PERSPECTIVES

എന്റെ ആദ്യ നോവലും ടി.വി. സ്‌ക്രീന്‍പ്ലേയും തമ്മില്‍ സമാനതകള്‍ ഏറെയായിരുന്നു. എന്റെ നോവലിലേക്ക് കൂടുതല്‍ കൂടുതല്‍ നോക്കുംതോറും അതിന്റെ രീതിയിലും ശൈലിയിലും ഒരു തിരക്കഥയോട് ഏറെ സാദൃശ്യങ്ങള്‍ ഞാന്‍ കണ്ടു. ഒരു പരിധിവരെ ഇത് തൃപ്തികരം തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ എന്റെ ആഗ്രഹം കടലാസുകളില്‍ മാത്രം നിലനിൽക്കുന്ന സുന്ദരമായ ഒരു സാഹിത്യം രചിക്കുക എന്നതാണ്. ടി.വി. കാണുമ്പോള്‍ ലഭിക്കുന്ന അതേ അനുഭവം തന്നെയാണ് നോവലിലൂടെയും ലഭിക്കുന്നതെങ്കില്‍ പിന്നെ എന്തിന് നോവല്‍ എഴുതണം? സിനിമയില്‍നിന്നും ടെലിവിഷനില്‍നിന്നും അൽപം വ്യത്യസ്തമായ ഒരു വിശിഷ്ട അനുഭവം പ്രദാനം ചെയ്യാന്‍ സാധിക്കാതെ എങ്ങിനെയാണ് എഴുതപ്പെടുന്ന സാഹിത്യങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാവുക?

പല അവസരങ്ങളിലും ഗായകരുടെ ശബ്ദത്തില്‍നിന്നും ഞാന്‍ പല പ്രധാന പാഠങ്ങളും പഠിച്ചിട്ടുണ്ട്. ഗാനങ്ങളുടെ വരികള്‍ അല്ല ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്നത്, അവരുടെ പാട്ടിനെ തന്നെയാണ്. ഗാനങ്ങളിലെ ശബ്ദങ്ങള്‍ക്ക് വ്യത്യസ്തവും വൈവിധ്യപൂര്‍ണവുമായ വികാര പ്രകടനങ്ങള്‍ സാധ്യമാണ്. അതുകൊണ്ടുതന്നെ, ബോബ്‌സിംഗര്‍, നിന്നസിമോണ്‍, എമ്മിലോ ഹാരിസ്, റായ് ചാള്‍സ്, ബ്രൂസ് സപ്രിംഗ്സ്റ്റിനി, ഗില്ലന്‍ വെല്‍ഫ് പിന്നെ എന്റെ സുഹൃത്തായ സ്റ്റാസി കെന്റ് എന്നിവര്‍ വര്‍ഷങ്ങളായി എന്റെ എഴുത്തുകളെ സ്വാധീനിച്ചിട്ടുണ്ട്.

അവരുടെ ശബ്ദങ്ങളില്‍നിന്ന് ചിലത് എന്നെ ആകര്‍ഷിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും പറഞ്ഞുപോയിട്ടുണ്ട്: ഇത് തന്നെയാണ് എനിക്ക് ചിത്രീകരിക്കാനുള്ളത്. ഇതിനോട് സമാനമായത് തന്നെ. വാക്കുകകളിലൂടെ എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരു വികാരമായിരിക്കും പലപ്പോഴും ഗായകന്റെ ശബ്ദത്തില്‍ തെളിഞ്ഞ കാണുന്നത്. തേടിപിടിക്കാനുള്ള ഒരു ലക്ഷ്യത്തെ ഇതെനിക്ക് പ്രദാനം ചെയ്യുന്നു.

എല്ലാ നല്ല കഥകളിലും, അതെത്ര വിപ്ലവകരമോ സാമ്പ്രദായികമോ ആയിക്കോട്ടെ അതിന്റെ ആവിഷ്‌കാരത്തിൽ നാം പ്രാധാന്യം കല്പിക്കുന്ന ബന്ധങ്ങള്‍ ഉണ്ടായിരിക്കണം. നമ്മെ ചലിപ്പിക്കുകയും, ആനന്ദിപ്പിക്കുകയും, അമ്പരപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യാന്‍ കെല്പുള്ള ബന്ധങ്ങള്‍. ഇനി ചിലപ്പോള്‍ ഭൂമിയില്‍ ഞാന്‍ ബന്ധങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയാണെങ്കില്‍, എന്റെ കഥാപാത്രങ്ങള്‍ സ്വയം തന്നെ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരായിത്തീരാം.

നമ്മെ പ്രചോദിപ്പിക്കാനും നയിക്കാനും പുതുതലമുറയിലെ എഴുത്തുകാരെയാണ് ഞാന്‍ നോക്കുന്നത്. ഇത് അവരുടെ കാലമാണ്. ഈ കാലഘട്ടത്തെക്കുറിച്ച് എനിക്കില്ലാത്ത അറിവും ഉള്‍ക്കാഴ്ചയും അവര്‍ക്കുണ്ടാവും. സാഹിത്യത്തിന്റെയും സിനിമയുടേയും മറ്റ് ദൃശ്യമാധ്യമങ്ങളുടെയും ഒക്കെ ലോകത്ത് ഞാന്‍ വലിയ പ്രതിഭകളെ കാണുന്നു. നാല്പതുകളിലും മുപ്പതുകളിലും ഇരുപതികളിലുമുള്ള സ്ത്രീകളും പുരുഷന്മാരും. അതുകൊണ്ട് തന്നെ ഞാന്‍ ശുപാപ്തിവിശ്വാസിയാണ്, എന്തിന് അല്ലാതിരിക്കണം.

ഒരു അഭ്യര്‍ത്ഥനകൊണ്ട് ഞാന്‍ അവസാനിപ്പിക്കട്ടെ. ഒരു പക്ഷെ, എന്റെ നോബേല്‍ സന്ദേശം. മൊത്തം ലോകത്ത് നീതി നടപ്പാക്കുക എന്നത് പ്രയാസകരം തന്നെയാണ്. നമ്മുടെ ആ ചെറിയ ലോകമായ സാഹിത്യത്തെ എങ്ങനെ നീതിയിലും നന്മയിലും അധിഷ്ഠിതമാക്കാം എന്ന് ചിന്തിക്കാം. നാം വായിക്കുകയും എഴുതുകയും പ്രസിദ്ധീകരിക്കുകയും വിമർശിക്കുകയും പുസ്തകങ്ങള്‍ക്ക് പുരസ്‌കാരം നല്‍കുകയും ചെയ്യുന്ന നമ്മുടെ സാഹിത്യത്തിന്റെ മേഖലകള്‍ അനിശ്ചിതമായ ഭാവിയില്‍ നമ്മുടേതായ പങ്ക് വഹിക്കണമെങ്കില്‍, ഇന്നിന്റെയും നാളെയുടേയും എഴുത്തുകാരില്‍നിന്ന് ഏറ്റം ഉത്തമമായത് ലഭിക്കണമെങ്കില്‍, നാം വൈവിധ്യങ്ങളെയും വ്യത്യസ്തകളെയും പ്രോത്സാഹിപ്പിക്കണം. രണ്ട് രീതിയിലാണ് ഞാന്‍ ഇത് ഉദ്ദേശിക്കുന്നത്.

ഒന്നാമതായി നമ്മുടെ സാഹിത്യലോകത്തിന്റെ ചക്രവാളം നാം കൂടുതല്‍ വിശാലമാക്കണം. ഒന്നാംലോക വരേണ്യസംസ്‌കാരങ്ങളുടെ സുഖമേഖലകള്‍ക്കപ്പുറമുള്ള ശബ്ദങ്ങളെ നാം കേള്‍ക്കേണ്ടതുണ്ട്. അറിയപ്പെടാത്ത സംസ്‌കാരങ്ങളിലെ രത്‌നങ്ങള്‍ അന്വേഷിച്ചു ഊർജ്ജസ്വലതയോടെ നാം ഇറങ്ങിത്തിരിക്കണം.

രണ്ടാമതായി, നല്ല സാഹിത്യത്തെക്കുറിച്ച് കുടുസ്സായതും സാമ്പ്രദായികവുമായ നിര്‍വചനങ്ങള്‍ നല്കാതിരിക്കാന്‍ നാം അതീവ ജാഗ്രതയുള്ളവരായിരിക്കണം. പുതിയതും അമ്പരപ്പിക്കുന്നതുമായ ശൈലികളില്‍ കഥകള്‍ പറയാനാണ് പുതുതലമുറ മുന്നോട്ടുവരിക. ഇത്തരം പുതിയ സൃഷ്ടികളെ നാം തുറന്ന മനസ്സോടെ സ്വീകരിക്കണം. പ്രത്യേകിച്ച് സൃഷ്ടികളുടെ രൂപഭാവങ്ങളുടെ കാര്യത്തില്‍. എങ്കില്‍ മാത്രമേ ഇതില്‍ മികച്ചു നില്‍ക്കുന്നവയെ ആഘോഷിക്കാനും പ്രോത്സാഹിപ്പിക്കാനും നമുക്ക് സാധിക്കുകയുള്ളൂ.

അപകടകരമായ രീതിയില്‍ ഭിന്നതകളുള്ള ഈ കാലത്ത്, നമ്മള്‍ കേള്‍ക്കാന്‍ സന്നദ്ധത പുലര്‍ത്തണം. നല്ല എഴുത്തുകളും നല്ല വായനകളും അതിര്‍ത്തികളെ മറികടക്കാന്‍ കെല്പുള്ളവയാണ്. നമുക്ക് അണി നിരക്കാന്‍ പറ്റിയ ആശയവും മാനുഷിക ദര്‍ശനവും ഇതില്‍നിന്ന് ഉരുത്തിരിച്ചെടുക്കാന്‍ സാധിച്ചേക്കാം.

പരിഭാഷ: മുഹമ്മദ് ആദിൽ


Ishiguro is a British novelist of Japanese origin and is the winner of Nobel Prize for Literature.