ഈയുഗം ന്യൂസ്
July 02, 2025 Wednesday 11:52:29am
ദോഹ: ജൂൺ 23 തിങ്കളാഴ്ച രാത്രിയിൽ ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ ഇറാൻ തൊടുത്തുവിട്ട 20 ഓളം മിസൈലുകൾ വീഴ്ത്താൻ ഖത്തർ വ്യോമപ്രതിരോധ സംവിധാനം 200 ലധികം മിസൈലുകൾ ഉപയോഗിച്ചതായി ഖത്തർ.
രണ്ട് സ്ഥലങ്ങളിൽ വെച്ച് ഖത്തർ വ്യോമസേനയാണ് ഇറാനിയൻ മിസൈലുകൾ വീഴ്ത്തിയതെന്നും അധികാരികൾ വ്യക്തമാക്കി.
റോം ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ അഫയേഴ്‌സ് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെ ഖത്തർ വിദേശ മന്ത്രാലയ വക്താവ് ഡോ. മജീദ് അൽ അൻസാരിയാണ് ഈ വിവരങ്ങൾ നൽകിയത്.
ഇറാൻ മിസൈൽ ആക്രമണത്തിന് ഖത്തർ കനത്തവില നൽകേണ്ടി വന്നെന്നും എന്നാൽ സമാധാനത്തിന് വേണ്ടി ഖത്തർ സംയമനം പാലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
"ഇറാൻ ആക്രമണം മൂലം സൈനികമായും സാമ്പത്തിക മേഖലയിലും ഉണ്ടായ വലിയ ചെലവിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്, കാരണം ഞങ്ങളുടെ വ്യോമാതിർത്തി ആറ് മണിക്കൂറിലധികം അടച്ചിരുന്നു, ഖത്തർ അയർവേസ് വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നു," അദ്ദേഹം പറഞ്ഞു.
മാത്രമല്ല സുരക്ഷയുടെ കാര്യത്തിൽ ഖത്തറിന്റെ പ്രശസ്തിക്കുണ്ടാകുന്ന മാനനഷ്ടം കണ്ടില്ലെന്നുനടിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഖത്തറിനെതിരായ ഒരു നിരുപദ്രവകരമായ ആക്രമണമായിരുന്നില്ല ഇത്. പക്ഷേ, വീണ്ടും, ഞങ്ങൾ സമാധാനം തിരഞ്ഞെടുത്തു, കാരണം ഞങ്ങൾ പഠിച്ചത് അതാണ്, ഭാവിയിൽ ഞങ്ങൾ അതുതന്നെ ചെയ്യും."
രണ്ട് സ്ഥലങ്ങളിലായി മൂന്ന് പാട്രിയറ്റ് വ്യോമ പ്രതിരോധ ബാറ്ററികൾ വിന്യസിച്ചാണ് ഖത്തർ ഇറാനിയൻ മിസൈലുകൾ വെടിവെച്ചുവീഴ്ത്തിയത്. ഇറാൻ തൊടുത്തുവിട്ട 20 മിസൈലുകളിൽ ഒന്ന് ഒഴികെ ബാക്കിയെല്ലാം തകർക്കാൻ 200 ലധികം മിസൈലുകൾ ഉപയോഗിച്ചതായി അദ്ദേഹം പറഞ്ഞു.
ഏഴ് മിസൈലുകളും 13 മിസൈലുകളും അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായാണ് ഇറാൻ മിസൈലുകൾ വിക്ഷേപിച്ചത്. ആദ്യ ഗ്രൂപ്പ് കടലിൽ വെച്ച് വെടിവച്ചു, രണ്ടാമത്തെ ഗ്രൂപ്പിൽ നിന്നുള്ള ഒരു മിസൈൽ അൽ ഉദൈദിൽ പതിച്ചു.
ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല,
ആക്രമണം ഇറാനികളുമായി ഏകോപിപ്പിച്ചതാണെന്ന വാർത്ത അൽ അൻസാരി നിഷേധിച്ചു, എന്നാൽ മിസൈലുകൾ വരാനിരിക്കുന്നുണ്ടെന്ന ആദ്യ മുന്നറിയിപ്പ് ജൂൺ 23 ന് രാവിലെ അതായത് മണിക്കൂറുകൾക്ക് മുമ്പ് ലഭിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു.