PERSPECTIVES

പത്തു വർഷമായി റായിസ് ഖത്തറിലെ പ്രവാസിയാണ്, സാമാന്യം നല്ല ജോലി, സന്തുഷ്ടമായ ജീവിതം. ആഘോഷങ്ങളുടെയും പ്രാർത്ഥനയുടെയും അകമ്പടിയോടെ 2020നെ വരവേറ്റ സാധാരണ മലയാളി.

ജോലി കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു പോകുംവഴിയാണ് നാട്ടിൽ നിന്ന് ഉമ്മ സുല്ഫത് മകൻ റായിസിനെ വിളിച്ചത് ..

റായിയേ .. വല്ലാത്ത എടങ്ങേറ് ആയിരിക്കാണ് മോനെ ..ഇവിടാകെ പ്രേശ്നങ്ങളാണ് .

എന്തുമ്മാ ...ഇങ്ങള് വിഷമിക്കണ്ട. കാര്യം പറയി ..

വണ്ടി ഓടിച്ചു സംസാരിക്കുമ്പോൾ അടുത്തുകൂടി ഒരു പോലീസ് വണ്ടി പോവുന്നത് റായിസ്‌ ശ്രദ്ധിച്ചു.

ഉമ്മാ പോലീസ്!! ഞാൻ വണ്ടീലാണ്, ഇപ്പ തിരിച്ചു വിളിക്കാം. .

പോലീസ് എങ്ങാനും വണ്ടിയിൽ ഫോൺ വിളിക്കുന്നത്‌ കണ്ടാൽ, കൊട്ട നിറയെ ഫൈൻ അടയ്ക്കേണ്ടി വരും !!ചിലപ്പോൾ അതിൽ കൂടുതലും സംഭവിക്കാം .! ഉമ്മാക്ക് എന്താവും സങ്കടം ?

ക്ഷണവേഗം മാറുന്ന സംഭവവികാസങ്ങളുടെ ആകുലതയിൽ റായിസിന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു, മനസ്സ് തളർന്നു... വണ്ടിയുടെ ഗിയര് ലിവറിൽ കോർത്ത് വച്ചിരുന്ന മിഷാബാ മാല ഉള്ളംകൈയിൽ മുറുക്കി നെഞ്ച് നുറുങ്ങി റെയിസ് പ്രപഞ്ച നാഥനെ വിളിച്ചു .. അള്ളാ ..കൂടെയുണ്ടാവണേ ..

കാലം മാറിയിക്കുന്നു, അന്നം തരുന്ന പുണ്യ നാട്ടിലും ജീവൻ തുടിക്കുന്ന പിറന്ന നാട്ടിലും കൊറോണയെന്ന ചെകുത്താൻ സാന്നിധ്യമായിരിക്കുന്നു .. ശരീരം നിറയെ കുത്തുന്ന മുള്ളുകൾ കൊണ്ട് മാനവരാശിയുടെ തൊണ്ട തുരന്നു ഓജസ്സും തേജസ്സും കെടുത്തി, പ്രിയപ്പെട്ടവരുടെ പ്രാണൻ കവർന്നെടുത്തു രോഗാണുക്കൾ നാലു ദിക്കിലും താണ്ഡവമാടുന്നു. കേമം എന്ന് സങ്കല്പിച്ചിരുന്ന രാജ്യങ്ങളൊക്കെ സ്തബ്ധരായി നിൽക്കുന്ന കാഴ്ച്ച .

അംബര ചുംബികൾക്കിടയിലെ ചെറിയ കാർ പാർക്കിങ്ങിൽ തട്ടി തടഞ്ഞ്, മുട്ടി ഉരഞ്ഞു റായിസ് വണ്ടി നിർത്തി .. വണ്ടിയിലെ ഏറു മാളങ്ങളിൽ നിന്ന് വമിക്കുന്ന ശീതക്കാറ്റിലും അവൻ നന്നായി വിയർത്തു .

വാപ്പ മരിച്ച ശേഷം ഉമ്മ വീട്ടിൽ ഒറ്റക്കാണ് , ഉമ്മാടെ ഇടറിയ ശബ്ദം കേട്ടാൽ പൊന്നുമോന് നെഞ്ചിൽ തീയാണ് ,അവനു അത്ര സ്നേഹമാണ് അവന്റെ ഉമ്മയെ. വണ്ടിയിൽ കരുതിവച്ച കുപ്പിവെള്ളം കുടിച്ചു തൊണ്ട നനച്ചു റായിസ്‌ ഉമ്മയെ വിളിച്ചു ..

ഹലോ ഉമ്മാ ..എന്താ ഇണ്ടായേ ..?

നമ്മക്ക് ആകെ വിഷമങ്ങളാണ് മോനെ .. എന്താണുമ്മാ... ഇങ്ങള് ഉള്ളു പൊള്ളിക്കാതെ കാര്യം പറ.

മ്മടെ വീട്ടിലെ മോട്ടോർ കേടായി റായിയെ !

മത്സര കുതിരപോലെ തുടിച്ച റായിസിന്റെ ഹൃദയം അൽപ്പമൊന്നു ശാന്തമായി ..ഒരു നിമിഷം പടച്ചവന് നന്ദി പറഞ്ഞു അവൻ ഉമ്മയോട് കയർത്തു.

എന്റെ പൊന്നാര ഉമ്മാ . ഇങ്ങള് എന്ത് ബേജാറാണ് ഈ ഇണ്ടാക്കണത്, ഇങ്ങടെ ഭർത്താനം കേട്ടപ്പോ പാതി ജീവൻ പോയി.

കഴുകാനും കുളിക്കാനും വെള്ളം തീരെ ഇല്ല കുട്ടിയെ ,കഴിഞ്ഞോല്ലാം മാറ്റിവച്ച കുന്ത്രാണ്ടല്ലേ അത് . ഇത്ര വേഗം കേടായില്ലേ !

ഇങ്ങള് വിഷമിക്കണ്ട , ഞാൻ ആളെ ഏർപ്പാടാക്കാം.

മോള് എന്തെടുക്കുന്നു റായിയെ?

ഞാൻ കാറിൽ ഇരുന്നാണ് ഉമ്മാ സംസാരിക്കുന്നത് . വീട്ടി കേറിയിട്ട് വിളിക്കാ.

നാട്ടിൽ വീടിനടുത്തുള്ള കൂട്ടുകാരൻ ഷിഹാബിനെവിളിച്ചു മോട്ടോർ കേടായ വിവരം പറഞ്ഞു . ഷിഹാബ് നൽകിയ ഉറപ്പിന്റെ സന്തോഷത്തിൽ സലാം പറഞ്ഞു റായിസ് സംസാരം നിർത്തി വണ്ടിയിൽ നിന്നിറങ്ങി.

മാസ്ക് ഇടാൻ മറക്കല്ലേയെന്നു വർത്തമാനത്തിന്റെ ഇടയ്ക്കു സുഹൃത്തിനെ ഓര്മപ്പെടുത്താൻ അവൻ മറന്നില്ല .

താമസിക്കുന്ന ബഹുനില കെട്ടിടത്തിലെ എലിവേറ്റർ കയറും മുന്നേ റായിസ്‌ വണ്ടി ചുറ്റുപാടും ഒന്ന് നോക്കി, ചെറുതായി പെയിന്റ് പോയിട്ടുണ്ട്, സാരമില്ല പിന്നീടായാലും ശെരിയാക്കാം.

ശരിയുഷ്മാവ് ഇടക്കിടെ കൂടിയും കുറഞ്ഞും നില്ക്കാൻ തുടങ്ങിയിട്ട് രണ്ടു ദിവസമാവുന്നു , , . കൊറോണ എങ്ങാനും ആണെങ്കിൽ !! പടച്ചോനെ കാത്തോളണേ ..കുഞ്ഞു മോളുടെ കാര്യം ഓർത്തു റായിസിന്റെ ഉള്ളിൽ ആശങ്കകൾ വർധിച്ചു..

പതിനഞ്ചാം നിലയിൽ എലിവേറ്റർ എത്തുന്ന വരെ മിഷാബാ മാലയിൽ അയാൾ പ്രാർത്ഥന സൂക്തങ്ങൾ ഉരുവിട്ടു . വാതിൽ തുറന്നപ്പോൾ ഓടി വന്ന മകളെ അയാൾ അകറ്റി നിർത്തി.

ഭർത്താവിന്റെ ഭാവമാറ്റം കണ്ട ഭാര്യ സുമി തെല്ലൊന്നു അന്താളിച്ചു .

ദിവസവും ജോലി കഴിഞ്ഞു വന്നാൽ പൊന്നുമോൾക്ക് ഒരു മുത്തം പതിവാണ് . ഇന്ന് അങ്ങിനെയൊന്നും ഉണ്ടായില്ല. കവിള് വാടി ചുവന്ന കുഞ്ഞുമോളെ വകവെക്കാതെ റായിസ്‌ റൂമിൽ കയറി കതകു അടച്ചു. കരയാൻ തുടങ്ങിയ മോളെ മാറിൽ ചേർത്ത് നിർത്തി സുമിയും കണ്ണുകൾ തുടച്ചു .

അടഞ്ഞു കിടന്ന വാതിലിൽ ഉറക്കെ കൊട്ടി അവൾ ഭർത്താവിനെ വിളിച്ചു !

ഇക്ക! ഇക്ക !! ഇങ്ങക്ക് എന്താ പറ്റിയെ.

റായിസ്‌ വാതിൽ തുറന്നില്ല.

സങ്കടത്തിന്റെ തീച്ചൂളയിൽ നീറി നിമിഷങ്ങൾ നീങ്ങവേ ,അൽപ്പം കഴിഞ്ഞു സുമിയുടെ ഫോണിൽ റയിസ് വിളിച്ചു പറഞ്ഞു , എനിക്കിന്ന് നല്ല ക്ഷീണം ഇണ്ടെടോ , നേരത്തെ പനിച്ചു ,ഇപ്പോ കുഴപ്പമില്ല ,എന്നാലും. . കൊറോണ കൂടി കൂടി വരുവല്ലേ ,... നീ ബേജാറാവണ്ട.മോളെ ഉറക്കാൻ നോക്ക്. ഞാനും ഒന്ന് മയങ്ങട്ടെ , ഒരുപക്ഷെ വല്ല ജലദോഷമോ മറ്റോ ആവും .കുറച്ചു ചൂട് വെള്ളം വേണം .. വാതിലിന്റെ കുറ്റി ഞാൻ ഇടുന്നില്ല .

ഫ്ലാസ്കിൽ ചൂടുവെള്ളവും, ഗ്ലാസിൽ ചുക്കുകാപ്പിയുമായി സുമി റായിസിന്റെ അടുത്ത് വന്നപ്പോഴേക്കും റായിസ് നന്നായി വിറച്ചുകൊണ്ടിരുന്നു .

ഇങ്ങള് എന്താണിങ്ങനെ വിറക്കുന്നതു ..

ഇങ്ങള് ഇങ്ങനെ കിടന്നാൽ ശെരിയാവൂല, നമുക്ക് ഡോക്ടറെ കാണാം.

താൻ മോൾടെ അടുത്ത് പൊക്കോ , ഞാൻ ആ സിദ്ധീഖിനെ ഒന്ന് വിളിച്ചു നോക്കാം, അവന്റെ കൂടെ ഹോസ്പിറ്റൽ പൊക്കോളാം.

********************

ദോഹനഗരത്തിലെ മറ്റൊരു തെരുവിൽ, പതിനാലു നില കെട്ടിടത്തിലെ ഫ്ലാറ്റ് മുറിയിൽ കുടുംബത്തോടൊപ്പം അത്താഴം കഴിച്ചു കിടന്ന സിദ്ദിഖിന്റെ ഫോൺ പതിഞ്ഞ ശബ്ദത്തിൽ മുഴങ്ങി തുടങ്ങി.

ഉറങ്ങുന്ന മകളെയും ഭാര്യയെയും ശല്യപ്പെടുത്താതെ ഫോൺ എടുത്ത് അയാൾ റൂമിനു പുറത്തിറങ്ങി.

എന്താണ് റായിസേ ഉറങ്ങീലെ ?

ബ്രോ ,നീ ഇങ്ങട് വരാമോ ഇപ്പൊ ? എനിക്ക് നല്ല പനി ,ഒന്ന് ഹോസ്പിറ്റൽ പോവാനായിരുന്നു ...

അതിനെന്താ, ഇപ്പൊ വരാം.

അലമാരിയിൽ നിന്ന് ഒരു ഷർട്ടും എടുത്ത് സിദ്ധീഖ് ഭാര്യയോടായി കാര്യം പറഞ്ഞു ..

റായിസ് വിളിച്ചതാ , അവനു വയ്യ . ഒന്ന് ഹോസ്‌പിറ്റൽ പോയിട്ടു വരാം.

ഇതു കേട്ടതോടെ ഭാര്യ സുഹറ ക്രുദ്ധയായി കട്ടിലിൽ നിന്നു എഴുന്നേറ്റു ..

പാതിരാത്രി വന്ന ഓരോ മാരണങ്ങളെ .... നിങ്ങളീ വാർത്തകൾ ഒന്നും കേൾക്കുന്നില്ലേ .. ഈ രാത്രി എങ്ങിടും പോണ്ട..! അവനു വല്ല കോറോണ ആവും, നിങ്ങള് പോയിട്ട് വേണം ഇനി നമ്മടെ കൊച്ചിനും കൂടി പകാരനായിട്ടു ,അവനോട് ആംബുലൻസ്‌ വിളിക്കാൻ പറ . നിങ്ങളു പോവാൻ ഞാൻ സമ്മതിക്കൂല. . ഒര് കൂട്ടുകാരൻ !! പകർച്ചവ്യാധീടെ ഈ സമയത്തു തന്നെ ഓന്റെ കൂടെ ആശുപത്രിൽ പോവാനേ .. അവനു നിങ്ങളോട് സ്‌നേഹമുണ്ടെങ്കിൽ ഇപ്പൊ വിളിക്കാമോ ഇങ്ങളെ, അവന് അറിഞ്ഞൂടേ ആംബുലൻസ്‌ വിളിക്കാൻ ..

ഒച്ച വച്ച് കൊച്ചിനെ ഉണർത്തേണ്ട ..!! സുഹറ.. ., നാളെ ഈ അവസ്ഥ നമ്മൾകും വരും , നീ അത് മറക്കണ്ട, ഞാൻ പോണില്ല... അവനോട് പറഞ്ഞോളാം !!

മനസ്സില്ലാമനസോടെ ,നിറഞ്ഞ കുറ്റബോധത്തോടെ സിദ്ധീഖ് റായിസിന് ഫോണിൽ ഒരു സന്ദേശം നൽകി .. "മകൾ നല്ല കരച്ചിൽ ആണ് , നീ ക്ഷമിക്കണം, എനിക്ക് വരാൻ സാധിക്കില്ല , നീ ആംബുലൻസ് വിളിക്ക്."ക്ഷമിക്കണം

********************************

പുലർച്ചെ രണ്ടു മണിയായപ്പോൾ അതി സങ്കിർണതയിലെക്കു കാര്യങ്ങൾ മാറിയതോടെ റായിസ് ആംബുലൻസ് വിളിച്ചു . മിനിട്ടുകൾക്കകം ഫ്ലാറ്റിനു മുന്നിൽ നിന്നു റായിസിനെയും കൊണ്ട് ആംബുലൻസ് ഹോസ്പിറ്റലിക്കു പാഞ്ഞു . ശാന്ത ജലാശയത്തിൽ പെട്ടന്നു പൊട്ടിയ തോട്ടയെ പേടിച്ചു പാഞ്ഞു പുളയുന്ന മീനിനെപ്പോലെ റായിസിന്റെ ഭാര്യ സുമിയുടെ ചിന്തകൾ ദിക്കുകളറിയാതെ ഉഴറി.

ജീവിതത്തിൽ പൊടുന്നനെയുണ്ടായ ഈ ഗതി മാറ്റം ഉൾക്കൊണ്ടു തന്നെ അവൾ കാരുണ്യവാനായ ദൈവത്തിനോട് കരഞ്ഞു പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു.

മുറിയിലെ ശീതീകരണ യന്ത്രം പാരമ്യത്തിൽ ചലിച്ചിട്ടും നെറ്റിയിൽ നിന്ന് വിയര്പ്പു തുള്ളികൾ തുടച്ചു റായിസിന്റെ ഫോൺ വിളിക്കായി അവൾ കാത്തിരുന്നു .

അത്യാഹിത വിഭാഗത്തിലെ അതി വിദഗ്ധ ചികിത്സക്കും ടെസ്‌റ്റുകൾക്കും ശേഷം ഡോക്ടർമാർ വിധി എഴുതി .. കാര്യാമായ പ്രേശ്നങ്ങൾ ഒന്നും തന്നെ ഇല്ല. രക്ത സമ്മർദ്ദം കുറഞ്ഞിട്ടുണ്ട്, പനി തീരെ ഇല്ല . കുറെയൊക്കെ റായിസ്‌ സ്വയം ചിന്തിച്ചു കൂട്ടിയ തോന്നലുകൾ മാത്രം.ജീവിതത്തിൽ സങ്കടപ്പെട്ടിരിക്കുന്ന ഭാര്യയെ വിളിച്ചു അയാൾ വിവരം ധരിപ്പിച്ചു .ജീവിതത്തിൽ കൊറോണ ഒന്നും ഇല്ലെടോ, പ്രഷർ കുറഞ്ഞിട്ടുണ്ട് , അതാണ് വിയർത്തുപോയതു. ഞാൻ കുറച്ചു കഴിഞ്ഞാൽ അങ്ങോട്ട് വന്നോളാം.

ആശുപത്രിയിൽ നിന്ന് പോവും മുന്നേ റായിസിനെ ഡോക്ടർസ് ചെറിയ കൗണ്സിലിങ്ങിന് വിധേയനാക്കി ആരെയും കൂട്ടാതെ ഒറ്റക് ആംബുലൻസ് വിളിച്ചതിനെ അവർ അഭിനന്ദിച്ചു . പ്രിയ സുഹൃത് സിദ്ധീഖ് ചെയ്തത് തെറ്റല്ലെന്നും പകർച്ച വ്യാധിയുടെ ഈ കാലത്തിൽ സ്വയം അപകടത്തിൽ വരാതെ മാന്യമായി ഉപദേശം നൽകിയ സുഹൃത്തിനോട് പിണങ്ങരുതെന്നും അവർ പറഞ്ഞു .. പ്രതീക്ഷയോടെ, കരുതലോടെ മുന്നോട്ടു പോകുവാനും നല്ല ഭക്ഷണവും വ്യായാമവും ശീലമാക്കാനും അവർ റായിസിനെ ഉപദേശിച്ചു . രാവിലെ പത്തു മണിയോടുകൂടി റായിസ് തിരിച്ച വീട്ടിലെത്തി.

പിണങ്ങി നിന്ന കുഞ്ഞുമോളെ വാരി പുണർന്ന് അയാൾ നിറയെ മുത്തങ്ങൾ നൽകി. പുഞ്ചിരി കൊഞ്ചി ഭാര്യ സുമി കളിയാക്കി ..

ഇങ്ങള് എന്ത് ഭേജറാണ് ഇക്ക ഇണ്ടാക്കണത് .മനുഷ്യൻറെ പാതി ജീവൻ പോയി .

*********************************

അൽപ്പം കഴിഞ്ഞാണ് വീട്ടിലെ മോട്ടോർ കേടായ വിവരം റായിസ്‌ ഓർത്തത്.

രണ്ടു വട്ടം റിങ് കഴിഞ്ഞു മൂന്നാം വട്ടമാണ് ഉമ്മ ഫോൺ എടുത്തത് .

എന്തായി ഉമ്മ, മോട്ടോർ ശെരിയായ...

എന്നോട് ഇയ്യ്‌ മിണ്ടണ്ട റായിസേ ..

റൂം എത്തിയിട്ട് വിളിക്കാമെന്ന് പറഞ്ഞതല്ലേ ..

ഇന്നലെ പിന്നെ തിരക്കായി പോയി ഉമ്മാ ..

മോട്ടോർ നിന്റെ കൂട്ടുകാരൻ വന്നു ഊരി കൊണ്ടോയിക്കാണു .. ശെരിയാവുമെന്നാണ് പറഞ്ഞത് .

ഉമ്മാ ആര് വന്നാലും മാസ്ക് ഇടാൻ മറക്കല്ലേ .കൊറോണ നിസാരക്കാരനല്ല .. സൂക്ഷിച്ചാൽ ആർക്കും ഒന്നും വരില്ല ... ഉമ്മ അവിടെ സൂക്ഷിച്ചോ . ഞങ്ങൾ ഇവിടെ സൂക്ഷിച്ചോളാം ..

അല്ലാഹു കാക്കട്ടെ എന്റെ മോനെ. ഉമ്മാടെ പ്രാർത്ഥന വെറുതെയാവില്ല .. ഒപ്പം കരുതല് വേണം. അവിടെയും ഇവിടെയും.


ഈയുഗം