PERSPECTIVES

ഗള്‍ഫ് പ്രതിസന്ധി എന്ന് തീരും? കഴിഞ്ഞ ജൂണ്‍ ആറിന് ഭൂകമ്പം കണക്കെ അയൽ രാജ്യങ്ങളുടെ ഉപരോധം ഖത്തറിനെ പിടിച്ച് കുലുക്കിയത് മുതൽ, നമ്മള്‍ ഏറ്റവും കൂടുതല്‍ ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണിത്. ഉത്തരം ലളിതമായിരുന്നു: 'അറിയില്ല'.

ഇത്ര ക്രൂരമായ ഒരു ഉപരോധം ആര്‍ക്കും പ്രവചിക്കാന്‍ സാധിച്ചിരുന്നില്ല എന്ന പോലെ, ഇതെന്നവസാനിക്കും എന്നതും പ്രവചനാതീതം. ഒരു ഫോണ്‍ കോള്‍. ഒരു ഇടപെടല്‍, കാര്യങ്ങള്‍ 360 ഡിഗ്രി മാറിമറിയാം. അതാണ് ഈ മേഖലയുടെ പ്രത്യേകത.

ഭാവി പ്രവചനാതീതമാണെങ്കിലും വര്‍ത്തമാന സംഭവങ്ങള്‍ മറ്റൊന്ന് സാധ്യമാക്കി - ഗള്‍ഫ് രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകളിലേക്കും സങ്കീര്‍ണ്ണതകളിലേക്കുമുള്ള ഒരു എത്തിനോട്ടം. ഒരു രാജ്യത്തിന്റെയും വിദേശനയം ഒരു നേര്‍ നേരഖയല്ല. പ്രത്യേകിച്ച് അറബ് രാഷ്ട്രങ്ങളുടെ. വിദേശ രാഷ്ട്ര തലവന്‍മാരും മന്ത്രിമാരും ദിവസേന ഈ മേഖല സന്ദര്‍ശിക്കാറുണ്ടെങ്കിലും അവര്‍ എന്ത് സംസാരിക്കുന്നു എന്നാര്‍ക്കും അറിയില്ല. നേതാക്കൾ ഉഭയകക്ഷി ബന്ധങ്ങളും അവ പുഷ്ടിപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു എന്ന് മാത്രമായിരിക്കും പത്രക്കുറിപ്പ്. കൂടുതൽ ചോദ്യങ്ങളില്ല. ഉത്തരങ്ങളും.

ഈ ഉപരോധം ഒരു തുറന്ന പോരാണ്. ആരോപണപ്രത്യാരോപണങ്ങള്‍. ഭൂതവും വര്‍ത്തമാനവും തലനാരിഴകീറി പരിശോധിക്കപ്പെട്ടു. വിദഗ്ധര്‍ക്ക് മാത്രമല്ല സാധരണക്കാര്‍ക്കുവരെ കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെട്ടു. ഇതുവരെയുള്ള സംഭവവികാസങ്ങളില്‍ നിന്ന് മൂന്ന് കാര്യങ്ങള്‍ വ്യക്തം. ഒന്ന്, ഉപരോധരാജ്യങ്ങളുടെ ലക്ഷ്യം ഖത്തറിനെ ദുര്‍ബലപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയുമായിരുന്നു. രണ്ട്, ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടായിരുന്നില്ലെങ്കില്‍ ഉപരോധം സംഭവിക്കുമായിരുന്നില്ല. മൂന്ന്, ഈ കലഹം ഒരു വൻകുഴിയിലേക്കള്ള വീഴ്ച പോലെ ഗുരുതര പരുക്കുകളാണ് ഗള്‍ഫ് ബന്ധങ്ങള്‍ക്ക് വരുത്തി വെച്ചിട്ടുള്ളത്. മുറിവുണങ്ങാന്‍ വര്‍ഷങ്ങള്‍ എടുക്കും.

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തുക, ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കുക, അല്‍ജസീറ അടച്ച് പൂട്ടുക തുടങ്ങി ഉപരോധ രാജ്യങ്ങള്‍ മുമ്പോട്ടു വെച്ച മുഴുവന്‍ ആവശ്യങ്ങളും ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. ഖത്തറിനുമേല്‍ സൗദി ഭീകരവാദം ആരോപിക്കുന്നതിനേക്കാള്‍ വലിയ വിരോധാഭാസമില്ല. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം 'ഇസ്ലാമിക തീവ്രവാദത്തി' ന്റെ പ്രഭവ കേന്ദ്രമായി പശ്ചാത്യമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് സൗദിയേയാണ്. (വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കാന്‍ വിമാനം റാഞ്ചിയ 19 പേരില്‍ 15 പേരും സൗദി പൗരന്‍മാരായിരുന്നു.)

അതുപോലെ ഇറാനുമായി ബന്ധം വേര്‍പ്പെടുത്തണമെന്ന ആവശ്യവും അതിരുകടന്നതാണ്. സൗദിയുടെയും യു.എ.ഇ. യുടേയും ശത്രു ഖത്തറിന്റേയും ശത്രുവായിരിക്കണമെന്ന പിടിവാശിയുടെ സാമാന്യയുക്തിയെന്താണ്? ഇറാന്‍ ഖത്തറിന് ഒരു അയല്‍ രാജ്യം മാത്രമല്ല, ബിസിനസ്സ് പങ്കാളി കൂടിയാണ്. അതും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ അടിത്തറയായ പ്രകൃതിവാതക മേഖലയിൽ.

ഗള്‍ഫ് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരം ഖത്തറും ഇറാനും ഷെയര്‍ ചെയ്യുന്നു. 9,700 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിാല്‍ പരന്നു കിടക്കുന്ന വാതക ശേഖരത്തിന്റെ സൗത്ത് പാര്‍സ് (South Pars) എന്ന് വിളിക്കുന്ന 3,700 സ്‌ക്വയര്‍ കിലോമീറ്റര്‍ ഇറാന്റെ സമുദ്രാതിര്‍ത്തിയിലും നോര്‍ത്ത് ഡോം (North Dome) എന്ന് വിളിക്കുന്ന 6,000 സ്‌ക്വയര്‍ കിലോമീറ്റര്‍ ഖത്തറിന്റെ സമുദ്രാതിര്‍ത്തിയിലുമാണ്. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനമല്ലാതെ മറ്റൊന്നും സാധ്യമല്ല.

ഖത്തറിനോടുള്ള ശത്രുതയ്ക്ക് രണ്ട് കാരണങ്ങളാണ്. ഒന്ന്, സാമ്പത്തിക-സാമൂഹ്യ-വിദ്യാഭ്യാസ മേഖലയിലുള്ള ഈ രാജ്യത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ച. ഖത്തര്‍ എയര്‍വേയ്‌സ് പറന്ന്, പറന്ന്, ആകാശത്തിലെ പഴയ ഭീമനായ എമിറേറ്റ്‌സിന് മുകളില്‍ പറക്കുന്നു. ദോഹ വളര്‍ന്നു, വളര്‍ന്ന് ദുബായിക്ക് ഭീഷണിയാകുന്നു. ഒരേ മേഖലയില്‍ തൊട്ടടുത്ത് രണ്ട് വാണിജ്യ കേന്ദ്രങ്ങള്‍ മത്സരിക്കുമ്പോള്‍ ശത്രുത സ്വാഭാവികം.

രണ്ടാമതായി, ഖത്തറിന്റെ വിദേശനയം പലരുടെയും ഉറക്കം കെടുത്തുന്നു. മേഖലയിലെ പരമ്പരാഗത ശക്തിയായ സൗദി അറേബ്യയുടെ സ്വാധീന വലയത്തില്‍നിന്ന് മാറി ഖത്തര്‍ സ്വന്തമായ ഒരു വിദേശനയം രൂപപ്പെടുത്തി. ഏതാനും വര്‍ഷങ്ങളായി അന്താരാഷ്ട്ര തലത്തില്‍ ഖത്തര്‍ ഒരു സജീവ സാന്നിധ്യമാണ്. ദര്‍ഫൂര്‍, ഫലസ്തീന്‍, ലബനാന്‍, യമന്‍, എരിത്രിയ തുടങ്ങിയ നിരവധി പ്രശ്‌നബാധിത ആഫ്രിക്കന്‍ - അറബ് രാജ്യങ്ങളില്‍ ഖത്തറിന്റെ വിജയകരമായ മധ്യസ്ഥ ശ്രമങ്ങള്‍ മാധ്യമങ്ങളില്‍ എപ്പോഴും നിറഞ്ഞു നിന്നു. അതുപോലെ സംഘർഷ ബാധിത, പട്ടിണി ബാധിത പ്രദേശങ്ങള്‍ക്കും അന്താരാഷ്ട്ര സംഘടനകള്‍ക്കും ഖത്തര്‍ നൂറു കണക്കിന് മില്ല്യന്‍ ഡോളറിന്റെ സഹായധനം നല്‍കി. മറ്റു ജീവകാരുണ്യപ്രവര്‍ത്തനങ്ങളും. ലോകകപ്പ് കരസ്ഥമാക്കുക വഴി ഖത്തര്‍ മറ്റൊരു എവറസ്റ്റ് കീഴടക്കി.

പക്ഷെ അറബ് വസന്തമാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. ലോകം ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്ത ഈ വിപ്ലവത്തിന് പ്രതീക്ഷിച്ചതൊന്നും നേടാനായില്ല. ഏകാധിപതികളാല്‍ ഭരിക്കപ്പെട്ടിരുന്നെങ്കിലും ഒരു വിധം ശാന്തിയും സമാധാനവും നിലനിന്നിരുന്ന അറബ് മേഖലയെ അസ്ഥിരതയിലേക്കും അരാജകത്വത്തിലേക്കും അത് തള്ളിയിട്ടു. (തുണീഷ്യയില്‍ മാത്രമാണ് സന്തോഷകരമായ ഒരു പരിസമാപ്തിയുണ്ടായത്) ആഭ്യന്തരകലഹം പൊട്ടിപ്പുറപ്പെട്ട അറബ് വസന്തരാജ്യങ്ങളില്‍ വരാനിരിക്കുന്ന ഗവണ്‍മെന്‌റുകളെ തങ്ങളുടെ വരുതിയിലാക്കാൻ ഗള്‍ഫ് രാജ്യങ്ങള്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് ആയുധവും പണവും നല്‍കി പിന്തുണച്ചു. ഉദാഹരണത്തിന്, ഈജിപ്തില്‍ വിപ്ലവത്തിന് ശേഷം ജനാധിപത്യ രിതിയിലൂടെ പ്രസിസണ്ടായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിക്ക് ഖത്തര്‍ പിന്തുണ നല്‍കിയപ്പോള്‍ മറുഭാഗം ഹുസ്‌നി മുബാറക്കിന്റെ പിന്‍ഗാമികളെ പിന്തുണച്ചു.

സിറിയയായിരുന്നു ഏറ്റവും വലിയ ദുരന്തം. ബഷര്‍ അല്‍ അസ്സദിനെതിരെ പൊരുതുന്ന തീവ്രവാദ-പ്രതിപക്ഷ ഗ്രൂപ്പുകളുടെ ബാഹുല്യം കാരണം ഇരുട്ടില്‍ വെടിവെച്ച അവസ്ഥ. ഗള്‍ഫ് രാജ്യങ്ങളുടെയും പിന്തുണ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കായിരുന്നു. അവസാനം ഇറാന്റെയും റഷ്യയുടെയും സഹായത്തോടെ അസദ് ഭരണം നിലനിര്‍ത്തിയപ്പോള്‍ ലക്ഷക്കണക്കിന് ജീവനും ബില്ല്യണ്‍ കണക്കിന് ഡോളറും നഷ്ടമായി. ഒരുതരത്തില്‍ പറഞ്ഞാല്‍ ഗള്‍ഫ് ഭിന്നതകള്‍ക്ക് സ്വാഭാവികതയുടെ ഒരു മുഖമുണ്ട്. ഒരേ ഗ്രൗണ്ടില്‍ വ്യത്യസ്ത ടീമുകള്‍ കളിക്കുമ്പോഴുണ്ടാകുന്ന സംഘര്‍ഷത്തിന്റെ സ്വാഭാവികത. 22 അംഗ അറബ് ലീഗില്‍ ഏറ്റവും സമ്പന്നരാണ് ഗള്‍ഫ് രാജ്യങ്ങള്‍. സ്വാധീനത്തിനും മേല്‍ക്കോയ്മക്കും ഇവര്‍ മത്സരിക്കുന്നത് ഒരേ മേഖലയിലും രാജ്യങ്ങളിലും. ഇവിടെ ഒരേ ചേരിയിലുള്ളവര്‍ അവിടെ വ്യത്യസ്ത ചേരികളില്‍. ഇത് സ്വാഭാവികമായും ബന്ധങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നു.

അറബ് രാഷ്ട്രീയം സങ്കീര്‍ണ്ണമാണ്. മാറിമറിയുന്ന സഖ്യങ്ങള്‍, താത്പര്യങ്ങള്‍. നിരവധി കളിക്കാര്‍, ഗെയ്മുകള്‍, റഫറികള്‍. ഈ സംഘര്‍ഷങ്ങളുടെയും ഭിന്നതകളുടെയും മദ്ധ്യേ ഒരു പോലീസുകാരന്റെ റോളായിരുന്നു അമേരിക്കക്ക് ഈ അടുത്തകാലം വരെ. ഗള്‍ഫ് -അറബ് മേഖല അമേരിക്ക കൈപിടിയിലൊതുക്കി എന്ന് നാം പറയാറുണ്ടായിരുന്നെങ്കിലും അതിന്റെ ഗുണഭോക്താക്കള്‍ അറബ് രാജ്യങ്ങളും കൂടിയായിരുന്നു. ബറാക്ക് ഒബാമ പ്രസിഡണ്ടായതിനുശേഷം മിഡില്‍ ഈസ്റ്റ് അടക്കമുള്ള സംഘര്‍ഷ മേഖലകളില്‍ നിന്ന് അമേരിക്ക പിന്‍മാറി, ദശകങ്ങളായി സഖ്യരാജ്യമായ തങ്ങളോട് മുഖം തിരിച്ച് ഇറാനെ മേഖലയില്‍ ഒരു ഭീഷണിയായി വളരാന്‍ അനുവദിച്ചു എന്നതായിരുന്നു ഒബാമക്കെതിരെ സൗദി ഭരണകൂടത്തിന്റെ മുഖ്യപരാതി.

ഗള്‍ഫിലെ എണ്ണ ഇനി ആവശ്യമില്ല എന്നതാണ് അമേരിക്ക ഗള്‍ഫ് മേഖലയില്‍ പണ്ടത്തെപ്പോലെ താത്പര്യം കാണിക്കാതിരിക്കാനുള്ള പ്രധാന കാരണം . ചരിത്രത്തിന്റെ വികൃതിയെന്നോ വിരോധാഭാസമെന്നോ പറയാം - സൗദിയെയും റഷ്യയെയും കടത്തിവെട്ടി ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായി ഈ വര്‍ഷം അമേരിക്ക മാറുമെന്നാണ് അന്താരാഷ്ട്ര എനര്‍ജി ഏജന്‍സി (IEA) പറയുന്നത്. അമേരിക്ക ഇപ്പോള്‍ ചൈനയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര എണ്ണ വിപണിയെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ഡിസംബറില്‍ യു.എ.ഇ യും അമേരിക്കയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തു - ഉപരോധത്തിന് മുമ്പ് ഖത്തറില്‍ നിന്ന് വാങ്ങിയിരുന്ന, ഫാക്ടറികളില്‍ ഉപയോഗിക്കുന്ന കനം കുറഞ്ഞ ഒരു തരം ക്രൂഡ് ഓയില്‍.

ട്രംപാണ് ഗള്‍ഫ് പ്രതിസന്ധിയിലെ യഥാര്‍ത്ഥ വില്ലന്‍. അധികാരമേറ്റശേഷം അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദര്‍ശനം സൗദിയിലേക്കാക്കിയത് വെറുതെയായിരുന്നില്ല. 110 ബില്ല്യണ്‍ ഡോളറിന്റെ ആയുധ കരാറിലാണ് സന്ദര്‍ശനത്തില്‍ ഇരുവിഭാഗവും ഒപ്പിട്ടത്. പ്രത്യുപകാരമായിട്ടായിരിക്കാം ഖത്തറിനെതിരായ ഗൂഡാലോചനക്ക് ട്രംപ് പച്ചക്കൊടി കാട്ടി. തര്‍ക്കത്തില്‍ നിഷ്പക്ഷത പാലിക്കുന്നതിന് പകരം ഖത്തറിനെ കുറ്റപ്പെടുത്തുക വഴി ഒരു രണ്ടാംകിട രാഷ്ട്രീയക്കാരന്റെ നിലയിലേക്ക് താഴുകയാണ് ട്രംപ് ചെയ്തത്.

രാജ്യതാത്പര്യത്തേക്കാള്‍ വ്യക്തി താത്പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത ഒരേ ഒരു അമേരിക്കന്‍ പ്രസിഡണ്ടാണ് ട്രംപ്. ട്രംപിന്റെ മരുമകന്‍ ജാരെദ് കുഷ്‌നറും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും (MBS) ഉറ്റ സുഹൃത്തുക്കളാണ്. കുഷ്‌നറും എം.ബി.എസ്സും ഒരു അപകടകരമായ കൂട്ടുകെട്ടാണെന്നാണ് ലണ്ടനിലെ ദ ഗാര്‍ഡിയന്‍ പത്രം ഒരു എഡിറ്റോറിയലില്‍ എഴുതിയത്. അഴിമതിയുടെ പേരില്‍ പ്രിന്‍സ് വലീദ് ബിന്‍ തലാലിനെയടക്കം നിരവധി പ്രമുഖരെ അറസ്റ്റ് ചെയ്ത് റിയാദിലെ റിട്ട്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ ബന്ധികളാക്കുന്നതിന് മുമ്പ് എം.ബി.എസും കുഷ്‌നറും തമ്മില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 'റിയാദില്‍ വെച്ച് നിരവധി രാത്രികള്‍ പുലര്‍ച്ചെ നാല് മണിവരെ ണ്ടുപേരും കഥകള്‍ പറഞ്ഞും കാര്യങ്ങള്‍ ആസൂത്രണം ചെയ്തും ചിലവഴിച്ചു', വാഷിംങ്ടണ്‍ പോസ്റ്റ് കറസ്‌പോണ്ടന്‌റായ ഡേവിഡ് ഇഗ്നേഷ്യസ് എഴുതുന്നു. സൗദി-ഖത്തര്‍ ബന്ധം ഹറാമായതും, സൗദി-ഇസ്രായേല്‍ ബന്ധം ഹലാലായതും ഇക്കൊല്ലം സൗദിയില്‍ വലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ ഹലാലായതുമെല്ലാം എം.ബി.എസ്-ട്രംപ്-ക്രുഷ്‌നര്‍ കൂട്ടുകെട്ടിന്റെ പാര്‍ശ്വഫലങ്ങളാണ്.

അതുപോലെ, എല്ലാ ആഴ്ചയിലും ഒരിക്കലെങ്കിലും തമ്മിൽ സംസാരിക്കുന്ന തരത്തിലുള്ള ആത്മബന്ധമാണത്രെ കുഷ്‌നറും അമേരിക്കയിലെ യു.എ.ഇ. അംബാസിഡറായ യൂസുഫ് അല്‍ ഒതൈബയും തമ്മില്‍. ഖത്തറിനെതിരെ കരുക്കള്‍ നീക്കുന്നതില്‍ പ്രധാനിയായിരുന്നു ഒതൈബ. അമേരിക്കയിലെ ഏറ്റവും ശക്തനായ അംബാസിഡര്‍ എന്നാണ് ഒതൈബയെക്കുറിച്ച് പ്രശസ്ത അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ് നടത്തുന്ന 'ദ ഇന്റര്‍സെപ്റ്റ്' എന്ന ഇന്‍വെസ്റ്റിഗേറ്റീവ് വെബ്‌സൈറ്റ് പറയുന്നത്. ഒതൈബയുടെ വളര്‍ച്ചയെക്കുറിച്ച് Diplomatic Underground എന്ന തലക്കെട്ടില്‍ എരിവും പുളിയുമുള്ള ഒരു ലേഖനവും 'ദ ഇന്റര്‍സെപ്റ്റ്പ്രസിദ്ധീകരിച്ചിരുന്നു.

ഉപരോധം മൂലം മേഖലയില്‍ അശാന്തി പരന്നെങ്കിലും പാശ്ചാത്യന്‍ ആയുധ കമ്പനികള്‍ ഭീമമായ ലാഭമുണ്ടാക്കി. ഉപരോധത്തിനുശേഷമുള്ള എട്ട്മാസങ്ങളില്‍ 25 ബില്ല്യണ്‍ ഡോളറിന്റെ ആയുധ ഇടപാടുകളാണ് വ്യത്യസ്ത യൂറോപ്യന്‍ രാജ്യങ്ങളുമായി ഖത്തര്‍ നടത്തിയത്. അമേരിക്കയിലെ ചില ലോബിയിംഗ് ഗ്രൂപ്പുകള്‍ക്കും ചാകരയാണ്. മില്ല്യണ്‍ കണക്കിന് ഡോളറാണ് ഗള്‍ഫിലെ ഇരു വിഭാഗങ്ങളില്‍ നിന്നും ഫീസായി അവര്‍ വാങ്ങുന്നത്. അവരുടെ കക്ഷിക്ക് സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍.

യുദ്ധം ഒഴിവായി

ഒരു തലനാരിഴയ്ക്കാണ് നാം യുദ്ധത്തില്‍ നിന്ന് രക്ഷപ്പെട്ടത്. നന്ദിപറയേണ്ടത് ഖത്തറിലെ ഭരണാധികാരികളോടാണ്. മറുഭാഗം സൈന്യത്തെ സജ്ജരാക്കിയപ്പോള്‍ വളരെ ക്ഷമയോടെ, ബുദ്ധിപരമായി എല്ലാ പ്രകോപനങ്ങളെയും നിഷ്പ്രഭമാക്കുന്ന രീതിയില്‍ ഭരണാധികാരികള്‍ കാര്യങ്ങള്‍ നീക്കി. 'വളരെ സമര്‍ത്ഥമായാണ് ഖത്തര്‍ ഈ പ്രതിസന്ധിയെ തരണം ചെയ്തത്', ഖത്തറിനെ സ്ഥിരമായി വിമര്‍ശിക്കുന്ന ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് എന്നോടു പറഞ്ഞു. ഖത്തര്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് തുര്‍ക്കിയോടും.

വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയാണ് ഉപരോധരാജ്യങ്ങള്‍ക്ക്. ഖത്തര്‍ - ഇറാന്‍ ബന്ധം കൂടുതല്‍ ദൃഢമായി. അറബ് വസന്തത്തിന് ശേഷം അല്പം ക്ഷീണം പറ്റിയ അല്‍ ജസീറ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. ഖത്തറിനും ചില നേട്ടങ്ങളുണ്ടായി. സ്വയംപര്യാപ്തത കൈവരിക്കാന്‍ ഉപരോധം സഹായിച്ചു. അല്‍ മറായ് പോയപ്പോള്‍ ബലദ്‌ന വന്നു. യു.എ.ഇക്ക് പകരം ഒമാന്‍ വന്നു. രാജ്യത്തെ പൗരന്‍മാരും പ്രവാസികളും ഒന്നടങ്കം അമീറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അമീറിനെതിരെ ഒരു പ്രതിപക്ഷം ഇവിടെ ഉയര്‍ന്നുവരുമെന്ന ശത്രു രാജ്യങ്ങളുടെ ആഗ്രഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമായി.

വെല്ലുവിളികളും ഭീഷണികളും ഖത്തര്‍ അതിജീവിച്ചു എന്നു വേണം കരുതാന്‍. പ്രതിസന്ധി പരിഹരിക്കപ്പെടാനുള്ള സാധ്യതകളാണ് തെളിഞ്ഞ് വരുന്നത്. ട്രംപിനും ഒരു പരിഹാരമാണത്രെ ആവശ്യം. ബന്ധങ്ങള്‍ പുനസ്ഥാപിച്ചാല്‍ വിപണിക്ക് സംഭവിക്കാന്‍ പോകുന്നത് വിവരിക്കാന്‍ ഒരു ഇംഗ്ലീഷ് വാക്കാണ് ഉചിതം - BOOM.

പക്ഷെ, വരാനിരിക്കുന്ന സമാധാനം ശാശ്വതമാണെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തുടങ്ങിയതല്ല. 2014 ല്‍ ചില ഉപരോധ രാജ്യങ്ങള്‍ ഖത്തറില്‍ നിന്നും അവരുടെ അംബാസിഡര്‍മാരെ തിരിച്ച് വിളിച്ചിരുന്നത് ഓര്‍ക്കുക. മാത്രമല്ല ആഴമേറിയ മുറിവുകളാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഉണങ്ങാന്‍ സമയമെടുക്കും. ജി.സി.സി. ഇപ്പോള്‍ ഐ.സി.യുവിലാണ്.

ഉപരോധം മൂലം പല പ്രവാസികളുടേയും ജീവിതം താറുമാറായി. സാമ്പത്തിക മാന്ദ്യം മൂലം കമ്പനികള്‍ ചിലവ് ചുരുക്കിക്കൊണ്ടിരുന്ന അവസരത്തിലാണ് ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ച പോലെ ഉപരോധം വന്നത്.

ഖത്തറിലെ ആയിരക്കണക്കിന് പ്രവാസികള്‍ വര്‍ഷങ്ങളോളം കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്ന, റിലീസില്ലാതെ ജോലി മാറാന്‍ സഹായിക്കുന്ന സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഒരു വര്‍ഷം മുമ്പ് നിലവില്‍ വന്നു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഉള്ള ജോലി നിലനിര്‍ത്താനുള്ള പ്രാര്‍ത്ഥനയിലാണ് പലരും.

സംഘര്‍ഷങ്ങള്‍ക്കിടയിലും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍ പ്രവാസികള്‍. അനുഭവങ്ങളില്‍ നിന്നും ഒന്നും പഠിക്കാത്തവര്‍. ഗള്‍ഫ് പ്രവാസം അരനൂറ്റാണ്ടിലധികം പിന്നിട്ട് അതിന്റെ അവസാന പാദത്തിലെത്തി നില്‍ക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ നമ്മോട് കാണിക്കുന്ന അനീതിയെക്കുറിച്ച് പരാതിപ്പെട്ട് രാത്രി സുഖമായി കിടന്നുറങ്ങി രാവിലെ സുഖമായി എണീക്കുന്നവര്‍.


ഈയുഗം എഡിറ്റോറിയല്‍ അഡ്വയ്സറാണ് ലേഖകന്‍.