PERSPECTIVES

ഈയുഗത്തിന് അനുവദിച്ച ടെലിഫോൺ അഭിമുഖത്തിന്റെ അവസാന ഭാഗം.

ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ എന്നു പറയുന്നത് ഇന്ത്യയിലെ നവഫാഷിസവുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകമാണ് മീരാനന്ദയുടെ 'The God Market - How Globalisation Making India More Hindu'. ആ പുസ്തകത്തില്‍ അവര്‍ കൃത്യമായും പറയുന്നുണ്ട്, ഇവിടത്തെ നവ ലിബറല്‍ നയങ്ങളും ഹിന്ദുത്വ ഫാഷിസ്റ്റ് ആശയങ്ങളും പരസ്പരം പൂരിപ്പിച്ചും പോഷിപ്പിച്ചുമാണ് വളര്‍ന്നുവന്നിരിക്കുന്നതെന്ന്. യോഗ എന്നു കേട്ടാല്‍ ആയിരത്താണ്ടുകള്‍ക്ക് മുമ്പ് മൗലികമായ ഒരു കാഴ്ചപ്പാട് അവതരിപ്പിച്ച പതഞ്ജലി മഹര്‍ഷിയല്ല ഇന്ന് ഓര്‍മ്മിക്കപ്പെടുന്നത്. പകരം ബാബ രാംദേവ് എന്ന് പറയുന്ന ക്രിമിനല്‍ ബാക്ഗ്രൗണ്ടുള്ള ഒരാളാണ്. ഇന്നത്തെ ഇന്ത്യയിലെ നവ ശതകോടിപതികളിൽ ഒരാൾ.

2014 ന് മുമ്പ് ബാബ രാംദേവ്, അപൂര്‍വ്വമായി ടി.വി.യില്‍ പ്രത്യക്ഷപ്പെട്ട് വയര്‍ ഒട്ടിക്കുന്ന ഒരു കലാപ്രകടനം കാഴ്ചവെക്കുന്ന, കുറച്ച് ആയുര്‍വ്വേദ മരുന്നുകള്‍ ഉണ്ടാക്കുന്ന ഒരാള്‍ മാത്രമായിരുന്നു. അന്ന് അയാള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഇന്ത്യയില്‍ ഉയര്‍ന്നു വന്നിരുന്നു. അയാളുടെ ആയുര്‍വ്വേദ മരുന്നുകള്‍ തന്നെയും ആയുര്‍വ്വേദ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന അര്‍ത്ഥത്തില്‍ വൃന്ദകാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ ബാബാ രാംദേവിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ന് ആര്‍ക്കും ഒരു വിമര്‍ശനവും ഉന്നയിക്കാനാവാത്തവിധം ഇന്ത്യയുടെ ഓരോ ഗ്രാമത്തിലും പതഞ്ജലി എന്ന പേരില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ബാബാ രാംദേവ് സത്യത്തില്‍ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അപാരമായ സാധ്യതയാണ് ഒരു വാണിജ്യ താല്‍പര്യത്തിനുവേണ്ടി കൊള്ളയടിക്കുന്നത്. സത്യത്തില്‍ രാജ്യദ്രോഹമാണത്. ബാബാരാംദേവിനോടും അദ്ദേഹത്തിന്റെ അമ്മയടക്കമുള്ളവരോടും നിരന്തരമായി സംസാരിച്ച് അഭിമുഖം നടത്തി ഒരു പുസ്തകം പുറത്തു വന്നിട്ടുണ്ട്. പ്രിയങ്ക പഥക് നാരായണന്റെ 'Godman to Taicoon' രാംദേവിനെക്കുറിച്ചുള്ള ഏറ്റവും സൂക്ഷമമായ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന, രാംദേവ് എങ്ങനെ വന്‍ വ്യവസായിയായിത്തീര്‍ന്നു എന്ന് വ്യക്തമാക്കുന്ന പുസ്തകമാണ്. പക്ഷെ, ആ പുസ്തകം പുറത്തു വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോവാനുള്ള കാരണം അതിനെതിരെ പലതരം നിയന്ത്രണങ്ങളും നിരോധനങ്ങളും ഇന്ത്യയില്‍ രൂപം കൊണ്ടതാണ്.

ഞാന്‍ പറഞ്ഞുവരുന്നതിന്റെ ചുരുക്കം പുതിയ കോര്‍പ്പറേറ്റ് ശക്തിയായി ഒരാള്‍ദൈവം വന്നിരിക്കുന്നു. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ഇതേ സ്റ്റാറ്റസില്‍ നില്‍ക്കുന്ന നിരവധി ആള്‍ദൈവങ്ങളെ നമുക്ക് കാണാന്‍ പറ്റും. നമ്മുടെ ഗ്രാമത്തിലൊക്കെയുള്ള ചെറുകിട ആള്‍ദൈവങ്ങള്‍ക്കെതിരെയാണ് നമ്മുടെ സ്വതന്ത്ര ചിന്തകരൊക്കെ രോഷാകുലരാകുന്നത്. കോര്‍പ്പറേറ്റ് തലത്തിലേക്ക് വളര്‍ന്ന ആള്‍ ദൈവങ്ങള്‍ എങ്ങനെ വളര്‍ന്നു, അതിന്‌റെ പിന്നിലെ സാമ്പത്തിക താല്പര്യങ്ങള്‍ എന്താണ്, സര്‍ക്കാര്‍ അവരെ എങ്ങനെയൊക്കെയാണ് സഹായിക്കുന്നത് എന്നതിനെക്കുറിച്ചുള്ള സംവാദങ്ങള്‍ പലപ്പോഴും നടക്കാതെ പോവുന്നു. കാരണം ആശുപത്രികളായ ആശുപത്രികള്‍, വിദ്യാലയങ്ങളായ വിദ്യാലയങ്ങള്‍, നിരവധി ഉല്‍പാദന യൂണിറ്റ്, മാധ്യമങ്ങളുടെ സ്വാധീനം, സര്‍ക്കാറുകളുടെ സ്വാധീനം ഇങ്ങനെ വന്‍തോതില്‍ വളര്‍ന്ന ഈ ഗോഡ് ഇന്‍ഡസ്ട്രി (ദൈവവ്യവസായം) സത്യത്തില്‍ സംഘപരിവാറിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സുരക്ഷാ കോട്ടകളിലൊന്നാണ്.

ഏതെങ്കിലും ഒരു ആള്‍ദൈവം പിടിക്കപ്പെടുമ്പോള്‍ മാത്രമാണ് അയാളുടെ ക്രിമിനല്‍ മുഖം പുറത്തു വരുന്നത്. പിടിക്കപ്പെടുന്നതുവരെ അവരുടേത് അന്തസ്സുള്ള ജീവിതമാണ്. പക്ഷേ, പിടിക്കപ്പെട്ട ആള്‍ ദൈവത്തിന് അനുകൂലമായിട്ട് പ്രതികരിച്ചത് ആരാണ് എന്നുകൂടി പരിശോധിക്കണം. ഗുബൈല്‍ സിംഗ് എന്നുപറയുന്ന ഇന്ത്യയിലെ നമ്പര്‍ വണ്‍ ആള്‍ദൈവം പിടിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ തന്നെ പലരും അദ്ദേഹത്തെ ഉപേക്ഷിച്ചപ്പോള്‍ ബി.ജെ.പി നേതാവും എം.പിയുമായ സാക്ഷി മഹാരാജ് ആണ് അയാള്‍ക്ക് വേണ്ടി സംസാരിക്കാന്‍ മുന്നോട്ട് വന്നത്.

നവലിബറല്‍ നയങ്ങളും ഇന്ത്യന്‍ ഫാഷിസവും സംഘപരിവാറും പരസ്പരം ഒന്നിച്ചുതന്നെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പണ്ടൊക്കെ ടാറ്റ, ബിര്‍ള എന്നൊക്കെയാണ് നമ്മള്‍ പറഞ്ഞിരുന്നത്. അതെല്ലാം ഉല്‍പാദന പ്രവര്‍ത്തനങ്ങളുമായി ബപന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വന്‍കിട ബൂര്‍ഷ്വാ വര്‍ഗമാണ്. അതേ സമയം റിയല്‍ എസ്റ്റേറ്റ്, അഭ്യൂഹങ്ങള്‍, ഊഹക്കച്ചവടം, ചൂതാട്ടം ഇതിലൂടെയൊക്കെ ഉയര്‍ന്നുവന്നിട്ടുള്ള, വിധ്വംസകമായ മൂലധനത്തിന്റെ ഏറ്റവും വഷളന്‍ രൂപത്തില്‍ വളര്‍ന്നുവന്നിട്ടുള്ള പുതിയ അദാനി, അമ്പാനി, എസ്സാര്‍ എന്നൊക്കെ പറയുന്ന പുത്തന്‍ കക്ഷികളുടെ പൂര്‍ണ്ണ പിന്തുണ തീര്‍ച്ചയായും ഇന്ത്യയിലെ നവഫാഷിസത്തിനുണ്ട്.

സാമ്രാജ്യത്വവും സയണിസവും ഇന്ത്യയിലെ നവഫാഷിസവും ചേര്‍ന്ന് സാര്‍വ ദേശീയാടിസ്ഥാനത്തില്‍ തന്നെ ഒരു പുതിയ അച്ചുതണ്ട് രൂപപ്പെടുന്ന പശ്ചാത്തലത്തിലാണ് നമ്മള്‍ ഈ അവസ്ഥയെക്കുറിച്ച് ആഴത്തില്‍ ആലോചിക്കേണ്ടത്.

ജനാധിപത്യ മൂല്യബോധം

ജനാധിപത്യം എന്നു പറയുന്നതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് സത്യത്തില്‍ തെരഞ്ഞെടുപ്പ്. ആര്‍ക്കും തോല്‍പിക്കാന്‍ കഴിയാത്ത ജനാധിപത്യത്തിന്റെ ഒരു മൂല്യബോധമുണ്ട്. അതായത് നമ്മുടെ ഭരണഘടന പ്രതിനിധാനം ചെയ്യുന്ന ഒരു മൂല്യവ്യവസ്ഥയുണ്ട്. ഭരണഘടനയ്ക്ക് മുകളിലാണ് സത്യത്തില്‍ ഭരണഘടനയുടെ നൈതികത എന്നു പറയുന്നത്. ആ മൂല്യബോധം നിലനില്‍ക്കാന്‍, നിലനിര്‍ത്താനുള്ള നിരന്തരമായ ഇടപെടലുകളാണ് ഇന്ത്യയിലെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിവിധ സാമൂഹ്യ പ്രവര്‍ത്തകര്‍ കൂട്ടായിട്ട് നടത്തേണ്ടത്. അടുത്ത തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ പരാജയപ്പെട്ടാല്‍ തീര്‍ച്ചയായും ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായിരിക്കും. പക്ഷേ, അതേ സമയം നമ്മള്‍ തിരിച്ചറിയേണ്ടത് സംഘപരിവാര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നുള്ളതുകൊണ്ട് മാത്രം ഇന്ത്യന്‍ സമൂഹ്യ ജീവിത്തില്‍ അതിന്റെ സ്വാധീനം ഇല്ലാതാവുന്നില്ല എന്നാണ്.

സംഘപരിവാര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. പരാജയം അവര്‍ മണത്തുതുടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള ജനാധിപത്യത്തിന്റെ ഇന്ന് നിലനില്‍ക്കുന്ന പ്രാഥമിക രൂപങ്ങള്‍ അതേ പോലെ നിലനില്‍ക്കുമോ എന്നുപോലും നമ്മള്‍ പേടിക്കേണ്ട അവസ്ഥയുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഫാഷിസം പരിഭ്രാന്തമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനാധിപത്യ കാഴ്ചപ്പാട് പുലര്‍ത്തുന്നവര്‍ക്ക് സങ്കല്‍പ്പിക്കാനാവാത്തവിധത്തിലുള്ള തെറ്റായ പ്രചാരണങ്ങളും പണത്തിന്റെ ധൂര്‍ത്തും ഒക്കെ നടക്കും. ജനാധിപത്യ മൂല്യങ്ങളെത്തന്നെ തകര്‍ക്കുന്ന തരത്തിലേക്ക്, ഇന്ത്യന്‍ ജനത നിതാന്തമായ ജാഗ്രത പുലര്‍ത്തുന്നില്ലെങ്കില്‍, കാര്യങ്ങള്‍ മുന്നോട്ട് പൊയ്ക്കൂടായ്കയില്ല.

2019 ലെ തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ ഫാഷിസത്തെ തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് കഴിയുന്നില്ലെങ്കില്‍ ഇന്ത്യന്‍ ജനത ചരിത്രത്തില്‍ നിന്ന് ഒരു പാഠവും പഠിച്ചിട്ടില്ല എന്ന് നമ്മള്‍ പറയേണ്ടിവരും. പക്ഷേ തെരഞ്ഞെടുപ്പില്‍ അവര്‍ തോറ്റാല്‍ പോലും ജനാധിപത്യത്തിനേറ്റ പരിക്കില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ വലിയ തരത്തിലുള്ള സാംസ്‌കാരിക പ്രവര്‍ത്തനവും ഭരണ നടപടികളും ആവശ്യമായിത്തീരും. ഈ ചെറിയ കാലയളവുകൊണ്ട് തന്നെ ഗോ റൗഡികള്‍ നടത്തിയ കൊലകളും, ലൗജിഹാദിന്റെ പേരിലും ഘര്‍വാപസിയുടെ പേരിലുമൊക്ക നടത്തിയ കൊലകളും നടുക്കം ഉണ്ടാക്കുന്നവയാണ്.

പക്ഷേ, ആ നടുക്കത്തിന്റെ ഇരട്ടി നടുക്കമാണ്, ഒരു പക്ഷേ, കാണാത്ത മുറിവാണ് നമ്മുടെ സാംസ്‌കാരിക ജീവിതത്തില്‍ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന അട്ടിമറി. ഏതെങ്കിലും ഒരു യൂണിവേഴ്‌സിറ്റിയില്‍ ഒരു പാഠപുസ്തകം മാറുമ്പോള്‍ നമ്മള്‍ ചര്‍ച്ച ചെയ്യും. പക്ഷേ, ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന ഗ്രാമങ്ങളിലെ ഒന്നാം ക്ലാസ്സിലെ പുസ്തകം മാറുമ്പോള്‍ അത് ജനങ്ങള്‍ അറിഞ്ഞുവരാന്‍ തന്നെ എത്രയോ സമയമെടുക്കും. അങ്ങനെ രാജസ്ഥാനിലും ഗുജറാത്തിലും മധ്യപ്രദേശിലും ഉത്തരപ്രദേശിലും എല്ലാം പാഠപുസ്തകങ്ങളില്‍ തിരുത്തലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ അടിത്തട്ടില്‍ നിന്ന് രൂപപ്പെട്ടുവരുന്ന സമരം വേണം. തീര്‍ച്ചയായും ആ സമരത്തെ സഹായിക്കാന്‍ ഫാഷിസത്തിന്റെ തെരഞ്ഞെടുപ്പ് പരാജയം സഹായിച്ചേക്കും. അതിലപ്പുറം തെരഞ്ഞെടുപ്പ് പരാജയം =ഫാഷിസത്തിന്റെ അന്ത്യം എന്ന് പറയാന്‍ പറ്റില്ല.

ഫാഷിസത്തെ എങ്ങനെ പ്രതിരോധിക്കാം?

അത് രണ്ട് മൂന്ന് തരത്തിലാണ്. ഒന്ന് വികേന്ദ്രീകൃത പ്രതിരോധമാണ്. അതായത്, ഓരോ പ്രദേശത്ത് ഫാഷിസം അതിന്റെ ജനാധിപത്യ ജീവിതത്തില്‍ അട്ടിമറി നടത്താന്‍ ശ്രമിക്കുമ്പോള്‍ ആ പ്രദേശത്ത് നിന്ന് തന്നെ ഒരു പ്രതിരോധം ഉണ്ടായിത്തീരണം. വിവിധ മതത്തില്‍പ്പെട്ടവര്‍, ഒരു മതത്തിലും പെടാത്തവര്‍, വിവിധ പാര്‍ട്ടിയില്‍ പെട്ടവര്‍, ഒരു പാര്‍ട്ടിയിലും പെടാത്തവര്‍, വോട്ടു ചെയ്യുന്നവര്‍, വോട്ടു ചെയ്യാത്തവര്‍ ഇങ്ങനെ നിരവധി വ്യത്യസ്തതകള്‍ക്കിടയില്‍ വിഭജിച്ചു നില്‍ക്കുന്ന ഒരു പ്രദേശത്തെ ജനത തങ്ങളുടെ പ്രദേശത്തെ ജീവിതത്തിന് പരിക്കേല്‍പ്പിക്കാന്‍ അനുവദിക്കില്ല എന്ന തരത്തില്‍ ഒരു പ്രതിരോധം ഉയര്‍ത്തുന്ന തരത്തിലേക്ക് വളരണം. അത്തരമൊരു പ്രതിരോധം ഉണ്ടാക്കിയെടുക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും എല്ലാം ഒരുമിച്ച് ശ്രമിക്കണം.

രണ്ടാമത്തെ കാര്യം ഇത്തരം വികേന്ദ്രീകൃത പ്രതിരോധങ്ങളെ മുഴുവന്‍ കണ്ണിചേര്‍ക്കുന്ന തരത്തിലേക്ക് കേന്ദ്രീകൃതമായിട്ടുള്ള, സംയുക്തമായിട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടാവണം. അതോടൊപ്പംതന്നെ ഇന്ത്യക്കകത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ ലോകത്തിലെ മുഴുവന്‍ മനുഷ്യരിലേക്കും തുറന്നുവെച്ചുകൊണ്ട് മുഴുവന്‍ ജനതയുടേയും പിന്തുണ ഇന്ത്യയിലെ ജനാധിപത്യത്തിന് കിട്ടത്തക്കവിധത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ജനാധിപത്യ വിരുദ്ധമായ കാര്യങ്ങള്‍ക്ക് എതിരെയുള്ള പ്രതികരണം ലോകാടിസ്ഥാനത്തില്‍ രൂപപ്പെട്ടുവരണം. വികേന്ദ്രീകൃതമായിട്ടുള്ള ഇടപെടലും അതിന്റെ കൂടെ തന്നെ ജനങ്ങള്‍ നിത്യ ജീവിതത്തില്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഇടപെടലുകളും വേണം. കോര്‍പ്പറേറ്റുവല്‍ക്കരണത്തിന്റെ ഭാഗമായിട്ട് ജീവിതം തന്നെ നഷ്ടപ്പെട്ട് പോവുന്ന അവസ്ഥയുണ്ട്. ഇന്ത്യയിലെ കര്‍ഷകരുടെ ജീവിതം ഉണ്ട്, തൊഴിലില്ലായ്മയുടെ പ്രശ്‌നമുണ്ട്, വിലക്കയത്തിന്റെ പ്രശ്‌നമുണ്ട്. ഇങ്ങനെ നിത്യജീവിതത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ വിപുലമായിട്ടുള്ള ജനകീയ കൂട്ടായ്മയില്‍ പ്രതിരോധവും സമരവുമൊക്കെ ഉണ്ടായിത്തീരണം. അതോടൊപ്പം സാംസ്‌കാരിക രംഗത്തെ അട്ടിമറിക്കെതിരെയും പ്രതിരോധം ഉയരണം. ഇതൊരു ദീര്‍ഘകാല പ്രവര്‍ത്തനമാണ്, ഇത് വളരെ പ്രയാസമാണ്. പക്ഷേ, ഈ ദൗത്യത്തില്‍ നിന്ന് ഏതെങ്കിലും കാരണത്താല്‍ ഇന്ത്യയിലെ ജനാധിപത്യവാദികള്‍, മനുഷ്യസ്‌നേഹികള്‍ പിന്‍വലിഞ്ഞാല്‍ അത് ഉണ്ടാക്കുന്ന അപകരം വളരെ വലുതായിരിക്കും. വികേന്ദ്രീകൃതമായ അര്‍ത്ഥത്തിലും കേന്ദ്രീകൃതമായ അര്‍ത്ഥത്തിലും ഈ അവസ്ഥക്കെതിരെ ഐക്യപ്പെടുന്ന മുഴുവന്‍ ആളുകളുടേയും യോജിച്ചുള്ള മുന്നേറ്റമാണ് അനിവാര്യമായിട്ടും വേണ്ടത്. അത്തരം അവസ്ഥയിലേക്ക് കാര്യങ്ങള്‍ പതുക്കെ എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ഞാന്‍ നിരീക്ഷിക്കുന്നത്. നമ്മളുടെ നിലവിലുള്ള രാഷ്ട്രീയ സമവാക്യങ്ങളെല്ലാം അപ്രസക്തമാവുകയും ഇന്ത്യയില്‍ ഇതിന്റെ ഭീകരമായ പ്രത്യക്ഷ പീഡനം അനുഭവിക്കുന്ന ജനങ്ങള്‍ അതിനെതിരെയുള്ള പ്രതികരണത്തിലൂടെ പുതിയ ഒരു ഫാഷിസ്റ്റ് വിരുദ്ധ ഉണര്‍വിലേക്ക് വരികയും ചെയ്യും.

ഫാഷിസം ശക്തമാണെന്നുള്ളത് ശരിയാണ്. അതിനേക്കാള്‍ ശക്തമാണ് ജനങ്ങളുടെ പ്രതിരോധം എന്നുള്ളത്. പ്രതിരോധം രൂപപ്പെട്ടുവന്നാല്‍ ഫാഷിസത്തിന് പിടിച്ചു നില്‍ക്കാന്‍ പറ്റില്ല എന്നുള്ള കാര്യം ഉറപ്പാണ്. വ്യത്യസ്തത നിലനിര്‍ത്തിക്കൊണ്ട് തന്നെ ജീവിക്കുക എന്നുള്ളത് ജനാധിപത്യത്തിന്റെയും മനുഷ്യചരിത്രത്തിന്റേയും അനിവാര്യതയാണ്. അത്തരം ഒരു ജീവിതത്തിന് വേണ്ടി ഐക്യപ്പെടാന്‍ കഴിയും. പക്ഷേ, അത്തരം ഒരു കഴിവിനെ, ജനങ്ങളുടെ അത്തരം ഒരു ഐക്യത്തെ ശിഥിലമാക്കാനാണ് ഫാഷിസം ശ്രമിക്കുക. 90കള്‍ക്കു ശേഷം അവര്‍ ചെയ്തത് അതാണ്. ബാബര്‍ക്കെതിരെ എന്ന ഒരു യുക്തിയുമില്ലാത്ത വ്യാജ മുദ്രാവാക്യത്തിന് ഇന്ത്യയില്‍ വന്‍തോതില്‍ സ്വീകാര്യത കിട്ടി. സത്യത്തില്‍ ബാബറും ഇബ്രാഹീം ലോദിയും തമ്മിലായിരുന്നു പ്രശ്‌നം. ഷേര്‍ഷയും ഹുമയൂണും തമ്മിലായിരുന്നു പ്രശ്‌നം. അതായത് ബാബര്‍ പരാജയപ്പെടുത്തിയത് മുസ്ലീം രാജാവായ ഇബ്രാഹീം ലോദിയെയാണ്. മുസ്ലീം രാജാവായ ഷേര്‍ഷയാണ് ഹുമയൂണിനെ വേട്ടയാടിയത്. രാമനും ബാബറും തമ്മില്‍ ചരിത്രത്തില്‍ ഒരിടപാടുമില്ല. എന്നിട്ടും ബാബര്‍ക്കെതിരെ രാമന്‍ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മൂര്‍ത്തവും യഥാര്‍ത്ഥവുമായ സമവാക്യത്തെയാകെ അട്ടിമറിച്ച് ഒരുതരം കൃത്രിമ വ്യാജ സംസ്‌കൃതി ഉണ്ടാക്കുകയാണ് അവര്‍ ചെയ്തത്. ഈ വൈകാരിക ഭീകരതയെ വിചാരധീരതകൊണ്ട് പ്രതിരോധിക്കുക, അതിനാവശ്യമായ ആശയങ്ങള്‍ നിരന്തരം അവതരിപ്പിക്കുക ഇതൊക്കെയാണ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും മറ്റൊരു മണ്ഡലത്തില്‍ അനിവാര്യമാണ്. അതിനെക്കുറിച്ചുള്ള വിശദമായ ആലോചന തീര്‍ച്ചയായിട്ടും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അതുമായി ബന്ധപ്പെട്ട് നേതൃത്വം നല്‍കുന്നവരില്‍ നിന്നും ഉയര്‍ന്നുവരണം. തെരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റ് വിരുദ്ധ വിജയം അനിവാര്യമാണ്. അതിന് ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണത്തെ വളരെ സജീവമാക്കാന്‍ കഴിയും പക്ഷേ, അതോടൊപ്പം തന്നെ സാംസ്‌കാരിക രംഗത്തെ ഇടപെടല്‍ വളരെ പ്രധാനപ്പെട്ടതാണ്.

ഫാഷിസത്തിന് രാഷ്ട്രീയ അധികാരമുണ്ട്,സാംസ്‌കാരിക മേല്‍കോയ്മയുണ്ട്,മാധ്യമകുത്തകയുണ്ട്, വന്‍ സമ്പത്തുണ്ട്. അതുകൊണ്ട് ആളുകളെ സ്വാധീനിക്കാന്‍, പ്രതിരോധിക്കുന്നവരെ നിര്‍വീര്യമാക്കാന്‍, അവരുടെ വായ അടച്ചുകെട്ടാന്‍, വേണ്ടി വന്നാല്‍ വധിക്കാന്‍ പലതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇതിനെയൊക്കെ പ്രതിരോധിച്ചുകൊണ്ട് രൂപപ്പെട്ടുവരുന്ന ഒരുഐക്യനിരയെയാണ് നമ്മള്‍ കാണേണ്ടത്. അതില്‍ നേരത്തെയുള്ള ചില ആളുകള്‍ പോകും. പുതുതായിട്ട് ചിലര്‍വരും. ഇതൊരു പ്രോസസ് ആണല്ലോ. ജോർജ് ഫർണാണ്ടസിനെപ്പോലുള്ള ഒരാൾ ഫാഷിസത്തിന് അനുകൂലമായി സംസാരിക്കുമെന്ന് ഇന്ത്യക്കാര്‍ ചിന്തിച്ചിരുന്നോ? പക്ഷേ അത് സംഭവിച്ചല്ലോ. അങ്ങനെ സംഭവിക്കാം. പക്ഷേ, അങ്ങനെ ഏതെങ്കിലും രാഷ്ട്രീയ നേതാവോ സാംസ്‌കാരികപ്രവര്‍ത്തകരോ ഇടക്ക് നിശബ്ദമാവുകയോ അല്ലെങ്കില്‍ സംഘ്പരിവാര്‍ ചേരിയിലേക്കുമാറിപ്പോവുകയോ ചെയ്യുന്നുവെന്നുള്ളത്‌കൊണ്ട് ഫാഷിസം ശരിയാവുന്നില്ലല്ലോ. മാറിപ്പോവുന്നവരുടെ കാഴ്ച്ചപ്പാട് തെറ്റിപ്പോയി എന്ന്മാത്രമേ അതിനര്‍ത്ഥമുള്ളൂ.

ഫാഷിസം അന്തിമമായി തകരും എന്ന കാര്യത്തിൽഒരു സംശയവുമില്ല. ആയിരംകൊല്ലത്തെ ഭരണമാണ് ഹിറ്റ്ലർ സ്വപ്നം കണ്ടത്. കാല്‍ നൂറ്റാണ്ട് ഭരിക്കാന്‍ പറ്റിയില്ല. മുസ്സോളിനിയെ 1945 ഏപ്രില്‍ 28 ന് ഒളിച്ചോടാന്‍ ശ്രമിച്ചപ്പോള്‍ ജനക്കൂട്ടം പിടിച്ചുവെക്കുകയാണ്. എന്നിട്ട് അയാളുടെകുഴിമാടത്തിലേക്ക് പോലും കല്ലെറിയാന്‍ ആളുകള്‍ ക്യൂനിന്നുവെന്നാണ് ചരിത്രം പറയുന്നതു. ഭീകരരായഭരണാധികാരികളെല്ലാം ജനങ്ങളെ ദുരിതത്തിലും ദുഃഖത്തിലും ആഴ്ത്തിയിട്ടുണ്ട്, കൊന്നിട്ടുണ്ട്അതെല്ലാം ശരിയാണ്. പക്ഷേ, അതിന്റെ മുമ്പിലൊന്നും ജനശക്തി പൂര്‍ണമായിട്ടും തോറ്റിട്ടില്ല. ഇന്ത്യൻ ജനത നടത്തിക്കൊണ്ടിരിക്കുന്ന പ്രതിരോധം എത്ര ബലഹീനമാണെങ്കിലും അതാണ് വിജയിക്കാന്‍ പോവുന്നത്. കാരണം അതാണ് ചരിത്രത്തിലെ യാഥാർത്ഥ്യത്തോട് അടുത്തുനില്‍ക്കുന്നത്.


കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും വാഗ്മിയും സാംസ്കാരിക വിമർശകനുമാണ് കെ.ഇ.എൻ.