PERSPECTIVES

പഠിക്കാൻ മിടുക്കനായിരുന്നു ജമാൽ ..

പരീക്ഷയിൽ കിട്ടുന്ന മാർക്ക്‌ കുറയുന്നത് അധ്യാപകരുടെ പോരായ്മയാണെന്നു മറ്റാർക്കും മനസിലായില്ലെങ്കിലും, ക്ഷമാശീലനായ ജമാൽ അതു മനസിലാക്കി... പക്ഷെ, അതു വീട്ടുകാരോട് പറഞ്ഞു അവരുടെ കാല്പനിക പ്രപഞ്ചം തച്ചുടയ്ക്കാൻ അവനു മനസ്സ് വന്നില്ല...

ഉയർന്ന പദവിയിലുള്ള സർക്കാരുദ്യോഗസ്ഥനായ ബാപ്പയ്ക്ക് പ്രണയം മാർക്കിനോട് മാത്രം ... പോക്കര് സാഹിബിന്റെ പോത്തിനെ മേയ്ക്കാൻ ഇവനെ വിടാമെന്ന് വ്യംഗ്യാർത്ഥത്തിൽ ബാപ്പ ഉമ്മയോട് പറഞ്ഞത് ജമാലിനെ കേൾപ്പിക്കാൻ ആണെങ്കിലും, അതു അർഹിക്കുന്ന പുച്ഛത്തോടെ തിരസ്കരിച്ച ജമാൽ ചിന്തിച്ചുകൊണ്ടേയിരുന്നു ...

ഔപചാരിക വിദ്യാഭ്യാസത്തിന്റെ പരിമിതികൾ, അതിന്റെ അടിമയായ ബാപ്പയോട് ഉണർത്തിക്കുന്നത് പോത്തിനോട് വേദം ഓതുന്നത് പോലെയല്ലേയെന്നു ഓർത്തു സ്വയം സമാധാനിച്ചു.

വൃത്തങ്ങളും ഉൽപ്രേക്ഷയും ഉപമയും അലങ്കാരങ്ങളും ആയി കൈമൾ മാഷിന്റെ ക്ലാസ്സ്‌ ബഹുരസമായിരുന്നു .... ക്ലാസ്സിൽ ഉറങ്ങുന്നവരോട് ഒരു പ്രത്യേക സ്നേഹം മാഷിനുണ്ടായിരുന്നു .... അതു ചോക്ക് കഷണങ്ങളായി ഇടയ്ക്കിടെ കവിളിലും തലയിലും പതിച്ചു കൊണ്ടേയിരുന്നു ...

പതിനെട്ടു വയസ്സായ ജമാലിന് സ്വന്തം സ്കൂളിൽ വോട്ട് ചെയ്യാൻ പോകുന്ന നിമിഷം മനസ്സിൽ സങ്കല്പിക്കാനേ പറ്റുന്നതല്ലായിരുന്നു ....

പത്തിൽ പഠിത്തം നിറുത്തിയ സുവർണ്ണ പട്ടം എടുത്തു ചാർത്തി പോക്കര് സായിബ്ബിന്ടെ കൂടെ പോത്തു കച്ചവട സഹായിയായി ചേർന്നത് വീട്ടിലെ സഭ ശബ്ദ വോട്ടോടെ നിരാകരിച്ചു ...

ബാപ്പ അന്നു മുതൽ ഒരു അന്യഗൃഹ ജീവിയായി ... പിന്നീട് ഉപദേശങ്ങൾക്ക് വേണ്ടി ജമാൽ കാതു കൂർപ്പിച്ചു നടന്നെങ്കിലും ...ബാപ്പ ബ്രോഡ്‌കാസ്റ് നിർത്തിയിരുന്നു ...

ഗൾഫ് വിസ നാട്ടിലെ ചെറുപ്പക്കാർക്ക് തരപ്പെടുത്തി കൊടുക്കുന്ന പോക്കാരുടെ മകൻ ഷുക്കൂറിനെ വഴികാട്ടിയായി അവരോധിച്ചു ...

ജമാലിനും കിട്ടി ഒരു വിസ .... പക്ഷേ ടിക്കറ്റിനും മറ്റുമായി ഒരു ലക്ഷം ചിലവുണ്ട് ...

"വിസയ്ക്ക് നിന്റെ അഞ്ചിന്റെ പൈസ എനിയ്ക്ക് വേണ്ട ..."

.....പോക്കര് സായിപ്പിന്റെ തീരുമാനം ഏകകണ്ഠമായി പാസ്സായി ...

****************

വിമാനത്തിൽ നിന്നും ഇറങ്ങി അറബി നാട്ടിൽ കാലു കുത്തിയ ജമാലിന്റെ പെരുവിരലിൽ നിന്നും ഒരു പുളകം മുകളിലേക്ക് പ്രവഹിച്ചു ... " പടച്ചോനെ..., കാലു പൊള്ളിയല്ലോ ..."

തേഞ്ഞു ഉള്ളിത്തൊലിയുമായി മത്സരിക്കുന്ന പാദരക്ഷകൾ ജമാലിനെ ചതിച്ചു ...

പാസ്പോർട്ട്‌ സീൽ ചെയ്ത അറബീന്റെ ദഹിപ്പിക്കുന്ന നോട്ടത്തിൽ മൂത്രം പോകാഞ്ഞത് ഭാഗ്യം ...

ശുക്കൂർ കാത്തു നിൽപ്പുണ്ടായിരുന്നു ... റൂമിൽ ആക്കി പഹയൻ പോയി ...

ട്രയിനിലെ തട്ടു പോലെ കിടക്ക ... ജമാലിനു താഴെ കിടക്ക ... മുറിയിൽ മൊത്തോം പതിനാലു മനുഷ്യർ ... സുഭിക്ഷമായി വെള്ളം ഒഴുകുന്ന ഒരു കുളിപ്പുര ...

എസി യുടെ കാറ്റിലും വിയർപ്പിന്റെ ഗന്ധം ... ജമാൽ കിടക്കയിൽ ഇരുന്നു ... മണി നാലായിക്കാണും .... കിടക്കകൾ ഞരക്കം തുടങ്ങി ...

" ജമാലല്ലേടോ...?? ശുക്കൂർ പറഞ്ഞിരുന്നു..." ആദ്യം ഉണർന്ന മെലിഞ്ഞ മനുഷ്യൻ പറഞ്ഞു ...

"നിനക്കു കുളിക്കണോ ???... എന്റെ ഊഴം ആണ് ... നീ പോയി കുളിച്ചു വാ "

********************

ചൂടും പൊടികാറ്റും കുബ്ബൂസും സഹോദരങ്ങൾ ആയതു ജമാൽ അറിഞ്ഞില്ല ...

കമ്പി കെട്ടും, തട്ടടിയും, ചായ കൊടുക്കലും, കണക്കെഴുത്തും, കൂട്ടുകാർക്ക് മൊബൈൽ കാർഡ് എത്തിച്ചു കൊടുക്കലും എന്നു വേണ്ട ജമാലിന് പങ്കാളിത്തമില്ലാത്ത മേഖല ഇല്ലെന്നായി...

ഉമ്മ ഇടയ്ക്കൊക്കെ വിളിക്കും ജമാലു ഓരോന്നു പറഞ്ഞു ചിരിക്കും ... സർക്കാരിന് വേണ്ടി അടിമപ്പണി ചെയ്യുന്ന ബാപ്പയെ ഓർത്തു സഹതപിക്കും ...

ചുക്കില്ലാതെ കഷായം ഉണ്ടാകാമെങ്കിലും ജമാലില്ലാതെ ഒരു കാര്യവും കമ്പനിയിൽ നടക്കില്ല ...

സഹായം ചോദിക്കാൻ കാത്തു നിൽക്കാതെ ജമാൽ എല്ലായിടത്തും തന്റെ അഭിപ്രായം എത്തിച്ചു കൊണ്ടേയിരുന്നു ...

ആദ്യത്തെ ശമ്പളം ഉമ്മയ്ക്ക് അയച്ചു കൊടുത്തോ മോനേ എന്നു ചോദിച്ച കാദർ കാക്കയോട് ജമാൽ നിസ്സഹായവസ്ഥ വ്യക്തമാക്കി ... "നാല് ജീൻസും, രണ്ടു ടീ ഷർട്ടും, അത്തറും, ഒരു ചെറിയ ഫോണും... അതേ വാങ്ങാൻ തികഞ്ഞുള്ളൂ കാക്ക ..."

*************************

ഏതൊരു കഥയിലും ഒരു വില്ലൻ വേണമല്ലോ ...

ജമാലിന്ടെ സ്വൈര്യ സന്തുഷ്ട ജീവിതത്തിലും കരിനിഴൽ പടർത്താൻ അവൻ വന്നു ... കൊറോണ ...

ടിക് ടോക് കണ്ടിരുന്ന ജമാലിനോട് ഫേസ്ബുക് കണ്ടിരുന്ന സുരേഷാണ് പറഞ്ഞത് ... ചൈനയിൽ മൂവായിരം, ഇറ്റലിയിൽ രണ്ടായിരത്തി അഞ്ഞൂറ് മരണം ...

കുലുങ്ങാത്ത കേളനെ അനുസ്മരിപ്പിക്കുമാറ് ജമാൽ ടിക് ടോകിലേക്ക് തിരിച്ചു പോയി ...

രോഗം ഫേസ്ബുക് പോസ്റ്റും ചാനൽ ചർച്ചകളും താണ്ടി ലോകമെല്ലാം വ്യാപിക്കുന്നു ...

വിദ്യാസമ്പന്നർ കണക്കുകൾ നിരത്തി പല തർക്കങ്ങളും വിലയിരുത്തലുകളും നടത്തിക്കൊണ്ടിരുന്നു ...

മാസ്ക് കെട്ടുന്നത് ശീലമാക്കിയ ജമാൽ ഉണരുമ്പോൾ മുറിയുടെ അങ്ങേയറ്റത് കേൾക്കുന്നത് ചുമയുടെ മാലപ്പടക്കം ....

കോട്ടയം കാരൻ ജോബിയാണ് പ്രതി... ഇന്നലെ പനിയ്ക്കുന്നെന്നും പറഞ്ഞു ജമാലിനോട് ഗുളികയും മേടിച്ചു പോയ ചെറുക്കനാ ... കമ്പനി കാര് പിറ്റേന്നു ടെസ്റ്റിന് കൊണ്ടു പോയി ...

പോസിറ്റീവ് ...

*********************

കിട്ടുന്ന സമയത്തൊക്കെ കടയിൽ പോയി കുബ്ബൂസും തൈരും മേടിച്ചു ഫ്രിഡ്ജിൽ വയ്ക്കും ... വിശക്കുന്ന ആർക്കും കഴിക്കാം ...

മരണകണക്കുകൾ കൂട്ടുകാർ ചർച്ച ചെയ്യുമ്പോൾ ജമാൽ ബാബുരാജ് പാട്ടുകൾ കേട്ടു ...

********************

ജമാലിനെ ടെസ്റ്റ്‌ ചെയ്തു ... ചുമയും പനിയും ഒന്നുമില്ല .... കമ്പനി നിയമം ...

രണ്ടു ദിവസത്തിനകം റിപ്പോർട്ട്‌ വന്നു ...

ജമാൽ ഉൾപ്പെടെ ഇരുപത്തിയെഴു പേര് പോസിറ്റീവ് ...

പലയിടത്തും നിന്ന് വിതുമ്പൽ ഉയർന്നു, ജമാൽ യൂട്യൂബിൽ കൂൺ കൃഷി പഠിച്ചു കൊണ്ടിരുന്നു ...

********************

പതിനാലു ദിവസത്തെ വനവാസം കഴിഞ്ഞു ജോലിക്ക് തിരിച്ചു കയറിയ ജമാലിനു പ്രസരിപ്പ് ഒട്ടും കുറഞ്ഞിട്ടില്ല ....

"ഇതൊക്കെ എങ്ങനെ സാധിക്കുന്നടാ ഉവ്വേ .." ഫിലിപ്പച്ചായൻ ചോദിച്ചു പോയി ...

" നിങ്ങൾ മരിക്കുന്ന കുറച്ചു പേരെ നോക്കി വിഷമിച്ചപ്പോൾ.... ഞാൻ അസുഖത്തേ ജയിച്ച ഒരുപാട് പേരെ കണ്ടു സന്തോഷിച്ചു ...." സാനിടൈസർ കൊണ്ട് കൈ ശുചിയാക്കുന്ന ജമാൽ ചിരിച്ചു കൊണ്ടു പറഞ്ഞു ...


ഈയുഗം