൽ തൂണും ചാരിയിരുന്നുറക്കം തൂങ്ങുകയാവും..
‘ചെറിയ കാറ്റു പോലും ഉണ്ടാവരുതേ’ എന്ന് പ്രാർത്ഥിക്കും ... ആ ചിമ്മിനി വിളക്കൊന്നണഞ്ഞു പോയാൽ ഞാൻ പേടിച്ചു മരിക്കും .. മൂത്രമൊഴിക്കുമ്പോഴും ഉമ്മാനെ നോക്കികൊണ്ടിരിക്കും ..

ഇളം കാറ്റിൽ ഉണങ്ങിയ വാഴയിലകൾ ഇളകിയാടുമ്പോളൊരു പേടി കയറും .
കാലുമുതൽ തല വരെ ഭയമങ്ങു കയറിക്കൂടും..
അവിടെ നിന്നാരോ തന്നെ മാടി വിളിക്കുന്നതുപോലെ തോന്നും..
അകലെ പാട വക്കത്തുകൂടെ ഒരു തീ ആളിക്കത്തുന്ന കാഴ്ച .. പെട്ടെന്ന് അണയുകയും ചെയ്യും. വിറയലോടെ ഉമ്മാനെ വിളിക്കും.

"ഉമ്മാ ..അങ്ങോട്ട് നോക്കിക്കേ "
പാവം ഉമ്മ …ഉറക്കത്തിൽ നിന്നും പെട്ടെന്ന് ഞെട്ടിയുണരും ...

"ന്തെ ,ന്തെ മോനെ കഴിഞ്ഞാ ...ന്നാ വാ ..വന്നു കെടക്ക് "
"അതല്ലാന്നു ..അവിടൊരു വെളിച്ചം കണ്ടു ..പ്പോ കാണാല്ല്യ "
"അതാരെങ്കിലും സിനിമക്കുപോയി വരാവും ... മോൻ വാ "
"അല്ലാന്നു ..മത്തോക്കു പുയുങ്ങ്യ മണം വര്ണ്ല്യേ ങ്ങക്ക് "

ഉമ്മ തിണ്ണയിൽ നിന്നെഴുന്നേൽക്കും ... നാലുഭാഗവും ഭീതിയോടെ നോക്കും എന്നിട്ടു പറയും.
"ഏയ് ഒന്നൂല്ല്യ ..യ്യി വന്നേ ഞമ്മക്ക് കെടക്കാ "
കുട്ടിക്കാലത്തെ ഓർമ്മകളിൽ ഇത്തിരിനേരം മനസ്സൊന്നു പിറകിലേക്ക് പോയെങ്കിലും ഇപ്പോൾ വീണ്ടും ചിലങ്കയുടെ കിലുക്കം കേൾക്കാം .. അതടുത്തടുത്തു വരികയാണ് ..മെല്ലെ മെല്ലെ ...
ഇപ്പോൾ ഉമ്മറവും കയറി ..വാതിൽക്കലെത്തി.

"ഡും ..ഡും "
വാതിലിൽ മുട്ടുന്നു ... ഭയം മനസ്സിനെ അബോധാവസ്ഥയിലേക്കു കൊണ്ട് പോകാൻ തുടങ്ങിയതാവാം എന്റെ ശ്വാസകോശത്തിനിടയിലൊരു പിടിവലി ... വീണ്ടും വാതിലിൽ മുട്ടുന്നു ചിലങ്ക ശബ്ദം കൂടുതലെടുക്കുന്നു.

"ഡും ..ഡും ..ഷ് ... വാതിൽ തുറക്കിൻ" അമർത്തിയ ശബ്ദത്തിൽ ആരോ വാതിൽ തുറക്കാൻ ആവശ്യപ്പെടുന്നു.

യക്ഷിയാവുമോ ... അതോ രക്ത രക്ഷസ്സ് ആവുമോ ?

"ഡും ..ഡും ..ഷ് ... വാതിൽ തുറക്കിൻ "
കൈകാലുകൾ തളർന്നുപോയിരുന്നു ..കിടന്നിടത്ത് നിന്നെഴുന്നേൽക്കാൻ കഴിയുന്നില്ല ..
"ആരാ ..... "
എന്ന് ചോദിച്ചെങ്കിലും ശബ്ദം തൊണ്ടകുഴിക്കപ്പുറം വന്നില്ല . കട്ടിൽ മുറുക്കെ പിടിച്ചു കിടന്നു ... കട്ടിയുള്ള പുതപ്പു കൊണ്ട് കണ്ണുകളെ വീണ്ടും ഇരുട്ടിലേക്ക് സ്ഥലം മാറ്റി തലമുടി കിടന്നു ... ..കുറച്ചു നേരം കൂടി വാതിൽക്കൽ മുട്ടിയെങ്കിലും കയറിവന്ന ചിലങ്കശബ്ദം നേർത്ത ശബ്ദത്തിൽ തിരികെ പോയി.

കാലത്തു ചായയുമായി വന്ന നല്ലപാതി മിസ്സ്കാൾ അടിച്ചു .. കട്ടിലിൽ പനിപിടിച്ചു പേടിച്ചു കിടക്കുന്ന എനിക്കെഴുന്നേൽക്കാനായില്ല ..

അതാണ് പതിവ് ..അവളൊന്നു മിസ്കാൾ അടിക്കും .. അപ്പോൾ ഞാനും ഒരു മിസ്കാൾ കൊടുക്കും .. എന്നിട്ടെന്റേതു മാത്രമായ പാത്രം കഴുകി വാതിൽ പടിയിൽ വെക്കും ..അവർ കൊണ്ട് വരുന്ന ഭക്ഷണം അതിലേക്കു ചൊരിയും ..ധൃതിപ്പെട്ടു പോകയും വീണ്ടുമൊരു മിസ്കാൾ നൽകും ... അവളും മക്കളും അടുത്തു തന്നെയുള്ള തറവാട്ടു വീട്ടിൽ താല്ക്കാലികമായ വാസത്തിലാണ് ..

മിസ്കാൾ നു മറുപടികിട്ടാതായപ്പോൾ അവൾ വിളിക്കുക തന്നെ ചെയ്‌തെങ്കിലും എനിക്കെഴുന്നേൽക്കാനാവുന്നില്ല ...വാതിലിനരികിലെത്തി അവൾ മുട്ടി തുടങ്ങി.

"ഡും ..ഡും .. ... വാതിൽ തുറന്നെ ഇക്കാ .. എണീറ്റില്ലേ ഇതുവരെ. "

തളർന്ന സ്വരത്തിൽ ഞാൻ പറഞ്ഞു.
"എണീറ്റ് .. എനിക്ക് പനിച്ചിട്ടു വയ്യാ .. നീ വാതിൽ തുറന്നു വാ "
പനി എന്ന് കേട്ടതും അവൾ പുറത്തിറങ്ങി ഓടി... അവളോറപ്പിച്ചെന്നു തോന്നുന്നു ..
പുറത്തിറങ്ങി മുറ്റത്തു നിന്ന് വീണ്ടും ചോദ്യം വന്നു ...
"പനി മാത്രേ ഉള്ളോ ... ചങ്കുവേദന ണ്ടാ ?"
ആ ചോദ്യത്തിലെ ആകുലത ഞാൻ തിരിച്ചറിഞ്ഞു ...
"അധികൊന്നൂല്യ .. ന്നാലും ച്ചിരേച്ചെ ണ്ടു "

പുറത്തിറങ്ങിയ അവൾ ആർക്കൊക്കെയോ ഫോൺ വിളി തുടങ്ങി.
സമയംഅധികമായില്ല ആംബുലൻസിന്റെ ചെവിട് തുളയ്ക്കുന്ന ഭീതിത ശബ്ദം വീടിന്റെ കോലായി വരെ എത്തി. പുറത്തു ചാവിക്കൂട്ടങ്ങൾ കിലുങ്ങുന്ന ശബ്ദം ... ശൂന്യാകാശത്ത് യാത്രക്ക് വന്നവരാണെന്നു തോന്നിക്കുന്ന ഒന്ന് രണ്ടു പേര് വീടിനകത്തേക്ക് മെല്ലെ മെല്ലെ കയറി വന്നു ..
എനിക്കാകെ പേടിയായി .. കാലന്മാരാണോ അതോ മലക്കുകളോ ....
അവരിൽ ഒരാൾ എന്റെ വാ തുറക്കാൻ ആവശ്യപ്പെട്ടു ..

“ഗഫൂർ വായൊന്നു തുറക്കൂ ... “
വായിലേക്കെന്തോ തിരുകി കയറ്റി ..മൂക്കിലും ..പിന്നെ രണ്ടു പാരസെറ്റാമോളെടുത്തു ടേബിളിൽ വെച്ച് എന്നോട് പറഞ്ഞു .

"ഇത് കഴിച്ചോ ... ഞങ്ങൾ റിസൾട്ട് അറിഞ്ഞിട്ടു വരാ .. അല്ലെങ്കിലും അവിടെ പോയി കിടക്കാനൊന്നും സ്ഥലമില്ല .. അസുഖമുണ്ടോ ഇല്ലയോ എന്നുറപ്പിക്കാതെ അങ്ങോട്ട് പോകാണ്ടിരിക്ക്യാ നല്ലതും .."

പുതപ്പിന്റെ തലഭാഗം മെല്ലെ ഉയർത്തി തുറന്നിട്ട വാതിലിലൂടെ പുറത്തേക്കു നോക്കി ...ദൂരെ വേലിക്കരികെ കുറച്ചു പേര് നിൽക്കുന്നുണ്ട് .. എന്നെ ആംബുലൻസിലേക്കെടുത്തു വെക്കുന്നതും നോക്കി അയൽവാസികളും നാട്ടുകാരും നിൽപ്പുണ്ട് .. വയസ്സായ അമ്മമാർ മൂക്കത്തു വിരൽ വെച്ചെന്തോ പറയുന്നുണ്ട് ..

നല്ലപാതി വിങ്ങിപ്പൊട്ടി നിലത്തിരിപ്പുണ്ട് ... ആംബുലൻസിൽ വന്നവർ എന്നെ കൊണ്ട് പോകുന്നത് കണ്ടില്ല എന്ന സങ്കടം അയൽവാസികളിലുണ്ടന്ന് തോന്നുന്നു ..അവർ നിരാശയോടെ പിരിഞ്ഞു പോയി .

അവർ നൽകിയ പാരസെറ്റമോൾ കഴിച്ചു ഞാൻ വീണ്ടും കിടന്നു .
ഇത്തിരി നേരം കഴിഞ്ഞപ്പോൾ മേലാകെ വിയർത്തു വന്നു .
പുതപ്പു വലിച്ചെറിഞ്ഞു ... കാഴ്ചക്കാരെല്ലാം പോയിരിക്കുന്നു ..

അവൾ മാത്രമുണ്ട് പ്ലാവിൻ ചുവട്ടിൽ ഇരിക്കുന്നു.
സ്ഥലകാല ബോധം വന്നത് കൊണ്ട് പിടഞ്ഞെണീറ്റു വീടിന്റെ തിണ്ണക്കരികിലേക്കവൾ വന്നു.

നിശ്ശബ്ദമായ ആ അന്തരീക്ഷത്തിൽ ഞാൻ വീണ്ടും കേട്ടു.
ആ ശബ്ദം..അടുത്തടുത്തു വരുന്ന ചിലങ്ക ശബ്ദം.

തുറന്നു വെച്ച ജനൽ പാളികൾക്കിടയിലൂടെ ഞാനവളുടെ കാലിലേക്ക് നോക്കി ..പാദസ്വരമാണ് കിലുങ്ങുന്നത്.

ഞാനവളെ നോക്കി ചിരിച്ചു. എന്റെ ചിരിയുടെ അർത്ഥം അവൾക്കു മനസ്സിലായില്ല . അവൾ ചിരിക്കാൻ ശ്രമിച്ചു .. പക്ഷെ അവൾക്കു ചിരിക്കാൻ കഴിയുന്നില്ല . അവൾ കേൾക്കാനായി ഞാൻ പറഞ്ഞു ...

"ഇന്നലെ പാതിരാവിനൊരു യക്ഷിവന്നെന്നെ പേടിപ്പിച്ചു .. അതോണ്ട് വന്ന പേടി പനിയാ ഇത് "

അവൾ ചോദ്യഭാവത്തോടെ വീണ്ടുമെന്നെ നോക്കി.
"ആ യക്ഷിയെന്നോട് വാതിൽ തുറക്കാൻ പറഞ്ഞു ... പ്രണയമായിരുന്നെന്നു ഇന്നാ അറിഞ്ഞത് ."

അവളുടെ മുഖത്ത് പലഭാവങ്ങൾ വിരിയുന്നത് ഞാൻ കണ്ടു.
"ഇന്ന് … ഇപ്പോ ഞാനാ യക്ഷിയെ നേരിട്ട് കണ്ടു ... എന്നാലും എന്തിനാവും ആ യക്ഷി.. അപ്പോ വന്നത് ?"

അവൾക്കു മുഖത്തു ദേഷ്യം വരുന്നത് ഞാൻ കണ്ടു ...
"അതേയ് ... ഇങ്ങള് ആണുങ്ങളെ വിശ്വസിക്കാൻ പറ്റൂലാ ..രാത്രിയിറങ്ങി നടക്കുന്നുണ്ടോന്നു നോക്കാൻ ഹെൽത്തിന്നു പറഞ്ഞിരുന്നു ...അത് നോക്കാൻ വന്നതാ യക്ഷി”
"ന്നാ ..ആ യക്ഷിക്കൊരു മിസ്കാൾ തന്നൂടായിരുന്നോ .. എങ്കിലിപ്പോൾ കണ്ട ബഹളമൊന്നും ഉണ്ടാവില്ലായിരുന്നു."
"എനിക്ക് ഭ്രാന്തു പിടിക്കണു ... ഒറക്കം വരുന്നില്ല ... ഇവിടെ വന്നു ഇത്തിരി നേരം മിണ്ടിപറഞ്ഞിരിക്കാന്നു കരുതി .. മ്മടെ മതിലുകളിൽ മമ്മുട്ടി സംസാരിക്കുന്നപോലെ."

തറവാട്ടു വീട്ടിൽ നിന്നും ഇത്താ വിളിക്കുന്നുണ്ട് ..
അവർക്കും പേടിയാണ് കുട്ടികളുള്ള വീടാ..ഇപ്പോൾ ആരോഗ്യവകുപ്പ് വന്നു സ്രവമെടുത്തു പോയിട്ടേ ഉള്ളൂ . റിസൾട്ട് എന്താന്നൊരു പിടിയും ഇല്ല. ഉമ്മറപ്പടിയിലിരുന്നാണെങ്കിലും സുഹറ ഓൾടെ കെട്ട്യോന്റടുത്തിരുന്നു സംസാരിച്ചാൽ കൊറോണ അവളിലൂടെ തറവാട് മുഴുവനും പടർന്നു കയറുമെന്ന ഭീതിയുണ്ടാവും ..

"സൂറാ ..ഇവടെ വന്നേ ..പ്പോ… പോവാ "
"താ വരണ് ..ത്താ ..."
"പൊയ്‌ക്കോ .. ഇവടെ അധികം നിൽക്കണ്ട .. എന്റെ റിസൾട്ട് പോസിറ്റീവാണെങ്കിൽ നിനക്കത് പകർന്നാൽ മക്കൾടെ കാര്യം കഷ്ടാവും "

അവൾ സങ്കടത്തോടെ എന്നെ നോക്കി ... വിങ്ങികൊണ്ടു പറഞ്ഞു.
"ഇല്ല ... അങ്ങിനെയൊന്നും …ണ്ടാവൂല ... ഇങ്ങൾ നാലീസം കൈഞ്ഞാ പൊറത്തു വരോലോ."

ഇത്താ വീണ്ടും വിളിച്ചു.
"ഡീ സൂറാ ..ഇപ്പൊ പോകാ .. ഒന്നിങ്ങു വന്നേ."
അവൾ ജനൽ വഴി ഒരിക്കൽ കൂടെ എന്നെ നോക്കി എന്നിട്ടു തല താഴ്ത്തി പറഞ്ഞു ...
"ഇന്ന് ആ യക്ഷി വന്നാ മുണ്ടണം . മുണ്ടോ.. വാതിലൊന്നും തൊറന്നില്ലേലും ചൊമരിനപ്പുറമിപ്പുറവുമിരുന്നു നേരം വെളുക്കോളം വർത്താനം പറയണം. "

പാവം ... എന്നെക്കാൾ വിഷമിക്കുന്നതവളാവും ... രണ്ടു വര്ഷങ്ങള്ക്കു ശേഷമുള്ള കണ്ടു മുട്ടലാണ് .. യാത്രയാവുമ്പോൾ കൊടുക്കുന്ന അവസാന ചുംബനത്തിൽ ജീവിതം സമർപ്പിച്ചു പോയി തിരികെ വരുമ്പോൾ ലഭിക്കുന്ന ആദ്യ ചുംബനത്തിലൂടെ നേടിയെടുക്കുന്ന നിർവൃതി …
അതാണ് ഓരോ പ്രവാസിയുടെയും ആകെ തുക ...

വേണ്ടായിരുന്നു ..അവിടെ തന്നെ കഴിഞ്ഞുകൂടായിരുന്നു .. ജീവിതം ബാക്കിയായിരുന്നെങ്കിൽ മാത്രം വന്നാൽ മതിയായിരുന്നു ...ഈ റിസൾട്ട് അറിയാതെയിനി ഉറക്കം വരില്ല ... ഒന്നും വായിക്കാനോ മൊബൈൽ നോക്കുവാനോ കഴിയുന്നില്ല ..ആധിയാണ് .. റിസൾട്ട് പോസിറ്റീവാണെങ്കിൽ ... ഒരു പക്ഷെ ഈ ജീവിതത്തിലെ ഈ വീട്ടിലെ അവസാന ദിവസമാകുമോ പടച്ചോനെ ...

വിഭ്രാന്തിയിൽ വഴിയോരത്തേക്കു കണ്ണ് നട്ടിരിക്കുന്ന നേരത്തു വേലിക്കരികിലൂടെയൊരാൾ കുനിഞ്ഞു കൂടി വരുന്നത് കണ്ടു ..
സൂക്ഷിച്ചു നോക്കിയപ്പോൾ കുഞ്ഞിതള്ളയാണ് ..വയസ്സ് എണ്പതുകഴിഞ്ഞിരിക്കും ..ഉമ്മാടെ ഉറ്റ തോഴി ..എപ്പോൾ ഗൾഫീന്നു വന്നാലും കുഞ്ഞി തള്ളക്കൊരു കുപ്പായ ശീലയുണ്ടാവും .. ഉമ്മാടെ ഓർമ്മക്കായി അവർക്കതു നൽകുമ്പോൾ പറയും.

"ന്റെ കുഞ്ഞീബിന്റെ മോൻ ന്നെ മറന്നില്ലല്ലോ ... അല്ലേലും നീയ്യു നല്ലോനാ .. പടച്ചോൻ നീ തൊടണതൊക്കെ പൊന്നാക്കും. "
എന്ത് കിട്ടിയാലും എത്ര ചെറുതായാലും അവർ ദൈവത്തെ വിളിച്ചുറക്കെ പ്രാർത്ഥിക്കും ... അവരുടെ നിറ പുഞ്ചിരിയും പ്രാർത്ഥനയും മറ്റാരിലും ഇന്ന് വരെ കണ്ടിട്ടില്ല ..ഒരിക്കൽ പോലും പരാതി പറഞ്ഞിട്ടില്ല ... എന്നും പോകാറാവുമ്പോൾ ഒരു പൊതിയുണ്ടാകും എനിക്കായി .. ഏത്തപ്പഴം കൊണ്ടുള്ള ചിപ്സ് .അവർ സ്വന്തമായി വറുത്തെടുത്ത് എനിക്ക് നൽകും ...എന്നിട്ടു പറയും.

"മാനെ ..ഗഫൂറേ .. കുഞ്ഞീബി…ണ്ടാർന്നെങ്കി തരുന്ന പോലെ കൂട്ടിക്കോ .. ഇത് തിന്നുമ്പോ എടക്കൊക്കെ ഈ തള്ളേനേം ഓർക്കാലോ .. ന്റെ കുട്ടിക്ക് ഇത് വല്യ ഇഷ്ടാന്നു കുഞ്ഞീബി എപ്പഴും പറീം."

പാവം തള്ള ആരൊക്കെയോ സഹായിച്ചു ഒറ്റക്കാണ് ഒരു ചെറ്റക്കുടിലിൽ താമസം ..പക്ഷെ ഇപ്പൊ അവർ ഇവിടെ വന്നതെന്തിനാവോ? എന്തെങ്കിലും കൊടുക്കാൻ കയ്യിലൊന്നുമില്ല ... പെട്ടിയാണെകിൽ പുറത്തു വരാന്തയിലാണ് ..അത് പൊട്ടിക്കാൻ ആയിട്ടില്ല .. നായക്ക് പോലും വേണ്ടാന്നു തോന്നുന്നു കൊറോണകാലത്തെ ഗൾഫുകാരന്റെ പെട്ടി. ജനൽ വഴി അവർ ഏന്തി വലിഞ്ഞു അകത്തേക്ക് നോക്കി . ശബ്ദമില്ലാതെ വിളിച്ചു.

"മോനെ ... ഗഫൂറെ ... ഡാ അനക്കു സുഖല്ലേട .. യിതു ഞാനാ കുഞ്ഞിത്തള്ള."

ജനല്പാളികൾക്കിടയിലൂടെ ഞാനവരുടെ അടുത്തേക്ക് ചെന്നു ജയിലറക്കുള്ളിൽ നിന്നും കുറ്റവാളിയെ കാണുന്ന പോലെ അവരെന്നെ നോക്കി ... പിന്നെ പൊട്ടി പൊട്ടി കരയാൻ തുടങ്ങി.

"ഈശ്വരാ ..ഒരീച്ചയെ പോലും ഉപദ്രവിക്കാത്ത ഈ കുട്ടിക്കിങ്ങനെ .?. എനിക്കൊന്നു കാണാൻ പൂത്യായിട്ട് വന്നതാ മോനെ ... "
"കുഞ്ഞിതള്ളെ ..യ്ക്ക് സുഖാണ് .. ഇങ്ങൾക്കു ഞാൻ കുപ്പായതുണി കൊടുന്നിട്ടുണ്ടു .. പക്ഷെ ഇപ്പൊ തരാൻ പറ്റൂലല്ലോ ..താ കണ്ടില്ലേ ആ കോലായിലിരിക്കുന്ന അനാഥ പെട്ടി .. അതിപ്പോ ആർക്കും വേണ്ടാ .. വീട്ടിനകത്തുപോലും കേറ്റാൻ പാടില്ല്യ .. രോഗം ഏതു വഴിക്കാവരാന്നു പറയാ പറ്റൂലല്ലോ "

"ന്റെ മോനെ ... ഞാ വന്നത് അന്നേയൊന്ന് കാണാനാ . ഞാനിട്ട ഈ കുപ്പായം നോക്ക്യേ .. ഇതൊക്കെ ..യ്യി… തന്നതല്ലേ ..ഇനീംണ്ടു കുപ്പായതുണി ..ന്റെ മോൻ തന്നത് തന്നെ .. ഇക്കന്നെ ഒന്ന് തൊടണം .. അന്റെ കവിളിലൊരുമ്മ തരണം ..കുഞ്ഞീബി ഇന്നലെ ന്നെ ഒറക്കീല .ഓളെ ആണ്ടർതി ആയിരുന്നില്ലേ ഇന്നലെ .എന്റെ മോന്റെ വിവരംപോയറിയാൻ ന്നോട് പറഞ്ഞിക്ക്യാ "

"കുഞ്ഞി തള്ളെ ... ഞാൻ ... ഞാനിങ്ങളെ 'ഉമ്മാന്നു" വിളിക്കട്ടെ."

"ന്റെ മോനെ ... യ്ക്ക് സങ്കടാവ്ണ് ട്ടാ ... ഞാ ഇനി മരിച്ചാലും സാരല്യ ... ഈശ്വരാ ... എന്തിനാ സ്വന്തായി കുട്ട്യോൾ .. ഇതിലും വല്യ സന്തോഷം എനിക്കിനിണ്ടാവോ ഈ ജന്മത്തിൽ.. ഞാനന്റെ ഉമ്മന്നേണ് മോനെ ..ആരുമറിയാതെയൂട്ടിയ മുലപ്പാൽ ബന്ധമുള്ള ഉമ്മ ..ഇക്കും കുഞ്ഞീബിക്കും മാത്രമറിയാവുന്ന ബന്ധം."

"ഉമ്മാ ... ഇനി ഇങ്ങള് ഇപ്പൊ പൊയ്‌ക്കോളിന് .. ന്റെ അസുഖക്കോ ഇപ്പൊ മാറി .ന്റെ ഖൽബ് നെറഞ്ഞുമ്മാ .. ഞാൻ വരും ഇങ്ങളെ ഇങ്ങോട്ടു വിളിക്കാൻ..അന്ന് വരണം ശരിക്കും ന്റെ മ്മായിട്ടു."

കുഞ്ഞി തള്ള പിറകിൽ നിന്നൊരു പൊതിയെടുത്തു ജനൽ വഴി എനിക്ക് നേരെ നീട്ടി.

"ഒറ്റക്കിരിക്കുമ്പ തിന്നോ ... അനക്കായി ഞാ.. ണ്ടാക്ക്യതാ. "

അയൽബന്ധങ്ങളും കുടുംബങ്ങളും മുഖം തിരിച്ചു ഈർഷ്യയോടെ രോഗം പരത്തുമെന്ന ഭയത്തോടെ മുഖം തിരിക്കുന്നിടത്തു അവർ എന്റെ കുഞ്ഞിത്തള്ള ..അല്ല എൻ്റെ ഉമ്മ .. ആ മുറ്റത്തിരുന്നു രണ്ടു കൈകളും നീട്ടി പ്രാർത്ഥിക്കാൻ തുടങ്ങി.

"ഈശ്വരാ ... ന്റെ മോനെ നീ കാക്കണം ... ന്റെ സ്വന്തം മോനാണവൻ .. ന്നെ നീ സങ്കടപ്പെടുത്തരുതേ."
അറിയാതെ കണ്ണ് നിറഞ്ഞു ..ഇത്രയും ഹൃദയഭേദകമായ പ്രാർത്ഥന ..ഉമ്മാക്കല്ലാതെ കഴിയില്ല.. ഉരുണ്ടുകൂടിയ വൈരമുത്തുകൾ നിലത്തേക്കിറ്റി വീഴും മുന്നേ മൊബൈലിൽ ബെല്ലടിച്ചു.. ഹെൽത്തിന്നാണ് ...

"ഗഫൂറല്ലേ .. ഇത് ഹെൽതീന്നാണ് ... "
"അതെ സാറേ ..ഞാൻ ഗഫൂറാ "
"പനിയെങ്ങനെയുണ്ട് ..?"
"ഇപ്പൊ പനില്ല."
" നിങ്ങടെ ഫോണിലൊരു മെസ്സേജ് വന്നിട്ടുണ്ടാകും ..ഒന്ന് നോക്കണേ."
"എന്താ സാറേ .. റിസൾട്ട് വന്നാ?"
"ആഹ് വന്നു .."
"എന്താ സാറേ ... എനിക്ക് ?"
"എടൊ .. തനിക്കു നെഗറ്റിവാ ..പേടിക്കണ്ട .. ന്നാലും കോറിന്റൈൻ വരെ ഇതുപോലങ്ങു പൊയ്ക്കോട്ടേ..ട്ടാ " "അൽഹംദുലില്ലാഹ് ....അൽഹംദുലില്ലാഹ് .. നന്ദി സാറേ വളരെ നന്ദി."
ഫോൺ വിളി കഴിഞ്ഞു സന്തോഷമറിയിക്കാൻ കുഞ്ഞിതള്ളയെ നോക്കിയപ്പോൾ അവർ പോയി കഴിഞ്ഞിരുന്നു .

മനസ്സിൽ നിന്നും വലിയൊരു പാറക്കഷ്ണം ഇറക്കിവെച്ച ആശ്വാസം ... വീടിന്റെയകം മുഴുവനും തുള്ളിച്ചാടി ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു . ഒരു ഭ്രാന്തനെപ്പോലെ .ശബ്ദം കേട്ടാണ് സുഹറ ഓടി വന്നത്.

"എന്തെ എന്ത് പറ്റി ..ഇങ്ങക്ക്."
"എടീ ഫലം വന്നു ... നെഗറ്റിവാ നെഗറ്റിവ് ..."
"യാ അല്ലാഹ് .. ... പടച്ചോനെ നീയെത്ര കാരുണ്യവാനാണ്. “ അവൾ കരയാൻ തുടങ്ങി.

പടച്ചോൻ കൂടേണ്ടല്ലോ .. ഇനി ഞാനകത്തേക്കു കയറട്ടെ ..?"
"അക്കളി വേണ്ടാ .. ഇനി മണിക്കൂറുകൾ കൂടെ കാത്തിരിക്ക് ന്റെ സൂറാ "

കണ്ണിനു കാണാത്ത സൂക്ഷ്മ ജീവി നൽകിയ പാഠങ്ങൾ ... കുറ്റവാളിയെ പോലെ ഏകാന്ത തടവുകാരനായി കഴിഞ്ഞ നാളുകൾ എല്ലാമെല്ലാം നാളത്തെ കഥകളായി മാറും ... അന്നും ഇതൊക്കെ മറക്കും ജനങ്ങൾ.
പാഠമുൾക്കൊള്ളാതെ വീണ്ടും തലമുറകളിലൂടെ ഓരോ പരീക്ഷണവുമായി പടച്ച തമ്പുരാനും ഉണ്ടാവും .


ഈയുഗം