ഈയുഗം ന്യൂസ്
July 25, 2026 Saturday 01:33:15pm
ദോഹ: ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (FOK Qatar) വനിതാ വിംഗ് സംഘടിപ്പിച്ച “മാനസികാരോഗ്യവും സംതൃപ്ത ജീവിതവും” എന്ന വിഷയത്തെ ആസ്പദമാക്കിയ ടേബിൾ ടോക്കും പാനൽ ഡിസ്കഷനും ശ്രദ്ധേയമായി. ഐ.സി.സി.യിൽ നടന്ന ബോധവത്കരണ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
ഫോക് ലേഡീസ് വിംഗ് പ്രസിഡന്റ് ദീപ്തി രൂപേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റംല ബഷീർ സ്വാഗതം ആശംസിച്ചു. ഐ.സി.സി. പ്രസിഡന്റ് ശ്രീ. മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗത്തിൽ, അക്ബർ കക്കട്ടിലിന്റെ “കൃഷ്ണനുണ്ണി ഉണ്ടായിരുന്നെങ്കിൽ…” എന്ന കഥയെ അനുസ്മരിച്ച അദ്ദേഹം, ഓരോ മനുഷ്യന്റെയും ഉള്ളിൽ നന്മയും കരുണയും സഹാനുഭൂതിയും നിറഞ്ഞ ഒരു “കൃഷ്ണനുണ്ണി” ഒളിഞ്ഞിരിക്കുന്നുവെന്നും, ആ നന്മയെ ഉണർത്തി ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ പ്രാധാന്യവും ഹൃദയസ്പർശിയായി പങ്കുവെച്ചു.
ഫോക് സീനിയർ വൈസ് പ്രസിഡന്റ് ഫൈസൽ മൂസ സംഘടനയെ സദസ്സിന് പരിചയപ്പെടുത്തി. ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (FOK) രൂപീകൃതമായ പശ്ചാത്തലം, പ്രവാസി സമൂഹത്തിന് നൽകിവരുന്ന കലാ-സാംസ്കാരിക സംഭാവനകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സാമൂഹിക പ്രതിബദ്ധതകൾ എന്നിവ അദ്ദേഹം വിശദീകരിച്ചു.
ഫോക് ഖത്തർ ജനറൽ സെക്രട്ടറി സി. കെ. ബിജു ആശംസകൾ നേർന്നു. വനിതാ വിംഗിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മാതൃസംഘടനയുടെ പൂർണ പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
“മാനസികാരോഗ്യവും സംതൃപ്ത ജീവിതവും” എന്ന വിഷയത്തിൽ ഡോ. ജോർജ് വി. ജോയ് സംവാദാത്മകമായ അവതരണം നടത്തി. ജീവിതത്തെ കൂടുതൽ പോസിറ്റീവായി കാണാനും മാനസികാരോഗ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും അദ്ദേഹത്തിന്റെ പ്രഭാഷണം പങ്കെടുത്തവർക്ക് പ്രചോദനമായി.
തിരക്കേറിയ ജീവിതത്തിൽ ആരോഗ്യകരമായ ജീവിതശൈലി എങ്ങനെ പിന്തുടരാമെന്ന വിഷയത്തിൽ ഡോ. ആൽബി മേരി പ്രായോഗിക നിർദേശങ്ങളോടെയാണ് ക്ലാസ് നയിച്ചത്. ഭക്ഷണക്രമം, വ്യായാമം, ഉറക്കം, ദൈനംദിന ആരോഗ്യശീലങ്ങൾ എന്നിവയുടെ പ്രാധാന്യം അവർ വിശദീകരിച്ചു.
ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന സമ്മർദ്ദങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പ്രശസ്ത മോട്ടിവേറ്റർ ടിന്റ ലളിതമായ ടിപ്പുകളിലൂടെ വിശദീകരിച്ചു.
മുഖ്യപ്രഭാഷകർക്ക് ഫോക് രക്ഷാധികാരി രശ്മി, വൈസ് പ്രസിഡന്റ് റംല മുഹമ്മദ് അലി, സെക്രട്ടറി റംല സമദ് എന്നിവർ മൊമെന്റോകൾ സമ്മാനിച്ചു.
തസ്‌നി നസീഫ് പരിപാടിയുടെ അവതാരകയായിരുന്നു. ഷംല സാജിദ്, ശിൽജി റിയാസ്, റസിയ അഷ്‌റഫ്, സമീറ അബ്ദുള്ള, നസീഹ നല്ലൂർ എന്നിവർ പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകി. ഫോക് ലേഡീസ് വിംഗ് വൈസ് പ്രസിഡന്റ് ഫാസിന ഷഫീക് നന്ദി രേഖപ്പെടുത്തി.
അറിവും അനുഭവങ്ങളും പ്രചോദനവും ഒരുമിച്ചുചേർന്ന ഈ ബോധവത്കരണ പരിപാടി, മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനൊപ്പം ആരോഗ്യകരവും സംതൃപ്തവുമായ ജീവിതത്തിലേക്കുള്ള പ്രചോദനവും പങ്കെടുത്തവർക്ക് പകർന്നുനൽകി