PERSPECTIVES

"അങ്ങനെ പറഞ്ഞാലെങ്ങനാണ്, കോവിഡ് രോഗികളെ കുഴിച്ചിടാൻ വേറെ സ്ഥലമൊന്നും കണ്ടില്ലേ? നമ്മുടെ നാട്ടിലേ ഉള്ളൂ? " റോഷന് ദേഷ്യം പെരുത്തുകേറി.

"ആർക്കും ഒരു പ്രശ്നോമില്ലാത്ത വിധം അവർ ശ്രദ്ധിച്ചു ചെയ്യുമെന്നാണ് പറേണെ... ഇവിടെ നാട്ടാരെല്ലാരും എളകീക്ക്ണ്. എനിക്ക് പേടിയായിട്ട് വയ്യ ഇക്കാ... ഈ കൊറോണ എല്ലാരേം കൊണ്ടേ പോകുള്ളൂന്നാ തോന്നുന്നേ."

"നിങ്ങളെല്ലാരും എന്തു വന്നാലും സമ്മതിക്കരുത്. കട്ടയ്ക്ക് നിന്നോണം. മരിച്ചവർക്ക് ഇതൊന്നും അറിയണ്ടല്ലോ. ഭാവിയിൽ അവരുടെ ചുറ്റുവട്ടത്തുള്ളവരെ വൈറസ് ബാധിച്ചാലോ? വൈറസാണ്.. പെട്ടെന്ന് പരക്കാൻ മതി. "

അതിനെക്കുറിച്ച് വലിയ ധാരണയൊന്നും ഇല്ലെങ്കിലും ശക്തമായ ഭാഷയിലാണ് റോഷൻ പറഞ്ഞൊപ്പിച്ചത്.

"ഇവിടെ നൗഷാദ്ക്കാന്റെ അടുത്ത് നിന്ന് ഞാൻ വേഗം റൂം മാറാനുള്ള ആലോചനയിലാണ്.. മൂപ്പർ എയർപോർട്ട് ടാക്സി ഡ്രൈവറല്ലേ? പേടിയാണെടീ ഓരോ ദിവസവും.. എന്നാൽ ശരി. ഞാൻ പിന്നെ വിളിക്കാം.. ആരോ വരുന്നുണ്ട്... ശബ്ദം താഴ്ത്തി പറഞ്ഞു ഫോൺ കട്ട്‌ ചെയ്ത് റോഷൻ തല പൊക്കി നോക്കി.

ഷിബുവാണ്. നേരെ ടോയ്‌ലെറ്റിൽ പോയി കൈ കഴുകുന്നുണ്ട്. അവനു ഭയങ്കര ശ്രദ്ധയാണ്. കോവിഡിനെ പേടിയുണ്ട്. നൗഷാദ്ക്കയും സുജിത്തും എന്ത് കണ്ടിട്ടാണ് സന്നദ്ധപ്രവർത്തനത്തിനിറങ്ങുന്നതെന്ന് അറിയില്ല. കൊറോണ രോഗികൾക്കും ക്വാറന്റൈനിലിരിക്കുന്നവർക്കുമൊക്കെ ഭക്ഷണം എത്തിക്കാനും മറ്റുമൊക്കെയായി വൊളന്റിയർസായി പോകുന്നുണ്ട് രണ്ടാളും.

ചിന്തകളിലെപ്പോഴോ ഉറക്കത്തിലേക്കൂർന്നു വീണിരുന്നു. ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ടാണ് റോഷൻ മയക്കത്തിൽ നിന്നുണർന്നത്. മാനേജർ ആണ്.

"Sorry Roshan.. you have a bad news.

കുറച്ചു പേരെ ഡിസ്മിസ്സ് ചെയ്യുന്നുണ്ടെന്ന് സൂചിപ്പിച്ചിരുന്നില്ലേ? Unfortunately, you are one among them. I'm sorry Roshan.. I'm helpless."

"Sir...."ഇത് സ്വപ്നമാണോ, യാഥാർഥ്യമാണോ എന്ന് മനസ്സിലാക്കാനാവാതെ സ്തബ്ദനായ റോഷനു വാക്കുകൾ പുറത്തു വന്നില്ല. റോഷന്റെ ഇരുത്തം കണ്ട് അപ്പോൾ കടന്നുവന്ന നൗഷാദ്കാക്ക് എന്തോ പന്തികേട് തോന്നി.

"എന്തു പറ്റി റോഷൻ? "

"എന്റെ ജോലി പോയി...!"ഇറ്റുവീഴുന്ന കണ്ണീർതുള്ളികളോടെ ഇരുട്ടിലേക്ക് നോക്കി റോഷൻ പിറുപിറുത്തു.

*************************

എയർപോർട്ടിൽ ബോർഡിങ് പാസ്സ് കാത്തുനിൽക്കുമ്പോഴും ഇത് സത്യം തന്നെയാണോ എന്ന് റോഷൻ മനസ്സിൽ ചോദിച്ചു കൊണ്ടേയിരുന്നു. PPE Kit ധരിച്ചു അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും ഇടയിലൂടെ മാസ്കും ഗ്ലോവ്സുമിട്ട് നടക്കുന്ന റോഷനെ അന്നേരം "കോവിഡ് രോഗചിന്തകൾ" ആയിരുന്നില്ല ചുറ്റിവരിഞ്ഞത്...'ഇനിയെന്ത് 'എന്ന ചോദ്യചിഹ്നമായിരുന്നു. കുടുംബത്തെ ഈ വെക്കേഷന് ദുബായിലേക്ക് കൂട്ടാൻ ഉറപ്പിച്ചതായിരുന്നു. അപ്പോളാണ് കോവിഡ് പടർന്നു തുടങ്ങിയിരുന്നത്. ഇങ്ങനൊരു പ്രതിസന്ധി കാലത്ത് നല്ലൊരു ജോലി വേഗം കിട്ടുകയെന്നത് എളുപ്പമല്ല. ആകെക്കൂടി തളർന്ന ഹൃദയത്തോടെയാണ് റോഷൻ വിമാനത്തിലിരുന്നത്. പിറകിലെ സീറ്റായത് കാരണവും ആദ്യം കയറിയതു കൊണ്ടും എല്ലാവരെയും കാണാൻ പറ്റുന്നുണ്ടായിരുന്നു....എല്ലാവരും മാസ്ക് ധരിച്ചിരുന്നെങ്കിലും കുഞ്ഞുങ്ങൾ അസ്വസ്ഥരായി കരയുന്നുണ്ടായിരുന്നു. ഈ വിമാനത്തിലിരിക്കുന്നവരൊക്കെ തന്നെപോലെ തകർന്ന മനസ്സുമായി പോകുന്നവരായിരിക്കുമോ ആവോ !!

തൊട്ടു മുന്നിലെ സീറ്റിൽ നിന്ന് ഒരു രണ്ടരവയസ്സുകാരി എത്തിനോക്കി.. "എന്റെ ഉമ്മച്ചീന്റെ കുമ്പേൽ കുഞ്ഞി വാവ ണ്ട് " അവൾ ഒരു രഹസ്യം പറയുമ്പോലെ പറഞ്ഞ് ഊറിചിരിച്ചു. "അവിടെ ഇരി പെണ്ണെ " അവളുടെ ഉമ്മ അവളെ അവിടെ പിടിച്ചിരുത്തി. അവളുടെ കുസൃതിച്ചിരി റോഷന്റെ വേവുന്ന ഹൃദയത്തെ ചെറുതായൊന്നു തണുപ്പിച്ചു. വിമാനം മെല്ലെ ദുബായിയുടെ പ്രതലത്തിൽ നിന്നുയർന്ന് മേഘങ്ങൾക്കിടയിലെത്തി. ഇടയ്ക്കിടെ ഉയർന്ന കുട്ടികളുടെ കരച്ചിൽ കാരണമാണോ, മനസ്സിലെ സംഘർഷം കൊണ്ടോ എന്നറിയില്ല റോഷനു മര്യാദക്ക് ഉറങ്ങാനായില്ല.. അസ്വസ്ഥനായി തിരിഞ്ഞും മറിഞ്ഞും കളിച്ച് എപ്പോഴോ മയക്കത്തിലേക്കൂർന്നു വീണു. വിമാനം ലാൻഡ് ചെയ്ത് സ്പീഡിൽ പോയിക്കൊണ്ടിരിക്കുമ്പോളാണ് ഞെട്ടിയുണരുന്നത്. കാത് പൊട്ടുന്ന ശബ്ദം കേട്ടു. ഏതോ അഗാധഗർത്തത്തിലേക്കു വീഴുന്ന പോലെയാണ് തോന്നിയത്. പിന്നെ ഇരുട്ട് മാത്രം....

എന്താണ് സംഭവിച്ചതെന്ന് എത്തും പിടിയും കിട്ടാത്ത നിമിഷങ്ങൾ! റോഷൻ ഇരുന്ന ഭാഗം മുറിഞ്ഞു പോയിരുന്നു. ആളുകളുടെ മേൽ എന്തൊക്കെയോ വന്നുവീണിരിക്കുന്നു. റോഷനു ഭാഗ്യത്തിന് കാര്യമായൊന്നും പറ്റിയിരുന്നില്ല. ആദ്യമൊന്ന് പകച്ചെങ്കിലും സീറ്റിനിടയിൽ രക്തം വാർന്നും മരണപെട്ടും കിടക്കുന്നവർക്കിടയിൽ പേടിച്ചലറിക്കരഞ്ഞു നിന്ന ആ കുസൃതികുടുക്കയെ മാറോടണച്ച് റോഷൻ എമർജൻസി വാതിലിലൂടെ പുറത്ത് കടന്ന് വിമാനത്തിന്റെ ചിറകിനു മേൽ കേറിനിന്ന് ഉച്ചത്തിൽ അലറിവിളിച്ചു. മഴ കാരണമാവണം, ശബ്ദം മുറിഞ്ഞുപോയി.

വിമാനത്തിനുള്ളിൽ നിന്ന് രക്ഷപെട്ട ഭാഗ്യവാന്മാരാരൊക്കെയോ പുറത്തേക്കു ചാടി റോഷനൊപ്പം കൂടി. കുറച്ചു നേരം കഴിഞ്ഞപ്പോൾ എയർപോർട്ട് അധികൃതർ പാഞ്ഞെത്തി. തൊട്ടുപിറകെ നാട്ടുകാരും പിന്നെ ഫയർഫോർസും.

അപ്പോഴും മഴ നിർത്താതെ പെയ്തുകൊണ്ടിരുന്നു.......

****************************

മഴ തോർന്നിട്ടില്ല...ആശുപതിയുടെ ജനലഴികളിൽ പിടിച്ചു പുറത്തേക്കു നോക്കി നിന്ന റോഷൻ ചിന്തിച്ചത് വിമാനത്തിന്റെ ചിറകിനു മേൽ കേറി നിന്ന് അലറിവിളിച്ചപ്പോൾ ഓടിവന്ന ആ ജനങ്ങളെക്കുറിച്ചായിരുന്നു... തന്റെ വിറക്കുന്ന കൈകളിൽ നിന്നും വാത്സല്യത്തോടെയും കരുണയോടെയും കുരുന്നിനെ ഏറ്റുവാങ്ങിയ....PPE Kit ധരിച്ചു സീറ്റിനിടയിൽ കുരുങ്ങി കിടക്കുന്നവരെ രക്ഷിച്ച..... രക്തം ചിതറിതെറിച്ച് അവശരായ, കോവിഡ് ഉള്ളവരാണോ അല്ലെ എന്ന് പോലും അറിയാത്ത ഓരോരുത്തരെയും സ്വന്തം വാഹനങ്ങളിൽ കേറ്റി കൊണ്ടുപോയ.....ആ മനുഷ്യരെക്കുറിച്ച് !!

തകർന്നടിഞ്ഞ വിമാനവും രക്തം ചിന്തിയ മനുഷ്യരെയും കണ്ട് ഉറ്റവരെയെന്ന പോലെ കോവിഡിനെ മറന്ന് അപരിചിതരായ ദുരന്ത ബാധിതരെ മാറോടണച്ച ആ ഒരു കൂട്ടം നല്ല മനുഷ്യരെ..! അപ്പോൾ ദുബായിയിലെ പ്രവാസത്തിൽ എപ്പോളും താങ്ങായി നിന്നിരുന്ന നൗഷാദ്കയിൽ നിന്നും കോവിഡിന്റെ ഭീതി കാരണം അകന്നു നിൽക്കാനുറപ്പിച്ചതും കോവിഡ് ബാധിതരെ മറവു ചെയ്യാൻ സമ്മതിക്കരുതെന്ന് ഭാര്യയോട് പറഞ്ഞതും ഒക്കെയോർത്തപ്പോൾ റോഷനു തന്നോടുതന്നെ പുച്ഛം തോന്നി.

പ്രതിസന്ധിഘട്ടങ്ങൾ ദൈവം തരുന്നത് നല്ല മനുഷ്യരെ തിരിച്ചറിയാനും, മറ്റുള്ളവരെ സഹായിക്കാനുള്ള അവസരമൊരുക്കാനുമാണെന്ന് വല്യുമ്മ പറയാറുണ്ടായിരുന്നത് റോഷൻ വേദനയോടെ ഓർത്തു. തീർച്ചയായും ഈ രോഗം തന്നത് തിരിച്ചറിവുകളാണ്... തീർത്തും അപ്രതീക്ഷിതവും ആകസ്മികവുമായ സംഭവങ്ങൾ തലകീഴായി മറിച്ച കാഴ്ചപ്പാടുകൾ പകർന്നു തന്ന പുതിയ അധ്യായം.

രക്തബാങ്കിന് മുന്നിൽ രക്തം കൊടുക്കാൻ ക്യു നിൽക്കുമ്പോൾ ഇവിടെ ഇനി ആവശ്യമില്ല,താങ്ക്‌യൂ എന്ന് ആ നഴ്‌സ്‌ പറഞ്ഞപ്പോൾ വാടാ, നമുക്ക് അടുത്ത ഹോസ്പിറ്റലിൽ വേണ്ടി വരുമോന്ന് നോക്കാമെന്നു പറഞ്ഞു ആ ചെറുപ്പക്കാർ ബൈക്കിൽ പായുമ്പോൾ തനിക്കു വേണ്ടി മാത്രം ജീവിച്ചു നഷ്ടപ്പെടുത്തിക്കളഞ്ഞ എത്രയോ നല്ല അവസരങ്ങൾ റോഷന്റെ മനസ്സിൽ മിന്നി മറഞ്ഞു...

"കരയണ്ട മോളെ ഉമ്മയും ഉപ്പയും ഇപ്പോൾ വരു"മെന്ന് പറഞ്ഞു കണ്ണീരോടെ ഒന്നരവയസ്സുകാരിയെ നെഞ്ചോടു ചേർത്തുറക്കുന്നുണ്ടായിരുന്നു ആശുപത്രി വരാന്തയിൽ ഒരാൾ അന്നേരം... മനുഷ്യത്വത്തിന് മുന്നിൽ മുട്ട് മടക്കിയ 'കോവിഡ്' എന്ന മഹാമാരിയോടുള്ള അമിതഭയം റോഷനെയും വിട്ടകന്നിരുന്നു. "പ്രതിസന്ധികൾ തകർന്നിരിക്കാൻ വേണ്ടിയല്ല...ഉയിർത്തെഴുന്നേൽപ്പിനുള്ളതാണ്.."റോഷൻ തന്നോടു തന്നെ മന്ത്രിച്ചു.


ഈയുഗം