ഈയുഗം ന്യൂസ് ബ്യൂറോ
March 14, 2018 Wednesday
ജിദ്ദ: സൗദികള്‍ക്കിടയില്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് പ്രിയമേറി വരുന്നതായി റിപ്പോര്‍ട്ടുകള്‍. രണ്ട് കാരണങ്ങളാണ് ഇതിന് പറയപ്പെടുന്നത്: അമിതവണ്ണവും ജീവജാലങ്ങളോടുള്ള സ്‌നേഹവും. അമിതവണ്ണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് സൗദിയില്‍ മരണകാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്.
,br>
ആരോഗ്യകരമായ ഭക്ഷണരീതി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യമന്ത്രാലയം നടത്തുന്ന കാമ്പയ്‌നും സൗദികളെ വെജിറ്റേറിയന്‍ ഭക്ഷണരീതി പിന്തുടരാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.
അമിതമായി മാംസാഹാരം കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാക്കുന്നു എന്ന തിരിച്ചറിവ് പലരേയും വെജിറ്റേറിയന്‍ ഭക്ഷണത്തിലേക്ക് മാറാന്‍ പ്രേരിപ്പിച്ചു എന്ന് ന്യൂട്രീഷന്‍ സ്‌പെഷ്യലിസ്റ്റായ ഡോ. വിവിയന്‍ വെഹ്്‌ബെ പറഞ്ഞു. ''അമിത രക്ത സമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഉള്ളവരും കാന്‍സര്‍ രോഗികളും മാംസം ഒഴിവാക്കി കൂടുതല്‍ പച്ചക്കറികള്‍ കഴിക്കണമെന്നാണ് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്.''
താന്‍ ദിവസേന കഴിക്കുന്ന ഫാസ്റ്റ് ഫുഡ് എത്രത്തോളം അനാരോഗ്യകരമാണെന്ന തിരിച്ചറിവാണ് ജിദ്ദയില്‍ പ്രൊജക്ട് മാനേജറായ ദുആ ബദരിയെ സസ്യഭുക്കാവാന്‍ പ്രേരിപ്പിച്ചത്. ധാരാളം സൂപ്പും സലാഡും പഴങ്ങളും അടങ്ങിയ പത്ത് ദിവസത്തെ ഭക്ഷണക്രമത്തിന് ശേഷം വ്യത്യാസം അവര്‍ക്ക് വ്യക്തമായി. ''അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ വ്യത്യാസം എനിക്ക് മനസ്സിലായി. ഭാരം കുറഞ്ഞു. പക്ഷേ ഊര്‍ജ്ജം ഒട്ടും കുറഞ്ഞില്ല.'' പിന്നീട് പൂര്‍ണമായും സസ്യഭുക്കാവാന്‍ അവര്‍ തീരുമാനിച്ചു.
''സൗദിയില്‍ ഒരു വെജിറ്റേറിയന്‍ ആവുക എന്നത് എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല പല വെയ്റ്റര്‍മാരും സസ്യഭക്ഷണത്തെക്കുറിച്ച് ബോധവാന്മാരല്ല. ഏറ്റവും നല്ലത് വീട്ടില്‍ പാചകം ചെയ്യുകയാണ്. പക്ഷെ അതിനും എനിക്ക് സമയം കിട്ടാറില്ല,'' ദുആ പറഞ്ഞു.
''ജീവിക്കുന്ന, ശ്വസിക്കുന്ന ഒരു ജീവിയെ ചവച്ചരക്കുന്നതിനെപ്പറ്റി എനിക്ക് ചിന്തിക്കാന്‍ സാധ്യമല്ല.'' ജിദ്ദയില്‍ താമസിക്കുന്ന അഹ്്മദ് അബ്ദുല്‍സലാം പറഞ്ഞു. '' എന്നിലുള്ള മൃഗസംരക്ഷകന്‍ ഉണര്‍ന്നു. എന്റെ ശരീരത്തില്‍ ഒരു മാംസവും കയറ്റില്ലെന്ന് തീരുമാനിച്ചു.'' അദ്ദേഹം പറഞ്ഞു.
പ്രമുഖ സൗദി വ്യവസായി പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാലിന്റെ മകന്‍ പ്രിന്‍സ് ഖാലിദ് ഒരു വെജിറ്റേറിയനാണെന്ന് മാത്രമല്ല അദ്ദേഹം വെജിറ്റേറിയനിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സൗദി അറേബ്യയില്‍ 2020 ഓടെ ചുരുങ്ങിയത് പത്ത് വെജിറ്റേറിയന്‍ റെസ്റ്റോറന്റുകള്‍ തുടങ്ങുമെന്ന് പ്രിന്‍സ് ഖാലിദ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.