ഈയുഗം ന്യൂസ്
February  20, 2026   Friday   03:51:49pm

news



whatsapp

ദോഹ: ട്രംപ് മുന്നറിയിപ്പ് നൽകിയതുപോലെ ഏതാനും ദിവസങ്ങൾക്കുള്ളിൽ അമേരിക്ക ഇറാനെ ആക്രമിക്കുമോ?

ട്രംപ് ഇറാന് ഇതിനു മുമ്പ് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ അദ്ദേഹം തന്റെ ഭീഷണി നടപ്പിലാക്കുമോ എന്നാണ് ഇപ്പോഴും ലോകം ഉറ്റുനോക്കുന്നത്.

രണ്ടാഴ്ചക്കുള്ളിൽ ചർച്ചകളിൽ പുരോഗതി കൈവരിച്ചില്ലെങ്കിൽ ഇറാന് 'നഷ്ടം' സംഭവിക്കുമെന്ന് ട്രംപ് ഇന്നലെ വീണ്ടും മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുദ്ധ വാർത്തകളാണ് വീണ്ടും അന്താരാഷ്‌ട്ര മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഇറാനെ ആക്രമിക്കാനായി മൊത്തം അമേരിക്കൻ ആയുധശേഷിയുടെ മൂന്നിലൊന്ന് ഇതിനകം മിഡിൽ ഈസ്റ്റ് മേഖലയിൽ വിന്യസിച്ചതായി റിപോർട്ടുകൾ പറയുന്നു.

നിരവധി അമേരിക്കൻ യുദ്ധക്കപ്പലുകയും വിമാനങ്ങളുമാണ് ഓരോ ദിവസവും ഇപ്പോഴും മേഖലയിൽ വന്നുകൊണ്ടിരിക്കുന്നത്. റഷ്യൻ, ചൈനീസ് ആയുധങ്ങൾ ഇറാനിലേക്കും പ്രവഹിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം ഇറാനെതിരായ അമേരിക്കൻ ആക്രമണം ഉറപ്പാണെന്നും എപ്പോൾ സംഭവിക്കുമെന്നതിൽ മാത്രമാണ് സംശയമെന്നും എല്ലാ വിദഗ്ധരും ഏകകണ്ഠമായി അഭിപ്രായപ്പെടുന്നു.

സർവ്വസന്നാഹങ്ങളൊരുക്കിയിട്ടും രണ്ട് കാര്യങ്ങളാണ് ട്രംപിനെ പിന്തിരിപ്പിക്കുന്നത്. ഒന്ന്, ഇറാൻ എങ്ങിനെ തിരിച്ചടിക്കുമെന്ന ഭീതി; രണ്ട്, യുദ്ധം നിയന്ത്രണം വിട്ട് മേഖല മുഴുവൻ വ്യാപിക്കുമെന്ന ഭയം.

ചെറിയ ആക്രമണമുണ്ടായാൽ പോലും സർവ്വ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകുന്നത്. അമേരിക്കൻ യുദ്ധക്കപ്പലുകൾ മുക്കുമെന്നും ഇറാൻ ഭീഷണിപ്പെടുത്തുന്നു.

അമേരിക്കയും ഇറാനും തമ്മിൽ ജനീവയിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ സുപ്രധാന ആവശ്യങ്ങളൊന്നും ഇറാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല.

ഇറാനെതിരായ ഏതെങ്കിലും സൈനിക ആക്രമണത്തിന് മേഖലയിലെ യുഎസ് താവളങ്ങൾ ഉപയോഗിച്ചാൽ അവയെ ആക്രമിക്കുമെന്ന് ഇറാൻ യുഎൻ സെക്രട്ടറി ജനറലിനോട് പറഞ്ഞതായി ബി ബി സി റിപ്പോർട്ട് ചെയ്തു.

ഇസ്രയേലിന്റെ കടുത്ത സമ്മർദ്ദവും ഭീഷണിയും മാത്രമാണ് ഇറാനെ ആക്രമിക്കാൻ ട്രംപിനെ പ്രേരിപ്പിക്കുന്നത്.

Comments


Page 1 of 0