ഈയുഗം ന്യൂസ്
June  20, 2026   Saturday   01:46:39pm

news



whatsapp

ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ വർഷം ഖത്തറിൽ നിന്ന് സമ്മാനമായി സ്വീകരിച്ച 400 മില്യൺ ഡോളർ വിലവരുന്ന ആഡംബര വിമാനം ഇനി മുതൽ എയർ ഫോഴ്സ് വൺ.

അമേരിക്കൻ പ്രസിഡണ്ടിന്റെ ഔദ്യോഗിക വിമാനമാണ് എയർ ഫോഴ്സ് വൺ.

ഇന്നലെ വാഷിംഗ്ടണിന് പുറത്തുള്ള സൈനിക വിമാനത്താവളമായ ജോയിന്റ് ബേസ് ആൻഡ്രൂസിൽ വെച്ച് ട്രംപ് പുതിയ ജെറ്റിന്റെ പടികൾ ഇറങ്ങി വന്ന് പുതിയ വിമാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും പുതിയ വിമാനത്തെ മാധ്യമങ്ങൾക്കും എയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും മുമ്പിൽ ട്രംപ് വർണിച്ചു.

"ഇതുപോലൊന്ന് ഒരിക്കലും ഉണ്ടാകില്ല. ഇത് വളരെ സവിശേഷമായ വിമാനമാണ്. ലോകത്തിലെ ഏറ്റവും ആഡംബര വിമാനമായി ഇതിനെ കണക്കാക്കുന്നു," വ്യോമസേനാ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് പറഞ്ഞു. "ഇത് നിർമ്മിച്ചപ്പോൾ, ഇനി ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത ഒരു തലത്തിലാണ് ഇത് നിർമ്മിച്ചത്."

"ആരും ഇതുവരെ കണ്ടിട്ടില്ലാത്ത ആഡംബര നിലവാരത്തിലാണ് ഈ വിമാനത്തെ പറക്കുന്ന വൈറ്റ് ഹൗസാക്കി മാറ്റിയത്," ട്രംപ് പറഞ്ഞു.

"ഇനി, ലണ്ടനിലും ജർമ്മനിയിലും മറ്റ് വിമാനത്താവളങ്ങളിലും ഇറങ്ങുമ്പോൾ, ഈ വിമാനത്തെ ആരും കവച്ചുവെക്കില്ല. നമ്മുടെ രാജ്യം അർഹിക്കുന്ന അഭിമാനം," ട്രംപ് പറഞ്ഞു.

എയർഫോഴ്‌സ് വണ്ണായി ട്രംപ് ഇതുവരെ ഉപയോഗിച്ച ബോയിംഗ് 747-200B ജെറ്റ് കഴിഞ്ഞ 35 വർഷത്തിലേറെയായി യുഎസ് പ്രസിഡന്റുമാർ ഉപയോഗിക്കുന്ന വിമാനമാണ്.

ഈ ആഴ്ച ഫ്രാൻസിൽ നടന്ന ഗ്രൂപ്പ് ഓഫ് 7 ഉച്ചകോടിയിൽ നിന്ന് തിരിച്ചെത്തിയത് പഴയ എയർഫോഴ്‌സ് വണ്ണിലെ തൻ്റെ അവസാന യാത്രയായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.

2028 ൽ എയർ ഫോഴ്‌സിന് പുതിയ ബോയിംഗ് വിമാനങ്ങൾ ലഭിക്കുന്നതുവരെ ഖത്തർ ജെറ്റ് ഉപയോഗിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വിമാനത്തിൽ മാറ്റങ്ങൾ വരുത്താനായി 400 മില്യൺ ഡോളർ ചിലവഴിച്ചു. അതേസമയം ഇന്റീരിയർ ഡിസൈനിൽ വളരെ കുറച്ച് മാറ്റം മാത്രമേ വരുത്തിയിട്ടുള്ളൂ എന്ന് വ്യോമസേന വ്യക്തമാക്കി. ആഡംബര ഫിനിഷിംഗുകൾ, ലെതർ സീറ്റുകൾ, തിളങ്ങുന്ന വുഡ് പാനലിംഗ് എന്നിവ അതേപടി നിലനിർത്തി.

പുതിയ ജെറ്റിനെ ഉൾക്കൊള്ളാൻ ഹാംഗർ (വിമാന ഷെഡ്) പ്രത്യേകം നിർമ്മിക്കേണ്ടി വന്നു. കാരണം ഈ ജെറ്റ് മുൻ വിമാനത്തേക്കാൾ വളരെ വലുതാണ്, ട്രംപ് പറഞ്ഞു.

രാജ്യത്തിന്റെ 250-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 4 ന് പുതിയ ജെറ്റ് വാഷിംഗ്ടണിന് മുകളിലൂടെ പറക്കും.

Comments


Page 1 of 0