കഴിഞ്ഞ ഒരു ദശാബ്ദമായി, കള്ളപ്പണം എന്ന വിപത്ത് ഇന്ത്യന്‍ പൊതുമണ്ഡലങ്ങളില്‍ വളരെ നിര്‍ണായകമായ ഒരു ചര്‍ച്ചാവിഷയമായി തീര്‍ന്നിരിക്കയാണ്. രാജ്യത്തിനും ലോക സമ്പദ്ഘടനയ്ക്കു തന്നെയും കള്ളപ്പണം ഒരു വിപത്തായ് തീര്‍ന്നതിന് കാരണങ്ങള്‍ പലതാണ്. ഇതില്‍ രണ്ടെണ്ണം മൗലികമാണ്.
ഒന്നാമതായി കള്ളപ്പണം രാജ്യത്തിന്റെ സുപ്രധാന വരുമാനസ്രോതസ്സായ നികുതിയെ അടിമേല്‍ മറിക്കുന്നു. രണ്ടാമതായി വിദേശ ബാങ്കുകളിലേക്ക് ഒഴുകുന്ന കള്ളപ്പണത്തോടൊപ്പം അതിര്‍ത്തി കടക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന്റെ ആണിക്കല്ലാവേണ്ട മൂലധനം തന്നെയാണ്. ചുരുക്കിപറഞ്ഞാല്‍, കള്ളപ്പണം രാജ്യത്തിന്റെ മൂലധനത്തിലും നികുതിയിലും നഷ്ടം വരുത്തുന്നു.
മറ്റു രാജ്യങ്ങള്‍ക്കും ആഗോള ഏജന്‍സികള്‍ക്കും കടപ്പെട്ടിരിക്കുന്ന പല ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെയും വ്യവസായികളും രാഷ്ട്രീയക്കാരും വിദേശ നിക്ഷേപങ്ങളിലേക്ക് കടത്തുന്ന ബില്യന്‍ കണക്കിന് കള്ളപ്പണം ഈ രാജ്യങ്ങളെയെല്ലാം തന്നെ യഥാര്‍ത്ഥത്തില്‍ ലോകത്തിന് മഹത്തായ സംഭാവനകള്‍ അര്‍പിക്കാന്‍ കെല്‍പ്പുള്ളവയാക്കാന്‍ ഉതകുന്നത്ര ഭീമമാണെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിദേശ കള്ളപ്പണ നിക്ഷേപങ്ങളുടെ പ്രത്യേകതയെന്തന്നാല്‍, നിക്ഷേപകരെക്കുറിച്ചും അതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കളെക്കുറിച്ചുമുള്ള വിവരങ്ങള്‍ എന്‍ഫോസ്‌മെന്റ് ഏജന്‍സികള്‍ക്ക് പോലും ലഭ്യമാകില്ല എന്നതാണ്.
മൗറീഷ്യസിലെ ഒരു ചെറിയ കെട്ടിടം വിദേശബാങ്കുകളില്‍ ഏതദേശം 12000 ത്തോളം വ്യാജ കമ്പനികളുടെ മേല്‍വിലാസമായി വര്‍ത്തിക്കുന്നു എന്നത് പ്രശ്‌നത്തിന്റെ സങ്കീര്‍ണതയെ തുറന്നു കാട്ടുന്നു.
കള്ളപ്പണക്കാരുടെ ഇത്തരം അഭയകേന്ദ്രങ്ങളിലേക്കാണ് ചരിത്രപരമായിതന്നെ നികുതി വെട്ടിച്ചുക്കൊണ്ട് പണവും മൂലധനവും ഒഴുകുന്നത്. സ്വിറ്റ്‌സര്‍ലാന്റ്, സൈപ്രസ് ബഹാമാസ്, ബ്രി്ട്ടീഷ് വിര്‍ജിൻ ഐലന്റ്‌സ്, ഐൽ ഓഫ് മാൻ, കെയ്മണ്‍ ഐലന്റ്‌സ്, സിങ്കപ്പൂര്‍, ദുബായ്, ലക്‌സംബര്‍ഗ്, ബര്‍മുട ഐര്‍ലന്റ് തുടങ്ങിയ എഴുപതോളം ഇടങ്ങളാണ് വിദേശ നിക്ഷേപകര്‍ കണക്കില്‍ പെടാത്ത സമ്പത്ത് സൂക്ഷിക്കുന്നതിന്ന് പൊതുവെ തിരഞ്ഞെടുക്കുന്ന അഭയകേന്ദ്രങ്ങള്‍. മറ്റു രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈ കേന്ദ്രങ്ങളില്‍ ബാങ്കിടപാടുകള്‍ രഹസ്യമാക്കിവെക്കുന്ന ശക്തമായ നിയമങ്ങളുണ്ട്. നിക്ഷേപകരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ഇവിടങ്ങളില്‍ ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. ബാങ്കിടപാടുകളിലെ ഈ രഹസ്യ സ്വഭാവമാണ് ഇത്തരം കള്ളപ്പണ നിക്ഷേപകേന്ദ്രങ്ങളെ സമൃദ്ധമാക്കുന്നത്.
ഇന്ത്യയുടെ വിവാദമായ ഡീമോണിറ്റൈസേഷന്‍ പോളിസി കള്ളപ്പണം നേരിടാനായുള്ള ഒരു സുപ്രധാനനീക്കമായിട്ടാണ് പൊതുവില്‍ വിശ്വസിക്കപ്പെട്ടത്. ഡീമോണിറ്റൈസേഷന്‍ പോളിസി ഗവണ്‍മെന്റിന്റെ ഡിജിറ്റൈസേഷന്‍ പദ്ധതികളുമായി യാദൃശ്ചികമായി ഏകീകരിച്ചാണ് നടപ്പില്‍ വന്നത്. ബാങ്കിംഗ് ഇടപാടുകളുടെ കൃത്യമായ ഡിജിറ്റല്‍വല്‍ക്കരണം നടപ്പില്‍ വരുത്തിയാല്‍ ഉദ്ദേശിച്ച ഫലം നേടാവുന്നതാണ്. ഇടപാടുകള്‍ ഡിജിറ്റല്‍ വല്‍ക്കരിക്കുന്നതോടുകൂടി സ്വമേധയാ തന്നെ ഇടപാടുകള്‍ രേഖപ്പെടുത്തപ്പെടുകയും നികുതി വെട്ടിപ്പിനുള്ള പഴുതുകള്‍ അടയുകയും ചെയ്യുന്നു. എന്നിരുന്നാലും ഡീമോണിറ്റൈസേഷന്‍ അതിന്റെ സുപ്രധാന ലക്ഷ്യമായ കള്ളപ്പണ വേട്ടയില്‍ പരാജയപ്പെട്ടിരിക്കുകയാണ്.
കണക്കില്‍പെടാത്ത സമ്പാദ്യം പ്രധാനമായും പണത്തിന്റെ രൂപത്തിലാണെന്ന തെറ്റായ അനുമാനത്തിന്റെ ഫലമാണിതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കണക്കില്‍ പെടാത്ത സമ്പാദ്യങ്ങളില്‍ അധികവും വസ്തുക്കളുടെയും മറ്റ് പണേതര സമ്പാദ്യങ്ങളുടെയും രൂപത്തിലാണെന്നതാണ് വസ്തുത.
ഡീമോണറ്റൈസേഷനും ഡിജിറ്റല്‍ വല്‍ക്കരണവും ദൂരവ്യാപകമായ ഫലങ്ങളെ മുന്നില്‍ കണ്ടുകൊണ്ടുള്ള പദ്ധികളായതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിക്ഷേപിക്കപ്പെട്ട കോടിക്കണക്കിന് കള്ളപ്പണം രാജ്യത്തേക്ക് തിരിച്ച് കൊണ്ടുവരിക എങ്ങനെ എന്നത് തന്നെയാണ് നമ്മുടെ രാജ്യത്തെ വേട്ടയാടുന്ന മുഖ്യ ചോദ്യം. ഇത്തരത്തില്‍ നിക്ഷേപിക്കപ്പെട്ട പണത്തിന്റെ കൃത്യമായ കണക്ക് ലഭ്യവുമല്ല. സ്വതന്ത്ര്യലബ്ദിക്ക് മുന്‍പ് തന്നെ ഇന്ത്യയില്‍ നിന്ന് പണം വിദേശത്തേക്ക് ഒഴുകിയിരുന്നു എന്നാണ് ഇന്ത്യയിലെ ധനകാര്യ വിദഗ്ധരെല്ലാം വിശ്വസിക്കുന്നത്. സ്വാതന്ത്ര്യാനന്തരം, രാജ്യത്തെ നികുതി നിരക്കിലുണ്ടായ ഭീമമായ വര്‍ധനവ് ഇവിടത്തെ ധനികര്‍ക്കും വരേണ്യര്‍ക്കുമിടയില്‍ വിദേശവിക്ഷേപം ഒരു പൊതുരീതിയാക്കി മാറ്റി. രണ്ട് ലക്ഷം കോടിയില്‍ അധികം വരും വിദേശങ്ങളില്‍ നിക്ഷേപിക്കപ്പെട്ട ഇന്ത്യന്‍ കള്ളപ്പണം എന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ നിലവിലുള്ള GDP 2.43 ലക്ഷം കോടി ആയിരിക്കെയാണിത്. ഇതൊരു ഭീമമായ തുകയാണ്. എന്നാല്‍ കള്ളപ്പണത്തെക്കുറിച്ചും നികുതിയെക്കുറിച്ചുമൊക്കെ പഠിക്കുന്ന അന്താരാഷ്ട്ര ധനകാര്യവൃത്തങ്ങളില്‍ ഉദ്ധരിക്കപ്പെട്ടതാണ് ഈ കണക്ക്.
ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍നിന്ന് കള്ളപ്പണകേന്ദ്രങ്ങളില്‍ ഒഴുകിയെത്തുന്ന പണം 20 ലക്ഷം കോടി ഡോളറോളം വരുമെന്നാണ് ടാക്‌സ് ജെസ്റ്റിസ് നെറ്റ് വര്‍ക്ക് രേഖപ്പെടുത്തുന്നത്. കള്ളപ്പണത്തെക്കുറിച്ചും അത് വികസ്വര രാജ്യങ്ങള്‍ക്കുമേല്‍ ഏല്‍പിക്കുന്ന ആഘാതങ്ങളെക്കുറിച്ചും പഠിക്കുന്ന ഒരു സ്വതന്ത്ര സംഘടനയാണ് മേല്‍ പറഞ്ഞ ടാക്‌സ് ജസ്റ്റിസ് നെറ്റ് വര്‍ക്ക്. ഈ കള്ളപ്പണ ഇടപാടുകള്‍ക്കെല്ലാം സൗകര്യം ഒരുക്കിക്കൊടുക്കുന്നത് ലോകത്തെ പ്രഗത്ഭ അക്കൗണ്ടിംഗ് ശൃംഖലകളും നികുതി ഉദ്യോഗസ്ഥരുമാണെന്നുള്ളതാണ് ഖേദകരമായ ഒരു തുറന്ന യാഥാര്‍ഥ്യം.
ഫോബര്‍ മാസികയുടെ ഒരു പഠനമനുസരിച്ച് അമേരിക്കയിലെ ബഹുരാഷ്ട്ര കമ്പനികള്‍ വിദേശ നിക്ഷേപങ്ങളിലൂടെ ഏകദേശം 100 ബില്ല്യണ്‍ ഡോളറോളം നികുതി വെട്ടിപ്പ് നടത്തുന്നുണ്ട്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ടാക്‌സാഷന്‍ ആന്‍ഡ് എക്കണോമിക് പോളിസിയുടെ റിപ്പോര്‍ട്ട് ഉദ്ധരിക്കുകയാണെങ്കില്‍, അമേരിക്കയിലെ മുഖ്യമായ 500 കമ്പിനികളില്‍ 366 കമ്പനികള്‍ മാത്രം ഏതാണ്ട് 9,755 കമ്പനികളെ നികുതിവെട്ടിക്കാൻ വേണ്ടി കള്ളപ്പണകേന്ദ്രങ്ങളില്‍ നിലനിര്‍ത്തുന്നുണ്ട്. അവിടങ്ങളില്‍ ഏകദേശം 2.6 ലക്ഷം കോടി ഡോളർ ലാഭം സംഭരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് 76.7 ബില്യണ്‍ ഡോളർ നികുതി വെട്ടിച്ചതായുള്ള ആരോപണം ആപ്പിളിനെതിരെ മാത്രം ഉന്നയിക്കുന്നുണ്ട്. അതുപോലെതന്നെ 'ഗോള്‍ഡ്മാന്‍ സാക്സ്' 905 കേന്ദ്രങ്ങളിലായി 31.2 ബില്യണ്‍ ഡോളര്‍ നികുതി വെട്ടിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
ഇതില്‍ 511 എണ്ണം കേമേൻ ഐലന്‍ഡിലും, 123 എണ്ണം ലക്‌സംബര്‍ഗിലും, 52 എണ്ണം അയര്‍ലന്‍ഡിലും 41 എണ്ണം മൗറിഷ്യസിലും ആണ്. വിദേശനിക്ഷേപങ്ങളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്നത് മോര്‍ഗന്‍ സ്റ്റാന്‍ലി ആണെന്നാണ് കണക്കുകള്‍. 199 അക്കൗണ്ടുകള്‍ കൈവശമുള്ള തെര്‍മോ ഫിഷർ സൈൻഫിക്കാണ് മൂന്നാമത്.
ഇനി ഇന്ത്യയിലേക്ക് വരാം. വിദേശ ബാങ്കുകളില്‍ കുന്നുകൂടിയിരിക്കുന്ന കള്ളപ്പണം തിരിച്ചുപിടിക്കാനായി ഇന്ത്യാരാജ്യത്തിന് എന്താണ് ചെയ്യാന്‍ സാധിക്കുക?
അന്താരാഷ്ട്ര സഹകരണം തേടുക എന്നതാണ് ഇതില്‍ ഏറ്റം പ്രധാനം. ഈ വിഷയത്തില്‍ ഏത് ഗൗരവപരമായ നീക്കത്തിനും അനിവാര്യമായ ഒന്നു തന്നെയാണ് അന്താരാഷ്ട്ര സഹകരണം. സംശയാസ്പദമായ ഇടപാടുകള്‍ ഏതു രാജ്യത്തിന്റെ അധികാര പരിധിയിലാണോ വരുന്നത്, അവരില്‍നിന്നും ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഇത് പ്രധാനമാണ്. അതുപോലെ തന്നെ മറ്റ് രാഷ്ട്രങ്ങളോടൊപ്പം ചേര്‍ന്ന് കള്ളപ്പണക്കാരുടെയും നികുതി വെട്ടിപ്പുക്കാരുടെയും ആകര്‍ണകേന്ദ്രങ്ങളായി മാറിയ രാഷ്ട്രങ്ങള്‍ക്കുമേല്‍, വിഷയത്തില്‍ അനുകൂലമായ നയമാറ്റങ്ങളും നയരൂപീരണങ്ങളും നടത്തുന്നതിനായ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തേണ്ടതുമാണ്.
സംശയാസ്പദമായ ഇടപാടുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ നാം സ്വയം തന്നെ കള്ളപ്പണക്കാരുടെ സങ്കേതങ്ങളായ രാജ്യങ്ങളോട് ആവശ്യപ്പെടുകയും വേണം. വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിക്കുന്ന രാഷ്ട്രങ്ങളുമായി നടത്തുന്ന ഇടപാടുകള്‍ക്ക് നികുതി ഇളവുകള്‍ അനുവദിക്കാത്ത രീതിയിലുള്ള നിയമനിര്‍മാണങ്ങളിലൂടെ ഇത് സാധ്യമാക്കാവുന്നതാണ്. ചില സ്ഥിരം കേന്ദ്രങ്ങളിലൂടെ ഒഴുകുന്ന കള്ളപ്പണ ഇടപാടുളെ ഇത് ഒരളവോളം തടയുന്നു.
മറ്റൊരു മാര്‍ഗം, വിദേശ നിക്ഷേപങ്ങളില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന നമ്മുടെ രാജ്യത്തിന്റെ വരുമാനം തിരികെ കൊണ്ടുവരുന്ന തരത്തിലൂള്ള പ്രലോഭനകരമായ ആംനസ്റ്റി പദ്ധതികള്‍ക്ക് രൂപം കൊടുക്കുക എന്നതാണ്. കഴിഞ്ഞുപോയ ആംനസ്റ്റി സ്‌കീമുകളൊന്നും മതിയായ ഫലം കണ്ടില്ല എന്നതാണ് സത്യം. കള്ളപ്പണ നിക്ഷേപകരുടെ മേലുള്ള നിയമനടപടികളില്‍നിന്ന് സംരക്ഷണം ഉറപ്പ് കൊടുത്താല്‍ മാത്രമേ ഈ ആംനസ്റ്റി പദ്ധതികള്‍ ആകര്‍ഷകമാക്കാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല, സമ്പത്തിന്റെ ഒരു പ്രധാന പങ്ക് നിക്ഷേപകരുടെ കൈകളില്‍ തന്നെ സുരക്ഷിതമാക്കലും നിര്‍ബന്ധമാണ്. ആകര്‍ഷകവും തന്ത്രപരവുമായ നിക്ഷേപപദ്ധതികള്‍ ആവിഷ്‌കരിക്കുകയും നിക്ഷേപകരുടെ പണം ഈ പദ്ധതികളില്‍ സുരക്ഷിതമാണെന്നും പദ്ധതികള്‍ സ്ഥായിയാണെന്നും ഗവണ്‍മെന്റ് നിക്ഷേപകര്‍ക്ക് ഉറപ്പുകൊടുക്കുകയും വേണം.
പിന്നെ ഏറ്റവും പ്രധാനമായ വിദേശ നിക്ഷേപങ്ങളുള്ള ഇന്ത്യക്കാരെ നിരീക്ഷിക്കുന്നതിനായി ശക്തമായ ഇന്റലിജന്‍സ് സംവിധാനം നാം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. എത്രത്തോളം ജാഗരൂകതയോടെ ഈ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്നുവോ അത്രത്തോളം വിജയകരമായി നമുക്ക് കള്ളപ്പണത്തെ ചെറുക്കാന്‍ സാധിക്കും. ഈ ദൗത്യം മുന്നില്‍ കണ്ടുകൊണ്ടുമാത്രം ഒരു പ്രത്യേക ഏജന്‍സി രൂപീകരിക്കുകയും രാജ്യത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെ കണ്ടെത്തി ഇതിന്റെ ചുമതലകള്‍ ഏല്പിക്കുകയാണ് ഇതിലേക്കുള്ള ആദ്യപടി. വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടുകൊണ്ട് സംശയകരമായ രീതിയില്‍ നിരന്തര വിദേശയാത്രകള്‍ ചെയ്യുന്നവരെ നിരീക്ഷണവലയത്തില്‍ വെയ്ക്കാവുന്നതുമാണ്. ഇത്തരം ശക്തമായ ഇന്റലിജന്‍സ് പദ്ധതികളിലൂടെ പിടിക്കപ്പെടും എന്ന ഭയം സൃഷ്ടിക്കുകയും ആംനസ്റ്റി പദ്ധതികളിലൂടെ സംരക്ഷണം ഉറപ്പ് വരുത്തുകയും ചെയ്താല്‍ കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം വിജയംകാണുക തന്നെ ചെയ്യും.
നമ്മുടെ രാജ്യം ഇന്ന് നികുതി വ്യവസ്ഥ യന്ത്രവല്‍ക്കരിക്കുന്ന പാതയിലാണ്. ഒരു ബട്ടനമര്‍ത്തിക്കൊണ്ട് ഒരാളുടെ സാമ്പത്തിക ഇടപാടുകളുടെ മൊത്തം വിവരങ്ങള്‍ സംഭരിച്ചെടുക്കാന്‍ മാത്രം നാം ഇന്നും വികസിച്ചിട്ടില്ല. ഈ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന വികസിത രാജ്യങ്ങളില്‍ സാമ്പത്തിക ഇടപാടുകളിലെ ചെറിയ പൊരുത്തക്കേടുകളും ഏറ്റക്കുറച്ചിലുകള്‍ പോലും സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. ഇവിടെ എത്താന്‍ നാം ഇനിയും ഒരുപാട് മുന്‍പോട്ട് പോകേണ്ടിയിരിക്കുന്നു.
ഇതെല്ലാം നമ്മോട് ആവശ്യപ്പെടുന്നത് രാഷ്ട്രീയമായ ഇച്ഛാശക്തിയാണ്. ഇത് അതീവ പ്രയാസകരമായ ഒന്നുതന്നെയാണ്. എന്തെന്നാല്‍ കള്ളപ്പണവും നികുതി വെട്ടിപ്പും പഠിക്കുകയും നിരീക്ഷിക്കുകയും അതിനെതിരെ നടപടികള്‍ കൈകൊള്ളേണ്ടവരുമായ രാഷ്ട്രീയക്കാര്‍ തന്നെയാണ് കള്ളപ്പണക്കാര്‍ എന്നതാണ് ഈ രാഷ്ട്രത്തിന്റെ സങ്കടകരമായ യാഥാര്‍ഥ്യം. സമാനമായ ഒരവസ്ഥ ഈയടുത്ത് പനാമ പേപ്പേഴ്‌സിലൂടെ നാം ഇത് കണ്ടതാണ്. പനാമയിലോ ഫോം ആയ മൊസാക് ഫോന്‍സേകയില്‍നിന്ന് ചോര്‍ന്ന് പുറത്തുവന്ന 11.5 മില്ല്യന്‍ ഡോക്യുമെന്റുകളാണ് പനാമ പേപ്പേഴ്‌സ്. 2015 ലാണ് ഇവ ചോര്‍ന്ന് ലോകത്ത് കോളിളക്കം സൃഷ്ടിച്ചത്. ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രി സാവി ക്യാമറൂണും ഐസ്ലന്റ് പ്രധാനമന്ത്രി സി്ഗ്മണുര്‍ ഗുണ്‍ലാഗ്‌സോണും ഇതില്‍ പരാമര്‍ ശിക്കപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ 'Shweixer illustriter' എന്ന സ്വിസ് പ്രസിദ്ധീകരണം സ്വിസ്സ് ബാങ്കുകളില്‍ നിക്ഷേപമുള്ളവരെക്കുറിച്ച് പുറത്തുവിട്ട വിവരങ്ങളില്‍ ഇന്ത്യയിലെ പല രാഷ്ട്രീയ കുടുംബാംഗങ്ങളും ഉൾപെട്ടിരുന്നു.
കഴിഞ്ഞ ഒരു ദശാബ്ദമായി തുടരുന്ന മുറവിളികള്‍ക്ക് ശേഷവും കള്ളപ്പണം ഒരു സങ്കീര്‍ണ പ്രശ്‌നമായി തുടരുന്നതിന്റെ കാരണം മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍നിന്ന് വ്യക്തമാണല്ലോ. കള്ളപ്പണത്തെ നേരിടാന്‍ രാഷ്ട്രീയമായ ഇച്ഛാശക്തി അനിവാര്യമാണ്. ഇത് ഏറെ പ്രയാസകരമായ ഒരു നിര്‍ദേശം തന്നെയാണ്.
M Padmakshan was Senior Assistant Editor with The Economic Times, Mumbai, and is the author of the novel Oh! Radheya - Vale of Solace.