PERSPECTIVES

എന്റെ ഒരനിയന്‍ കാല്‍ നൂറ്റാണ്ട് കാലത്തോളമായി, ഗള്‍ഫ് രാജ്യത്തൊരിടത്ത് കുടുംബസമേതം കഴിഞ്ഞു പോരുന്നു. ബിരുദപഠനം കഴിഞ്ഞ്, കുറച്ചുകാലം നാട്ടില്‍ ജോലി നോക്കി, ഗള്‍ഫിലേക്ക് പോയ നാളുകളില്‍തന്നെ അവന് ഭേദപ്പെട്ട ഒരു ജോലിയും ലഭിച്ചിരുന്നു. ആയൊരു ജോലിയില്‍ നിന്ന് തന്നെ ജീവിച്ചുപോരാന്‍ ഞങ്ങളേക്കാളെല്ലാം ഭേദപ്പെട്ട അവസ്ഥ അദ്ധ്വാനിച്ചുണ്ടാക്കിയെടുക്കുകയും, ആവോളം മറ്റുള്ളവരെ സഹായിക്കുകയും ചെയ്തിരുന്നു. ഉമ്മയ്ക്ക് പ്രത്യേകമായി അവന്‍ മാസം തോറും മോശമല്ലാത്ത ഒരു തുക നല്‍കിപ്പോരുന്നു. നാട്ടിലവന്‍ നല്ലൊരു വീട് വെച്ചു. തിരിച്ചു വന്നാല്‍ ജീവിക്കാനുള്ള വരുമാനമാര്‍ഗ്ഗവും ഉണ്ടാക്കിയിട്ടുണ്ട്. ജോലിയില്‍ വിരമിക്കുവാനായപ്പോള്‍, നാട്ടിലേക്ക് മടങ്ങുവാന്‍ കാലമായപ്പോള്‍, ഞാനവനില്‍ കണ്ട വേവലാതി തീവ്രതരമായിരുന്നു. അവന്റെ ഭയാശങ്കകള്‍ എന്റെ കൂടി അസ്വസ്ഥതകളായി മാറി. നാട്ടില്‍ വന്നാല്‍ വെറുതെ ഇരിക്കുകയോ? മക്കളിലൊരാളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കണ്ടേ? വിവാഹം കഴിപ്പിക്കേണ്ടേ? ജോലിയില്ലാതായാല്‍ മറ്റുള്ളവരെ സഹായിക്കാനാവുമോ? ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയാല്‍ നാട്ടില്‍ യാതൊരു വിലയുമില്ലാതായിത്തീരില്ലേ? അവന്‍ ഇപ്പോള്‍ ജീവിക്കുന്ന സ്ഥലത്തു തന്നെ അല്പം ഭേദപ്പെട്ട ഒരു ജോലി കിട്ടാനാശിക്കുന്നു കുറച്ചു കാലം കൂടി. അവന്‍ നാട്ടിലേക്ക് മടങ്ങിയിട്ടില്ല. വേവലാതികളൊടുങ്ങിയിട്ടുമില്ല.

നാട്ടിലേക്ക് മടങ്ങുമ്പോള്‍

അഞ്ചാറു കൊല്ലം മുമ്പ് വരേയും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക്, ഒട്ടുമുക്കാലും സ്ഥാപനങ്ങളില്‍ വിരമിക്കാനുള്ള പ്രായം കഴിഞ്ഞാലും തുടരാനനുവാദം നല്‍കിയിരുന്നു. മടുക്കുന്നതുവരേയോ മരിക്കുന്നതുവരേയോ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാമായിരുന്നു. പ്രായം മറന്നും, ജോലിയെടുത്തുകൊണ്ടേയിരിക്കുന്ന വര്‍ഷങ്ങളുടെ ദൈര്‍ഘ്യം കണക്കാക്കാതേയും അവര്‍ ജോലി തുടര്‍ന്നു. അവരില്‍ പലരും നാട്ടിലുള്ള മക്കള്‍ക്കോ, തങ്ങളെ ആശ്രയിക്കുന്നവര്‍ക്കോ വേണ്ടി ജീവിക്കുന്നവരായിരുന്നു. സാമ്പത്തിക മാന്ദ്യതയും, സ്വദേശിവല്‍ക്കരണവും ഗള്‍ഫു നാടുകളില്‍ പുതിയ മാറ്റങ്ങളുണ്ടാക്കുകയായിരുന്നു. ഒരു കാലത്ത് മലയാളി സമൂഹം കീഴടക്കി വെച്ചിരുന്ന പല ജോലികളും, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ലഭിക്കാന്‍ തുടങ്ങി. അധികം വേതനം പറ്റാത്ത തൊഴിലാളികളുടെ ലഭ്യത പല മേഖലകളിലും കേരളത്തില്‍ നിന്നുള്ള തൊഴില്‍പരമായ കുടിയേറ്റക്കാര്‍ക്ക് വിനയായി മാറുകയായിരുന്നു. തൊണ്ണൂറുകളോടെ തന്നെ തിരിച്ചു വരവിന്റെ ആരംഭം, മെല്ലെയാണെങ്കിലും, കുറിക്കപ്പെട്ടിട്ടുണ്ട്. രണ്ടായിരാമാണ്ടോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മലയാളി പ്രവാഹം കുറഞ്ഞു. പിന്നാലെ പല രാജ്യങ്ങളേയും ബാധിച്ച സാമ്പത്തിക മാന്ദ്യം ഗള്‍ഫ് മലയാളികളുടെ ജീവിതത്തേയും സാരമായി ബാധിക്കുകയായിരുന്നു. തൊഴില്‍ നഷ്ടവും അതോടനുബന്ധിച്ചുള്ള പ്രത്യാഘാതങ്ങളും വ്യക്തിയില്‍ നിന്ന് പലരേയും ബാധിക്കുകയും ചെയ്തു. രണ്ടായിരത്തിപ്പത്തോടെ, സ്വദേശിവല്‍ക്കരണം നേരിട്ടും നേരിട്ടല്ലാതേയും, പ്രഖ്യാപിച്ചും പ്രഖ്യാപിക്കാതെയും പല രാജ്യങ്ങള്‍ നടപ്പില്‍ വരുത്തുന്നതോടെ, കേരളത്തെ ആശ്ലേഷിച്ചിരുന്ന പഴയകാല ഗള്‍ഫ് വസന്തം അറബിക്കടലിലാണ്ട് തുടങ്ങിയതോടെ, വിഷമവൃത്തം പ്രകടമായും ബാധിച്ചു കഴിഞ്ഞിരിക്കുന്നു.

തിരിച്ചുവരവിന്റെ കാരണങ്ങള്‍

യു.എ.ഇ. യെ ബാധിച്ച സാമ്പത്തിക മാന്ദ്യം, പ്രത്യേകിച്ച് ദുബായിയുടെ സാമ്പത്തിക പതനം, ഒരു ദശാബ്ദക്കാലത്തോളമായി ഗള്‍ഫ് മലയാളിമാരിലൊരുപാടുപേരുടെ ജീവിതം പിഴുതുമാറ്റി നടുവാന്‍ കാരണമാക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ സ്വദേശിവത്ക്കരണം, നിതാഖാത്, ഓരോരോ മേഖലകള്‍ തെരഞ്ഞെടുത്ത് നടപ്പില്‍ വരുത്തുമ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങളും മറ്റൊന്നല്ല. സൗദി അറേബ്യയിലെ കുടിയേറ്റക്കാര്‍ അനുഭവിക്കുന്നത് സ്വദേശിവല്‍ക്കരണത്തിന്റെ പ്രത്യാഘാതങ്ങളാണ്. തൊഴില്‍ മേഖലയിലെ ഓരോ വിഭാഗത്തിലും സ്വദേശികളെ മാത്രം നിയമിക്കാനുള്ള നടപടിക്രമങ്ങള്‍, ആയിരക്കണക്കിന് മലയാളി തൊഴിലാളികളുടെ തിരിച്ചുവരവിന് കാരണമായിരിക്കുന്നു. മൊബൈല്‍ വില്പനയില്‍ നിന്ന് ഇന്ന് പലവിധ വ്യാപാര വിഭാഗങ്ങളിലേക്കും സ്വദേശിവല്‍ക്കരണം പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

കുവൈത്തില്‍ അനുവദിച്ച പൊതുമാപ്പ് ഒരൊറ്റ ദിവസം നാലായിരം പേരെയാണ് എംബസിയിലെത്തിച്ചിരിക്കുന്നത്. പല രീതികളിലുള്ള നടപടികള്‍ കാരണമായി ലക്ഷക്കണക്കിന് മലയാളി കുടിയേറ്റക്കാര്‍ ഒരു സുപ്രഭാതത്തില്‍ നാട്ടിലേക്ക് മടക്കിയയക്കപ്പെടുകയാണ്. സാധാരണക്കാരായ ഗള്‍ഫ് തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരേയും ബാധിക്കുന്ന മറ്റ് സാഹചര്യങ്ങളും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെവിടെയും വേര് പിടിച്ച സവിശേഷ സംരംഭമായിരുന്നു, ചെറുകിട ഹോട്ടല്‍ കച്ചവടവും പലചരക്ക് കച്ചവടവും. അത്യാവശ്യ പലഹാരങ്ങളും ചായയും ജ്യൂസും നല്‍കുന്ന കഫറ്റീരിയ ഗള്‍ഫ് രാജ്യത്ത് സ്ഥാപിച്ചെടുത്തതും മലയാളികളാണ്. ചുരുങ്ങിയ ചെലവില്‍ മദ്ധ്യാഹ്ന ഭക്ഷണവും ഉച്ചഭക്ഷണവും നല്‍കി, 'ബാച്ച്ലര്‍' തൊഴിലാളികള്‍ക്ക് സേവനം ചെയ്ത കച്ചവടക്കാര്‍ കൂടിയാണിക്കൂട്ടര്‍. അവര്‍ക്കൊപ്പം അപ്രത്യക്ഷരായിത്തുടങ്ങിയ ഗള്‍ഫിലെ മറ്റൊരു മലയാളി പ്രതിഭാസമാണ് ബഖാലകള്‍. നഗരപ്രാന്ത പ്രദേശങ്ങളില്‍ പടര്‍ന്നു കിടന്ന ചെറുകിട പലചരക്ക് - സ്റ്റേഷനറികടകള്‍, ഗള്‍ഫ് മലയാളികളുടെയും ഗള്‍ഫിലെ അവരുടെ കുടുംബത്തിന്റേയും സഹായ കേന്ദ്രം കൂടിയായിരുന്നു. പറ്റ് കച്ചവടവും, ഫ്ളാറ്റുകളില്‍ കൊണ്ടുചെന്നു കൊടുക്കുന്ന വിതരണ സമ്പ്രദായവും ഗള്‍ഫ് മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയത് തൊഴില്‍പരമായ കുടിയേറ്റത്തോടൊപ്പമായിരുന്നു എന്നതാണ് വസ്തുത. വന്‍കിട സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ വരവ് ഇക്കൂട്ടരെ തെല്ലൊന്നുമല്ല ബാധിച്ചിരിക്കുന്നത്. നഗരവല്‍ക്കരണത്തിന്റെ ഭാഗമായി ഇത്തരം ചെറുകിട കച്ചവടക്കാര്‍ക്ക് നാട് നീങ്ങേണ്ടി വന്നതും ഒരു യാഥാര്‍ത്ഥ്യം. വമ്പന്‍ സ്രാവുകള്‍ കൊച്ചു മീനുകളുടെ കഥ കഴിക്കുമ്പോള്‍, ഏറ്റുവാങ്ങിയ പ്രത്യാഘാതങ്ങള്‍ കേരളത്തിന്റെ, പ്രത്യേകിച്ച് ഉത്തര കേരളത്തിലെ പല ദേശങ്ങളുമാണ്.

തിരിച്ചെത്തുന്നവരുടെ വകഭേദങ്ങള്‍

ഗള്‍ഫ് കുടിയേറ്റം ഒരൊറ്റ സുപ്രഭാതം കൊണ്ട് സംഭവിച്ചതല്ല. മൂന്ന് ദശാബ്ദക്കാലത്തിന്റെ ക്രമേണയായുള്ള അനിവാര്യ പരിണാമമാണ് തൊഴില്‍ പരമായ ഗള്‍ഫ് കുടിയേറ്റം. കഴിഞ്ഞ ഒരു ദശാബ്ദം എതിര്‍ദിശയിലേക്കുള്ള സ്ഥാനചലനവും ക്രമേണയായി അനുഭവവേദ്യമാക്കിക്കഴിഞ്ഞിരിക്കുന്നു. പലവിധേനയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളുടെ മടക്കയാത്ര ഒളിഞ്ഞും തെളിഞ്ഞും കണ്ടത്.

1. ഉയര്‍ന്ന വേതനം കൈപ്പറ്റിയിരുന്നവരുടെ ശമ്പളം പെട്ടെന്ന് വെട്ടിച്ചുരുക്കിയപ്പോള്‍, ജോലിയൊഴിവാക്കി നാട്ടിലേക്ക് മടങ്ങിയവരാണ് പ്രധാന വിഭാഗം. പരീക്ഷണത്തിനോ സാഹസത്തിനോ മുതിരാതെ അവര്‍ കുടുംബത്തോടൊപ്പമാണെങ്കില്‍ അവര്‍ക്കൊപ്പം, ഒറ്റക്കായിരുന്നെങ്കില്‍ തനിച്ചും പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിച്ചു പോന്നു. 'ഇന്നല്ലെങ്കില്‍ നാളെ' ഇത്തരമൊരു തിരസ്‌കാരം പ്രതീക്ഷിച്ച് നാട്ടിലെന്തെങ്കിലും ഒരു ഏര്‍പ്പാടുണ്ടാക്കുവാന്‍ മുന്‍കരുതലെടുത്തവരാണ് ഇവരില്‍ ചിലര്‍. പലരും മടങ്ങി നാട്ടിലെത്തിയശേഷം ആലോചിച്ചും ആസൂത്രണം ചെയ്തും എന്തെങ്കിലും മാര്‍ഗ്ഗം കണ്ടെത്താമെന്ന് കരുതിയാണ് മടക്കയാത്ര നടത്തിയത്. ആത്മാഭിമാനം നഷ്ടപ്പെടാതിരിക്കാന്‍, കാലുപിടിച്ചോ കടിച്ചു തൂങ്ങിയോ ഗള്‍ഫ് നാട്ടില്‍ ഒട്ടിനില്‍ക്കാന്‍ ശ്രമിക്കാതെ പലരും മടങ്ങി വരികയായിരുന്നു.

2. വരാനിരിക്കുന്ന അപായസൂചനയറിഞ്ഞ്, ഒപ്പമുണ്ടായിരുന്ന ഭാര്യയേയും മക്കളേയും നാട്ടിലേക്ക് പറഞ്ഞയച്ച ഭേദപ്പെട്ട ജോലിയോ വ്യാപാരമോ ഉണ്ടായിരുന്നവരാണ് മറ്റൊരു കൂട്ടര്‍. ഗള്‍ഫ് നാടുകളിലെ സ്‌കൂളുകളില്‍ നിന്ന് ഒരേ വര്‍ഷം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി നാട്ടിലേക്ക് കയറ്റിയയക്കപ്പെട്ടത് വെളിപ്പെടുത്തപ്പെട്ട ഒരു യാഥാര്‍ത്ഥ്യമാണ്. പലരും നാട്ടില്‍ വീട് പണിത്, പൂട്ടിയിട്ട് കാവലാള്‍ക്കാരെ ഏല്പിച്ചവരായിരുന്നു. കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞു ഗള്‍ഫ് നാടുകളില്‍ തന്നെ പറ്റിപ്പിടിച്ച് കിടക്കാന്‍ ശ്രമിച്ച ഇക്കൂട്ടരില്‍ വ്യാപാരികളും ചെറുകിട വ്യവസായികളുമുണ്ട്. ഗള്‍ഫ് നാടുകളിലേക്ക് കുടിയേറിയ എണ്‍പതുകളെന്നപോലെ, കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ പുരുഷന്‍മാര്‍ നാട്ടില്‍ പുനര്‍ജ്ജനിക്കുകയായി. താഴ്ന്നിറങ്ങിയ വരുമാനം, രക്ഷയില്ലാതെ അംഗീകരിച്ച്, ഗള്‍ഫ് നാടുകളില്‍ തന്നെ അള്ളിപ്പിടിച്ചവരും ഇക്കൂട്ടരിലുണ്ട്.

3. നഷ്ടപ്പെട്ട ജോലിയെക്കുറിച്ച് വേവലാതിപ്പെടാതെ, മറ്റേതെങ്കിലും വരുമാനമാര്‍ഗ്ഗത്തിന് ശ്രമിച്ച് ഗള്‍ഫുകാരനായിത്തന്നെ കഴിഞ്ഞു പോരാന്‍ തുനിഞ്ഞവരാണ് ഭൂരിപക്ഷം മലയാളികളും. തിരിച്ച് നാട്ടിലെത്തിയാല്‍ വിശേഷിച്ചൊന്നും ചെയ്യാനാവില്ലെന്നവര്‍ക്കറിയാം. വേറൊരു ജോലി കണ്ടെത്തുക പ്രയാസകരമാണെന്ന് തിരിച്ചറിഞ്ഞവരാണിവര്‍. ഗള്‍ഫുകാരനായിപ്പോയതുകൊണ്ട് ഏതെങ്കിലും ജോലി സ്വീകരിക്കുകയെന്നത് അവര്‍ക്ക് പ്രയാസകരവുമായിരുന്നു. എവിടെ ജോലിയെടുത്തോ ആ നാട്ടില്‍ തന്നെ മറ്റേതെങ്കിലും ജോലി ചെയ്യാന്‍ അവിടെ തന്നെ നിന്നോ, നാട്ടില്‍പ്പോയി തിരിച്ചുവന്നോ ശ്രമിച്ചവരാണിവര്‍. ഗള്‍ഫ് തൊഴില്‍ മെച്ചപ്പെട്ട ഒരവസ്ഥയുണ്ടാക്കാനിനി അവസരമുണ്ടാക്കില്ലെന്ന് തിരിച്ചറിഞ്ഞവരുമാണ് ഇവര്‍.

4. കുടിയിറക്കപ്പെട്ടത് ഒരവസരമാക്കി നാട്ടിലേക്ക് മടങ്ങിയവരുണ്ട്. വലിയ ജോലിയൊന്നുമില്ലാത്തവരാണവര്‍. അതുകൊണ്ട്, ജീവിതം പച്ചപിടിക്കില്ലെന്ന് മനസ്സിലാക്കിയവരുമാണവര്‍. ഭാര്യയുടേയോ മറ്റ് കുടുംബാംഗങ്ങളുടേയോ നിര്‍ബന്ധത്താല്‍ ഗള്‍ഫില്‍ നില്‍ക്കാന്‍ തുനിഞ്ഞവരും ഈ വിഭാഗത്തിലുണ്ട്. കുടിയിറക്കം അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഒരവസരമാവുകയായിരുന്നു. നാട്ടില്‍ എന്തെങ്കിലും ജോലി ചെയ്യാനവര്‍ ഒരുക്കമായിരുന്നു.

ഈ പൊതുവിഭാഗങ്ങളിലൊന്നും പെടാതെ, വ്യക്തിപരമായ കാരണങ്ങളാല്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയവരുമുണ്ട്. നാട്ടിലുള്ള വീട്ടിലെ അരക്ഷിതാവസ്ഥ, രോഗം, മറ്റാരുടെയെങ്കിലും മരണം തുടങ്ങിയ പലവിധ കാരണങ്ങള്‍ പലരുടേയും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മടക്കത്തിന് കാരണമായിട്ടുണ്ട്.

തിരിച്ചെത്തുന്നവരുടെ വ്യഥകള്‍

കൗണ്‍സിലിങ്ങ് റൂമിലിരുന്ന് അയാള്‍ പറഞ്ഞു: ' ഗള്‍ഫിലായിരുന്നപ്പോള്‍ എല്ലാവര്‍ക്കും എന്നെ വേണമായിരുന്നു. എന്റെ പണവും ആവശ്യമായിരുന്നവര്‍ക്ക്. ഇന്ന്... ഞാന്‍ ഇസ്പേഡ് ഏഴാംകൂലിയായി മാറിയിരിക്കുന്നു...' സൗദി അറേബ്യയിലെ ജിദ്ദയില്‍ ഒരു ചെറുകിട കച്ചവടസ്ഥാപനത്തിലെ സെയില്‍സ്മാനായിരുന്നു അയാള്‍. പതിനാല് കൊല്ലമായി മലപ്പുറം ജില്ലയിലെ കരുളായിയില്‍ നിന്ന് ഗള്‍ഫിലെത്തി, ആ ജോലി ചെയ്യുകയായിരുന്നു. തൊഴിലിലുള്ള മിടുക്ക് അയാളെ സ്ഥാപനത്തില്‍ അനിവാര്യനാക്കി. അയാള്‍ക്കൊപ്പം സ്ഥാപനവും വളര്‍ന്നു. സ്വദേശിവല്‍ക്കരണം അയാളെ പുറത്താക്കാനുള്ള ഹേതുവായി. മറ്റൊരു ജോലിയില്‍ പ്രവേശിക്കുക എളുപ്പമല്ല. ദീര്‍ഘനിശ്വാസങ്ങളോടെ നാട്ടിലെത്തി. ആഹ്ലാദകരമായ അനുഭവമായിരുന്നില്ല തിരിച്ചുവരവ്. കുടുംബാംഗങ്ങള്‍ക്ക് അയാളെന്തോ അപകടം വരുത്തിവെച്ച വിചാരമായിരുന്നു. വാടിയ മുഖങ്ങളോടെയായിരുന്നു അവരുടെ സ്വീകരണം. നാലഞ്ച് നാള്‍ കഴിയും മുമ്പെതന്നെ അവരോരുത്തരായും കൂട്ടത്തോടെയും കുറ്റപ്പെടുത്താനും മുനവെച്ച് സംസാരിക്കാനും തുടങ്ങി. ഗള്‍ഫിലായിരുന്ന കാലത്ത് പെങ്ങന്മാരെ കെട്ടിച്ചയക്കുക, വീട് പുതുക്കിപ്പണിയുക, മക്കളേയും മരുമക്കളേയും പഠിപ്പിക്കുക, പള്ളിക്കമ്മിറ്റിയുടെ സേവനപ്രവര്‍ത്തനങ്ങളില്‍ ഉദാരമനസ്സോടെ സംഭാവന നല്‍കുക തുടങ്ങിയവയാല്‍ വരുമാനം ഒഴുകിപ്പോയിരുന്നു. അതൊന്നും ആരും കണക്കില്‍പ്പെടുത്തിയില്ല. നാട്ടില്‍ വരുമ്പോള്‍ എന്തെങ്കിലും സ്വന്തമായി തുടങ്ങാനുള്ള വക സ്വരൂപിച്ചില്ലല്ലോ എന്നതായിരുന്നു പ്രധാന ആരോപണം. വിശദീകരണങ്ങള്‍ വിലക്കെടുത്തില്ല. ഭാര്യയുടെ പോലും മാറുന്ന മുഖം അയാളെ നൊമ്പരപ്പെടുത്തി. നാട്ടുകാര്‍ ചോദിച്ചു. 'പുതിയ വിസയെടുത്ത് പോകണതെപ്പഴാ? ഇവിടെയെന്താ ചെയ്യാ?' അയാള്‍ കൈ മലര്‍ത്തി. ചോദ്യങ്ങള്‍ പരിഹാസങ്ങളായി. വീട്ടില്‍ തന്നെ കുത്തിയിരിപ്പായി. നാട്ടിലൊരു ജോലി കണ്ടെത്തിയത് സ്വീകരിച്ചാല്‍ കുടുംബത്തിനപമാനമായിരിക്കുമെന്ന് ഉമ്മയും ഭാര്യയും അറിയിച്ചു. മാന്യതയുള്ള ജോലിയെങ്കിലും നേടാന്‍ അവരാവശ്യപ്പെട്ടു. അയാളുടെ വിദ്യാഭ്യാസമോ തൊഴില്‍ പരിചയമോ അത്തരമൊരു ജോലി ലഭിക്കാന്‍ വഴിയേകിയതുമില്ല. ഗതിയില്ലാതെ അയാള്‍ ബാംഗ്ലൂരിലേക്ക് വണ്ടികേറി. ഒരു കൂട്ടുകാരന്റെ സഹായത്തോടെ ജോലി കണ്ടെത്തി. താമസവും ശരിയാക്കി. വീട്ടിലെ ചെലവിനെങ്കിലും കാശ് കൊടുക്കാനായി. പക്ഷെ ഭാര്യയോ ഉമ്മയോ തൃപ്തരായിട്ടില്ല. അവര്‍ ഗള്‍ഫിലേക്ക് തന്നെ പോകാന്‍ നിര്‍ബന്ധിക്കുന്നു. സംഘര്‍ഷംകൊണ്ട് കത്തുന്ന ഉള്ളവുമായി അയാള്‍ 'മരിക്കാന്‍ തോന്ന്ണുണ്ട്. ആ പാപം ചെയ്തു പരലോകത്തും എനിക്ക് ശിക്ഷയാവുമെന്നോര്‍ത്ത്, അതിന്നാവുന്നില്ല. ഞാനെന്താ ചെയ്യാ സാര്‍??'

ഗള്‍ഫ് നാട്ടില്‍ നിന്ന് തിരിച്ചെത്തി എന്താണ് ചെയ്യുകയെന്നതാണ് സകലരേയും അസ്വസ്ഥപ്പെടുത്തുന്ന പ്രധാന വിചാരം. പ്രായം കൊണ്ടോ ആരോഗ്യം കൊണ്ടോ ഇനിയുള്ള കാലത്തും ജോലി ചെയ്യാനവര്‍ക്കാവും. മാനസികമായതിനൊരുക്കവുമാണ്. പക്ഷെ, എന്തുചെയ്യും? പലവിധ ചിന്തകള്‍ അവര്‍ക്ക് മുന്നില്‍ കിരാത നടനമാടുന്നു:

1. അനുയോജ്യമായ ഒരു ജോലി നാട്ടിലെവിടെയെങ്കിലും കിട്ടുമോ? ഗള്‍ഫ്കാരനായിരുന്നുവെന്ന പോയ്മറഞ്ഞ കാലം ഏതുവിധത്തിലുമുള്ള ജോലി സ്വീകരിക്കുന്നതിന് പലര്‍ക്കും തടസ്സമായി വരുന്നു. പ്രായം പല ജോലികളും സ്വീകരിക്കുന്നതിനു പറ്റാത്ത അവസ്ഥയുണ്ടാക്കുന്നു. നാട്ടിലെ തൊഴില്‍ രംഗം ഗള്‍ഫ് മടക്കക്കാരനോട് അനുതാപമോ അനുകമ്പയോ കാണിക്കാത്തവിധം സങ്കീര്‍ണ്ണമായിരിക്കുന്നതും, സൗഹാര്‍ദ്ദപരമല്ലാതായിത്തീര്‍ന്നതും അവര്‍ മനസ്സിലാക്കുന്നു. പഴയ കാലത്തെപ്പോലെ ജോലിയന്വേഷിച്ച് നടക്കാനാവാത്ത അവസ്ഥ അവരെ കൂടുതല്‍ അസ്വസ്ഥരാക്കുന്നു.

2. ഉള്ള സമ്പാദ്യംകൊണ്ട് എന്തെങ്കിലും സ്വന്തമായ കച്ചവടം തുടങ്ങാനാവുമോ? കച്ചവടം ചെയ്യാന്‍ വലിയ മുതല്‍ മുടക്ക് വേണമെന്ന് തിരിച്ചെത്തിയ ഗള്‍ഫ്കാര്‍ വൈകാതെ തന്നെ മനസ്സിലാക്കുന്നു. ചെറുകിട കച്ചവടങ്ങളില്‍ ഉള്ളതും നഷ്ടപ്പെട്ട് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ പലരേയും അവര്‍ കാണുന്നു. ഏതുവിധ കച്ചവടം ചെയ്യുമെന്നതും അവരെയലട്ടുന്ന പ്രശ്നമാണ്. പരിചയമുള്ള മേഖലയില്‍ നാട്ടില്‍ കച്ചവടമാവുന്നില്ല. പരിചയമില്ലാത്ത രംഗത്തേക്ക് കാലെടുത്തുവെച്ചവരുടെ ദുരന്തങ്ങള്‍ അറിയാവുന്നവര്‍, ഉള്ള കാശ് കൈയ്യില്‍ വെച്ച് വേവലാതികൊള്ളുന്നു.

3. കയ്യിലുള്ള കാശ് തീര്‍ന്നാല്‍ എന്തു ചെയ്യും? ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ കയ്യിലുണ്ടായിരുന്ന സമ്പാദ്യം ചോര്‍ന്നൊലിക്കുന്നത് തിരിച്ചെത്തിയവരറിയുന്നുണ്ട്. ദൈനംദിന കാര്യങ്ങള്‍ക്ക് കയ്യിലുള്ളത് ചെലവാക്കാതിരിക്കാനാവില്ല. ചെലവാക്കുന്നത് വരുമാനമാര്‍ഗ്ഗത്തിലുമല്ല. കാശ് തീരുന്നതോടെ കൂടുതല്‍ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്കെത്തുന്നു. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്ക് കടംകൊടുക്കാന്‍ പലരും മടിക്കുമെന്നും ഇവര്‍ക്കറിയാം. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ കാണാതെ, ഇവര്‍ വിഷമിക്കുന്നു.

4. മക്കളുടെ പഠനം, വിവാഹം എന്നിവ നടത്തുന്നതെങ്ങനെ? ഗള്‍ഫ് മലയാളികളുടെ പ്രധാന ആവശ്യവും ആഗ്രഹവുമാണ് മക്കളുടെ പഠനവും അവരുടെ വിവാഹവും. മെച്ചപ്പെട്ട വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കാന്‍ വിദ്യാഭ്യാസം സിദ്ധിക്കാത്ത ഗള്‍ഫ് കുടിയേറ്റക്കാരന്‍ ആഗ്രഹിക്കുന്നതിലത്ഭുതമില്ല. അതിന് എത്രയും ചെലവാക്കാനുമവര്‍ തയ്യാറായിരിക്കും. നാട്ടിലായാലും ഗള്‍ഫിലായാലും വരുമാനത്തിന്റെ നല്ലൊരു പങ്ക് മക്കളുടെ പഠനത്തിനും വിവാഹത്തിനും ചെലവഴിക്കുന്നു. പെട്ടെന്നുള്ള തിരിച്ചുവരവ് മക്കളുടെ പഠനത്തെ ബാധിക്കുമോയെന്നവര്‍ ഭയക്കുന്നു. നാട്ടിലേക്ക് മടക്കിയയക്കുന്ന മക്കള്‍ക്ക് മെച്ചപ്പെട്ട ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം കിട്ടുമോ എന്നത് രക്ഷിതാക്കളുടെ പ്രധാന വേവലാതിയാണ്. ഗള്‍ഫ് മലയാളിയ്ക്ക് തങ്ങള്‍ ഗള്‍ഫിലാണെങ്കില്‍ മക്കള്‍ക്ക് ഭേദപ്പെട്ട വിവാഹാലോചനകള്‍ വരുമെന്നും അറിയാം. തിരിച്ചുവരവ് ഇക്കാര്യത്തിലുണ്ടാക്കുന്ന തടസ്സങ്ങളെക്കുറിച്ച് ഗള്‍ഫുകാര്‍ അസ്വസ്ഥരാണ്.

5. ഗള്‍ഫില്‍ നിന്ന് തിരിച്ചുവന്നാല്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മുമ്പ് നല്‍കിയ പരിഗണന നല്‍കുമോ? ഗള്‍ഫ് കാലം കഴിയുന്നതോടെ തങ്ങള്‍ക്ക് കിട്ടിയ അംഗീകാരവും സ്നേഹവും നഷ്ടപ്പെടുമോയെന്ന് തിരിച്ചുവരുന്ന ഓരോ ഗള്‍ഫുകാരനും സംശയിക്കുന്നുണ്ട്. ഗള്‍ഫില്‍ പോകും മുമ്പ് പലരും നല്‍കിയ അനാദരവ് ഗള്‍ഫില്‍ പോയതോടെ അലിഞ്ഞില്ലാതായത് അനുഭവിച്ചറിച്ചവരാണ് പലരും. സമ്പത്തും വരുമാനവും പദവി മാറ്റത്തിന് വഴിയൊരുക്കുന്നുവെന്നത് ആരേക്കാളും നന്നായി ഗള്‍ഫ് മലയാളികള്‍ക്കറിയാം. അതുകൊണ്ടുതന്നെ, നാട്ടിലേക്ക് തിരിച്ചു വരുന്നവര്‍, നിശ്ചയമായും അവഗണിക്കപ്പെടുമെന്ന് ഭയപ്പെടുന്നുണ്ട്.

6. ഇതുവരെ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്ത ജീവിത രീതി കയ്യൊഴിയാനാവുമോ? ഗള്‍ഫ് മലയാളി ധാരാളിത്തം കൊണ്ടും ആഡംബരത്വം കൊണ്ടും സാമൂഹ്യ പദവിയില്‍ മാറ്റമുണ്ടാക്കാന്‍ തുനിഞ്ഞവരാണ്. പിന്നീടത് പലരുടേയും ആദരം പിടിച്ചുപറ്റാനുതകുന്ന ജീവിത രീതിയാക്കി നിലനിര്‍ത്തിയവരുമാണ്. ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ട് തിരിച്ച് വരുമ്പോള്‍ അവര്‍ ശീലമാക്കിയ ധാരാളിത്തത്തിന്റെ ആഘോഷ ജീവിതം സാധ്യമല്ലാതെ പോകുന്നുവെന്നത് സത്യമാണ്. പെട്ടെന്നുള്ള മാറ്റം ജീവിത്തിലുണ്ടാകുന്നത് പല ഗള്‍ഫുകാര്‍ക്കും വിഷമമുണ്ടാക്കുന്നു.

7. ഭര്‍ത്താവ്/മകന്‍/പിതാവ് എന്നീ നിലകളില്‍ എനിക്ക് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ പറ്റുമോ? ഗള്‍ഫിലായിരുന്നതുകൊണ്ട്, വര്‍ഷത്തിലൊരിക്കല്‍ അവധിക്കാലത്ത് മാത്രം വരേണ്ടതുള്ളതുകൊണ്ട്, പലവിധ റോളുകള്‍, ധര്‍മ്മ നിര്‍വ്വഹണങ്ങള്‍ നടത്തേണ്ടതില്‍ നിന്ന് പല ഗള്‍ഫുകാരും മാറി നില്‍ക്കുന്നു. പണം അയച്ചുകൊടുക്കുന്നതൊഴിച്ച് കുടുംബത്തോട് ചേര്‍ന്ന പല ഉത്തരവാദിത്വങ്ങളും മറ്റുള്ളവരാവും നിര്‍വ്വഹിച്ചിട്ടുണ്ടാവുക. രക്ഷകര്‍തൃത്വം, കുടുംബകാര്യ നടത്തിപ്പ്, തീരുമാനമെടുക്കല്‍, പ്രശ്നപരിഹാരം തുടങ്ങിയവ. നാട്ടിലൊരു സുപ്രഭാതത്തില്‍ തിരിച്ചെത്തുമ്പോള്‍, ഇനിയുള്ള കാര്യം ഇതൊക്കെയും താനാണല്ലോ പ്രധാനമായും നിറവേറ്റേണ്ടത് എന്ന വിചാരം പലര്‍ക്കും വലിയ തലവേദനയായി മാറുന്നുണ്ട്. തന്റെ കഴിവില്ലായ്മകള്‍, കെടുകാര്യസ്ഥത മറ്റുള്ളവരറിയുമോ എന്ന ഭയം ചിലരെയെങ്കിലും അലട്ടുന്നുണ്ട്. പണം നല്‍കി, അതാണല്ലോ തന്റെ ഉത്തരവാദിത്വം എന്ന് പറഞ്ഞ് മറ്റു കുടുംബ , വീട്ടുകാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനാവില്ലെന്ന് മടങ്ങിയെത്തുന്ന പല ഗള്‍ഫുകാര്‍ക്കും നന്നായറിയാം.

പിന്തിരിഞ്ഞിരിക്കുന്ന സംഘടനകള്‍

പലവിധ ഭയാശങ്കകളോടെയും അസ്വസ്ഥ വിചാരങ്ങളോടെയുമാണ് ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട്, പെട്ടെന്നൊരു നാള്‍ കുടിയിറക്കപ്പെട്ട് മലയാളികള്‍ നാട്ടിലേക്ക് തിരിച്ച് വരുന്നത്. ഇവര്‍ക്ക് പെന്‍ഷന്‍ കൊടുത്തതുകൊണ്ട് മാത്രം തീരുന്ന സാഹചര്യങ്ങളോ പ്രശ്നങ്ങളോ അല്ല അവരില്‍ പലരേയും കാത്തിരിക്കുന്നത്. ഗള്‍ഫുകാരെ പിഴിഞ്ഞ സംഘടനകളോ, ഗള്‍ഫുകാരാല്‍ ഉണ്ടാക്കപ്പെട്ട അവരുടെ തന്നെ സംഘടനകളോ, തിരിച്ചെത്തുന്ന ഗള്‍ഫുകാരുടെ വ്യഥകള്‍ക്ക് പരിഹാരം കാണാന്‍ ഒന്നും ചെയ്തിട്ടില്ല. ചെയ്യുന്നുമില്ല. ഗള്‍ഫ് മലയാളി സംഘടനകള്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിന് വേണ്ടി ശാസ്ത്രീയമായി ഒന്നും രൂപകല്‍പ്പന നടത്തിയിട്ടുമില്ല. അവരില്‍ പലരുമിപ്പോഴും ഗള്‍ഫില്‍ ചലച്ചിത്രതാരങ്ങളുടേയോ മത നേതാക്കളുടേയോ മെഗാ ഷോ നടത്തി സായൂജ്യമടയുന്നു. നാട്ടിലെ മതസംഘടനകളോ രാഷ്ട്രീയ സംഘടനകളോ കൂട്ടത്തോടെ മടങ്ങുന്ന, ഇതുവരെയും തങ്ങളുടെ സാമ്പത്തികസ്രോതസ്സായിരുന്ന ഗള്‍ഫ് മലയാളികള്‍ക്ക് വന്നെത്തുന്ന ദുരന്തത്തെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. സാമൂഹിക സേവന രംഗത്തുള്ളവരും പുതുപ്രശ്നങ്ങളെ കണ്ടതായി നടിക്കുന്നില്ല.


പ്രമുഖ സോഷ്യോളജിസ്റ്റും എഴുത്തുകാരനുമാണ് ലേഖകന്‍.