അയാൾ പതിയെ കണ്ണുകൾ അടച്ചു . ശ്വാസമെടുക്കാൻ നന്നേ ബുദ്ധിമുട്ട്. തീരെ വയ്യാതായിരിക്കുന്നു.
ഡ്യൂട്ടി നഴ്സ് വന്ന് അയാൾക്ക് മരുന്ന് നൽകി.. ഇതിപ്പോ കുറച്ച് ദിവസമായി പക്ഷേ അയാളിൽ ഒരു മാറ്റവും പ്രതിഫലിക്കുന്നില്ല. ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത് പനി കലശലായതോടെയാണ്. കൂടെ ചുമയും.
ആദ്യമൊന്നും അയാൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കടയിൽ കൂടെ ജോലി ചെയ്തിരുന്ന ബംഗാളി യുവാവിന് കോവിഡ് സ്ഥിരീകരിച്ചപ്പോൾ അയാളും ക്വാറന്റെനിൽ പോവാൻ നിർബന്ധിതനായി.
തനിക്ക് ഒരു കുഴപ്പവുമില്ല. താനെന്തിന് പോകണം, അയാൾ ആരോടെന്നില്ലാതെ പിറുപിറുത്തു.
ഒരാഴ്ച പിന്നിട്ടിട്ടും അയാളിൽ പ്രകടമായ ലക്ഷണങ്ങളൊന്നും കണ്ടില്ല. ക്വാറന്റൈൻ കേന്ദ്രത്തിൽ അയാൾ കുറേ ആളുകളെ പരിചയപ്പെട്ടു. അവരോടൊക്കെ അയാൾ പറയുന്നുണ്ടായിരുന്നു. ഇതൊക്കെ വെറുതെയാണ്. ഒരു ജലദോഷപനിപോലെയേ ഉള്ളൂ. അതിനാണിത്ര കരുതൽ.
മാസ്ക്കും സാനിറ്റൈസറും അകലം പാലിക്കലുമൊക്കെ ചിട്ടയായി പാലിക്കുന്ന സഹവാസികളെ അയാൾ കൗതുകത്തോടെ നോക്കി.
വീട്ടിലേക്ക് വിളിച്ചപ്പോൾ അയാൾ പറഞ്ഞു താനിപ്പോൾ ആരോഗ്യമന്ത്രാലയത്തിന്റെ സുഖവാസ കേന്ദ്രത്തിലാണെന്ന്. അയാളുടെ പൊട്ടിച്ചിരിയിൽ ഭാര്യയിൽ ഉണ്ടായിരുന്ന വേവലാതിയും നീങ്ങി. വാർധക്യമല്ലല്ലോ എനിക്ക് പിന്നെ എന്തിനിത്ര ആകുലപ്പെടാനെന്ന് അയാൾ ഭാര്യയോട് ആരാഞ്ഞു.
ഇന്നേക്ക് നാലു ദിവസമായി ഐ സി യുവിലേക്ക് മാറ്റിയിട്ട്. ഒരു മാറ്റവുമില്ല. വീട്ടിലേക്ക് വിളിച്ചിട്ടും ദിവസങ്ങൾ ആയി. നിസ്സംഗതയോടെ കഴിഞ്ഞിരുന്ന നിമിഷങ്ങളെ അയാൾ ശപിച്ചു.
അയാൾക്ക് ആരോടൊക്കെയോ എന്തെല്ലാമോ പറയണമെന്നുണ്ടായിരുന്നു. ടാബ്ലെറ്റ് നൽകാൻ വന്ന ഡ്യൂട്ടി നഴ്സിനെ അയാൾ ദയനീയതോടെ നോക്കി.
ഇത് മരണത്തിന്റെ ചവിട്ടുപടിയാണ്. അശ്രദ്ധ കൊണ്ട് അറിയാതെ ഈ പടി ചവിട്ടിയാൽ തിരിച്ചിറങ്ങാൻ വലിയ ബുദ്ധിമുട്ടാണ്. അയാൾക്ക് പുറത്തു കടക്കണമെന്നുണ്ടായിരുന്നു. പക്ഷേ എന്ത്ര നീന്തിയാലും കരകയറാൻ പറ്റാത്തവണ്ണം അയാൾ ചുഴിയിൽ അകപ്പെട്ടിരിക്കുന്നു.
അയാൾ കണ്ണുകൾ ഇറുക്കിയടച്ചു. ഈ വേദനക്ക് ഒരന്ത്യമില്ലേ. അയാൾ പിറുപിറുത്തു.
മുറുക്കി പിടിച്ചിരുന്ന ആശുപത്രി കിടക്കയുടെ വിരിപ്പിന് അയവു വന്നിരിക്കുന്നു. ആ ചുളിവുകൾ അയാളുടെ വേദനകളുടെ അവസാനമായിരുന്നു.
അങ്ങനെ ഒരു മരണം കൂടി എന്റെ പേരിൽ ചേർക്കപ്പെട്ടിരിക്കു.അൻവർ 34 വയസ്. മലയാളി...
ഈയുഗം